മാനന്തവാടി ∙ തേയിലത്തോട്ടത്തിലെ തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് ഒൻപതു പേര്‍ മരിച്ചു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മക്കി മല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. ഇതിൽ റാണി, ശാന്ത, ചിന്നമ്മ, ലീല, റാബിയ, ഉമാദേവി, ഷാജ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. 12 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം.
കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വന്ന ജീപ്പ് കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപം കൊടുംവളവിൽ ചെങ്കുത്തായ താഴ്ചയിലേക്കു മറിയുകയായിരുന്നു. വാഹനം പൂർണമായി തകർന്നു.
രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ കയറുകെട്ടിയാണ് താഴേക്കിറങ്ങിയത്. അപകടത്തിൽപെട്ട പലരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






