_മലപ്പുറം : ഊർക്കടവ് പാലത്തിലെ ഡിവൈഡറിൽ തട്ടി കൈവരി തകർത്ത് റോഡിലേക്ക് കാർ മറിഞ്ഞു.അൽപ്പസമയം മുൻപാണ് അപകടം നടന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് കാറുപയോഗിച്ചുള്ള ആവേശയാത്രയ്ക്കിടയിലാണ് കാർ മറിഞ്ഞതെന്നാണ് വിവരം. വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന .മറ്റു വിശദാംശം ലഭ്യമല്ല.പാലത്തിന്റെ കോൺക്രീറ്റ് കൈവരി ഇടിച്ചുപൊളിച്ച് പുഴയിലേക്ക് വീഴാതെ, റോഡിലേക്ക് തന്നെ വീണത് ഭാഗ്യമായി .പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടം സംഭവിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന് പിന്നാലെ; തിരിച്ചും പരാതി
കൊച്ചി: ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയുംചെയ്ത കേസില്‍ നടി ലക്ഷ്മിമേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. കേസില്‍ മൂന്നുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ഈ സംഘത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മിമേനോനെ ഇതുവരെ പിടികൂടാനായിട്ടില്ല. അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. അതിനിടെ, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാര്‍ തടയുന്നതിന്റെയും പരാക്രമം കാട്ടുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരുബാറില്‍വെച്ച് ലക്ഷ്മിമേനോനും സംഘവും ഐടി ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന് പിന്നാലെ ഐടി ജീവനക്കാരനും കൂട്ടരും കാറുമായി പുറത്തേക്ക് പോയപ്പോള്‍ നടിയും കൂട്ടാളികളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ഐടി ജീവനക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് ഐടി ജീവനക്കാരനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നടി ലക്ഷ്മി മേനോന്‍ ഒളിവില്‍പോയിരിക്കുകയാണെന്ന് വിവരം. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ ഐടി ജീവനക്കാരന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യക്കുപ്പി എറിഞ്ഞ് തന്നെ പരിക്കേല്‍പ്പിച്ചെന്നാണ് സോനമോള്‍ ഇയാള്‍ക്കെതിരേ നല്‍കിയ പരാതി.കേസിലെ പ്രതിയായ ലക്ഷ്മി മേനോന്‍ മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ്. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്
പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.
ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴഞ്ഞുവീണപാടെ ഹൃദയാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് angioplasty ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ. Pls come back my dear most Buddy
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത :9 ജില്ലകളിൽ യെല്ലോ അലർട്ട്
വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നാളെയും മറ്റന്നാളും തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ വരെ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
യുവാവിനെ കണ്ടൽചതുപ്പിൽ താഴ്ത്തിയ കേസ്: സരോവരത്തെ കണ്ടൽക്കാട്ടിൽ ഇന്ന് പരിശോധന
കോഴിക്കോട്: ആറുവർഷംമുൻപ് സുഹൃത്തുകൾ ചേർന്ന് കണ്ടൽക്കാട്ടിലെ ചതുപ്പിൽ കല്ലുകെട്ടി താഴ്‌ത്തിയ 29-കാരന്റെ ബൈക്ക് അന്വേഷണസംഘം തെളിവെടുപ്പിനിടെ കണ്ടെത്തി. കല്ലായി റെയിൽവേ സ്റ്റേഷൻ പാർക്കിങ് യാർഡിന് വടക്കുവശത്തെ കുറ്റിക്കാട്ടിൽനിന്ന് ചൊവ്വാഴ്ച സന്ധ്യക്കാണ് വെസ്റ്റ്ഹിൽ വേലത്തിപടിക്കൽ വിജിലി(29)ന്റെ ബൈക്ക് ലഭിച്ചത്.
ഈ കേസിൽ തിങ്കളാഴ്ച കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്ത എരഞ്ഞിപ്പാലം വാഴത്തിരുത്തി സ്വദേശി കെ.കെ. നിഖിലിനെയും (35), വേങ്ങേരി തടമ്പാട്ടുത്താഴം സ്വദേശി എസ്. ദീപേഷിനെയും അന്വേഷണസംഘം ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി. ഇതിൽ നിഖിലിനെ കല്ലായി റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപവും തെളിവെടുപ്പിന് എത്തിച്ചു. കൃത്യത്തിനുശേഷം 2019 മാർച്ച് 24-ന് രാത്രി വിജിലിന്റെ ബൈക്കും മൊബൈലും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചെന്നും കുറച്ചുദിവസം കഴിഞ്ഞ് ഇവ കല്ലായി റെയിൽവേ സ്റ്റേഷനിലേക്കും മാറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്.
ഇതിൽ, കല്ലായി റെയിൽവേ സ്റ്റേഷനിൽ അന്ന് ബൈക്ക് വെച്ചിരുന്ന സ്ഥാനം കാണിച്ചുകൊടുത്തെങ്കിലും അവിടെ ബൈക്ക് ഇല്ലാത്തതിനാൽ പോലീസ് പ്രതിയുമായി മടങ്ങി. മടക്കയാത്രയ്ക്കിടെ ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും തിരിച്ചുപോയാണ് സ്റ്റേഷൻവളപ്പിലെ കാടുപിടിച്ച സ്ഥലത്ത് പരിശോധന നടത്തുന്നതും വിജിലിന്റെ ബൈക്ക് കണ്ടെടുക്കുന്നതും. ഈ ബൈക്ക് നിഖിൽ കണ്ട് തിരിച്ചറിഞ്ഞു. എന്നാൽ, ഇതിനൊപ്പമുണ്ടായിരുന്ന മൊബൈൽഫോൺ കണ്ടെത്താനായിട്ടില്ല.പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വിജിലിന്റെ മൃതദേഹം കണ്ടെത്താൻ ബുധനാഴ്ച രാവിലെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ സരോവരത്തെ കണ്ടൽക്കാട്ടിൽ തിരച്ചിൽ നടത്തും. മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചാൽ തുടർനടപടികൾ അവിടെവെച്ചുതന്നെ പൂർത്തീകരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ ഫൊറൻസിക് സംഘം, പോലീസിന്റെ ഫൊറൻസിക് സയന്റിഫിക് സംഘം, തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂസംഘം എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും തിരച്ചിൽ. രണ്ട് പ്രതികളെയും രണ്ടുസമയത്തായി കണ്ടൽപ്രദേശത്ത് എത്തിച്ച് സ്ഥലം സ്ഥിരീകരിച്ചു. ഇവിടെ പോലീസ് ബന്തവസ് ഏർപ്പെടുത്തി. കണ്ടൽപ്രദേശത്തെ വെള്ളം വറ്റിച്ചാവും പരിശോധന.
‘നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് 10000 രൂപ ഫൈനാ’; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ വേണ്ടെന്ന് മന്ത്രി
പാലക്കാട്: പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നല്‍കി അതിഥികളെ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. കേളേജുകളില്‍ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിമാരെ പൂക്കള്‍ കൊടുത്ത് സ്വീകരിക്കണമെന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണമെന്നും മന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ മാഗസിന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലെത്തിയപ്പോഴാണ് മന്ത്രി വിദ്യാര്‍ഥികള്‍ നല്‍കിയ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നിരസിച്ചത്.To advertise here, Contact Usനിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയാണ്. ഈ നിരോധനം നടപ്പാക്കേണ്ടതാവട്ടെ, തദ്ദേശസ്വയംഭരണ വകുപ്പും. അത് കൈകാര്യംചെയ്യുന്ന മന്ത്രിക്കാണ് ഈ ബൊക്കയുംകൊണ്ട് വന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്നു വായിച്ചുനോക്കണമെന്നും മന്ത്രി അറിയിച്ചു.
പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റിക്കാണ് പൂക്കള്‍ പൊതിയാനായി ഉപയോഗിക്കുന്നതെന്നും വന്ദേഭാരത് തീവണ്ടിയില്‍ എക്‌സിക്യുട്ടീവ് ക്ലാസില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നല്‍കുന്നതിനെതിരേ കേന്ദ്രസര്‍ക്കാരിനോട് പരാതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളമെത്തിച്ചതിനെയും മന്ത്രി വിമര്‍ശിച്ചു.
കോഴിക്കോടിന് പുഷ്പകാലം; ബേപ്പൂർ ബീച്ചിൽ ഫ്ലവർ ഷോ സെപ്റ്റംബർ ഒന്ന് മുതൽ
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
ഓണത്തിന് പൂക്കളുടെ വിസ്മയലോകം ഒരുക്കി, കണ്‍നിറയെ പൂക്കാഴ്ചകളുമായി ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഫ്ലവർ ഷോ. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ് ഫ്ലവർഷോ ഒരുക്കുന്നത്. പൂക്കളുടെ വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിലാണ് ഷോ ഒരുക്കുന്നത്. പൂക്കൾ കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും മേളയിലെ മുഖ്യ ആകർഷണമാവും. പൂന്തോട്ടമൊരുക്കാൻ ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായി ഉണ്ടാകും. പകൽ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രവേശനം. ഫ്ളവർഷോ ഏഴിന് സമാപിക്കും.
പി.ടി ഉഷയുടെ മകന്‍ ഉജ്ജ്വല്‍ വിവാഹിതനായി
കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ കായികതാരവും രാജ്യസഭാംഗവുമായ പി.ടി ഉഷയുടേയും വി.ശ്രീനിവാസന്റേയും ഏക മകന്‍ ഡോ.വിഘ്‌നേഷ് ഉജ്ജ്വല്‍ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തറ ‘ശ്രീരാം കൃഷ്ണ’യില്‍ അശോക് കുമാറിന്റെയും ഷിനിയുടെയും മകള്‍ കൃഷ്ണയാണ് വധു
കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് വിവാഹം നടന്നത്. കായിക, രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെ സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ബോക്‌സിങ് ഇതിഹാസ താരം മേരി കോം, നടന്‍ ശ്രീനിവാസന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവര്‍ വിവാഹത്തിനെത്തി
‘മകന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണ് ഈ വിവാഹം. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അറേഞ്ച്ഡ് മാര്യേജ് ആണ്. മകന് വിവാഹം നോക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി. അവന് ഏറ്റവും ഇഷ്ടപ്പെട്ട, അവന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ തന്നെ പങ്കാളിയായി കിട്ടി. പ്രൊപ്പോസല്‍ വന്നതിനുശേഷം ഇരുവരും പരസ്പരം മനസിലാക്കിയിരുന്നു. അതിനുശേഷമാണ് വിവാഹമെന്ന തീരുമാനത്തിലെത്തിയത്.’ പി.ടി ഉഷ പ്രതികരിച്ചു
അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി
“ജലമാണ് ജീവൻ’ – ക്യാമ്പയിന്‍ ആരംഭിക്കും
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്.
ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ വാട്ടർ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളും, പ്രദേശത്തെ ജലസ്രോതസ്സ് വൃത്തിയാക്കലും ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം. മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും ഈ അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വഹിച്ച പങ്കിനെ മുലുമന്ത്രി അഭിനന്ദിച്ചു. ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്ത്, സമയബന്ധിതമായും ജനകീയമായും നടപ്പാക്കുന്നതിന് ഭരണസമിതിയുടെ സജീവ നേതൃത്വം ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ഗുരുവായൂരിൽ പുണ്യാഹമടക്കം ശുദ്ധി കർമ്മങ്ങൾ നാളെ, രാവിലെ 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം. ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം രാവിലെ 5 മണി മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക് ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക് ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.l
അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പെലീസിന് പരാതി നൽകി.സംഭവം വിവാദമായയതോടെ ജാസ്മിൻ ജാഫർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.



