spot_img
Friday, June 26, 2026
Home Blog Page 134

പെയിന്റിംഗ് ജോലിക്കിടെ ആളിക്കത്തി;വർക്ക് ഷോപ്പിൽ കാർ കത്തിനശിച്ചു

0

മഞ്ചേരി: വര്‍ക്ക്‌ഷോപ്പില്‍ പെയിന്റിംഗ് ജോലിക്കിടെ കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിന് മഞ്ചേരി പുല്ലൂര്‍ അത്താണിക്കലിലെ വര്‍ക്ക് ഷോപ്പിലാണ് സംഭവം. പുല്ലൂര്‍ കൈനിക്കര മുഹമ്മദ് ഷാഹിദിന്റെ മാരുതി റിട്‌സ് കാര്‍ ആണ് അഗ്‌നിക്കിരയായത്. ഇന്നലെ രാവിലെ പത്തിനാണ് കാര്‍ പെയിന്റ് ചെയ്യാന്‍ വര്‍ക്ക് ഷോപ്പില്‍ നല്‍കിയത്. വൈകുന്നേരം മൂന്നിന് വര്‍ക്ക്‌ഷോപ്പ് ഉടമയാണ് വാഹനം കത്തിയതായി അറിയിച്ചതെന്ന് ഷാഹിദ് പറഞ്ഞു. കാറിന്റെ പിറകുവശത്ത് പെയിന്റ് ചെയ്യുന്നതിനിടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പെട്ടെന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നു. മഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

മറ്റൊരു സംഭവത്തിൽ പാലക്കാട് കോട്ടോപാടത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ഓടുന്ന ബസിൽ നിന്ന് പുക ഉയർന്നു. മണ്ണാർക്കാട് അരിയൂരിലാണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്സ് എന്ന ബസ്സിൽ നിന്നാണ് വലിയതോതിൽ പുക ഉയർന്നത്. ഇതോടെ ബസിൽ നിന്ന് ജീവനക്കാർ ചാടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാരെയും മാറ്റി. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ബസ് ജീവനക്കാരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിറത്തി യാത്രക്കാരെ പുറത്ത് ഇറക്കി. പത്ത് മിനിറ്റ് നേരെ ബസിൽ നിന്ന് പുക ഉയർന്നു. എന്താണ് പുക ഉയരാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല.

യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

0

കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളായ സുൽത്താൻ ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം (21), വിഷ്ണു നിവാസിൽ ജിഷ്ണു (24), പുളിക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (2), പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ (22), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19), മടപ്പള്ളി വീട്ടിൽ ജുനൈസ് (21), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് (34), പടിഞ്ഞാറത്തറ സ്വദേശി അരപ്പറ്റക്കുന്ന് വീട്ടിൽ ഷഹാന ഷെറിൻ (20) എന്നിവരെയാണ് നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എരഞ്ഞിപ്പാലം ജവഹർ നഗറിലുള്ള ഗോൾഡൻ വില്ല ലേഡീസ് ഹോസ്റ്റലിന് മുൻവശം വെച്ച് വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റമീസിനെ പ്രതികള്‍ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

തട്ടിക്കൊണ്ടു പോകുന്നതിനിടെ ബഹളം കേട്ട് അടുത്ത വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് CCTV ക്യാമറയുടെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെ തട്ടിക്കൊണ്ട് പോയ വാഹനവും ലൊക്കേഷനും മനസ്സിലാക്കുകയും നടക്കാവ് പോലീസ് കക്കാടംപൊയിലിൽ എത്തുകയും, തട്ടിക്കൊണ്ടു പോയ വാഹനത്തിൽവെച്ച് റമീസിനെയും, റമിസിനെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും, ഇവർക്കു സഹായങ്ങൾ നല്‍കിയ മറ്റു അഞ്ചു പേരുൾപ്പെടെ ഒന്‍പത് പേരെ പിടികൂടുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഷിജു, SCPO മാരായ സന്ദീപ് ശശീധരൻ, മുഹമ്മദ് റഷീദ്, CPO മാരായ വിപിൻ, സാജിക്ക് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Gold Rate Today: 78,000 തൊടുമോ? വീണ്ടും റോക്കോർഡിട്ട് സ്വർണവില

0

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 77800 രൂപയിലെത്തി. പവന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9725 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7985 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6215 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 131 രൂപയാണ്.

സെപ്തംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

\സെപ്തംബർ 1 – പവന് 680 രൂപ ഉയർന്നു. വിപണി വില – 77,640

സെപ്തംബർ 2 – പവന് 160 രൂപ ഉയർന്നു. വിപണി വില – 77,800

ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാം; കേരളത്തിൽ പദ്ധതി അടുത്ത ഘട്ടത്തിൽ

0

കൊച്ചി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാനുള്ള സംവിധാനം വരുന്നു. അടുത്ത മാർച്ചിനകം പദ്ധതി നടപ്പാകും. 25 ടോൾ ബൂത്തുകളിലാണ് സംവിധാനം വരുന്നത്. എൻഎച്ച് 66 വികസനത്തിന്‌റെ ഭാഗമായുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. അങ്ങനെയെങ്കിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം പാറശാല വരെ ടോൾ നൽകാൻ വാഹനം നിർത്തേണ്ടി വരില്ല.ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ നിന്ന് ടോൾ തുക ഈടാക്കുന്നത്. കൂടുതൽ ശേഷിയുള്ള സെൻസറുകളും ക്യാമറകളും ഇതിനായി ഉപയോഗിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.നിലവിൽ ടോൾ പ്ലാസകളിൽ വാഹനം നിർത്തേണ്ടി വരാറുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിടുന്നത് വലിയ രീതിയിൽ സമയം നഷ്ടപ്പെടുത്താറുണ്ട്. ഇതിലാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്.

നിലവിൽ ഉപയോഗിക്കുന്നതിനെക്കാൾ ഉയർന്നശേഷിയുള്ള റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഉപയോഗിച്ച് ഫാസ്ടാഗ് വിവരങ്ങൾ വേഗം തിരിച്ചറിയാനാകുമെന്നതാണ് പ്രത്യേകത. തുടർന്നാകും ഫാസ്ടാഗിൽ നിന്ന് പണം ഈടാക്കുക. ഇത് വാഹനം ടോൾബൂത്തിലൂടെ കടന്നുപോകുന്ന മില്ലി സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാകും.

നിയമസഭാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു; സംഭവം ഓണാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് ആണ് മരിച്ചത്.പി വി അൻവർ എംഎൽഎ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ജുനൈസ്.

ഇന്ന് രാവിലെ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഡാൻസ് കളിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.  ഭാര്യ. റസീസ (അധ്യാപിക)മക്കൾ:നജാത്, നിഹാദ്

ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

0

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെയാണ് പൊലീസ് പിടികൂടിയത്. ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ആയിഷയുമായി ബഷീറുദ്ദീന്‍ നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെയാണ് അത്തോളി തോരായിക്കടവ് സ്വദേശിയായ ഇരുപത്തൊന്നുകാരി ആയിഷ റഷയെ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ അങ്ങിനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ച ആയിഷ റഷയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്ന ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍റെ മൊഴി. ആശുപത്രിയിലെത്തിച്ച ഇയാള്‍ ഭര്‍ത്താവെന്ന് ആദ്യം ഡോക്ടര്‍മാരോട് പറഞ്ഞു. പിന്നീട് കാമുകനാണെന്നായിരുന്നു വിശദീകരണം. പേര് മുബഷീര്‍ എന്നാണെന്നും നുണ പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിലറിയിച്ചു. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്നും ബഷീറുദ്ദീന്‍ അപായപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെ ചോദ്യം ചെയ്ത് വരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കണ്ണനെ തൊഴുത് അക്ഷയ് കുമാർ; ബോളിവുഡ് താരം ഗുരുവായൂരിലെത്തിയത് കേരളീയ വേഷത്തിൽ

0

ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡിൽ വന്നിറങ്ങിയ താരം കേരളീയ വേഷമാണ് ധരിച്ചത്. കോളേജ് ഗ്രൗണ്ടിൽ വ്യായാമം ചെയ്യുന്നവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അക്ഷയ് കുമാർ മടിച്ചില്ല.മുണ്ടും കുർത്തയുമണിഞ്ഞാണ് താരം ഗുരുവായൂരിലെത്തിയത്. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അക്ഷയ് കുമാർ ആചാരപരമായ വേഷങ്ങൾ ധരിച്ചാണ് ദർശനത്തിനായി ക്ഷേത്രത്തിലേക്ക് തിരിച്ചത്. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്നാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്.ആദ്യമായാണ് അക്ഷയ് കുമാർ ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനായാണ് അക്ഷയ് കുമാർ കേരളത്തിലെത്തിയത്.അക്ഷയ് കുമാർ, സെയ്‌ഫ് അലി ഖാൻ എന്നിവരാണ് പ്രിയദർശൻ്റെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നേരത്തേ കൊച്ചിയിൽ നടന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്.

ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍

0

ഇടുക്കി:മറുനാടൻ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഷാജന്‍ സ്‌കറിയയുടെ മൊഴി. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവിരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഷാജൻ സ്കറിയയ്ക്ക് മര്‍ദനം; സംഭവം ഇടുക്കിയിൽ വെച്ച്

0

തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയിൽ ആണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്

മുണ്ടക്കൈ,ചൂരൽമല ദുരന്തം:വിസ്ഡം നിർമ്മിക്കുന്ന ആദ്യ വീടിന്റെ താക്കോൽ കൈമാറി

0

മേപ്പാടി : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന 10 വിടുകളിൽ മേപ്പാടി കുന്നംപറ്റയില്‍ കുന്നം പറ്റ ഷറഫുദ്ദീൻ – സാബിറ ദന്പതികൾക്ക് വേണ്ടി നിര്‍മ്മിച്ച ആദ്യ 1300 സ്ക്വയർ ഫീറ്റ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു.മേപ്പാടിയിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി ടി. സിദ്ധീഖ് എം.എൽ.എക്ക് താക്കോൽ കൈമാറി.ടി. സിദ്ദീഖ് എം.എല്‍.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വാർഡ് മെമ്പർ അജ്മൽ സാജിദ്, കൽപ്പറ്റ നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ, വിസ്ഡം ഇസ്‌ലാമിക് ഓർഗഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ആദ്യ വീടിൻ്റെ താക്കോൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി, ടി.സിദ്ദീഖ് എം.എൽ എ ക്ക് നൽകി നിർവ്വഹിക്കുന്നു.കണ്‍വീനര്‍മീഡിയ വിഭാഗംവിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️