spot_img
Wednesday, June 24, 2026
Home Blog Page 116

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി; നാളെ ശബരിമലയില്‍

0

തിരുവനന്തപുരം:നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് രാഷ്ട്രപതിക്ക് താമസമൊരുക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. കുമരകത്താണ് അന്ന് താമസിക്കുക. 24ന് എറണാകുളം സെയ്ന്റ് തേരേസാസ് കോളജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. കഴിഞ്ഞ മൂന്ന് ദിവസാമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ല​ക്ഷത്തിന് മുകളിൽ നൽകണം.

വെള്ളിയാഴ്ച, 97360 എന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ശനിയാഴ്ച 1400 രൂപ ഒറ്റയടിക്ക് കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1520 രൂപയാണ്. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് ഇന്ന് ഒറ്റയടിക്ക് ഉയർന്നു. ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണത്തിനും വെള്ളിക്കും ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചന.

ഇന്നത്തെ വില വിവരങ്ങൾ 

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12170 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10005 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7800 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5030 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വില കുത്തനെ കുറഞ്ഞിരുന്നു. 14 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 190 ന് താഴെയെത്തി. ഇന്നത്തെ വിപണി വില 180 രൂപയാണ്.

ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

0

കോഴിക്കോട് കല്ലുത്താൻകടവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്.

നാടിന് ഗുണമുള്ള പദ്ധതികൾ യാഥാർഥ്യമായാൽ അവ അംഗീകരിക്കാൻ തയ്യാറാകണമെന്നും മാർക്കറ്റ് എന്നുപറയുന്നത് എല്ലാവർക്കും ഗുണകരമായ ഒരു പദ്ധതിയാണെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പാളയത്ത് മാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം ആണെന്ന് പറഞ്ഞ് നാടിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ എതിർക്കാണോ എന്നും കേരളത്തിന്റെ എല്ലാ വികസനത്തെയും എതിർക്കുന്നവരാണോ പ്രതിപക്ഷമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

“കൺമുൻപിലുള്ള കേരളത്തിന്റെ നേട്ടം കണ്ടില്ലെന്ന് നടിക്കുകയാണിവർ. ഞങ്ങൾ ഈ പദ്ധതിയിൽ ഇല്ല എന്ന് ചിലർ ആദ്യമേ പറഞ്ഞു. നാടിന് ഗുണമുള്ള പദ്ധതിയാണ് എങ്കിൽ അത് അംഗീകരിക്കണം. എന്തിനാണ് നാടിൻ്റെ നല്ല കാര്യത്തെ അംഗീകരിക്കാത്തെ തള്ളികളയുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ കക്ഷി അടിസ്ഥാനത്തിൽ പാർട്ടികൾ മത്സരിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ജയിച്ചവരും തോറ്റവരും ഒന്നിച്ച് നിൽക്കണം. നല്ല കാര്യങ്ങൾ നടക്കുമ്പോൾ പ്രതിപക്ഷം പിന്തുണ നൽകേണ്ടെ. എന്നാൽ അടുത്ത കാലത്ത് പ്രതിപക്ഷത്തിന് എല്ലാ കാര്യത്തിലും എതിർപ്പ് മാത്രം ആണ്. ബഹുജനങ്ങൾ കാര്യങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നും വികസനത്തിൻ്റെ പേരിൽ ആരും പെരുവഴിയിൽ ആവില്ല” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കല്ലുത്താൻ കടവിൽ ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പി പി പി മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹത് പദ്ധതിയാണിത്. 100 കോടി രൂപ ചെലവിൽ BOT വ്യവസ്ഥയിലാണ് നിർമ്മാണം. 27 കോടിയോളം രൂപ ചെലവഴിച്ച് കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്.

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മ മരിച്ചു

0

കോഴിക്കോട്:കോഴിക്കോട് പന്നിയങ്കരയില്‍ ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.


മരക്കൊമ്പ് തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ശാന്തയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു;വൻ പ്രതിഷേധം

0

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാ​ഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. അതേസമയം, സമരവുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ബസ്സുകളുടെ അമിതവേ​ഗതയുടെ ഭീതിയിൽ നാട്ടുകാർ, അപകടത്തിന് ശേഷം ജീവനക്കാർ ഇറങ്ങിയോടി

0

കോഴിക്കോട്: രാമനാട്ടുകരയിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രം​ഗത്ത്. സ്ഥിരമായി മത്സരയോട്ടം നടക്കുന്ന പ്രദേശമാണിതെന്ന് 5 മിനിറ്റ് വ്യത്യാസത്തിലാണ് ബസ്സുകൾ ഓടുന്നതെന്നും നാട്ടുകാരൻ പറയുന്നു. എല്ലാ ബസ്സുകളും അമിത വേ​ഗതയിലാണ് ഓടുന്നത്. ഇന്നലെ തന്നെ മറ്റൊരു ബസ്സും കാറുമായി അപകടത്തിൽ പെട്ടിരുന്നു. നാട്ടുകാർ പലപ്പോഴും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. എന്നാൽ മത്സരയോട്ടത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ല. അധികാരികളുടെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയാണ് സ്കൂട്ടർ യാത്രക്കാരി മരിച്ചത്. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ രാമനാട്ടുകരയിൽ വെച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ഓടിക്കൂടി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് നിസാരപരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

നാട്ടുകാർ ബസ് തടഞ്ഞുനിർത്തിയെങ്കിലും ജീവനക്കാർ ഓടിരക്ഷപ്പെട്ടു. പിന്നീട് ഭർത്താവും നാട്ടുകാരും ആംബുലൻസ് വിളിച്ചാണ് തസ്ലീമയെ ആശുപത്രിയിലെത്തിച്ചത്. ​ഗുരുതരാവസ്ഥയിലായ തസ്ലീമ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. തസ്ലീമയുടെ ഖബറടക്കം ഇന്ന് നടക്കും.

ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരൻ മരണപ്പെട്ട കേസ്:ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

0

തൃശൂർ :ഡോർ അടയ്ക്കാതെ ഗതാഗതം നടത്തി യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ചുവീണ് മരണപ്പെട്ട സംഭവത്തിൽ ബസ്സിലെ ഡ്രൈവറായിരുന്ന പുത്തൂർ വെട്ടൂകാട് സ്വദേശിയായ താണിപറമ്പിൽ വീട്ടിൽ രജീഷ് (29), കണ്ടക്ടറായിരുന്ന പുത്തൂർ വെട്ടൂക്കാട് സ്വദേശിയായ പുഞ്ചടത്ത് വീട്ടിൽ അജലകുമാർ (41) എന്നിവരെയാണ് ഒരു വർഷം തടവിനും രണ്ടു പേർക്കും ഒന്നര ലക്ഷം രൂപ വീതം മൊത്തം മൂന്നു ലക്ഷം രൂപ പിഴയും തൃശൂർ ജുഡീഷ്യൽ നമ്പർ വൺ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ്  ശിക്ഷ വിധിച്ചത്.

2013 വർഷത്തിൽ  സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം Kl 18 8199 ബസ്സിൻെറ ഡ്രൈവറും കണ്ടക്ടറുമായ പ്രതികൾ ബസ്സിൻെറ ഡോർ അടയ്ക്കാതെ അശ്രദ്ധമായും മനുഷ്യജീവന് അപകടും വരത്തക്ക വിധത്തിലും ഓടിച്ചതിൽ മാർ അപ്രേം ഭാഗത്തുവച്ച് യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ചുവീണ് ഗുരുതരമായ പരിക്കുപറ്റി മരണപ്പെടുകയായിരുന്നു. ഇക്കാര്യത്തിന് തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് വിഭാഗം കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സബ് ഇൻസ്പെക്ടർ എൻ ബി രാമകൃഷ്ണൻ അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർുപ്പിക്കുകയും ചെയ്തു.

പാളയം മാര്‍ക്കറ്റ് ഇനി കല്ലുത്താൻ കടവില്‍ ; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

0

കോഴിക്കോട്:വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ അത്യാധുനിക രീതിയില്‍ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നായ കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റ് യാഥാർത്ഥ്യമാകുന്നു.നാളെ രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പച്ചക്കറി മാർക്കറ്റിലെ മള്‍ട്ടിലെവല്‍ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോള്‍സെയില്‍ ആൻഡ് ഓപ്പണ്‍ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസും നിർവഹിക്കും.2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമ്മിച്ച്‌ മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം – പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്.2009ല്‍ തറക്കല്ലിട്ടു.എന്നാല്‍ പദ്ധതിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധവുമായി മാർക്കറ്റിലെ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു.കല്ലുത്താൻകടവില്‍ വാഹനങ്ങള്‍ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നും കച്ചവടം ലഭിക്കിന്നെന്നുമായിരുന്നു വ്യാപാരികളുടെ പക്ഷം

തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കും; ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ട് കയറി പീഡനം: പ്രതി ബെഞ്ചമിൻ സ്ഥിരം കുറ്റവാളി

0

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടിയത് മധുര സ്വദേശി ബെഞ്ചമിനെ. പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ആറ്റിങ്ങലിലേക്കു പോയ പ്രതി അവിടെ നിന്നു മധുരയ്ക്കു കടക്കുകയായിരുന്നു.

മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയിൽ ലോഡുമായി എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ടത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ എത്തി ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ മുറിയിൽ കയറി പീഡിപ്പിച്ചത്.

പുലർച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇന്ന് പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. പ്രതി സ്ഥിരം മോഷണങ്ങൾ നടത്തുന്നയാളാണ്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന പതിവുമുണ്ടെന്നു പൊലീസ് പറയുന്നു.

2026 ലെ പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത സമർപ്പിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

0

വിഷൻ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷൻ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാർ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2016ൽ അധികാരത്തിൽ വന്ന സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാതയുടെ കാര്യത്തിൽ രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്. ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പൊതുമരാമത്ത് വകുപ്പ് ചുവടുവെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികമായ 2031ൽ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ വികസന മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ നമുക്കായി. ഗ്രാമീണ മേഖലയിൽ അടക്കം ബി എം – ബി സി റോഡുകൾ ഉള്ള അപൂർവ്വം ഇടങ്ങളിൽ ഒന്നായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾ നവീകരിക്കാൻ പദ്ധതി നടപ്പാക്കിവരികയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് വികസനപദ്ധതികൾക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപ അനുവദിച്ചു. 8200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിച്ചു. പകുതിയിൽ അധികം പൊതുമരാമത്ത് റോഡുകൾ ബി എം – ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും നടപ്പിലാക്കി. മലയോര പാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ്ശൃംഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനടുത്താണ് നമ്മൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ സജ്ജമാക്കി റോഡ് ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പൊതുമരാമത്തു വകുപ്പിൻ്റെ കീഴിലുള്ള നിരത്തുകൾ “സ്മാർട്ട് ഡിസൈൻ റോഡുകൾ” ആയി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. 2031 ഓടെ 100% റോഡുകളും ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. സംസ്ഥാന പാതകൾ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ പ്രധാന പാതകളിൽ എലിവേറ്റഡ് ഹൈവേയും നിർമ്മിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കാനും ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും. പ്രധാന നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കും.
റോഡ് പരിപാലനത്തിന് ഊന്നൽ നൽകി റണ്ണിംഗ് കോൺട്രാക്ട് പദ്ധതി പ്രധാന ചുവടുവെപ്പാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരത്ത് പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. ഇപ്പോൾ നൂറ്റി അമ്പതിലേക്ക് എത്തിയിരിക്കുന്നു. നൂറ് പാലങ്ങളുടെ പ്രവൃത്തി തുടരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ ആയത് അഭിമാനകരമായ നേട്ടമാണ്. മാറ്റങ്ങൾ പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും സുതാര്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും
മന്ത്രി കൂട്ടിച്ചേർത്തു.

ആസ്പിൻ കോർട്ട് യാഡിൽ നടന്ന പരിപാടിയിൽ
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന്റെ വികസന നേട്ടങ്ങൾ വകുപ്പ് സെക്രട്ടറി കെ ബിജു അവതരിപ്പിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, ഇ കെ വിജയൻ, പി ടി എ റഹീം, കെ പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവിരാമൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, കെ എസ് സി സി മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, കെ എസ് ടി പി പ്രോജക്ട് ഡയറക്ടർ എം അഞ്ജന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.