spot_img
Wednesday, June 24, 2026
Home Blog Page 120

45 പവൻ മോഷ്ടിച്ചയാളെ ബംഗാളിൽ പോയി പൊക്കി കോഴിക്കോട് ചേവായൂർ പോലീസ്

0

കോഴിക്കോട്: ഡോക്ടറുടെ വീട്ടിൽനിന്നും 45 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിൽ പോയി പൊക്കി ചേവായൂർ പൊലീസ്. വെസ്റ്റ് ബംഗാൾ സ്വദേശി തപസ് കുമാർ സാഹയെ കോഴിക്കോട് സിറ്റി കമീഷണർ ടി. നാരായണന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.സെപ്റ്റബർ 28ന് പുലർച്ചെ ചേവായൂർ – ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നാണ് 45 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ കവർന്നത്. വീടിന്റെ മുൻ വാതിൽ തകർത്ത് വീട്ടിനകത്തെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 10,000 രൂപയും കവരുകയായിരുന്നു. ഡോക്ടറും കുടുംബവും തിരുവനന്തപുരത്തുള്ള വീട്ടിൽ പോയി തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിവാകുന്നത്.

ചേവായൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. രാവിലെ ആറിന് ചേവരമ്പലം ജങ്ഷനിൽനിന്നും ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഓട്ടോയുടെ നമ്പർ ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയാത്തതിനാൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ അടക്കം കാരന്തൂർ വരെയുള്ള 220 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ പ്രതി മോഷണം നടത്തിയതിന്‍റെ തലേദിവസം വൈകുന്നേരം മുതൽ പല റെസിഡൻസ് കോളനികളിലും ചുറ്റിക്കറങ്ങിയതായി തെളിഞ്ഞു.

തുടർന്ന് അന്വേഷണസംഘം സൈബർസെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽനിന്നാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് മനസ്സിലാക്കിയത്. പ്രതി ബംഗാളിലെ റാൺഘട്ട് എന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് വിമാനത്തിൽ റാൺഘട്ടിലെത്തുകയും, റാൺഘട്ട് പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ താമസ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബംഗാളിൽനിന്ന് ട്രെയിനിൽ കോയമ്പത്തൂർ വഴി കോഴിക്കോട് എത്തിയ പ്രതി നടന്ന് ചേവരമ്പലത്ത് എത്തുകയും മോഷണം നടത്തി പിറ്റേ ദിവസം തന്നെ

ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ, മയക്കുമരുന്ന് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി സമാനരീതിയിൽ കേരളത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, മിജോ ജോസ്, സി.പി.ഒ വിജ്നേഷ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ്, പ്രജിത്ത് എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഭർതൃഗൃഹത്തിൽ യുവതിയുടെ മരണം: മാതാവ് പോലീസിൽ പരാതി നൽകി

0

മുക്കം: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് പോലീസിൽ പരാതി നൽകി.കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഷഹർബാനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ മാതാവാണ് ഷഹർബാൻ.മാതാവ് ഡി.വൈ.എസ്.പിക്ക് പരാതി നൽകി.

ഷഹർബാന്റെ മാതാവ്, കാരമൂല ഇളയിടത്ത് സൈദത്തുന്നിസയാണ് മകളുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.പരാതിയിൽ പറയുന്ന പ്രധാന കാര്യങ്ങൾ:മൃതദേഹം കട്ടിലിൽ മുട്ടുകുത്തി നിൽക്കുന്ന നിലയിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.ഷഹർബാന്റെ ഫോണിലെ മെസേജുകൾ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകൾ പറഞ്ഞിട്ടുണ്ട്.ഭർത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും വീട്ടുകാർ മോശമായി പെരുമാറിയിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.വിവാഹസമയത്ത് നൽകിയ 14 പവൻ സ്വർണവും മഹറും വീട്ടുകാർ കൈവശപ്പെടുത്തിയത് തിരികെ നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ കണ്ടെത്തി കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ഹുൻസൂരിൽ അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു,നിരവധി പേർക്ക് പരിക്ക്

0

ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ. രണ്ടു പേർ കർണാടക സ്വദേശികളാണ്. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം. കനത്ത മഴയും വനമേഖല ആയതിനാലും രക്ഷാപ്രവർത്തനം വൈകി. രാവിലെ ഏഴുമണിയോടെ ആണ് മൃതദേഹം പുറത്തെടുക്കാനായത്.

സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര

0

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.

സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ എസ് ആ‌ർ ടി സിക്ക് ചരിത്രത്തിലെ രണ്ടാമത്തെ വരുമാന നേട്ടം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആ‌ർ ടി സി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കിയതിന്‍റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തിയതിയാണ് കെ എസ് ആർ ടി സിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേട്ടം സ്വന്തമായത്. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആ‌ർ ടി സി നേടിയത്. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെ എസ് ആ‌ർ ടി സി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ എസ് ആ‌ർ ടി സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായെന്ന് കെ എസ് ആ‌ർ ടി സി വ്യക്തമാക്കി.

ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയില്‍

0


ചെന്നൈ: ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെയാണ് പൊലീസ് സംഘം ചെന്നെയില്‍ എത്തയത്. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്. പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.

കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ല, റഫർ ചെയ്യാൻ വൈകി’; ഡോക്ടറെ വെട്ടിയ സനൂപിന്റെ ഭാര്യ

0

താമരശ്ശേരി: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌ മെഡിക്കല്‍ കോളേജില്‍നിന്ന് വിവരം ലഭിച്ചിരുന്നുവെന്നും അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ഇവരുടെ ഒമ്പതു വയസ്സുകാരിയായ മകള്‍ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിവരം.

എന്നാല്‍, കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

‘കുട്ടിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം തേടി രണ്ടാഴ്ചയായി ഞങ്ങള്‍ ഓട്ടത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ലഭിച്ചു. കുട്ടിക്ക് അമീബിക് അല്ലായിരുന്നുവെന്നാണ് ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞത്. നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനും കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു.’ സനൂപിന്റെ ഭാര്യ പറഞ്ഞു.

പനിയെ തുടർന്ന് ആദ്യം എത്തിയ താമരശ്ശേരി ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന്‌ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്കളേയും കൂട്ടിയാണ് സനൂപ് വീട്ടില്‍നിന്ന് പോയത്. അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് വിട്ടുവെന്നും ഭാര്യ വ്യക്തമാക്കി.

തന്റെ ആക്രമണം ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ് പോലീസ് കസ്റ്റഡിലിരിക്കെ പ്രതികരിച്ചു. സനൂപിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം;താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാണ് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്

പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.

ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇ.ഡി റെയ്ഡ്

0

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്.

ഫ്രണ്ട്‌സ് ഓഫ് പൊലീസ്’ വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പെരുകുന്നു;  വിവരം അറിയിക്കാൻ അഭ്യർത്ഥിച്ച് പോലീസ്; കർശന നടപടി..!

0

മലപ്പുറം :ഔദ്യോഗിക പോലീസ് വാഹനങ്ങളിലെ സ്റ്റിക്കറിനോട് സാമ്യമുള്ള ‘ഫ്രണ്ട്‌സ് ഓഫ് പോലീസ്’ എന്ന് രേഖപ്പെടുത്തിയ വ്യാജ സ്റ്റിക്കറുകൾ പതിച്ച സ്വകാര്യ വാഹനങ്ങൾ മലപ്പുറം ജില്ലയിലും വ്യാപകമാകുന്നു. ചുവപ്പ്, നീല പ്രതലത്തിലുള്ള ഇത്തരം വ്യാജ സ്റ്റിക്കറുകളാണ് കൂടുതലായി കാണപ്പെടുന്നത്.

ഈ സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻ ഗ്ലാസുകളിൽ പതിപ്പിച്ച്, തങ്ങൾ പോലീസ് ബന്ധമുള്ളവരാണെന്നോ അല്ലെങ്കിൽ ഔദ്യോഗിക വാഹനമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഉപയോഗിക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്കും ഇത്തരം സ്റ്റിക്കറുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

പോലീസ് വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ കൂടുതലും സീറ്റ് ബെൽറ്റ് ഇടാത്തതാണ് :പോലീസ്

0

മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ സ്ഥാപിച്ച ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റ് ബെൽറ്റ് ഇടാത്തതാണ്. 2025 ജനുവരി ഒന്ന് മുതൽ ഒക്ടോബർ അഞ്ച് വരെ ആകെ 12, 39,457 ചെല്ലാനുകളാണ് പുറപ്പെടുവിച്ചത്. ഇതിൽ 6,57,771 എണ്ണം ഡ്രൈവർമാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനും 5,81,686 എണ്ണം സഹയാത്രികർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനുമാണ്. ആകെ 62 കോടിയോളം രൂപ പിഴയായി ഈ ഇനത്തിൽ ലഭിക്കേണ്ടതാണ്.

2024ൽ 25,73,280 സീറ്റ്‌ബെൽറ്റ് നിയമലംഘനങ്ങളിലായി 129 കോടി രൂപയോളമാണ് പിഴത്തുക കണക്കാക്കിയിട്ടുള്ളത്. നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാനായി ഗതാഗത നിയമങ്ങൾ ശക്തമാക്കിയെങ്കിലും ഇപ്പോഴും ജനങ്ങൾ നിയമം പാലിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നില്ല എന്നതിന് തെളിവാണ് ഈ കണക്കുകൾ കാണിക്കുന്നത്. പിഴപ്പട്ടികയിൽ രണ്ടാം സ്ഥാനം ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനും, മൂന്നാമത് ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനുമാണ്. #keralapolice #statepolicemediacentre