കോഴിക്കോട് ∙ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക് അനുകൂലം. അടുത്ത ദിവസം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കഴിഞ്ഞ 4 മാസമായി കുഞ്ഞിനെ തിരിച്ചു ലഭിക്കുന്നതിനായി അമ്മ ജില്ലാ അതികൃതരുമായി ബന്ധപ്പെട്ടിരുന്നു. വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകി.
എന്നാൽ, പരിശോധനക്ക് 25,000 രൂപ അമ്മ നൽകണമെന്ന് സിഡബ്ല്യുസി അധികൃതരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു ഡിഎൻഎ പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുമെന്നു പ്രഖ്യാപിക്കുകയും പണം നൽകുകയും ചെയ്തു. ഇന്നലെയാണ് ഡിഎൻഎ ഫലം പ്രസിദ്ധീകരിച്ചത്. കുട്ടിയെ കൈമാറും മുൻപ് കുട്ടിക്ക് വളരാൻ ആവശ്യമായ സാഹചര്യം ഉണ്ടോയെന്ന് സിഡബ്ല്യുസി വിശദമായി പരിശോധിക്കും. തുടർന്ന് അമ്മയ്ക്ക് ഡിസിപിയു നേതൃത്വത്തിൽ കൗൺസലിങ് നടത്തും. ഇതിനു ശേഷമേ കുഞ്ഞിനെ കൈമാറുകയുള്ളൂവെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാർച്ച് 4 നാണ് അമ്മ ജില്ലയിലെ ഗവ.ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകിയത്. തുടർന്ന് 12നു രാത്രി 10.30 ആണ് കുട്ടിയെ ബീച്ച് ഗവ.ആശുപത്രിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിലാക്കി. 48 ദിവസത്തിനു ശേഷം കുഞ്ഞിനെ തിരിച്ചു ലഭിക്കാൻ സിഡബ്ല്യുസിയുമായി ബന്ധപ്പെടുകയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിനു സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിൽ തുടരന്വേഷണം നടക്കുകയും പൊലീസ് അന്വേഷണം നടത്തി തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി ലാബിൽ അമ്മക്കും കുട്ടിക്കും ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു.






