‘രാഷ്ട്രീയ പോഷണ്‍ മാ’ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു
ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍. എട്ടാമത് ‘രാഷ്ട്രീയ പോഷണ്‍ മാ 2025’ സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ വരെയുള്ള എല്ലാവരും ഒന്നായി പ്രവര്‍ത്തിക്കണം. പോഷകാഹാരങ്ങളിലൂടെ ആരോഗ്യമുള്ള കുടുംബങ്ങളെ വളര്‍ത്തിയെടുക്കാനും നല്ല ഭക്ഷണ ശീലങ്ങളുണ്ടാക്കാനും ‘രാഷ്ട്രീയ പോഷണ്‍ മാ’ പദ്ധതിയിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷണ്‍ അഭിയാന്‍ 2.0 പ്രകാരം വനിതകള്‍, കൗമാരക്കാര്‍, ശിശുക്കള്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയറ എസ് കെ പൊറ്റക്കാട് ഹാളില്‍ പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശനം, ആയുഷ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് സ്‌ക്രീനിങ്, സെമിനാര്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട ക്വിസ്, യോഗ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടന്നു.
ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷനായി. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി രനീഷ്, ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി പി അനിത തുടങ്ങിയവര്‍ സംസാരിച്ചു.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമാകുന്ന എല്ലാ പദ്ധതികളും നടപ്പാക്കും -കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം
കോഴിക്കോട് : ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവന്റെ ഇടപെടലാണ് ഗീതക്ക് പതിറ്റാണ്ടോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം മടങ്ങാന്‍ അവസരമൊരുക്കിയത്. മാതാപിതാക്കളുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് മനോനില തെറ്റിയാണ് ഗീത ട്രെയിന്‍ കയറി കോഴിക്കോട്ടെത്തിയത്. പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം മനോനില വീണ്ടെടുത്ത ഗീത പിന്നീട് ആശാ ഭവന്റെ തണലില്‍ കഴിയുകയായിരുന്നു. ഭാഷയറിയാതെ കഴിഞ്ഞ ഗീത നാടിനെ കുറിച്ച് നല്‍കിയ സൂചനകള്‍ വെച്ച് ഭോക്കര്‍ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും അവര്‍ അന്വേഷിച്ച് ഉടന്‍ കുടുംബാംഗങ്ങളെ കണ്ടെത്തുകയുമായിരുന്നു. വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ മരിച്ചെന്ന് കരുതി കര്‍മങ്ങളടക്കം ചെയ്ത മക്കള്‍ക്ക് ഗീത ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ആഹ്ലാദമടക്കാനായില്ല.
ജോലി ചെയ്യുന്ന ആന്ധ്രയിലെ നിസാമാബാദില്‍നിന്ന് ഉടന്‍ പുറപ്പെട്ട മക്കളായ സന്തോഷ് കുമാര്‍ വാഗ്മാരെയും ലക്ഷ്മി വാഗ്മാരെയും ഇത് പുനര്‍ജന്മമാണെന്നായിരുന്നു പ്രതികരിച്ചത്. അമ്മയെ കാണാതായത് മുതല്‍ തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ മക്കള്‍ പങ്കുവെച്ചു.ആദിവാസി വിഭാഗത്തില്‍ പെട്ട ഗീതയുടെ ഭര്‍ത്താവ് 35 വര്‍ഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചതോടെ രണ്ട് ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന കുടുംബം ദുരിതത്തിലായിരുന്നു. അമ്മയെ കാണാതാവുക കൂടി ചെയ്തതോടെ മക്കള്‍ ജോലി തേടി ആന്ധ്രയിലേക്ക് പോയി. അമ്മയെ കണ്ടെത്തിയ വിവരമറിഞ്ഞ് മക്കള്‍ എത്തിയതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ആശാ ഭവന്‍ സാക്ഷ്യം വഹിച്ചത്. മാതാവിനെ സംരക്ഷിച്ചതിന് അവിടുത്തെ ജീവനക്കാര്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ മക്കള്‍ വൈകുന്നേരത്തോടെ മാതാവിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
കോഴിക്കോട് : പേരാമ്പ്രയിൽ യു.ഡി.എഫ് – സി.പി.എം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ ഷാഫി പറമ്പിൽ എം.പിക്ക് പരിക്ക്. നിരവധി യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം- യു.ഡി.എഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി.
ഡിവൈ.എസ്.പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട് ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. കോഴിക്കോട് നഗരത്തിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാത്രി പത്ത് മണിക്ക് സെക്രട്ടേറിയേറ്റ് മാർച്ചും നടത്തുംസി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി: ഇന്നലെയും ഇന്നുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്‍റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും നിവേദനങ്ങളായും നേരില്‍ വിശദീകരിച്ചും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തി.
പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്‍റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഗൗരവ വിഷയങ്ങളില്‍ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു. നാലു പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്.മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്‍റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും അദ്ദേഹത്തിന്‍റെ പിന്തുണ ആവശ്യപ്പെട്ടു.
കടമെടുപ്പ് ശേഷി പുനസ്ഥാപിക്കല്‍, ഐ ജി എസ് ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് തുടങ്ങിയവ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ജി.എസ.്ഡി.പിയുടെ 0.5% അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.Also Read -ജമ്മു-കശ്മീരിലെ കൊക്കർനാഗ് വനത്തിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായി സൈന്യം തിരച്ചിലിൽകേരളത്തില്‍ കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി ത്വരിതപ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേരളത്തിന്‍റെ അതിവേഗ നഗരവല്‍ക്കരണം കണക്കിലെടുത്ത്, ശാസ്ത്രീയമായ നഗരാസൂത്രണവും ആര്‍ക്കിടെക്ച്ചറല്‍ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ) സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചു.സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അതില്‍ സാങ്കേതിക പൊരുത്തക്കേടുകള്‍ കാരണം തടഞ്ഞുവച്ചിട്ടുള്ള 221.52 കോടി രൂപയും ഗതാഗത ചാര്‍ജുകളുമായി ബന്ധപ്പെട്ട 257.41 കോടി രൂപയും ഉള്‍പ്പെടെ മുഴുവന്‍ തുകയും ലഭിക്കാനുണ്ട്. ഈ തുക കുടിശ്ശികയായത് നെല്‍ കര്‍ഷകര്‍ക്കും സപ്ലൈകോയ്ക്കും വലിയ സാമ്പത്തിക പ്രയാസമാണുണ്ടാക്കുന്നത്.ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്‍റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

‘
എയിംസ് കിനാലൂരില്‍ സ്ഥാപിക്കുന്നതിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണം’കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിരവധി ആവശ്യങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിനു നല്‍കിയ നിവേദനത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കുന്നതിനായി സംസ്ഥാനം നടത്തി വരുന്ന പരിശ്രമങ്ങള്‍ വിശദമാക്കി.ഒരു പതിറ്റാണ്ടായി കേരളം ആവശ്യപ്പെടുന്നതാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. അത് കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കുന്നതിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നതാണ് ഉന്നയിച്ച ഒരു പ്രധാന ആവശ്യം. ഇതിനായുള്ള ഭൂമി സംസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കേരളത്തിന്‍റെ സവിശേഷമായ ജനസംഖ്യാപരമായ ഘടനയും, വര്‍ദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയും കണക്കിലെടുത്ത്, ഒരു ഐ സി എം ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെറിയാട്രിക് കെയര്‍ ആന്‍ഡ് ഹെല്‍ത്തി ഏജിംഗ് സ്ഥാപിക്കുന്നതിനുള്ള അനുമതിയും അഭ്യര്‍ത്ഥിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും രാജ്യത്തിന്‍റെ ആരോഗ്യ ലക്ഷ്യങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുമെന്നും, ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതിനായി ഒരു വിശദമായ മെമ്മോറാണ്ടം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. രണ്ട് വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്.കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനു അതീവ പ്രാധാന്യം നല്‍കേണ്ടതിന്‍റെ കാരണങ്ങള്‍ നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പദ്ധതി പി.എം.എസ്.എസ്.വൈ യുടെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുക, കേരളത്തിന് എയിംസ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവുകള്‍ പുറപ്പെടുവിക്കുക, കണ്ടെത്തിയ ഭൂമിയുടെ സാധ്യതാ പഠനത്തിനായി സംഘത്തെ അയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.ജനസംഖ്യാപരമായ ഘടന, സംസ്ഥാനത്തെ ഉയർന്ന സാക്ഷരതാ നിരക്ക്, ശക്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക നവീകരണത്തിന്റെ ചരിത്രം, സർക്കാർ സ്വീകരിച്ച നടപടികൾ എന്നിവയെല്ലാം ചേർന്ന് വയോജന ഗവേഷണം, പരിചരണം, നയം എന്നിവയ്ക്കായി ഒരു ലോകോത്തര കേന്ദ്രം സ്ഥാപിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം കേരളമാണ്. അതിനാൽ ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ ആൻഡ് ഹെൽത്തി ഏജിംഗ് സ്ഥാപിക്കുന്നതിന് അനുമതി നൽകണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.മുതിർന്ന പൗരന്മാരുടെ ആരോഗ്യം, അന്തസ്സ്, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട്, വയോജന പരിചരണത്തിലും ആരോഗ്യകരമായ വാർധക്യത്തിലുമുള്ള ഗവേഷണം, നവീകരണം, നയം, സേവന വിതരണം എന്നിവയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി ആ സ്ഥാപനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തെ പ്രായമാകുന്ന ജനവിഭാഗത്തിന്റെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കാനും ഇന്ത്യയ്ക്കും സമാനമായ ജനസംഖ്യാപരമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് രാജ്യങ്ങൾക്കും ഒരു മാതൃകയായി വർത്തിക്കാനും ഇതിലൂടെ സാധിക്കും.ഈ രണ്ട് സ്ഥാപനങ്ങളും പരസ്പരം പൂരകങ്ങളായിരിക്കും. എയിംസ് തൃതീയ തലത്തിലുള്ള പരിചരണ മികവും മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കുമ്പോള്‍, ജെറിയാട്രിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഏറ്റവും വലിയ ജനസംഖ്യാപരമായ വെല്ലുവിളികളിലൊന്നിനെ പ്രത്യേക ഗവേഷണത്തിലൂടെയും പരിചരണ മാതൃകകളിലൂടെയും അഭിസംബോധന ചെയ്യും.സംസ്ഥാനത്തിന്‍റെ ജീവല്‍ പ്രധാനമായ ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവരെ നേരില്‍ കണ്ട് ആവശ്യങ്ങളുടെ ഗൗരവം വിശദീകരിച്ചത്. അവരില്‍ നിന്ന് ലഭിച്ച പ്രതികരണം അനുഭാവത്തോടെയുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പുകള്‍ കേന്ദ്രം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
45 പവൻ മോഷ്ടിച്ചയാളെ ബംഗാളിൽ പോയി പൊക്കി കോഴിക്കോട് ചേവായൂർ പോലീസ്
കോഴിക്കോട്: ഡോക്ടറുടെ വീട്ടിൽനിന്നും 45 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിൽ പോയി പൊക്കി ചേവായൂർ പൊലീസ്. വെസ്റ്റ് ബംഗാൾ സ്വദേശി തപസ് കുമാർ സാഹയെ കോഴിക്കോട് സിറ്റി കമീഷണർ ടി. നാരായണന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.സെപ്റ്റബർ 28ന് പുലർച്ചെ ചേവായൂർ – ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നാണ് 45 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ കവർന്നത്. വീടിന്റെ മുൻ വാതിൽ തകർത്ത് വീട്ടിനകത്തെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 10,000 രൂപയും കവരുകയായിരുന്നു. ഡോക്ടറും കുടുംബവും തിരുവനന്തപുരത്തുള്ള വീട്ടിൽ പോയി തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിവാകുന്നത്.
തുടർന്ന് അന്വേഷണസംഘം സൈബർസെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽനിന്നാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് മനസ്സിലാക്കിയത്. പ്രതി ബംഗാളിലെ റാൺഘട്ട് എന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് വിമാനത്തിൽ റാൺഘട്ടിലെത്തുകയും, റാൺഘട്ട് പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ താമസ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബംഗാളിൽനിന്ന് ട്രെയിനിൽ കോയമ്പത്തൂർ വഴി കോഴിക്കോട് എത്തിയ പ്രതി നടന്ന് ചേവരമ്പലത്ത് എത്തുകയും മോഷണം നടത്തി പിറ്റേ ദിവസം തന്നെ
ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ, മയക്കുമരുന്ന് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി സമാനരീതിയിൽ കേരളത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, മിജോ ജോസ്, സി.പി.ഒ വിജ്നേഷ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ്, പ്രജിത്ത് എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഭർതൃഗൃഹത്തിൽ യുവതിയുടെ മരണം: മാതാവ് പോലീസിൽ പരാതി നൽകി
മുക്കം: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് പോലീസിൽ പരാതി നൽകി.കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഷഹർബാനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ മാതാവാണ് ഷഹർബാൻ.മാതാവ് ഡി.വൈ.എസ്.പിക്ക് പരാതി നൽകി.
ഷഹർബാന്റെ മാതാവ്, കാരമൂല ഇളയിടത്ത് സൈദത്തുന്നിസയാണ് മകളുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.പരാതിയിൽ പറയുന്ന പ്രധാന കാര്യങ്ങൾ:മൃതദേഹം കട്ടിലിൽ മുട്ടുകുത്തി നിൽക്കുന്ന നിലയിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.ഷഹർബാന്റെ ഫോണിലെ മെസേജുകൾ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകൾ പറഞ്ഞിട്ടുണ്ട്.ഭർത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും വീട്ടുകാർ മോശമായി പെരുമാറിയിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.വിവാഹസമയത്ത് നൽകിയ 14 പവൻ സ്വർണവും മഹറും വീട്ടുകാർ കൈവശപ്പെടുത്തിയത് തിരികെ നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ കണ്ടെത്തി കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ഹുൻസൂരിൽ അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു,നിരവധി പേർക്ക് പരിക്ക്
ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ. രണ്ടു പേർ കർണാടക സ്വദേശികളാണ്. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം. കനത്ത മഴയും വനമേഖല ആയതിനാലും രക്ഷാപ്രവർത്തനം വൈകി. രാവിലെ ഏഴുമണിയോടെ ആണ് മൃതദേഹം പുറത്തെടുക്കാനായത്.
സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര
ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.
സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ എസ് ആർ ടി സിക്ക് ചരിത്രത്തിലെ രണ്ടാമത്തെ വരുമാന നേട്ടം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കിയതിന്‍റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തിയതിയാണ് കെ എസ് ആർ ടി സിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേട്ടം സ്വന്തമായത്. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആർ ടി സി നേടിയത്. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി.
ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയില്‍
ചെന്നൈ: ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെയാണ് പൊലീസ് സംഘം ചെന്നെയില്‍ എത്തയത്. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്. പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.
കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ല, റഫർ ചെയ്യാൻ വൈകി’; ഡോക്ടറെ വെട്ടിയ സനൂപിന്റെ ഭാര്യ
താമരശ്ശേരി: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് വിവരം ലഭിച്ചിരുന്നുവെന്നും അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ഇവരുടെ ഒമ്പതു വയസ്സുകാരിയായ മകള്‍ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിവരം.
എന്നാല്‍, കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
‘കുട്ടിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം തേടി രണ്ടാഴ്ചയായി ഞങ്ങള്‍ ഓട്ടത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ലഭിച്ചു. കുട്ടിക്ക് അമീബിക് അല്ലായിരുന്നുവെന്നാണ് ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞത്. നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനും കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു.’ സനൂപിന്റെ ഭാര്യ പറഞ്ഞു.
പനിയെ തുടർന്ന് ആദ്യം എത്തിയ താമരശ്ശേരി ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്കളേയും കൂട്ടിയാണ് സനൂപ് വീട്ടില്‍നിന്ന് പോയത്. അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് വിട്ടുവെന്നും ഭാര്യ വ്യക്തമാക്കി.
തന്റെ ആക്രമണം ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ് പോലീസ് കസ്റ്റഡിലിരിക്കെ പ്രതികരിച്ചു. സനൂപിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.



