തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ബുധനാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലേർട്ടാണ്. ശനിയാഴ്ച വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ടാണ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടമില്ല. എന്നാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ നൂറുകണക്കിന് അനധികൃത എയർ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങൾക്കാണ് പിടിവീണത്. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു
കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ ഉണ്ടായ അനുഭവത്തിന്‍റെ അരിശം തീരാതെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കാനാണ് കെ ബി ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശം. നിറയെ ആളെ കയറ്റി അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ സ്വകാര്യ ബസ്സിനെ കയ്യോടെ പിടികൂടിയ മന്ത്രി എയര്‍ ഹോൺ വിരുദ്ധ പോരാട്ടം കേരളമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. 13 മുതൽ 19 വരെ വ്യാപക പരിശോധന നടക്കും. വാഹനങ്ങളിൽ പിടിപ്പിച്ച എയര്‍ ഹോളുകളെല്ലാം ഊരിമാറ്റും. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കാനാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നൽകുന്ന നിര്‍ദ്ദേശം. അത് മാത്രം പോര ഹോണുകൾ നിരത്തി വച്ച് അതിൽ റോഡ് റോളര്‍ കയറ്റി ഇറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്ലാസ്റ്റിക് കുടിവെള്ള കുപ്പി ഇട്ടതിന്‍റെ പേരിൽ കെഎസ് ആര്‍ടിസി ബസ് വഴിയിൽ തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ശകാരിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഹോൺ മുഴക്കിയെത്തിയ ബസ്സിനെ ഓടിച്ചിട്ട് പിടികൂടിയതും സംസ്ഥാനമാകെ എയര്‍ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതും. എയര്‍ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പരമാവധി 2000 രൂപ പിഴയിടാനാണ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവവസ്ഥ.
കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രാഥമികമായി ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. സ്‌കൂളുകളും ക്ലബ്ബുകളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്‌പോർട്സ്/ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. അപേക്ഷ ഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം, എന്നിവ www.sportskerala.org യിൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്‌കൂളുകൾ/ ക്ലബ്ബുകൾ മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ ഒക്ടോബർ 31ന് മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ എത്തിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2326644.
സർവകാല റെക്കോഡിലെത്തിയ സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഇത് 93,160 രൂപയായാണ് താഴ്ന്നത്.ഒരു ഗ്രാം സ്വർണത്തിന്‍റെ വില 11,645 രൂപയായും താഴ്ന്നു. രാവിലെ 11,795 രുപയായിരുന്നു ഗ്രാമിന്‍റെ വില. 150 രൂപയുടെ കുറവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്.
ഒക്ടോബർ ഒന്നിന് പവൻ വില 87000 രൂപയായിരുന്നു. എന്നാൽ വൈകിട്ടോടെ 87440 ഉയർന്നു. തുടർന്ന് മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറി നും ഏഴിനും യഥാക്രമം 88560, 89480 രൂപയായിരുന്നു വില.എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു.ഫോർവേഡ് ന്യൂസ്. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
പതിനൊന്നാം തീയതി 91120 രൂപയിലേക്ക് വീണ്ടും ഉയർന്ന സ്വർണവില വൈകിട്ട് 91720 രൂപയിലേക്ക് വീണ്ടും കയറി. പന്ത്രണ്ടാം തീയതി ഈ വില തുടർന്ന ശേഷം തിങ്കളാഴ്ച 91960 രൂപയിലേക്ക് കുതിച്ചു.ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡ് വർധിച്ചത് വില ഉയരാൻ കാരണമായത്. കൂടാതെ, ഡോളർ വില കുതിച്ചു കയറിയതും രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായതും സ്വർണ വില വർധിക്കാൻ ഇടയാക്കി.
സ്വർണത്തിന്‍റെ വില പരിധി നിർണയിക്കാൻ സാധിക്കാത്ത വിധത്തിൽ വില കുതിക്കുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മൻച്ചന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. 2200 ഡോളറിൽ നിന്ന് 4165 ഡോളറിലേക്ക് രാജ്യാന്തര സ്വർണവില എത്തിയിട്ടുള്ളത്. ഇന്‍റർനാഷണൽ ഹാർഡ് കറൻസിയായി സ്വർണം മാറി. ഓഹരി വിപണി അടക്കം തകർന്നടിഞ്ഞ സാഹചര്യത്തിലാണ് സ്വർണം കുതിക്കുന്നത്. സ്വർണ വില വീണ്ടും വർധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകളെന്നും അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ. ഇന്ന് രാവിലെ പവന് 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നു. അന്താരാഷ്ട്ര സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ മുകളിൽ നൽകണം.
താരിഫ് നയങ്ങളെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പുതിയ തർക്കവും നിക്ഷേപകരെ സുരക്ഷിത താവളമായി സ്വർണ്ണത്തെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. ഈ വർഷം, സ്വർണ്ണം ഇതുവരെ 56 ശതമാനം ഉയർന്നു. ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ, നിലവിൽ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.
വില വിവരങ്ങൾ ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11795 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9700 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7500 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4865 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 190 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 190 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്തറുത്ത് മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാൻഡ്‌സ് പാർക്കിന് സമീപമാണ് സംഭവം.ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. തൊട്ടടുത്തുള്ളയാൾ വെള്ളയിൽ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തുമ്പോഴേയ്ക്കും യുവാവ് രക്തം വാർന്ന് കിടക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
‘രാഷ്ട്രീയ പോഷണ്‍ മാ’ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു
ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍. എട്ടാമത് ‘രാഷ്ട്രീയ പോഷണ്‍ മാ 2025’ സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ വരെയുള്ള എല്ലാവരും ഒന്നായി പ്രവര്‍ത്തിക്കണം. പോഷകാഹാരങ്ങളിലൂടെ ആരോഗ്യമുള്ള കുടുംബങ്ങളെ വളര്‍ത്തിയെടുക്കാനും നല്ല ഭക്ഷണ ശീലങ്ങളുണ്ടാക്കാനും ‘രാഷ്ട്രീയ പോഷണ്‍ മാ’ പദ്ധതിയിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷണ്‍ അഭിയാന്‍ 2.0 പ്രകാരം വനിതകള്‍, കൗമാരക്കാര്‍, ശിശുക്കള്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയറ എസ് കെ പൊറ്റക്കാട് ഹാളില്‍ പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശനം, ആയുഷ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് സ്‌ക്രീനിങ്, സെമിനാര്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട ക്വിസ്, യോഗ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടന്നു.
ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷനായി. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി രനീഷ്, ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി പി അനിത തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് : ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവന്റെ ഇടപെടലാണ് ഗീതക്ക് പതിറ്റാണ്ടോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം മടങ്ങാന്‍ അവസരമൊരുക്കിയത്. മാതാപിതാക്കളുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് മനോനില തെറ്റിയാണ് ഗീത ട്രെയിന്‍ കയറി കോഴിക്കോട്ടെത്തിയത്. പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം മനോനില വീണ്ടെടുത്ത ഗീത പിന്നീട് ആശാ ഭവന്റെ തണലില്‍ കഴിയുകയായിരുന്നു. ഭാഷയറിയാതെ കഴിഞ്ഞ ഗീത നാടിനെ കുറിച്ച് നല്‍കിയ സൂചനകള്‍ വെച്ച് ഭോക്കര്‍ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും അവര്‍ അന്വേഷിച്ച് ഉടന്‍ കുടുംബാംഗങ്ങളെ കണ്ടെത്തുകയുമായിരുന്നു. വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ മരിച്ചെന്ന് കരുതി കര്‍മങ്ങളടക്കം ചെയ്ത മക്കള്‍ക്ക് ഗീത ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ആഹ്ലാദമടക്കാനായില്ല.
ജോലി ചെയ്യുന്ന ആന്ധ്രയിലെ നിസാമാബാദില്‍നിന്ന് ഉടന്‍ പുറപ്പെട്ട മക്കളായ സന്തോഷ് കുമാര്‍ വാഗ്മാരെയും ലക്ഷ്മി വാഗ്മാരെയും ഇത് പുനര്‍ജന്മമാണെന്നായിരുന്നു പ്രതികരിച്ചത്. അമ്മയെ കാണാതായത് മുതല്‍ തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ മക്കള്‍ പങ്കുവെച്ചു.ആദിവാസി വിഭാഗത്തില്‍ പെട്ട ഗീതയുടെ ഭര്‍ത്താവ് 35 വര്‍ഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചതോടെ രണ്ട് ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന കുടുംബം ദുരിതത്തിലായിരുന്നു. അമ്മയെ കാണാതാവുക കൂടി ചെയ്തതോടെ മക്കള്‍ ജോലി തേടി ആന്ധ്രയിലേക്ക് പോയി. അമ്മയെ കണ്ടെത്തിയ വിവരമറിഞ്ഞ് മക്കള്‍ എത്തിയതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ആശാ ഭവന്‍ സാക്ഷ്യം വഹിച്ചത്. മാതാവിനെ സംരക്ഷിച്ചതിന് അവിടുത്തെ ജീവനക്കാര്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ മക്കള്‍ വൈകുന്നേരത്തോടെ മാതാവിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
കോഴിക്കോട് : പേരാമ്പ്രയിൽ യു.ഡി.എഫ് – സി.പി.എം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ ഷാഫി പറമ്പിൽ എം.പിക്ക് പരിക്ക്. നിരവധി യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം- യു.ഡി.എഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി.
ഡിവൈ.എസ്.പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട് ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. കോഴിക്കോട് നഗരത്തിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാത്രി പത്ത് മണിക്ക് സെക്രട്ടേറിയേറ്റ് മാർച്ചും നടത്തുംസി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു
ന്യൂഡൽഹി: ഇന്നലെയും ഇന്നുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്‍റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും നിവേദനങ്ങളായും നേരില്‍ വിശദീകരിച്ചും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തി.
പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്‍റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഗൗരവ വിഷയങ്ങളില്‍ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു. നാലു പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്.മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്‍റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും അദ്ദേഹത്തിന്‍റെ പിന്തുണ ആവശ്യപ്പെട്ടു.
കടമെടുപ്പ് ശേഷി പുനസ്ഥാപിക്കല്‍, ഐ ജി എസ് ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് തുടങ്ങിയവ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ജി.എസ.്ഡി.പിയുടെ 0.5% അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.Also Read -ജമ്മു-കശ്മീരിലെ കൊക്കർനാഗ് വനത്തിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായി സൈന്യം തിരച്ചിലിൽകേരളത്തില്‍ കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി ത്വരിതപ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേരളത്തിന്‍റെ അതിവേഗ നഗരവല്‍ക്കരണം കണക്കിലെടുത്ത്, ശാസ്ത്രീയമായ നഗരാസൂത്രണവും ആര്‍ക്കിടെക്ച്ചറല്‍ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ) സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചു.സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അതില്‍ സാങ്കേതിക പൊരുത്തക്കേടുകള്‍ കാരണം തടഞ്ഞുവച്ചിട്ടുള്ള 221.52 കോടി രൂപയും ഗതാഗത ചാര്‍ജുകളുമായി ബന്ധപ്പെട്ട 257.41 കോടി രൂപയും ഉള്‍പ്പെടെ മുഴുവന്‍ തുകയും ലഭിക്കാനുണ്ട്. ഈ തുക കുടിശ്ശികയായത് നെല്‍ കര്‍ഷകര്‍ക്കും സപ്ലൈകോയ്ക്കും വലിയ സാമ്പത്തിക പ്രയാസമാണുണ്ടാക്കുന്നത്.ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്‍റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
‘
എയിംസ് കിനാലൂരില്‍ സ്ഥാപിക്കുന്നതിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണം’കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിരവധി ആവശ്യങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിനു നല്‍കിയ നിവേദനത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കുന്നതിനായി സംസ്ഥാനം നടത്തി വരുന്ന പരിശ്രമങ്ങള്‍ വിശദമാക്കി.ഒരു പതിറ്റാണ്ടായി കേരളം ആവശ്യപ്പെടുന്നതാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. അത് കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കുന്നതിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നതാണ് ഉന്നയിച്ച ഒരു പ്രധാന ആവശ്യം. ഇതിനായുള്ള ഭൂമി സംസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കേരളത്തിന്‍റെ സവിശേഷമായ ജനസംഖ്യാപരമായ ഘടനയും, വര്‍ദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയും കണക്കിലെടുത്ത്, ഒരു ഐ സി എം ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെറിയാട്രിക് കെയര്‍ ആന്‍ഡ് ഹെല്‍ത്തി ഏജിംഗ് സ്ഥാപിക്കുന്നതിനുള്ള അനുമതിയും അഭ്യര്‍ത്ഥിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും രാജ്യത്തിന്‍റെ ആരോഗ്യ ലക്ഷ്യങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുമെന്നും, ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതിനായി ഒരു വിശദമായ മെമ്മോറാണ്ടം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. രണ്ട് വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്.കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനു അതീവ പ്രാധാന്യം നല്‍കേണ്ടതിന്‍റെ കാരണങ്ങള്‍ നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പദ്ധതി പി.എം.എസ്.എസ്.വൈ യുടെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുക, കേരളത്തിന് എയിംസ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവുകള്‍ പുറപ്പെടുവിക്കുക, കണ്ടെത്തിയ ഭൂമിയുടെ സാധ്യതാ പഠനത്തിനായി സംഘത്തെ അയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.ജനസംഖ്യാപരമായ ഘടന, സംസ്ഥാനത്തെ ഉയർന്ന സാക്ഷരതാ നിരക്ക്, ശക്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക നവീകരണത്തിന്റെ ചരിത്രം, സർക്കാർ സ്വീകരിച്ച നടപടികൾ എന്നിവയെല്ലാം ചേർന്ന് വയോജന ഗവേഷണം, പരിചരണം, നയം എന്നിവയ്ക്കായി ഒരു ലോകോത്തര കേന്ദ്രം സ്ഥാപിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം കേരളമാണ്. അതിനാൽ ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ ആൻഡ് ഹെൽത്തി ഏജിംഗ് സ്ഥാപിക്കുന്നതിന് അനുമതി നൽകണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.മുതിർന്ന പൗരന്മാരുടെ ആരോഗ്യം, അന്തസ്സ്, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട്, വയോജന പരിചരണത്തിലും ആരോഗ്യകരമായ വാർധക്യത്തിലുമുള്ള ഗവേഷണം, നവീകരണം, നയം, സേവന വിതരണം എന്നിവയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി ആ സ്ഥാപനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തെ പ്രായമാകുന്ന ജനവിഭാഗത്തിന്റെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കാനും ഇന്ത്യയ്ക്കും സമാനമായ ജനസംഖ്യാപരമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് രാജ്യങ്ങൾക്കും ഒരു മാതൃകയായി വർത്തിക്കാനും ഇതിലൂടെ സാധിക്കും.ഈ രണ്ട് സ്ഥാപനങ്ങളും പരസ്പരം പൂരകങ്ങളായിരിക്കും. എയിംസ് തൃതീയ തലത്തിലുള്ള പരിചരണ മികവും മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കുമ്പോള്‍, ജെറിയാട്രിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഏറ്റവും വലിയ ജനസംഖ്യാപരമായ വെല്ലുവിളികളിലൊന്നിനെ പ്രത്യേക ഗവേഷണത്തിലൂടെയും പരിചരണ മാതൃകകളിലൂടെയും അഭിസംബോധന ചെയ്യും.സംസ്ഥാനത്തിന്‍റെ ജീവല്‍ പ്രധാനമായ ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവരെ നേരില്‍ കണ്ട് ആവശ്യങ്ങളുടെ ഗൗരവം വിശദീകരിച്ചത്. അവരില്‍ നിന്ന് ലഭിച്ച പ്രതികരണം അനുഭാവത്തോടെയുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പുകള്‍ കേന്ദ്രം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്