spot_img
Saturday, June 27, 2026
Home Blog Page 145

ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ; വില ഇനിയും കുറയുമെന്ന് മന്ത്രി

0

തിരുവനന്തപുരം : ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലീറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജി.ആർ.അനിൽ പറഞ്ഞു.

ഫാസ്ടാഗ് വാര്‍ഷിക പാസ് 15 മുതല്‍; അതിബുദ്ധി കാണിച്ചാല്‍ പണി കിട്ടും

0

ദേശീയ പാതകളിലൂടെ തുടര്‍ച്ചയായി യാത്ര ചെയ്യുന്നയാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് ഓഗസ്റ്റ് 15 മുതല്‍ നിലവില്‍ വരുന്ന ഫാസ്ടാഗ് വാര്‍ഷിക പാസ്. 3,000 രൂപക്ക് 200 തവണ(ഒരു യാത്രക്ക് 15 രൂപ) അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് വാര്‍ഷികപാസ് വഴി ലഭിക്കുക. സ്വകാര്യ കാര്‍, ജീപ്പ്, വാന്‍ എന്നിങ്ങനെ വാണിജ്യേതര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാര്‍ഷിക പാസ് ലഭിക്കുക. ബസുകള്‍, ട്രക്കുകള്‍, ടെമ്പോകള്‍ എന്നിവക്കൊന്നും വാര്‍ഷിക പാസ് ലഭിക്കില്ല.

സംസ്ഥാന പാതകളില്‍ ഇല്ല

രാജ്മാര്‍ഗ്‌യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോര ദേശീയ പാതാ അതോറിറ്റി(NHAI)യുടേയോ ഔദ്യോഗിക വെബ് സൈറ്റ് വഴിയോ വാര്‍ഷിക ഫാസ്ടാഗ് എടുക്കാനാവും. നിങ്ങളുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ നല്‍കി യോഗ്യത ഉറപ്പിച്ച് പണം അടച്ചു കഴിഞ്ഞാല്‍ രണ്ട് മണിക്കൂറിനകം തന്നെ വാര്‍ഷിക ഫാസ്ടാഗ് ഉപയോഗിക്കാനാവും.

ദേശീയപാതകളിലും അതിവേഗ എക്‌സ്പ്രസ് വേകളിലും വാര്‍ഷിക ഫാസ്ടാഗ് ഉപയോഗിക്കാനാവും. അതേസമയം സംസ്ഥാന പാതകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന എക്‌സ്പ്രസ് വേകളിലുമൊന്നും വാര്‍ഷിക ഫാസ്ടാഗ് പ്രവര്‍ത്തിക്കില്ല. ഇത്തരം ടോള്‍ പ്ലാസകളില്‍ പണം കൊടുത്തു തന്നെ പോവേണ്ടി വരും. ഇക്കാര്യം കൂടി കണക്കിലെടുത്ത് വേണം വാര്‍ഷിക ഫാസ്ടാഗ് എടുക്കാന്‍.

പറ്റിക്കാന്‍ നോക്കണ്ട, പണി കിട്ടും


നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള ഫാസ്ടാഗില്‍ മാത്രമാവും വാര്‍ഷിക ഫാസ് ടാഗ് ലഭിക്കുക. സ്വകാര്യ വാഹനത്തില്‍ വാര്‍ഷിക ഫാസ്ടാഗ് എടുത്ത് വാണിജ്യ വാഹനങ്ങളില്‍ ഒട്ടിച്ച് തട്ടിപ്പു നടത്താനൊന്നും ആരും ശ്രമിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നവര്‍ കയ്യോടെ പിടിക്കപ്പെടുകയും ചെയ്യും. ഇത്തരം വാര്‍ഷിക പാസുകള്‍ സ്വയം നിര്‍ജീവമാവുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ മുന്നിലെ വിന്‍ഡ് ഷീല്‍ഡിലെ ഗ്ലാസിലാണ് ഫാസ്ടാഗ് ഒട്ടിക്കേണ്ടതെന്നും എന്‍എച്ച്എഐ അറിയിക്കുന്നുണ്ട്.

ങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

നിങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണിലൂടെ രാജ്മാര്‍ഗ്‌യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ എന്‍എച്ച്എഐ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വാര്‍ഷിക ഫാസ്ടാഗ് ആക്ടിവേറ്റ് ചെയ്യാനാവും. ഇതിനായി നിലവിലെ നിങ്ങളുടെ ഫാസ്ടാഗ് വിവരങ്ങള്‍ നല്‍കിക്കൊണ്ട് ലോഗ്ഇന്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറോ ഫാസ്ടാഗ് ഐഡിയോ ഒക്കെ ചോദിക്കാനിടയുണ്ട്.

നിങ്ങളുടെ വാഹനത്തിന് വാര്‍ഷിക ഫാസ്ടാഗിന് യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച് അറിയിക്കും. വെരിഫിക്കേഷന്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 3,000 രൂപ അടക്കാന്‍ അവസരം ലഭിക്കും. സാധാരണ ഡിജിറ്റല്‍ പണ ഇടപാടുകളായ യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലേതെങ്കിലും തെരഞ്ഞെടുത്ത് പണം അടക്കുന്നത് പൂര്‍ത്തിയാക്കാം

കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം; സിനിമാ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം, നയരൂപീകരണ കരട് പുറത്ത്

0

 കേരളത്തിൽ ആദ്യമായി സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സിനിമാ കോൺക്ലേവിന് തുടക്കമായി. സിനിമ മേഖലയിലെ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് കരട് രേഖ.

കരട് നയത്തിലെ പ്രധാന നിർദ്ദേശങ്ങൾ

  • സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം.
  • ‘കാസ്റ്റിംഗ് കൗച്ച്’ പൂർണ്ണമായും ഇല്ലാതാക്കണം; ഇതിനെതിരെ സീറോ ടോളറൻസ് നയം ഉറപ്പാക്കണം. കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.
  • ഓഡിഷന് കേന്ദ്രീകൃതമായ പ്രോട്ടോക്കോൾ നടപ്പാക്കുകയും സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരികയും വേണം.
  • അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വിശ്രമമുറി എന്നിവ ഉറപ്പാക്കണം.
  • ‘പോഷ്’ (POSH) നിയമം കർശനമായി നടപ്പാക്കണം.
  • സൈബർ പോലീസിന് കീഴിൽ ആൻ്റി പൈറസിക്ക് വേണ്ടി പ്രത്യേക സെൽ തുടങ്ങണം.
  • അതിക്രമങ്ങൾ തുറന്നുപറയുന്നവർക്ക് പൊതു പിന്തുണ ഉറപ്പാക്കണം.
  • ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം.
  • പുതിയ ആളുകൾക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാൻ മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കണം.

ഇന്ത്യയിൽ ആദ്യമായി ഇത്രയും വിശാലമായ ചലച്ചിത്രനയം രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കോൺക്ലേവ് സിനിമാ നയമാറ്റത്തിലെ നിർണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്രമേഖലയിലെ ഒൻപതോളം വിഷയങ്ങൾ ഇവിടെ സമഗ്രമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും ദൃഢമായ ചലച്ചിത്രനയം രൂപീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വനിതാ സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കലാഭവൻ നവാസിന് വിടചൊല്ലി നാട്; ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്

0


കലാഭവൻ നവാസിന് വിടചൊല്ലി നാട്. ആലുവ ടൗൺ ജുമാമസ്ജിദ് പള്ളിയിലാണ് ഖബറടക്കം നടന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിലും മലയാളികളുടെ സ്വീകരണമുറിയിലും ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതനായ പ്രിയനടന് വിതുമ്പലോടെ യാത്രപറഞ്ഞ് സിനിമാ മേഖലയും പൊതുസമൂഹവും.

മൈ ഡിയർ കരടിയിലെയും ജൂനിയർ മാന്ഡ്രാക്കിലെയും മാട്ടുപ്പെട്ടി മച്ചാനിലെയും കഥാപാത്രങ്ങൾ ഈ ദിവസം മലയാളി പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുകയാണ്. കലാഭവനിലെ മിമിക്രി ട്രൂപ്പിലൂടെ ആരംഭിച്ച കലാജീവിതം മൂന്ന് പതിറ്റാണ്ടുകൾ കടന്ന് അവസാനശ്വാസം വരെ തുടർന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുവരെ ക്യാമറക്കുമുന്നിലായിരുന്നു.

ഇന്നലെ രാത്രി 8:40 ഓടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ കുഴഞ്ഞുവീണത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിനുശേഷം ആലുവ നാലാം മയിലിലുള്ള വീട്ടിലെത്തിച്ച മൃതദ്ദേഹത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത തുറയിൽ നിന്നുള്ള നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. അവതരിപ്പിച്ച കഥാപാത്രങ്ങളും വേദികളും കാഴ്ച്ചക്കാർക്ക് വിട്ടുനൽകി കലാഭവൻ നവാസ് യാത്രയായി.

പ്രൊഫ. എം കെ സാനു അന്തരിച്ചു

0

കൊച്ചി: പ്രൊഫ. എം കെ സാനു (99 ) അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്.എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.

മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്.

അസാധാരണമായ ഉൾക്കാഴ്ചയോട് കൂടിയ ജീവചരിത്ര രചനയില്‍ അദ്ദേഹം പ്രാഗല്‍ഭ്യം പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു പ്രൊഫസര്‍ സാനു. ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനങ്ങളെ മലയാളികളില്‍ ആഴത്തില്‍ ഇറങ്ങുന്ന വിധത്തില്‍ മികച്ച രചനകൾ നടത്താന്‍ എംകെ സാനുവിന് സാധിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന സാനു മാഷ് എഴുതിയ ജീവചരിത്ര പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്ര പുസ്തകങ്ങളില്‍ ഒന്നാണ്.  പികെ ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. പ്രായമായതിന്‍റെ അവശതകൾ അദ്ദേഹം തന്‍റെ എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നാൾവഴികളിലും ഒരിക്കലും കാണിച്ചിരുന്നില്ല.

കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം പൂർത്തിയാക്കി

0

കൊച്ചി: നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെയ്ക്കും.ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

0

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്പുർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. ഇരുവരും ഇന്ന് തന്നെ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു.

അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

0

കൊച്ചി: പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് (51) അന്തരിച്ചു. ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.

മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്‍റെ ആകസ്മിക നിര്യാണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം.

ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്നുപേർ പിടിയിൽ

0

.

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ഗൾഫിലെ സുഹൃത്തിനു കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വിമാനം കയറും മുൻപ് കണ്ടെത്തിയതിനാൽ രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി.ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ ഏൽപിച്ചത്. സുഹൃത്ത് ശ്രീലാൽ ജിസിന്റെ കയ്യിൽ ഏൽപിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോൺ വിളിച്ചതും അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തതുമാണ് സംശയം തോന്നാൻ കാരണമായത്. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

മിഥിലാജിന്റെ പിതാവ് ടി.അഹമ്മദിന് തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായമായത്. നിരന്തരമുള്ള ഫോൺവിളിയിൽ സംശയംതോന്നിയ അഹമ്മദാണ് അച്ചാർകുപ്പി തുറന്നുപരിശോധിക്കാൻ നിർദേശിച്ചത്. പാക്കറ്റിൽ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയിൽനിന്നാണ് പിടികൂടിയതെങ്കിൽ തന്റെ മകൻ ഒരുപക്ഷേ പുറംലോകം തന്നെ കാണില്ലായിരുന്നുവെന്നാണ് അഹമ്മദ് പറയുന്നത്. സിഐ എം.പി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് ഏഴ് വരെ നീട്ടി; ആദ്യ ഗഡു 20നകം അടയ്ക്കണം

0

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം. ജൂലൈ ഏഴിനാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.