ഖത്തറിലേക്ക് വരുന്നവര്‍ മരുന്നുകള്‍ കൊണ്ടു വരുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. സ്വന്തം ആവശ്യത്തിന് മരുന്നുകള്‍ കൊണ്ട് വരുന്നതിന് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രാലയം വിശദീകരിച്ചത്. കൈവശം വെച്ചിരിക്കുന്ന മരുന്നുകള്‍ക്കൊപ്പം രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള വിശദമായ അറ്റസ്റ്റ് ചെയ്ത മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കണം.
‘മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയും പ്രതിരോധ രീതിയും’ എന്ന സെമിനാറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. രോഗിയുടെ വ്യക്തിപരമായ വിവരങ്ങളും പേരും വിലാസവും കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം മരുന്നുകള്‍ കൊണ്ടുവരാന്‍ പറ്റില്ല. രോഗ നിര്‍ണ്ണയത്തെ കുറിച്ചും മരുന്നു കഴിക്കേണ്ടതും ചികിത്സ വേണ്ടതും എത്ര കാലത്തേക്കാണെന്നും വ്യക്തമാക്കണം. ഡോക്ടറുടെ കുറിപ്പടിയില്‍ മരുന്നുകളുടെ ശാസ്ത്രീയ നാമവും ഉണ്ടായിരിക്കണം.
പരമാവധി ആറ് മാസത്തെ കാലയളവിലേക്കുള്ള മരുന്നുകള്‍ മാത്രമെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. കൂടാതെ മരുന്നുകള്‍ കൊണ്ടു വരുന്നത് സ്വന്തം ആവശ്യത്തിന് മാത്രമായിരിക്കണമെന്നും ഒരു തരത്തിലുള്ള കൈമാറ്റവും നടത്താന്‍ പാടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കി രാജ്യത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സത്യപ്രസ്താവനയില്‍ ഒപ്പ് വെക്കുകയും ചെയ്യണം.
ഏതെങ്കിലും കാരണവശാല്‍ മറ്റൊരാള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചത് മൂലം വല്ല പ്രയാസവും ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മരുന്ന് കൊണ്ടു വന്നയാള്‍ക്കായിരിക്കും. കൂടാതെ മയക്കുമരുന്ന് കടത്തിയതായി കണക്കാക്കി നിയമനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. സ്വന്തം ആവശ്യത്തിനല്ലാതെ, മറ്റൊരാള്‍ക്ക് വേണ്ടി മരുന്നുകള്‍ കൊണ്ടുവരാതിരിക്കുക. അങ്ങനെ കൊണ്ടുവരുമ്പോള്‍ നിരോധിത മരുന്നുകളോ മറ്റോ ഉണ്ടെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്ന് തെളിയിക്കാനും മറ്റും വലിയ പ്രയാസമായിരിക്കും. ഇങ്ങനെ മരുന്നുകള്‍ കൊണ്ടു വരുന്നയാള്‍ ഉത്തരവാദിയും നിയമനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യും






