കോഴിക്കോട് : മുപ്പത്തിമൂന്നുകാരി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വായിലൂടെതന്നെ തിരിച്ച് ഊരിയെടുത്തു. മലപ്പുറം സ്വദേശിനിയാണ് മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് പപ്പടക്കോൽ വിഴുങ്ങിയത്.ഇത് അന്നനാളത്തിലൂടെ പോയി ഇടത് ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചുനിൽക്കുന്നനിലയിലാണ് ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തത്.
ഒരുഭാഗം മൊത്തം തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണഗതിയിൽ ചെയ്യേണ്ടിയിരുന്നത്. ഇതിന് വിജയസാധ്യത കുറവാണെന്നു വിലയിരുത്തിയതിനെ തുടർന്നാണ് പപ്പടക്കോൽ എടുക്കുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടായാൽ അപ്പോൾതന്നെ ഹൃദയം തുറന്ന് ശസ്ത്രക്രിയചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയശേഷം വായിലൂടെതന്നെ തിരിച്ചെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.ഇ.എൻ.ടി., അനസ്തേഷ്യ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ആന്തരികാവയവങ്ങൾക്ക് പ്രത്യക്ഷത്തിൽ പരിക്കൊന്നുമേൽക്കാതെ വായിൽക്കൂടിതന്നെ പപ്പടക്കോൽ പുറത്തേക്കെടുക്കാനായത്. ഫൈബർ ഒപ്ടിക് ഇൻട്യുബേറ്റിങ് വീഡിയോ എൻഡോസ്കോപ്പ്, ഡയറക്ട് ലാറിയങ്കോസ്കോപ്പി എന്നീ പ്രക്രിയകളും തുണയായി.
ഇത്രയും വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ടും പ്രീമിയം സ്വകാര്യ ആശുപത്രി നിലവാരത്തിലുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.ആന്തരികരക്തസ്രാവമുണ്ടോ എന്നു നിരീക്ഷിക്കാനായി യുവതി ഐ.സി.യു.വിൽ തുടരുകയാണ്.ഇ.എൻ.ടി. അസോസിയേറ്റ് പ്രൊഫസർ എം.കെ. ശ്രീജിത്ത്, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർമാരായ പി.എം.എ. ബഷീർ, ഫിജിൽ കോമു, എസ്. വിനീത, സർജറി വിഭാഗത്തിലെ പ്രൊഫസർ ഷാജഹാൻ, കാർഡിയോ തെറാസിക് സർജൻമാരായ അതുൽ അബ്രഹാം,എം.കെ.അജ്മൽ,എ.ആനന്ദ്,എസ്.ആർ.ആന്റണി,തുഷാര, പെർഫ്യൂഷൻ ടെക്‌നീഷ്യൻ കെ. ബാലൻ, അനസ്തേഷ്യ ടെക്‌നീഷ്യന്മാരായ മുബീന ഷിനി, ഹനീഫ പാനായി, സ്റ്റാഫ് നഴ്‌സ് ജിൽജിത്ത്, ഹിമാ ബാല എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്






