spot_img
Friday, June 26, 2026
Home Blog Page 135

ചരിത്ര വില തൊട്ട് സ്വർണം; 76,000 രൂപ കടന്ന് മുന്നോട്ട്

0

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് വർധന. ചരിത്രത്തിലാദ്യമായി പവന്‍റെ വില 76,000 കടന്നു. ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വർധനവാണ് ഉണ്ടായത്.ഒരു പവൻ സ്വർണത്തിന്റെ പുതിയ വില 76,960 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 120 രൂപ വർധിച്ചു. 7895 രൂപയാണ് ഉയർന്നത്. 14 കാരറ്റിന്‍റെ വില 6,145 രൂപയിലും ഒമ്പത് കാരറ്റിന്റെ വില 3970ലും തുടരുകയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് ഒരു രൂപയുടെ വർധനവുണ്ടായി. 128 രൂപയായാണ് വില ഉയർന്നത്.

എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് പവൻ സ്വർണത്തിന് വർധിച്ചത്. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് വർധനക്ക് കാരണം.അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്. ആഗോള വിപണിയില്‍ വില ഉയരുകയും രൂപയുടെ മൂല്യമിടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം, ശരീരഭാഗങ്ങൾ ചിന്നിച്ചിതറി; ബോംബ് സ്ക്വാഡും പൊലീസും എത്തി, പരിശോധന

0

കണ്ണൂർ :കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ വീട് തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാത്രി രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. വാടക വീടാണ് സ്ഫോടനത്തിൽ തകർന്നത്. രണ്ടുപേരാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ഗോവിന്ദന്റെ വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്നു പറയപ്പെടുന്നു. രാത്രി രണ്ടു മണിക്കാണ് സ്ഫോടന ശബ്ദം കേട്ടതെന്ന് അയൽവാസി പറഞ്ഞു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. ശരീരത്തിനു മുകളിൽ മണ്ണ് വീണു കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആളുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു

0

കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ നാലുപേർ മരിച്ചു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നു.അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു

അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഈ ദാരുണമായ അപകടത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

0

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നിർദേശം.ജാമ്യ ഹർജി ഓണം അവധിക്ക് ശേഷം കോടതി പരിഗണിക്കും.ബാറിലെ തർക്കത്തിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ തെന്നിന്ത്യൻ താരം ലക്ഷ്മി മേനോനെ പ്രതിയാക്കി നോർത്ത് പൊലീസാണ് കേസെടുത്തത്. ഞായറാഴ്ച രാത്രിയാണ് എറണാകുളം വെലോസിറ്റി ബാറിൽ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മിൽ തർക്കം ഉണ്ടാകുന്നത്.ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് വട്ടമിട്ട് നിർത്തി ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. കാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മിഥുൻ, സോനമോൾ, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.സിസിടിവി പരിശോധിച്ചതിൽ നിന്നാണ് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ഇതോടെ കേസിൽ മൂന്നാം പ്രതിയാക്കുകയായിരുന്നു. ലക്ഷ്മി മേനോനായി ഇന്നലെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ ഒളിവിൽ എന്നാണ് പ്രാഥമിക നിഗമനം.

ഷാഫി പറമ്പിലിനെ തട‍ഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

0

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. കെ കെ രമ എംഎൽഎ മുൻകൈയെടുത്ത് വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരുപറ്റം ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്‍റെ കാറിനു മുന്നിലേക്ക് ചാടി വീണത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഷാഫി കാറിൽ നിന്നിറങ്ങി ഇവർക്ക് മറുപടി നൽകി. വാഗ്വാദം അഞ്ച് മിനിറ്റോളം നീണ്ടു.

ഓണാവധിയിൽ മാറ്റമില്ല: മന്ത്രി വി ശിവൻകുട്ടി

0

നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ഇന്നലെ (ആഗസ്റ്റ് 27) മുതൽ ഓണാവധി ആരംഭിക്കുകയാണ്. അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ നടന്നിട്ടില്ല. ഓണാവധിയുടെ കാര്യത്തിൽ നിലവിലെ സർക്കാർ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.

ഊർക്കടവ് പാലത്തിൽ കാർ മറിഞ്ഞ് അപകടം

0

_മലപ്പുറം : ഊർക്കടവ് പാലത്തിലെ ഡിവൈഡറിൽ തട്ടി കൈവരി തകർത്ത് റോഡിലേക്ക് കാർ മറിഞ്ഞു.അൽപ്പസമയം മുൻപാണ് അപകടം നടന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് കാറുപയോഗിച്ചുള്ള ആവേശയാത്രയ്ക്കിടയിലാണ് കാർ മറിഞ്ഞതെന്നാണ് വിവരം. വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന .മറ്റു വിശദാംശം ലഭ്യമല്ല.പാലത്തിന്റെ കോൺക്രീറ്റ് കൈവരി ഇടിച്ചുപൊളിച്ച് പുഴയിലേക്ക് വീഴാതെ, റോഡിലേക്ക് തന്നെ വീണത് ഭാഗ്യമായി .പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടം സംഭവിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന് പിന്നാലെ; തിരിച്ചും പരാതി

0

കൊച്ചി: ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയുംചെയ്ത കേസില്‍ നടി ലക്ഷ്മിമേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. കേസില്‍ മൂന്നുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ഈ സംഘത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മിമേനോനെ ഇതുവരെ പിടികൂടാനായിട്ടില്ല. അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. അതിനിടെ, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാര്‍ തടയുന്നതിന്റെയും പരാക്രമം കാട്ടുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരുബാറില്‍വെച്ച് ലക്ഷ്മിമേനോനും സംഘവും ഐടി ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന് പിന്നാലെ ഐടി ജീവനക്കാരനും കൂട്ടരും കാറുമായി പുറത്തേക്ക് പോയപ്പോള്‍ നടിയും കൂട്ടാളികളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ഐടി ജീവനക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് ഐടി ജീവനക്കാരനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നടി ലക്ഷ്മി മേനോന്‍ ഒളിവില്‍പോയിരിക്കുകയാണെന്ന് വിവരം. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ ഐടി ജീവനക്കാരന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യക്കുപ്പി എറിഞ്ഞ് തന്നെ പരിക്കേല്‍പ്പിച്ചെന്നാണ് സോനമോള്‍ ഇയാള്‍ക്കെതിരേ നല്‍കിയ പരാതി.കേസിലെ പ്രതിയായ ലക്ഷ്മി മേനോന്‍ മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ്. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്

പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

0

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.

ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴഞ്ഞുവീണപാടെ ഹൃദയാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് angioplasty ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ. Pls come back my dear most Buddy

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത :9 ജില്ലകളിൽ യെല്ലോ അലർട്ട്

0

വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നാളെയും മറ്റന്നാളും തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ വരെ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു