ബേപ്പൂർ: സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻ.പി.ഒ.എ) നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ഫിഷറീസ് മന്ത്രാലയവും ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഇന്റർ ഗവണ്‍മെന്റല്‍ ഓർഗനൈസേഷനുമായി (ബി.ഒ.ബി.പി) ചേർന്ന് കർമ്മ പദ്ധതിയുടെ കരട് തയ്യാറാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ സ്രാവ് സമ്പത്ത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന മുൻഗണന നല്‍കുന്നതാണ് പദ്ധതി.
സ്രാവുപിടിത്തത്തില്‍ നിയന്ത്രണം, നിയമപരിരക്ഷ, വിവരസമാഹരണം, ജൈവവൈവിധ്യ-പാരിസ്ഥിതിക മുൻകരുതലുകള്‍ തുടങ്ങിയ നിർദേശങ്ങളാണ് കർമപദ്ധതിയില്‍ പരാമർശിക്കുന്നത്. കടലില്‍ 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് നിയമനിർമാണം, ലോഗ് ബുക്ക് സംവിധാനം നടപ്പാക്കല്‍, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം, മത്സ്യബന്ധനരീതികളില്‍ നിയന്ത്രണം പാലിക്കാൻ മീൻപിടിത്ത തൊഴിലാളികളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി നിരവധി നിർദേശങ്ങളടങ്ങുന്നതാണ് ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി.
കടല്‍ ആവാസ മേഖലയില്‍ സ്രാവുകളുടെ സുസ്ഥിരത ലക്ഷ്യമിട്ടാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് പദ്ധതി തയാറാക്കിയത്. സമുദ്രമത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളി സംഘടനകള്‍, ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ നിർദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചത്.
ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ അവരുടെ ഉപജീവനമാർഗത്തിന്റെ 50 ശതമാനം സ്രാവ് മത്സ്യബന്ധനത്തില്‍നിന്ന് സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. പല സ്രാവ് ഇനങ്ങളുടെയും നിലനില്‍പ് അപകടത്തിലാകുന്ന അവസ്ഥ കൂടിവരുകയാണെന്നും അതിനാല്‍ ഇത്തരത്തിലുള്ള സംരക്ഷണപദ്ധതികള്‍ ഏറെ അനിവാര്യമാണെന്നുമാണ് ലോക ഭക്ഷ്യകാർഷിക സംഘടന (എഫ്.എ.ഒ)യുടെ അഭിപ്രായം.






