spot_img
Saturday, June 27, 2026
Home Blog Page 148

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

0

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്പിവി വാക്സിൻ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്സിൻ നൽകാം. വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്സിനേഷൻ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകും.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേർ സ്‌ക്രീനിംഗ് നടത്തി. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എസ്.എച്ച്.എ. എക്സിക്യൂട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എംസിസി, സിസിആർസി ഡയറക്ടർമാർ, ആർസിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

25 കോടിയുടെ തിരുവോണം ബമ്പർ പ്രകാശനം ചെയ്തു

0

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീകൾക്ക് സുരക്ഷിത ഇടമല്ല,’പർദ ഒരു മതത്തിന്‍റെ വസ്ത്രമായി കാണേണ്ടതില്ല; ബൈബിളിൽ സാറ ധരിച്ച വേഷം -സാന്ദ്ര

0


കൊച്ചി: സിനിമ നിർമാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രതിഷേധ സൂചകമായി പർദ ധരിച്ചാണ് നിർമാതാവ് സാന്ദ്ര തോമസ് എത്തിയത്. ഇത്തരം ആളുകളുള്ള സ്ഥലങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്ക് ധരിക്കാവുന്ന ഏറ്റവും ഉചിതമായ വസ്ത്രമാണിതെന്ന് അവർ പ്രതികരിച്ചു. തന്‍റെ ആരോപണത്തിൽ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചവരാണ് നിലവിലെ ഭാരവാഹികൾ.


പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് പത്രിക നൽകിയിരിക്കുന്നത്. നിലവിലെ ഭാരവാഹിതസ്ഥാനം വഹിക്കുന്നവർ ഒന്ന് മുതൽ നാല് വരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇവർക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ശരീരം മുഴുവൻ മറയുന്ന വസ്ത്രമെന്ന നിലയിലാണ് പർദ ധരിച്ചത്. കുറ്റപത്രം നൽകിയിട്ടും അവർ ഭാരവാഹികളായി തുടരുകയും വീണ്ടും മത്സരിക്കുകയും ചെയ്യുന്നു. പർദ ഒരു മതത്തിന്‍റെ വസ്ത്രമായി കാണേണ്ടതില്ല. താനൊരു ക്രിസ്ത്യാനിയാണ്. ബൈബിളിൽ സാറ ധരിച്ചിരുന്ന വേഷമാണിത്. തങ്ങൾ പള്ളികളിൽ ഇങ്ങനെയാണ് പോകാറുള്ളത്

സ്ത്രീകൾക്ക് സുരക്ഷിത ഇടമല്ല ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പുരുഷന്മാർ കുത്തകയാക്കി വെച്ചിരിക്കുകയാണ്. അസോസിയേഷനെ മറ്റെല്ലാ സംഘടനകളുടെയും താഴെയെത്തിച്ചത് നിലവിലെ ഭാരവാഹികളാണ്. പാനലിലാണ് മത്സരിക്കുക. അതിലെ മറ്റംഗങ്ങൾ ആരൊക്കെയെന്ന് പിന്നീട് അറിയിക്കും. നിലവിലെ ഭരണസമിതിക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ. നിർമാതാവ് ഷീല കുര്യൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മോശം അനുഭവം തുറന്നുപറയുന്നവരെ പുറത്താക്കുന്ന സമീപനം ശരിയല്ല. അഭിപ്രായം പറഞ്ഞപ്പോൾ ഷീല കുര്യന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

പ്രശ്നങ്ങൾ തുറന്നുപറയുമ്പോൾ യുവ പ്രൊഡ്യൂസർ കളിയാക്കുകയും മോശമായി പെരുമാറുകയുമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ തനിക്കെതിരെ മാനനഷ്ടകേസുകൾ വരുന്നു. താൻ മത്സരിച്ച് പ്രസിഡന്‍റായാൽ അടുത്ത തവണ പുതിയ ആളുകൾക്കായി മാറി നിൽക്കും. തന്‍റെ പത്രിക തള്ളുന്നതിനുള്ള ആസൂത്രണങ്ങൾ അവർ നടത്തുമെന്നറിയാം. എങ്കിലും അവസാനംവരെ പൊരുതുമെന്ന് സാന്ദ്ര കൂട്ടിച്ചേർത്തു. ആഗസ്റ്റ് രണ്ടിനാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. നാലിന് സൂക്ഷ്മ പരിശോധന.

കടലുണ്ടിയിൽ ട്രെയിനിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

0

കോഴിക്കോട്: ട്രെയിനിറിങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കടലുണ്ടിയിലാണ് സംഭവം. വളളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകള്‍ സൂര്യയാണ്(21) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് അപകടമുണ്ടായത്

കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിലാണ് ഇടിച്ചത്. പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. അമ്മ പ്രതിഭ. സഹോദരന്‍ ആദിത്യ രാജേഷ്.

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക – 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ

0

തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചു. അപേക്ഷകളിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം,  ഒഴിവാക്കൽ  എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ ആഗസ്റ്റ് 7 വരെ നൽകാം കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ERO യ്ക്ക് ലഭ്യമാക്കണം. ഫാറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകുന്നതും സ്വീകരിക്കും.

ജൂലൈ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാർ ഉണ്ടായിരുന്നു. 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഉപതിരഞ്ഞെടുപ്പുകൾക്കായും 2023 ലും 2024 ലും സമ്മറി റിവിഷൻ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയ്യാറാക്കിയിരുന്നത്. അത്തരത്തിൽ പുതുക്കിയ വോട്ടർ പട്ടികയിലെ ഒരു വോട്ടറെപ്പോലും ഒഴിവാക്കാതെയാണ് പുതിയ വാർഡുകളിലേക്കുളള കരട് പട്ടിക തയ്യാറാക്കിയത്.

2020 ലെയോ അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലെയോ പട്ടികയിൽ നിന്നും മരണപ്പെട്ടതോ താമസം മാറിയതോ, ഇരട്ടിപ്പോ ആയ 8,76,879 അനർഹരെ ഒഴിവാക്കിയും പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57460 പേരെ ഉൾപ്പെടുത്തിയുമാണ് 2023 ൽ സമ്മറി റിവിഷൻ നടത്തിയത്. 2024 ൽ അത്തരത്തിൽ അനർഹരായ 452951 പേരെ ഒഴിവാക്കിയും അർഹതപ്പെട്ട 268907 പേരെ ചേർക്കുകയും ചെയ്തിരുന്നു.

വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന്  ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

ജയിൽ ചാട്ടത്തിനായി ഗോവിന്ദച്ചാമിയുടെ ‘സ്പെഷ്യൽ ഡയറ്റ്’

0

ജയിലില്‍ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നത് കൃത്യമായ മെനുവും അളവും അനുസരിച്ചാണ്.ഒരു തടവുകാരന്‍ ഭക്ഷണം കഴിക്കാതിരിക്കുകയോ, കുറച്ച് മാത്രമേ കഴിക്കുകയോ, ചില വിഭവങ്ങള്‍ ഒഴിവാക്കുകയോ ചെയ്താല്‍ അത് സാധാരണയായി ജയില്‍ വാര്‍ഡന്മാര്‍ ശ്രദ്ധിക്കും. എന്നാൽ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അതുണ്ടായില്ല.

ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രമായിരുന്നു അയാൾ ആഴ്ചകളായി കഴിച്ചിരുന്നത്. ശരീരത്തിന്റെ വണ്ണം കുറച്ച് രണ്ട് കമ്പികൾ മുറിച്ചുമാറ്റിയ ചെറിയ വിടവിലൂടെ പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്. ഡോക്ടറുടെ പക്കൽനിന്ന് എഴുതി വാങ്ങിയായിരുന്നു ചപ്പാത്തി മാത്രം കഴിച്ചിരുന്നത്. കുറേ മാസമായി കടുത്ത വ്യായാമം ചെയ്തു. അങ്ങനെ ശരീരഭാരം പകുതിയായി കുറച്ച് ജയിൽ ചാടാനുള്ള ശാരീരിക ശേഷി നേടിയെടുത്തു .

2011 നവംബര്‍ 11-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ദിനം മുതല്‍ തന്നെ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥർക്ക് തലവേദനയായിരുന്നു. ആദ്യം ജയിലുമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകവും, പിന്നീട് പൂജപ്പുര ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവും നടത്തി. നിരാഹാരത്തിനിടയിലും മറ്റുചില വിചിത്രമായ ആവശ്യങ്ങള്‍ ഗോവിന്ദച്ചാമി മുന്നോട്ടുവച്ചു.

ഉച്ചയ്ക്ക് ബിരിയാണിയും രാത്രി പൊറോട്ടയും കോഴിക്കറിയും വേണം, ജയിലിനുള്ളിൽ കഞ്ചാവ് ലഭ്യമാക്കണം എന്നീ ആവശ്യങ്ങളാണ് ഗോവിന്ദച്ചാമി മുന്നോട്ട് വച്ചത്. എന്നാൽ ആ നിരാഹാരം ചോറും മട്ടന്‍ കറിയും കണ്ടപ്പോള്‍ അവസാനിച്ചു. ഗോവിന്ദച്ചാമിയുടെ സെല്ലിന്റെ തൊട്ടു മുന്നില്‍ വെച്ച് ആവി പാറുന്ന മട്ടന്‍ കറി വിളമ്പി നിരാഹാരം അവസാനിപ്പിക്കാന്‍ അയാളെ പ്രലോഭിപ്പിക്കുകയെന്ന ജയിലധികൃതരുടെ തന്ത്രമാണ് അന്ന് വിജയിച്ചത്.

രണ്ടുകൈകളും നല്ല ആരോഗ്യവും മെയ്‌വഴക്കവും ഉള്ള ഒരാൾക്കുപോലും ജയിലിലെ ആ ഉയർന്ന മതിലുകൾ ചാടിക്കടക്കുകായെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അങ്ങനെയിരിക്കെ, ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി എങ്ങനെ ആ മതിൽ ചാടിക്കടന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ജയിൽ ചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

ലൈംഗിക ഉള്ളടക്കം: 25 ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

0


ലൈംഗിക ഉള്ളടക്കങ്ങള്‍ വില്‍ക്കുന്ന 25 ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്തതിനാണ് നടപടി.

ഉല്ലു, ആള്‍ട്ട്, ദേസിഫ്‌ളിക്‌സ്, ബിഗ്‌ഷോട്‌സ് തുടങ്ങിയ 25 ഒടിടി ആപ്പുകള്‍ക്കും, ലൈംഗിക ഉള്ളടക്കങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്കും എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ആപ്പുകളിലെ ഉള്ളടക്കങ്ങള്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നു എന്നാണ് ആക്ഷേപം. ഇത്തരം വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

2024ലും ഈ ആപ്പുകളോട് ലൈംഗിക ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താല്‍ക്കാലികമായി നീക്കിയ ശേഷം വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ആപ്പുകള്‍ക്കെതിരെ സുപ്രീംകോടതിയിലും സ്വകാര്യ വ്യക്തി പൊതു താല്പര്യ ഹര്‍ജി നല്‍കിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആപ്പുകള്‍ക്കും നോട്ടീസ് അയച്ച കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി; മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

0


സ്‌കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റാം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരും. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമവായം. അടുത്തവര്‍ഷം ചര്‍ച്ചകള്‍ നടത്താമെന്ന്മന്ത്രി ഉറപ്പുനല്‍കിയതായി സമസ്ത നേതാക്കള്‍ അറിയിച്ചു. സമയമാറ്റത്തിന്റെ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. (v sivankutty on school time change)

അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി വിദഗ്ധസന്ധി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ല. പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. പരാതി അടുത്ത അധ്യയനവര്‍ഷം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് സ്വീകാര്യമെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. 22 സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

0

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് ഇവർ നടത്തിവന്ന കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഇരുവരെയും ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. ഉടനെ കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്ന് ഇരുവർക്കും ഷോക്കേറ്റതാകാൻ ആണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണിൽ നിന്നും കോഴി ഫാം പാട്ട വ്യവസ്ഥയിൽ എടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്‍റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും, അനൂപിന്‍റെ മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽനിന്ന്

0

തലശ്ശേരി: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. നഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നിഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ നഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.