കൊല്ലം ഓയൂരില്‍നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളുടെ രേഖാ ചിത്രം കൃത്യമായി വരച്ചു പ്രതികളെ കണ്ടെത്തുന്നതിൽ നിർണായകമായത് സി-ഡിറ്റ് ജീവനക്കാരാനായ ആർ.ബി.ഷജിത്തും ഭാര്യ സ്മിത എം.ബാബുവുമാണ്. തങ്ങൾ വരച്ച രേഖാചിത്രങ്ങൾ അന്വേഷണത്തിൽ നിർണായകമായതിൽ സന്തോഷം പങ്കുവച്ചു ഷജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നിരവധിപേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
കുട്ടിയെ കാണാതായ ദിവസം രാത്രി 12 മണിയോടെ പ്രതികളുടെ രേഖാചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസിപി പ്രദീപ് ഫോൺ വിളിച്ചെന്നാണു ഷജിത്ത് പറയുന്നത്. രേഖാചിത്രങ്ങൾ വെളുപ്പിനു നാലുമണിയോടെ തയാറാക്കി നൽകിയെന്നും കുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിക്ടോറിയ ആശുപത്രിയിൽവച്ചു മൂന്നുരേഖാ ചിത്രം കൂടി വരച്ചുനൽകുകയായിരുന്നെന്നും ഷജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.






