spot_img
Wednesday, June 24, 2026
Home Blog Page 115

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കും

0

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകള്‍ എന്നിവയെ കുറിച്ച് ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർ പഠിതാക്കളെ ബോധ്യപ്പെടുത്തണം. ഇത് ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന് എംവിഡി പരിശോധിക്കും.

ഇതിനായി അപ്രതീക്ഷിത പരിശോധകനകൾ ഉദ്യോഗസ്ഥർ നടത്തണമെന്നും ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ ലൈസൻസ് റദ്ദാക്കും.കാൽനടയാത്രക്കാരുടെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ വാഹന പരിശീലനത്തിന്റെ ഭാഗമായി കൊണ്ടുവരാൻ ഡ്രൈവിങ് സ്‌കൂളുകൾക്ക് നിർദേശം നൽകണമെന്നാണ് നിർദേശം. കാൽനട യാത്രികർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാരും റോഡിൽ മുൻഗണനയും പരിഗണനയും ലഭിക്കേണ്ട വിഭാഗമാണ്. ഇവർക്ക് കൃത്യമായ പരിഗണന ബസുകളും ലോറികളും പോലെയുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മുതൽ കാറുകൾ ഓടിക്കുന്നവർ വരെയുള്ള ആളുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഫുട്പാത്തിലെ പാർക്കിങ്, അനുവദനീയമായ പരിധിക്ക് പുറത്ത് ഹോൺ ഉപയോഗിക്കൽ എന്നിവയ്ക്കും നടപടി സ്വീകരിക്കും.

ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിലെത്തിച്ചു; ശരീരമാകെ കുപ്പികൊണ്ടു കുത്തി, അസ്മിനയുടെ കൊലപാതകിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു

0

ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെന്ന നാല്‍പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ബസ് സ്റ്റാന്‍ഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടര്‍ന്ന് കായംകുളത്ത് എത്തി കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാള്‍ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. പിന്നാലെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വടകര സ്വദേശി അസ്മിനയും ജോബിയും തമ്മില്‍ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അസ്മിന രണ്ടുകുട്ടികളുടെ അമ്മയാണ്. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പാണ് ജോബി ഈ ലോഡ്ജില്‍ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് അസ്മിനയെ ഭാര്യയെന്നു പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്കു പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. വൈകിട്ട് ജോബിയെ കാണാന്‍ മറ്റൊരാള്‍ ലോഡ്ജില്‍ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. മുറിയില്‍ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബീയര്‍കുപ്പി പൊട്ടി നിലയിലും കണ്ടെത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസ്മിനയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയില്‍ പാടുകള്‍ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. അസ്മിനയുടെ തലയിലും മുറിവുണ്ട്.

മുഖ്യമന്ത്രി എന്നോടൊപ്പം പരാതിക്കാരെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി; ദ്രുതനടപടികളിൽ സന്തോഷമറിയിച്ച് ജനം

0

‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീ’: മുഖ്യമന്ത്രി

‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി…’ മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി. രാമൻകുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചത്. ചെത്തു തൊഴിലാളി പെൻഷൻ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമൻകുട്ടി സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ച് പരാതി നൽകിയത്. കുടിശിക തുക നവംബർ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കത്ത് രാമൻകുട്ടിക്ക് അയച്ചിരുന്നുവെന്നും കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമൻകുട്ടി പറഞ്ഞു. തുടർന്ന് തുക കിട്ടുമല്ലോയെന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് ‘കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീയെന്ന്’ മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്ററിലേക്ക് വന്ന പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങൾ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കോളുകളിൽ പ്രകടമായി.

പോത്തൻകോട് പി.വി. കോട്ടേജിലെ ശരണ്യയുമായാണ് മുഖ്യമന്ത്രി ആദ്യം സംസാരിച്ചത്. ശരണ്യയുടെ മകൾ ഇവാന സാറ റ്റിന്റോയെ അൺഎയ്ഡഡ് സ്‌കൂളിൽ നിന്നു മാറ്റി പോത്തൻകോട് ഗവൺമെന്റ് യു.പി.എസിൽ ചേർത്തിരുന്നു. കുട്ടിയുടെ ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കാൻ കഴിയാത്തതിനാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ശരണ്യ സിഎം വിത്ത് മീയിൽ വിളിച്ച് പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച് ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സിഎം വിത്ത് മീ കണക്ട് സെന്റർ കണിയാപുരം എഇഒ യ്ക്ക് നിർദേശം നൽകി. അതിവേഗത്തിൽ നടപടിയായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു.

തൃശൂർ പുത്തൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് കൈനൂരിലെ കോക്കാത്ത് പ്രദേശത്ത് രണ്ട് ഉന്നതികളെ ബന്ധിപ്പിക്കുന്ന മൈത്രിറോഡിന്റെ കോൺക്രീറ്റ് വേഗത്തിൽ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കിയതിന്റെ നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണത്തിൽ കാലതാമസമുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയാണ് തൃശൂർ കൈനൂരിലെ മൈലപ്പൻ വീട്ടിലെ ഗോകുലൻ സിറ്റിസൺ കണക്ട് സെന്ററിൽ പരാതി വിളിച്ചറിയിച്ചത്. തുടർന്ന് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സിഎം വിത്ത് മീ സെന്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. നടപടി സ്വീകരിച്ചതിനുള്ള നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു.

‘ബോട്ട് ഓടിത്തുടങ്ങിയില്ലേ’; വർഗീസിനെ വിളിച്ച് മുഖ്യമന്ത്രി

നിർത്തിവച്ചിരുന്ന നെടുമുടി-ചമ്പക്കുളം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴ ചമ്പക്കുളം വണ്ടകം വീട്ടിൽ വർഗീസ് സിഎം വിത്ത് മീയിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്. പരാതി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജലഗതാഗത വകുപ്പിന് നിർദ്ദേശം നൽകി. സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമായെന്നും ബോട്ട് ഓടിത്തുടങ്ങിയെന്നും നേരിട്ട് വിളിച്ച് അറിയിച്ചതിൽ സന്തോഷമുണ്ടെന്നും വർഗീസ് മുഖ്യമന്ത്രിയോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ആശ്വാസവും സന്തോഷവുമാണെന്ന് തിരുവനന്തപുരം നാലാഞ്ചിറ മിഥുനത്തിലെ മാത്തുക്കുട്ടി പറഞ്ഞു. മാത്തുക്കുട്ടിയുടെ ഇരട്ടക്കുട്ടികളായ മക്കൾക്ക് ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയിൽ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം പരാതിയുമായി മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ചത്. പി.എസ്.സി. ഹൈസ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷയുടെ ഭാഗമായി സർട്ടിഫിക്കറ്റ് അടിയന്തരമായി അപ്ലോഡ് ചെയ്യേണ്ട ആവശ്യത്തിനായാണ് ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. മൂന്നുവില്ലേജ് ഓഫീസുകളിൽനിന്നുള്ള റിപ്പോർട്ട് ആവശ്യമായിരുന്നു. പരാതി വിളിച്ചറിയിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഉള്ളൂർ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും നേരിട്ടു വിളിച്ചതിൽ ഏറെ സന്തോഷമെന്നും മാത്തുക്കുട്ടി മുഖ്യമന്ത്രിയോട് പറഞ്ഞു.

ബുധനാഴ്ച (ഒക്ടോബർ 22) ഉച്ചയ്ക്ക് 12.45ന് സിഎം വിത്ത് മീയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്ററിലെത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. സെന്ററിലെ ജീവനക്കാരുമായി സംസാരിച്ചു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് സ്പെഷൽ സെക്രട്ടറി ഡോ. എസ് കാർത്തികേയൻ, ഡയറക്ടർ ടി വി സുഭാഷ് എന്നിവർ സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കെ.ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ : രാഷ്ട്രപതി

0

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാജ്ഭവനിൽ അനാച്ഛാദനം ചെയ്തു

ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന  കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണ്. രാജ്ഭവനിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ  അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആർ. നാരായണൻ നടത്തിയ പരിശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമർപ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആർ. നാരായണൻ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെ.ആർ. നാരായണൻ ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

രാജ്യത്തിന്റെയും മനുഷ്യന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിന് അദ്ദേഹം ഊന്നൽ നൽകി. സാധാരണ ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിനായി പ്രവർത്തിച്ച അദ്ദേഹം ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന നേതൃഗുണങ്ങളുടെ പ്രതീകമാണ്. ധാർമികത, സത്യസന്ധത, അനുകമ്പ, ജനാധിപത്യപരമായ മനോഭാവം എന്നിവ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ജീവിതസന്ദേശവും രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിൽ എന്നും മാർഗദീപമാകും. രാജ്ഭവനിൽ കെ.ആർ. നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്‌നേഹാദരവ് അദ്ദേഹത്തിന് നൽകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.

മുൻ രാഷ്ട്രപതിമാരുടെ ഓർമ്മ നിലനിർത്തുന്നതിനുള്ള ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നൽകിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി നന്ദി അറിയിച്ചു. കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു. ഗവർണറുടെ പത്നി അനഘ അർലേക്കർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.എൻ. വാസവൻ, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ആന്റണി രാജു എം.എൽ.എ., സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് കെ.ആർ. നാരായണന്റെ മൂന്നടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് പ്രതിമയുടെ രൂപകൽപ്പന.

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

0

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗിൽ സിനിമകൾ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്.

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച ബറോസ്, മോഹൻലാൽ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലാക്കോട്ടെ വാലിബൻ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ബറോസിലൂടെ മോഹൻലാൽ നവാഗത സംവിധായകനുള്ള സാധ്യത ഏറെയാണ്. ദേശീയ ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിക്കാനിടയുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള അവാർഡാണ് പ്രഖ്യാപിക്കാനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അവാർഡ് പ്രഖ്യാപനം വൈകും. ചലച്ചിത്ര നയരൂപീകരണത്തിനായി സംസ്ഥാന സർക്കാർ സിനിമാ കോൺക്ലേവ് സംഘടിപ്പിച്ചതിനാൽ ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപനം വൈകുകയായിരുന്നു. 128 സിനിമകളാണ് ഇത്തവണ അവാർഡ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്. രണ്ട് കമ്മിറ്റികളാണ് ആദ്യഘട്ടത്തിൽ സിനിമകൾ തിരഞ്ഞെടുത്തത്.

ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രത്തിനുള്ള പരിഗണനയിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു. മികച്ച സിനിമ, മികച്ച നടൻ, നടി, ജനപ്രിയ ചിത്രം എന്നിവയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മെയിൻസ്ട്രീം താരങ്ങളല്ലാത്തവരിലേക്കും പുരസ്കാരങ്ങൾ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂർ അമ്പലനടയിൽ, പ്രേമലും, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിൻധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉള്ളത്. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്റർ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു.

0

ചെന്നൈ : പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു.

തമിഴ് , മലയാളം , തെലുങ്ക് , കന്നട സിനിമകളിൽ പ്രവർത്തിച്ച മലേഷ്യ ഭാസ്‌ക്കർ മലയാളം സംവിധായകരായ ഫാസിൽ , സിദ്ധിഖ് , സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലൂടെ ഫൈറ്റ് കൊറിയോഗ്രാഫി നിർവ്വഹിച്ച്  പ്രേക്ഷകർക്ക് സൂപരിചിതനായിരുന്നു .

ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം കഴിഞ്ഞ ജീവനക്കാരൻ ഒളിവിൽ

0

ആറ്റിങ്ങൽ:കോഴിക്കോട് വടകര മണ്ണൂർക്കര പാണ്ടികയിൽ അസ്മിനയെ (44) ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻവില്ല ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ ലോഡ്ജിലെ ജീവനക്കാരൻ, ഒപ്പം താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) ഒളിവിലാണ്.കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കയ്യിൽ മുറിവും തലയിലും ശരീരത്തിലും ക്ഷതവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മുറിക്കുള്ളിലുണ്ട് . ജോബി 5 ദിവസം മുൻപാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ചൊവ്വാഴ്ച രാത്രി മുറിയെടുത്ത് താമസിപ്പിച്ചു.

രാത്രി ഒന്നരയോടെ മുറിയിലേക്ക് പോയ ജോബിയെ രാവിലെ കാണാഞ്ഞതിനെത്തുടർന്ന് ജീവനക്കാർ അന്വേഷിച്ചെത്തിയെങ്കിലും മുറി തുറക്കാനായില്ല.തുടർന്നാണ് പൊലീസെത്തി വാതിൽ തുറന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. അസ്മിനയും ജോബിയും മുൻപ് കായംകുളത്ത് ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാൽ, പൊലീസ് ഇൻസ്പെക്ടർ അജയൻ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി

0

ശബരിമല:രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതി പതിനെട്ട്പടി കയറി സന്നിധാനത്തെത്തി. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി.സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു. റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. അയ്യപ്പനെയും ഉപദേവതകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവരുസ്വാമി നടയും സന്ദർശിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉപഹാരം മന്ത്രി വി എൻ വാസവൻ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, പി ഡി സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 12.15 ന് പ്രത്യേക വാഹനത്തിൽ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി.നേരത്തെ ശബരിമലയിൽ അയ്യപ്പദർശനം നടത്താൻ പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. തുടർന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.രാവിലെ 8.40ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി സംഘര്‍ഷം ; നിരവധി പേര്‍ക്കെതിരെ കേസെടുത്തു , ഇന്ന് പ്രദേശത്ത് ഹര്‍ത്താൽ

0

താമരശ്ശേരി:താമരശേരി ഫ്രഷ് കട്ട് ഫാക്ടറി സമരത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ നിരവധി പേർക്കെതിരെ കേസെടുത്ത് പോലീസ്.ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റുമായ ടി.മെഹറൂഫാണ് ഒന്നാം പ്രതി.കലാപം,വഴിതടയല്‍,അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ഏഴ് എഫ്‌ഐആർ താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തു.നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. കണ്ണൂർ റേഞ്ച് ഡിഐജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പ്രദേശത്ത് ഇന്ന് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ,കൂടത്തായി, ചക്കിക്കാവ്,താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം,കരിങ്ങമണ്ണ,അണ്ടോണ,കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്,കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി,ഓർങ്ങട്ടൂർ,മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിതീവ്ര മഴ; ഇന്ന് അവധി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, മൂന്നു ജില്ലകളിൽ റെഡ് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം

0

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെ‍ഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. ഇടുക്കിയിൽ രാത്രിയാത്ര നിരോധനമുണ്ട്. ഖനനം അടക്കം നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. സാഹസിക വിനോദങ്ങൾക്കും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡെൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല