spot_img
Thursday, June 25, 2026
Home Blog Page 129

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

0

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്. നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല.

ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ മായ്ക്കാനാകാത്ത ഏടാവുകയാണ്. പതിനേഴാം വയസിൽ വീട് വിട്ട് ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനം, 1987 ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജന സെക്രട്ടറി, 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് കലാപത്തിന് ശേഷമുള്ള വിവാദങ്ങൾ നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി. പടിപടിയായി ഉയർന്ന് നരേന്ദ്ര മോദി ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്.

പ്രൊഫഷണൽ ഗാനമേള ട്രൂപ്പ്’ ഒരുക്കാൻ KSRTC; ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു

0

പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് തുടങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കി. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ഗാനമേളയ്ക്കാവശ്യമായി വരുന്ന പാട്ടിലും വിവിധ സംഗീതഉപകരണങ്ങളിലും പ്രാഗൽഭ്യം ഉള്ളവർക്ക് ട്രൂപ്പിന്റെ ഭാഗമാകാം.

എൻട്രികൾ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനുറ്റിൽ കുറയാത്തതും 5 മിനുറ്റിൽകവിയാത്തതുമായിരിക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേരും, തസ്തികയും, കുടുംബാംഗമാണെങ്കിൽ പേരും ബന്ധവും, ജോലിചെയ്യുന്ന യൂണിറ്റും, മൊബൈൽ നമ്പറും മാത്രം ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. 25-05-2025 ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപായി ചെയർമാൻ &മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽ ksrtcexpo@gm mail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിദേശം.

മാപ്പിടുമ്പോൾ ഓണവട്ടെ ഓഡിയോനാവിഗേഷൻ :മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം

0

മാപ്പിടുമ്പോൾ ഓണവട്ടെ ഓഡിയോനാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഓഡിയോ പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കും. സ്‌ക്രീനിൽ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് അലേർട്ടുകൾ എന്നിവ പോലുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വോയ്‌സ് നാവിഗേഷൻ അനുവദിക്കുന്നു.സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികൾക്കായുള്ള നിർദ്ദേശങ്ങളും നിങ്ങൾക്ക് സമയബന്ധിതമായി ലഭിക്കുന്നു,

ഇത് കൂടുതൽ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നു.ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് നിങ്ങളുടെ കൈകൾ പലപ്പോഴും സ്റ്റിയറിംഗ് വീലിൽ നിന്ന് എടുക്കേണ്ടി വരുന്നു. നാവിഗേഷൻ ആപിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാൻ സാധ്യമാണ്. നാവിഗേഷൻ ഡിവൈസുകൾ റോഡിലെ കാഴ്ചകൾ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തിൽ തന്നെ മൗണ്ട് ചെയ്യുക.അപരിചിതമായതോ സങ്കീർണ്ണമായതോ ആയ റോഡ് നെറ്റ്‌വർക്കുകളിൽ, ശരിയായ തിരിവുകൾ നടത്തുന്നതിന് ശബ്ദ്ധ സന്ദേശങ്ങളായി ദിശകളും ലെയ്ൻ മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിനു വളരെ സഹായകമാണ്. #mvdkerala #GoogleMaps

Gold Rate Today: സ്വർണ്ണവില സർവ്വകാല റെക്കോർഡ്

0

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വർദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയിൽ മുകളിലാണ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരും.

ശനിയാഴ്ച മുതൽ നേരിയ തോതിൽ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സർവ്വകാല റെക്കോർഡിൽ എത്തിയത്. വില വർധന കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നത് വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്. ദീപാവലിയോട് സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്.

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

0

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.

വിധി വലിയ ആശ്വാസമെന്ന് ലീഗ് സുപ്രീം കോടതി വിധി വലിയ ആശ്വാസമാണെന്ന് മുസ്ലീം ലീഗിന്‍റെ രാജ്യസഭാ എംപി അഡ്വ. ഹാരീസ് ബീരാൻ പറഞ്ഞു. അഞ്ച് വർഷം എന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാർഹമാണ്. ഇതോടെ നിയമത്തിന്‍റെ നിലനിൽപ്പ് ഇല്ലാതെയായി.തർക്കം വരുമ്പോൾ ഭൂമി വഖഫ് അല്ലാതെയാകുമെന്ന വ്യവസ്ഥ മാറ്റിയത് പ്രധാനപ്പെട്ട കാര്യമാണ്. പുതിയ നിയമവും മുനമ്പവുമായി തമ്മിൽ ഒരു ബന്ധവുമില്ല. അത് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ഹാരീസ് ബീരാൻ പറഞ്ഞു.

ബാങ്ക് അ‌ക്കൗണ്ട് മറ്റൊരാൾക്ക് പണമിടപാട് നടത്താൻ വാടകയ്ക്ക് നൽകരുത്:പോലീസ് നൽകുന്ന മുന്നറിയിപ്പ്

0

ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) രീതി വ്യാപകം. അ‌ക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹികമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതും വ്യാപകമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ മറ്റൊരു രീതി.

അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുകയും സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.#keralapolice

വാഹന കീകൾ കുട്ടികൾക്ക് കൈമാറുന്നതിന് മുമ്പ് ചിന്തിക്കുക!

0


ഡ്രൈവിംഗ് കുട്ടികളുടെ കളിയല്ല. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനമോടിക്കാൻ നിയമപരമായി അനുമതിയില്ല. അവരെ റോഡിൽ ഇറക്കുന്നത് ജീവൻ നഷ്ടപ്പെടാൻ കാരണമാകാം. അവരുടെതും മറ്റുള്ളവരുടേയും.

18 വയസ്സ് തികയാത്ത കുട്ടികളെ കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാക്കൾ സാധാരണയായി പറയാറുള്ള ചില മറുപടികൾ ഇങ്ങനെയാണ്.

– വീട്ടുകാർ അറിയാതെ എടുത്തു പോകുന്നതാണ്

തീരെ അനുസരണ ഇല്ലാതെ പോകുന്നതാണ്.

കടയിലേക്ക് മാത്രമേ വണ്ടി എടുത്ത് പോവാറുള്ളൂ

അവൻ്റെ ചേട്ടനോ അച്ഛനോ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഓടിക്കാറുള്ളു.

അപ്പുറത്തെ വീട്ടിലെ പയ്യൻ വണ്ടി ഓടിക്കുന്നുണ്ട് അതുകണ്ടിട്ടാണ്.

മെയിൻ റോഡിലേക്കൊന്നും പോകാറില്ല.

ഇങ്ങനെ എന്തൊക്കെ കാരണങ്ങൾ പറയാനുണ്ടായാലും മക്കൾ നമ്മുടേതാണെന്ന ബോധവും അവർ ഉണ്ടാക്കുന്ന അപകടങ്ങൾമൂലം ഉണ്ടാകുന്ന ദു:ഖവും സാമ്പത്തിക ബാധ്യതകളും ജീവിതകാലം മുഴുവൻ നമ്മേ വേട്ടയാടാൻ ഇടയാക്കുമെന്ന് അറിയുക.

മോട്ടോവാഹന നിയമം സെക്ഷൻ 199 Aപ്രകാരം താഴെ പറയും പ്രകാരം ശിക്ഷ ലഭിക്കുന്നതാണ്.

1. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള 10000 രൂപ പിഴ കൂടാതെ

2.  രക്ഷിതാവിനോ ഉടമക്കോ 25000 രൂപ പിഴ.

3. രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ ഒരു വർഷം തടവ് ശിക്ഷ.

4. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ ഒരു വർഷത്തേക്ക്  റദ്ദാക്കൽ.

5. വാഹനമോടിച്ച പ്രായമാവാത്ത കുട്ടിക്ക് 25 വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലേണേർസ് /ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കുന്നതിന്  വിലക്ക്.

6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ

കുട്ടികളെ സുരക്ഷിത ബോധമുള്ളവരായി വളർത്താം.
വാഹനത്തിൻ്റെ താക്കോലുകൾ അവർക്ക് ലഭ്യമാകാത്ത തരത്തിൽ സൂക്ഷിക്കാം.


ഉത്തരവാദിത്വം കാണിക്കുക. നിയമം പാലിക്കുക. ജീവൻ രക്ഷിക്കുക.  ലൈസൻസ് ഇല്ലെങ്കിൽ ഡ്രൈവിംഗ് ഇല്ല!
#NoKeysForKids #nokeyforkids #mvdkerala

യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ അടിച്ചു, കെട്ടിത്തൂക്കി അതിക്രൂരപീഡനം; ‘സൈക്കോ യുവദമ്പതികള്‍’ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽ

0

ഹണി ട്രാപ്പിൽ കുടുക്കിയ യുവാക്കളെ യുവദമ്പതികള്‍ സമാനതകളില്ലാത്ത അതിക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയതെന്നാണ് പൊലീസ് എഫ്ഐആര്‍. സംഭവത്തിൽ പത്തനംതിട്ട ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്.പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറിലുണ്ട്.

പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറിലുണ്ട്.യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ച് യുവാവിനെ വിവസ്ത്രരാക്കിയശേഷം കട്ടിലിൽ കിടത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് എഫ്ആആറിൽ പറയുന്നത്. കട്ടിലിൽ കൈകള്‍ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തിൽവെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും മര്‍ദനം തുടര്‍ന്നു. കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി. കൈകളിൽ കയര്‍ കെട്ടിയശേഷം വീടിന്‍റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയര്‍കൊണ്ട് മോതിരവിരലിൽ അമര്‍ത്തിയും പീഡനം തുടര്‍ന്നുവെന്നാണ് എഫ്ഐആറിലുള്ളത്.

ശ്രീകൃഷ്ണ ജയന്തി; നഗര വീഥികൾ ഇന്ന് അമ്പാടിയാകും

0

കോഴിക്കോട് : കുസൃതിച്ചിരിയും കുട്ടിക്കുറുമ്പുമായി കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികൾ കീഴടക്കും. നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണ ശബളമായ ഘോഷയാത്രകളാണ് ജില്ലയിൽ അരങ്ങേറുക. നഗരത്തിലെ പ്രധാന ശോഭായാത്ര ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് ഉദ്ഘാടന ശേഷം അഞ്ച് മണിയോടെ ആരംഭിക്കും. യാത്രയിൽ പുതിയ സ്റ്റാന്റ് ജംഗ്ഷനിൽ നിന്നും പുതിയറയിൽ നിന്ന് വരുന്ന ശോഭായാത്രയും മാവൂർ ജംഗ്ഷpനിൽ നിന്ന് കാരപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന ശോഭായാത്രയും സി.എച്ച് ഓവർ ബ്രിഡ്ജിൽ നിന്നും വെള്ളയിൽ ഭാഗത്തിത്തുനിന്ന് വരുന്ന ശോഭായാത്രയും സബ് വേൽ നിന്നും കല്ലായി ഭാഗത്ത് നിന്ന് വരുന്ന ശോഭാ യാത്രയും ചേർന്ന് മഹാശോഭായാത്രയായി മുതലക്കുളം മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ അമ്പാടിയിൽ പ്രസാദ് വിതരണത്തോടെ അവസാനിക്കും.

ടൗണിൽ മഹാശോഭായാത്രയിൽ 75 ടേബ്ലോയും രാമനാട്ടുകര, പന്തീരാങ്കാവ്, മെഡിക്കൽ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിലെ ശോഭായാത്രകളിൽ 250 ടേബ്ലോയും ഉണ്ടാകും.ജില്ലയിലെ പ്രധാന ഇടങ്ങളിൽ ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ജില്ലയിൽ ആകെ ശോഭായാത്രയിൽ ഒരു ലക്ഷത്തോളം ഭക്തന്മാർ പങ്കെടുക്കും. നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

20 രൂപയ്ക്കു വേണ്ടി മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നവർ സൂക്ഷിക്കുക; സീൽ ഇല്ലാത്ത കുപ്പിക്ക് പിടിവീഴും

0

തിരുവനന്തപുരം :പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് എക്സൈസ്. മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോള്‍ യഥാര്‍ഥ മദ്യം അനധികൃത മദ്യമായി മാറും. പിടിവീണാല്‍ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന പോലെ തന്നെ കുപ്പിമാറ്റവും നല്‍കുന്ന മുന്നറിയിപ്പ്.20 രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപന്മാര്‍ ഓര്‍ക്കണം. ബെവ്കോ നല്‍കുന്നത് എക്സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം.

ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും പിന്നീട് കൈവശമുണ്ടാവുക. ഇങ്ങനെ കൈയില്‍ കരുതുന്ന മദ്യം എക്സൈസോ, പൊലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക. മറ്റൊരു കുപ്പിയിലേക്ക് മദ്യം പകര്‍ന്ന് സൂക്ഷിക്കരുതെന്ന ന്യായമായ മുന്നറിയിപ്പ്.പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ധനനഷ്ടവും ജയില്‍വാസ സാധ്യതയും വരെ ഇതിനുണ്ട്. ഇരുപത് രൂപ കൂടി അധികം നല്‍കണമെന്ന കാര്യം കൗണ്ടറില്‍ എത്തുമ്പോള്‍ മാത്രം അറിയുന്ന മദ്യപന്മാരെ പറഞ്ഞ് മനസിലാക്കാനും ജീവനക്കാര്‍ പരീക്ഷണം നേരിടുന്നുണ്ട്. രഹസ്യമായി ചെറുതൊന്ന് വാങ്ങി കുടിച്ചുതീര്‍ക്കുന്നതിനിടെ പലതിനെയും ഭയപ്പെടുന്ന മദ്യപാനികളില്‍ ഭൂരിഭാഗവും ബോട്ടിലൊന്നിന് ഇരുപത് രൂപ വീതം സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന നല്‍കിയെന്ന് ആശ്വസിക്കുകയാണ്.

നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം