തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്. ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക് അലവൻസ് വെട്ടി കുറച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അഡീഷണൽ അലവൻസ് 600/- രൂപയായി ഉയർത്തുക , ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊതു അവധി പോലും ബാധകമാവാതെ നിത്യേന പതിനൊന്ന് മണിക്കൂറിലധികം പ്രവർത്തിയെടുക്കുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക, കെ എസ് ബി സി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഷിഫിറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, ലേബലിങ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കുലർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഐ എ ൻ ടി യുസിയും എ ഐ ടി യു സി യും അടങ്ങുന്ന സംയുക്ത സമരസമിതിയാണ് സമരം നടത്തുന്നത്.28-10-2025- സി. ഐ. ടി. യു ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തുന്നു.
ഫ്രഷ് കട്ട്: ജില്ലാ കലക്ടര്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കും
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഹിജാബ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസിനെതിരെ സെന്റ് റീത്താസ് സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്‌നം രമ്യമായി പരിഹരിച്ചുകൂടോയെന്ന് ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു. പരാതി പിന്‍വലിക്കുകയാണെന്നും, സ്‌കൂള്‍ മാറാന്‍ കുട്ടി ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നിലവിലെ സാഹചര്യം മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടി ആ സ്‌കൂളില്‍ തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കുട്ടി മറ്റൊരു സ്‌കൂളിലേക്ക് മാറാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേസ് ഇനി മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ആനക്കൊമ്പ് കേസ്; മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി
കൊച്ചി: ആനക്കൊമ്പ് കൈവശം വയ്ക്കാൻ നടൻ മോഹൻലാലിന് സർക്കാർ നൽകിയ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി എന്ന കണ്ടെത്തലോടെയാണ് നടപടി. എന്നാൽ മോഹൻലാലിന് വീണ്ടും ലൈസൻസിന് അപേക്ഷിക്കാൻ തടസമില്ല. 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെയാണ് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്.
ഈ നടപടി ചോദ്യം ചെയ്തുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലൈസൻസ് അനുവദിക്കാനുളള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നാണ് കണ്ടെത്തൽ. ഇതിനായുളള നടപടിക്രമങ്ങൾ ഗസറ്റിൽ അടക്കം വിജ്ഞാപനം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാൽ വീണ്ടും ലൈസൻസ് നൽകുന്നതിന് സർക്കാരിന് നടപടിക്രമങ്ങൾ പാലിച്ച് ആവശ്യമെങ്കിൽ മുന്നോട്ട് പോകാമെന്നും ഉത്തരവിലുണ്ട്.എന്നാൽ മോഹൻലാലിനെതിരായ കേസിൽ നിന്ന് പിൻവാങ്ങാനുളള സർക്കാർ തീരുമാനം അടക്കം കേസിന്‍റെ മറ്റുകാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസൻസ് റദ്ദായെങ്കിലും ഇത് പുനസ്ഥാപിക്കാൻ മോഹൻലാൽ ഉടൻ സർക്കാരിനെ സമീപിക്കും.
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ചു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഫറോക്കിലേക്ക് പോകുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. പ്രദേശത്ത് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ പതിവാവുന്നത്. ഒക്ടോബർ 20-ന് രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രിക മരിച്ചിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു മരണം.
ഫ്രഷ്കട്ട് സംഘർഷം: രണ്ട് പേർ അറസ്റ്റിൽ, റിമാൻഡ് ചെയ്തു; കേസിൽ 321 പേർ പ്രതികൾ.
* ഫാക്ടറി കത്തിച്ചത് സമരക്കാരല്ല, ലാത്തിച്ചാർജ്ജ് നടന്ന സമയം തന്നെ ഫാക്ടറിക്ക് തീവെച്ചതിൽ ദുരൂഹത, ഉടമകളുടെ പങ്ക് പരിശോധിക്കണം. സമരസമിതി
* വ്യവസായ സ്ഥാപനം തീയിട്ട് നശിപ്പിച്ചതിനെ അപലപിച്ചു.
താമരശ്ശേരി: ഫ്രഷ്കട്ട് സ്ഥാപനത്തിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ താമരശ്ശേരി പോലീസിനെ മർദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
സംഘർഷത്തിനിടെ താമരശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സായൂജ് കുമാറിനെയും, സബ് ഇൻസ്പെക്ടർ (എസ്.ഐ) വിഷ്ണുവിനെയും മർദ്ദിക്കുകയും, മാരകായുധങ്ങളുമായി വഴി തടസ്സപ്പെടുത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
ഈ കേസിൽ ആകെ 321 പേർ പ്രതികളാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
* ഫാക്ടറി കത്തിച്ചത് സമരക്കാരല്ല, ലാത്തിച്ചാർജ്ജ് നടന്ന സമയം തന്നെ ഫാക്ടറിക്ക് തീവെച്ചതിൽ ദുരൂഹത, ഉടമകളുടെ പങ്ക് പരിശോധിക്കണം. സമരസമിതി
ഫാക്ടറിക്ക് തീവെച്ചതിൽ സമരസമിതിക്ക് പങ്കില്ലെന്ന് സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു വ്യക്തമാക്കി.
പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയ അതേ നിമിഷം തന്നെ ഫാക്ടറിയിൽ തീ വെപ്പ് ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നിൽ ഫാക്ടറി ഉടമകളുടെ ഗുണ്ടകളാണ് എന്ന് സംശയിക്കുന്നു.നിലവിൽ ഫാക്ടറിക്ക് പുറത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്, ഫാക്ടറിക്ക് അകത്തെ ദൃശ്യങ്ങളും പുറത്തു വിടാൻ തയ്യാറാവണം.
സമരസമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്, തീർത്തും ജനാധിപത്യ രൂപത്തിലാണ് സമരം മുന്നോട്ട് പോയത്. സമരം നടന്നന്ന സ്ഥലവും, ഫാക്ടറിയും തമ്മിൽ ഏറെ ദൂരമുണ്ട്, ഫാക്ടറിക്ക് പോലീസ് സംരക്ഷണവുമുണ്ട്, പിന്നെ എങ്ങിനെ അക്രമി സംഘം ഫാക്ടറിക്ക് അകത്തു കടന്നു എന്നതും ദുരൂഹമാണ്.
സമരം പൊളിക്കാനായി ഫാക്ടറി ഉടമകൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണോ തീവെപ്പ് ഉണ്ടായതെന്ന് എന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
* വ്യവസായ സ്ഥാപനം തീയിട്ട് നശിപ്പിച്ചതിനെ അപലപിച്ചു.
ഏതെല്ലാം വിധത്തിലുള്ള എതിർപ്പുകൾ ഉണ്ടെങ്കിലും ഒരു വ്യവസായ സ്ഥാപനത്തെ അഗ്നിക്കിരയാക്കി നശിപ്പിക്കുന്ന നടപടി അപലപനീയമാണെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ലാ പ്രസിഡൻ്റ് അജു എമ്മാനുവൽ പ്രസ്താവിച്ചു.
കോഴിക്കോട് ജില്ലയെ മാലിന്യ വിമുക്തമായി പരിരക്ഷിക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് ജില്ലയിൽ അത്യാവശ്യമായ ഒരു പ്രസ്ഥാനമാണ്. അതിൻ്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെ നിയമപരമായ മാർഗ്ഗത്തിൽ പരിഹരിച്ച് മുന്നോട്ട് നീങ്ങുകയാണ് വേണ്ടത് എന്നും പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം നശിപ്പിക്കുവാനുള്ള വിവിധ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണോ ഈ അക്രമ സംഭവങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അറിയിച്ചു. പൊതു ജനങ്ങളെ മറയാക്കി നിറുത്തി ഒളിവിലിരുന്നു പ്രവർത്തിക്കുന്ന ചില ക്ഷുദ്ര ശക്തികളാണ് ഈ അതിക്രമങ്ങൾക്ക് പുറകിൽ എന്നാണ് പോലീസ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം ദേശവിരുദ്ധ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം.
ആയിരത്തി എണ്ണൂറോളം ഏക്കർ എസ്റ്റേറ്റിന് ഉള്ളിൽ, ജനവാസ മേഖലയിൽ നിന്നും അര കിലോമീറ്ററോളം ആകാശദൂരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഉന്നത നിലവാരമുള്ള സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശപ്രകാരം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരവും മലിനീകരണ നിയന്ത്രണ നിയമപ്രകാരവും, ഫ്രീസർ സംവിധാനമുള്ള വാഹനങ്ങളിലാണ് മാലിന്യം ശേഖരിച്ച് പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന ഭരണകൂടം കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതാണ്. ഇനിയും കൂടുതൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ അവ കണ്ടെത്തി, തെളിയിച്ച് , നിയമ വഴിയിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
അതോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ സ്ഥല സൗകര്യം ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിച്ച് താമരശ്ശേരിയിലെ പ്ലാൻ്റിന്റെ സംസ്കരണ ഭാരം കുറയ്ക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതാണ്.
വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുത്; കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്
തൃശൂർ: വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്ന് കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയും ആവർത്തിച്ചാൽ കേസെടുക്കുമെന്നും ചാലക്കുടി എടിഒക്ക് ഷോളയാർ റെയ്ഞ്ച് ഓഫീസർ നൽകിയ കത്തിൽ വ്യക്തമാക്കി.മലക്കപ്പാറ റൂട്ടിൽ ആനയുൾപ്പെടെ റോഡിൽ ഇറങ്ങുമ്പോൾ ബസ് അടുത്തുകൊണ്ടു നിർത്തരുത്. ജീവനക്കാരെ ഇതിൽ നിന്ന് കെഎസ്ആർടിസി പിന്തിരിപ്പിക്കണമെന്നും റെയ്ഞ്ച് ഓഫീസർ വ്യക്തമാക്കി.
കെഎസ്ആർടിസി ബസുകൾ ഗുരുതരമായ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ കാണുമ്പോൾ കാഴ്ച്ചയിൽ നിന്നു മറയുന്നത് വരെ റോഡിൽ ബസ് നിർത്തിയിടുന്ന പ്രവണത കണ്ടുവരുന്നെന്നും ഉത്തരവിൽ പറയുന്നു
കനത്ത മഴ തുടരും: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്;
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവരും നിർദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരളം, കർണാടക തീരങ്ങളിലും സമുദ്രഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 27 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അടുത്ത 3 മണിക്കൂറിൽ (നിർദേശം പുറപ്പെടുവിച്ച സമയം–രാവിലെ 7മണി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാപ്പു പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോടു മാത്രം: മനസുതുറന്ന് തൊപ്പി
സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളിൽ ഒരാളാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. കണ്ണൂർ സ്വദേശിയായ നിഹാദിന്റെ ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിന് ആരാധകരേറെയാണ്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ അധ്യാപകരടക്കം രംഗത്തുവന്നിരുന്നു. ഇതേറെ ചർച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് തൊപ്പി. ജീവിതത്തിൽ മാപ്പു പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോടു മാത്രമാണെന്ന് തൊപ്പി പറയുന്നു.
”ഞാനും സുഹൃത്തുക്കളും ഒരു ഫാമിലി എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. നാട്ടിൽ എനിക്ക് ഒരു കുടുംബമുണ്ട്. പക്ഷെ കുടുംബമെന്ന ഫീൽ കിട്ടിയിട്ടില്ല. കാരണം ആരോടും ഞാൻ സംസാരിക്കാറില്ലായിരുന്നു. അനിയനോട് വല്ലപ്പോഴും മിണ്ടിയാലായി. ഇപ്പോൾ അനിയനെ ഫോൺ വിളിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. മുമ്പ് എനിക്ക് കുടുംബം ഉണ്ടായിരുന്നുവെങ്കിലും ഞാൻ അതിനെ കുറിച്ച് മറന്ന് പോയിരുന്നു. നാല് ചുമരിനുള്ളിൽ ഒരേ ഇരുത്തമായിരുന്നു. ആരോടും സംസാരിക്കാറില്ല, ഇടപഴകാറുമില്ലായിരുന്നു. മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ എന്നിവർ ഒപ്പമുള്ളതുപോലെ ആവില്ലെങ്കിലും സുഹൃത്തുക്കൾക്കൊപ്പമുള്ള ഇപ്പോഴത്തെ ജീവിതം സന്തോഷം നൽകുന്നുണ്ട്. വീട്ടിൽ നിന്ന് എനിക്ക് സ്നേഹം കിട്ടിയിട്ടില്ല. എന്റെ കുടുംബം ചിലപ്പോൾ ഇത് കാണുമായിരിക്കും. അവർക്ക് സന്തോഷമാണോ സങ്കടമാണോ തോന്നുകയെന്ന് അറിയില്ല.
ഞാൻ തിരുത്താൻ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുമുണ്ട്. സോഷ്യൽമീഡിയ തുടങ്ങിയ കാലത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് അത്. ജീവിതത്തിൽ മുന്നോട്ട് ഇനി ഒന്നുമില്ലെന്ന് തോന്നിയ സമയത്താണ് ഇങ്ങനൊരു കാര്യത്തിലേക്ക് ഇറങ്ങിയത്. ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ ആത്മഹത്യ ചെയ്തേനെ. ഞാൻ റിഗ്രറ്റ് ചെയ്യുന്ന പല കാര്യങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. തിരിച്ച് പോയി സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രമാണ്. ഞാൻ ഇങ്ങനെയായതിൽ ഏറ്റവും കൂടുതൽ വിഷമിച്ചൊരാൾ ഉമ്മയാണ്. ഉമ്മയോട് ചെയ്തത് തിരുത്താൻ അവസരം കിട്ടിയാൽ ചെയ്യും. ആ വീട്ടിൽ അടച്ചിരുന്നപ്പോൾ എനിക്കൊപ്പം നിന്നയാൾ ഉമ്മ മാത്രമാണ്”, എന്ന് തൊപ്പി പറഞ്ഞു. മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തൊപ്പി.
തേന്‍ ചൂടാക്കി ഉപയോഗിക്കരുതെന്ന് വെറുതെ പറയുന്നതല്ല; കാരണങ്ങള്‍ ഇതൊക്കെയാണ്
ഭക്ഷണത്തിന് മധുരം നല്‍കുന്ന കുറച്ചുകൂടി ഹെല്‍ത്തിയായ ഒരു ചോയ്‌സായാണ് പലപ്പോഴും നാം തേനിനെ കാണാറ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ദഹനശേഷി കൂട്ടല്‍, മുറിവുണക്കല്‍ തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളാണ് തേനിനുള്ളത്. നിരവധി ഗുണങ്ങളുള്ള തേന്‍ പാചകത്തില്‍ സ്ഥിരമായി ഉപയോഗിച്ചുകൂടേ, തേന്‍ ചൂടാക്കി ഉപയോഗിച്ചുകൂടേ, മധുരപലഹാരങ്ങള്‍ ഓവനില്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ ചേര്‍ത്തുകൂടേ എന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ അടുപ്പില്‍ വച്ചോ ഓവനില്‍ വച്ചോ ചൂടാക്കി ഉപയോഗിക്കാനേ പാടില്ലാത്ത ഒന്നാണ് തേന്‍. അതിന് താഴെപ്പറയുന്ന കാരണങ്ങളുണ്ട്. (Should You Cook Or Heat Honey?)
ചൂടിനോട് ഒട്ടും യോജിക്കാത്ത ഒരു രാസമിശ്രണമാണ് തേനിന്റേത്. ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യാത്ത സ്വാഭാവിക താപനിലയിലുള്ള തേനില്‍ ഡയസ്റ്റേസ്, ഗ്ലൂക്കോസ് ഓക്‌സിഡേസ്, ഇന്‍വെര്‍ട്ടേസ് മുതലായ എന്‍സൈമുകളുണ്ട്. ഇവയാണ് തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്. പാനിലോ ഓവനിലോ തേന്‍ ചൂടാക്കുമ്പോള്‍ ഈ എന്‍സൈമുകള്‍ നിര്‍വീര്യമാക്കപ്പെടുന്നു. സ്വാഭാവികമായും തേന്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. ചൂടാക്കുമ്പോള്‍ തേനിലെ ഗ്ലൂക്കോസ് ഓക്‌സിഡേസും ഡിഫെന്‍സിന്‍-1 ഉം നിര്‍വീര്യമാക്കപ്പെടുകയും തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയിട്ടുണ്ട്.
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം തേന്‍ കൂടുതല്‍ ചൂടാക്കുമ്പോള്‍ ഹൈഡ്രോക്‌സിമിഥെയ്ല്‍ഫര്‍ഫറല്‍ എന്ന ഒരു രാസവസ്തു രൂപംകൊള്ളുന്നതായി അടിവരയിടുന്നുണ്ട്. ഇത് മനുഷ്യശരീരത്തിന് ദോഷകരമാണ്. 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കിയ തേനിന്റെ ആന്റിഓക്‌സിഡന്റ് പ്രയോജനങ്ങള്‍ വളരെ കുറവായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ചൂടാക്കിയ തേന്‍ വിഷമാണെന്നാണ് ആയുര്‍വേദം പറയാറ്. ചൂടാക്കിയ തേന്‍ ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരികയാണ്. തേനില്‍ നിന്ന് പൂര്‍ണമായ ആരോഗ്യഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ തേന്‍ ചൂടാക്കാതെ തന്നെ ഉപയോഗിക്കണമെന്നാണ് നിലവിലെ ഭൂരിഭാഗം പഠനങ്ങളും തെളിയിക്കുന്നത്.



