spot_img
Saturday, June 27, 2026
Home Blog Page 146

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

0

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്പുർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. ഇരുവരും ഇന്ന് തന്നെ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു.

അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

0

കൊച്ചി: പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് (51) അന്തരിച്ചു. ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.

മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്‍റെ ആകസ്മിക നിര്യാണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം.

ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്നുപേർ പിടിയിൽ

0

.

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ഗൾഫിലെ സുഹൃത്തിനു കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വിമാനം കയറും മുൻപ് കണ്ടെത്തിയതിനാൽ രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി.ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ ഏൽപിച്ചത്. സുഹൃത്ത് ശ്രീലാൽ ജിസിന്റെ കയ്യിൽ ഏൽപിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോൺ വിളിച്ചതും അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തതുമാണ് സംശയം തോന്നാൻ കാരണമായത്. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

മിഥിലാജിന്റെ പിതാവ് ടി.അഹമ്മദിന് തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായമായത്. നിരന്തരമുള്ള ഫോൺവിളിയിൽ സംശയംതോന്നിയ അഹമ്മദാണ് അച്ചാർകുപ്പി തുറന്നുപരിശോധിക്കാൻ നിർദേശിച്ചത്. പാക്കറ്റിൽ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയിൽനിന്നാണ് പിടികൂടിയതെങ്കിൽ തന്റെ മകൻ ഒരുപക്ഷേ പുറംലോകം തന്നെ കാണില്ലായിരുന്നുവെന്നാണ് അഹമ്മദ് പറയുന്നത്. സിഐ എം.പി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് ഏഴ് വരെ നീട്ടി; ആദ്യ ഗഡു 20നകം അടയ്ക്കണം

0

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം. ജൂലൈ ഏഴിനാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

0

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും. നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈക്കോ പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെ ഉണ്ടാകും. ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുമെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും.

എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുമെന്നും ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്‌സിഡിയായും നോൺ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം ആർ പിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്‌ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു.

വൻ പയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിച്ചു. (കിലോയ്ക്ക് 115.5/ രൂപ അര കിലോയ്ക്ക് 57.50/ രൂപ) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോൾ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് മുഴുവൻ സബ്‌സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിഓണക്കാലത്ത് ശബരി ബ്രാൻഡിൽ സേമിയ/പാലട പായസം മിക്‌സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവ പുറത്തിറക്കും. അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്‌കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യാനും പദ്ധതിയുണ്ട്. പുതിയ ഉൽപ്പന്നങ്ങൾ ആഗസ്റ്റ് 18 ന് സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. 32 മേജർ കമ്പനികളിൽ നിന്നുമായി 288 ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.സപ്ലൈകോയുടെ 3 പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്‌നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റും. ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്‌നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്‌നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്‌നേച്ചർ മാർട്ടിന്റെ ലക്ഷ്യം.

കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കി. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണ്ണനാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകൾ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

റേഷൻ കടകൾ വഴി ഓണത്തിന് സ്‌പെഷ്യൽ അരിഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും എൻ.പി.എൻ.എസ് (വെള്ള) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാക്കും. എ.എ.വൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എ എ വൈ കാർഡുകൾക്ക് 2 ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേർത്ത് ആഗസ്റ്റ് മാസം അനുവദിച്ചിട്ടുണ്ട്. അർഹരായ 43,000 കുടുംബങ്ങൾക്ക് കൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല, ഉറപ്പ് നൽകി അമിത് ഷാ; സിസ്റ്റർമാർക്ക് ജാമ്യം ലഭിക്കും

0

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ നിന്നുള്ള എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകൾക്ക് എതിരായ കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരോട് പറഞ്ഞു.വിചാരണ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാനാണ് ശ്രമം. അങ്ങനെ ചെയ്‌താൽ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല. കേസ് എൻഐഎയ്ക്ക് വിട്ടത് സെഷൻസ് കോടതിയാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എൻഐഎ കോടതിയിൽനിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സർക്കാർ തന്നെ നൽകുമെന്നും അമിത് ഷാ എംപിമാർക്ക് ഉറപ്പ് നൽകി. ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്നുതന്നെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു.മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അതന്വേഷിക്കാൻ സംസ്ഥാന സർക്കാരാണ് എൻഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ കേസെടുക്കാൻ എൻഐഎ ഡയറക്ടർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എൻഐഎയ്ക്ക് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തന്റെ മുന്നിൽ എത്തിയാൽ മാത്രമേ അത് നിയമപരമായ നടപടിയാവൂ. അങ്ങനെയല്ലാത്ത സാഹചര്യത്തിൽ നിലവിൽ സെഷൻസ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നാണ് അമിത് ഷാ സ്വീകരിച്ച നിലപാട്.പൊതുവെ അനുഭാവപൂർവമായ സമീപനമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു. അതേസമയം, സാങ്കേതികമായ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവർക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നാണ് എംപിമാർക്ക് അമിത് ഷാ നൽകിയ ഉറപ്പ്. സംസ്ഥാന സർക്കാരും സിസ്റ്റർമാരും വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും.ഈ അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷയും നൽകാനാണ് നിർദ്ദേശം. ഇതിനുള്ള നടപടികളെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് കുപ്പിയുടെ മദ്യത്തിന് 20 രൂപ അധികം വാങ്ങും;കുപ്പി തിരികെ നൽകിയാൽ മടക്കി നൽകും:മന്ത്രി എം ബി രാജേഷ്

0

കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ ആൾ തന്നെ കൊണ്ടുവരണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അറിയിച്ചു.

ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വിവരിച്ചു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചു. സെപ്തംബർ ആദ്യം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ മാത്രമായിരിക്കും വിൽക്കുക. 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം വിൽക്കുന്ന നിലയിൽ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുക.

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

‘സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മേയിൽ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റിയാലോ?’; വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളില്‍ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി പറയുന്നു.”കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു”- ശിവന്‍കുട്ടി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.സ്നേഹത്തോടെ വി ശിവൻകുട്ടി

വീണ്ടും വ്യായാമത്തിനിടെ കുഴഞ്ഞു വീണ് മരണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ

0

ജിമ്മില്‍ വര്‍ക്ഔട്ട്‌ ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്‌ മരിക്കുന്ന വാർത്തകളുടെ എണ്ണം കുറച്ചു നാളുകളായി വർധിച്ചു വരികയാണ്. വലിയ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതില്‍ ചിലര്‍ ഹൃദ്രോഗബാധയുടെ ചരിത്രമുള്ളവരാണെങ്കില്‍ മറ്റു ചിലര്‍ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുന്‍പ്‌ പ്രകടിപ്പിക്കാത്തവരായിരുന്നു.

തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തേ ഹൃദ്രോഗമുള്ളവരിൽ പെട്ടെന്നു ഹൃദയം സ്തംഭിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കു നയിക്കാം. ചില ഹോർമോണുകൾ കൂടുന്നതും ഹൃദയതാളത്തിൽ വ്യത്യാസമുണ്ടാകുന്നതുമാണ് പ്രാധാന കാരണം. ബോഡി ബിൽഡിങ് നടത്തുന്നവർ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വർധിപ്പിക്കാൻ സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികൾക്കു കേടുപാടുകൾ വരുത്തി ഹൃദയതാളങ്ങൾക്കു വ്യതിയാനമുണ്ടാക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് സമ്മർദ്ദം കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. താങ്ങാവുന്നതിനപ്പുറമുള്ള സമ്മർദ്ദം ഹൃദ്രോഗമുള്ളവരുടെ ജീവൻ കവർന്നേക്കാം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഒറ്റ ഡോസിൽ അമിതമായ ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും ഇല്ലാതെ വരുന്ന ഈ ഹൃദയാഘാതത്തെ നേരിടാന്‍ ഫിറ്റ്‌നസ്‌ ഫ്രീക്കുകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം1. ഇടയ്‌ക്കിടെ മെഡിക്കല്‍ ചെക്കപ്പ്‌40 വയസ്സിനു ശേഷം ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത്‌ ആയുരാരോഗ്യ സൗഖ്യത്തിന്‌ അത്യാവശ്യമാണ്‌. കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ടിഎംടി, ലിപിഡ്‌ പ്രൊഫൈല്‍, ഫാസ്റ്റിങ്‌ ബ്ലഡ്‌ ഷുഗര്‍ പോലുള്ള പരിശോധനകള്‍ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ്‌ നല്‍കും. 2. കുടുംബത്തിലെ രോഗചരിത്രംഹൃദ്രോഗത്തില്‍ ജനിതകപരമായ കാരണങ്ങളും തള്ളിക്കളയാനാകില്ല. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതു വരാനുള്ള സാധ്യത അധികമാണെന്നു തിരിച്ചറിയണം. ഇത്തരക്കാര്‍ 35-40 വയസ്സാകുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തി, ഡോക്ടറെ കണ്ട്‌ അപകടസാധ്യതകള്‍ ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

3. ആരോഗ്യകരമായ ജീവിതശൈലിആരോഗ്യകരമായ ജീവിതശൈലി ഹൃദയാഘാതത്തിന്റെ സാധ്യത ഗണ്യമായി കുറയ്‌ക്കുന്നു. ഇതിനു വ്യായാമം പോലെ തന്നെ സുപ്രധാനമാണ്‌ സന്തുലിതമായ ഭക്ഷണക്രമം. ഭാരനിയന്ത്രണത്തിലും സമ്മര്‍ദ്ദ ലഘൂകരണത്തിലും ശ്രദ്ധപതിപ്പിക്കേണ്ടതും അത്യാവശ്യമാണ്‌. 4. ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയണംനെഞ്ച്‌ വേദന, ശ്വാസംമുട്ടല്‍, തലയ്‌ക്കു ഭാരം കുറയുന്ന തോന്നല്‍, തലകറക്കം, ബോധക്ഷയം പോലുള്ള ഹൃദയാഘാത ലക്ഷണങ്ങളെയും കരുതിയിരിക്കണം. വ്യായാമത്തിനിടെ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. 5. സിപിആറിനെ പറ്റി അറിയണംഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും വരാമെന്നതിനാല്‍ നാം കരുതിയിരിക്കണം. അത്യാവശ്യം സിപിആര്‍ കൊടുത്ത്‌ രോഗിയുടെ ഹൃദയമിടിപ്പ്‌ പുനസ്ഥാപിക്കാനും ഓട്ടോമേറ്റഡ്‌ എക്‌സ്‌റ്റേണല്‍ ഫീഫൈബ്രിലേറ്റര്‍ ഉപയോഗിക്കാനുമൊക്കെ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. നിങ്ങളും നിങ്ങള്‍ക്കു ചുറ്റുമുള്ളവരും ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു എന്നത്‌ ഉറപ്പാക്കുക

വര്‍ക്ക്‌ ഔട്ടുകള്‍ പതിയെ ആരംഭിച്ച്‌ ക്രമേണ മാത്രം അവയുടെ തീവ്രത വർധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഏത്‌ വ്യായാമത്തിനും വാംഅപ്പ്‌ നിര്‍ബന്ധമാണ്‌. ശരീരത്തിന്‌ അസ്വസ്ഥത തോന്നിയാല്‍ ബ്രേക്ക്‌ എടുക്കാനും വിശ്രമിക്കാനും മറക്കരുത്‌. അമിതമായ ചൂടും ഈര്‍പ്പവുമുളള ചുറ്റുപാടില്‍ വ്യായാമം ഒഴിവാക്കണം. ഇടയ്‌ക്കിടെ വെളളം സിപ്പ്‌ ചെയ്‌ത്‌ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്‌

പ്ലസ്ടു വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0

കോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടു.

വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.