spot_img
Saturday, June 27, 2026
Home Blog Page 149

വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

0

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് ഇവർ നടത്തിവന്ന കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഇരുവരെയും ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. ഉടനെ കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്ന് ഇരുവർക്കും ഷോക്കേറ്റതാകാൻ ആണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണിൽ നിന്നും കോഴി ഫാം പാട്ട വ്യവസ്ഥയിൽ എടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്‍റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും, അനൂപിന്‍റെ മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽനിന്ന്

0

തലശ്ശേരി: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. നഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നിഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ നഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

0

ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ അറിയിക്കുക

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത് 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.

അന്തരിച്ച നേതാക്കളെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; നടൻ വിനായകനെതിരെ പരാതി

0

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. വി എസ് നെ അധിക്ഷേപിക്കുന്ന സാമൂഹ്യ മാധ്യമ പോസ്റ്റിൽ നടപടി വേണമെന്നാണ് ആവശ്യം.

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നൽകിയത്. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.

ഇന്നായിരുന്നു ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ പങ്കുവച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.

കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം മുഴക്കിയ വിനായകന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മയിൽ ആയിരുന്നു വിനായകനും പങ്കാളിയായത്.

‘അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, ഡോക്ട‍ര്‍മാരോട്, പാർട്ടിയോട്…’; നന്ദി പറഞ്ഞ് വിഎസിൻ്റെ മകൻ വിഎ അരുൺകുമാര്‍

0

തിരുവനന്തപുരം: അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷയെന്നും പെട്ടന്നാണ് എല്ലാം മാറിയതെന്നും വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാര്‍. അച്ഛൻ്റെ വിയോഗം ഉൾക്കൊള്ളാൻ ആയിട്ടില്ല. ജൂലൈ 21 ന് ഉച്ച ആയപ്പോഴാണ് നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞത്. എല്ലാം ക്ലിയർ ആയി വരുന്നു എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അച്ഛന്റെ വിയോഗം അംഗീകരിക്കാൻ കുറച്ചു സമയമെടുക്കും. വലിയ ചുടുകാട് എത്തും വരെ ആളുകൾ കാത്തു നിന്നു സ്വീകരിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, വിഎസിനെ ചികിത്സിച്ച ഡോക്ട‍ര്‍മാരോടും നെഞ്ചേറ്റിയ ജനസഹസ്രങ്ങളോടും സിപിഎമ്മിനും നന്ദി അറിയിച്ചു.

ഫെയ്സ്ബുക്കിലെ കുറിപ്പ് ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്..

വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്: കേസെടുത്ത് പൊലീസ്

0

താമരശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.മുതിർന്ന സിപിഐ എം നേതാവായ വി എസിനെ അധിക്ഷേപിച്ച വെൽഫെയർ പാർടി നേതാവിന്റെ മകനെയും തിരുവനന്തപുരം സ്വദേശിയായ അധ്യാപകനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെൽഫെയർ പാർടി മുൻ സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലത്തിന്റെ മകൻ വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് പേജിലാണ് വി എസിനെ വർഗീയവാദി എന്ന തരത്തിൽ പോസ്റ്റ് വന്നത്‌. ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി രജീഷിന്റെ നേതൃത്വത്തിൽ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയിലാണ്‌ നടപടി.ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ, നഗരൂർ നെടുമ്പറമ്പ് എഎ നിവാസിൽ വി അനൂപിനെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രകോപനപരമായ രണ്ട്‌ സ്‌റ്റാറ്റസുകളാണ്‌ ഇയാൾ ഇട്ടത്‌. സിപിഐ എം കിളിമാനൂർ ഏരിയ കമ്മിറ്റിയംഗം എം ഷിബു, ലോക്കൽ കമ്മിറ്റിയംഗം ബാഹുലേയക്കുറുപ്പ് എന്നിവരാണ് നഗരൂർ പൊലീസിൽ പരാതി നൽകിയത്.നിരവധി ആരോപണങ്ങളും വകുപ്പുതല അന്വേഷണങ്ങളും നേരിടുന്നയാളാണ് വി അനൂപ്. പൊതുപണിമുടക്ക് ദിവസം സമരാനുകൂലികളോട് കയർക്കുകയും അശ്ലീലംകാണിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്‌. അധ്യാപകർക്ക് ട്രാൻസ്‌ഫർ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ വാട്‌സാപ്‌ ഗ്രൂപ്പിലൂടെ പണം പിരിച്ചെന്ന ആരോപണവും നേരിടുന്നുണ്ട്‌. ഈ പരാതികളിന്മേൽ ബുധനാഴ്‌ച വകുപ്പുതല അന്വേഷണം നടക്കാനിരിക്കെയാണ്‌ വി എസിനെ അധിക്ഷേപിച്ച്‌ ഇയാൾ രംഗത്തുവന്നത്‌.

സ്വർണവിലയിൽ വൻ ഇടിവ്

0

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1000 രൂപയുടെ കുറവാണുണ്ടായത്. പവൻ വില 74,040 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 125 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9255 രൂപയായാണ് കുറഞ്ഞത്. അതേസമയം, ലോകവിപണിയിൽ ഇന്ന് സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായില്ല.

സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3,387.15 ഡോളറിൽ തുടരുകയാണ്. കഴിഞ്ഞ സെഷനിൽ 1.3 ശതമാനം ഇടിവ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,492.50 ഡോളറിലെത്തി. സുരക്ഷിത നിക്ഷേപമായതും ഡോളർ ദുർബലമാവുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം, ഇന്ന് നേരിയ നേട്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയിൽ 53 പോയിന്റ് നഷ്ടത്തോടെ 82,779 പോയിന്റിലെത്തി. നിഫ്റ്റിയിൽ 25,219 പോയിന്റിലാണ് വ്യാപാരം. സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിലെത്തി.

പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 85 രൂപയാണ് വർധിച്ചത്. 9380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ കഴിഞ്ഞ ദിവസം ഇടിവുണ്ടായിരുന്നു.

സഖാവ് വി എസ് ഇനി ജ്വലിക്കുന്ന സ്മരണ

0

ആലപ്പുഴ: അലകടലായി ഒഴുകിയെത്തിയ മഹാപ്രവാഹത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി കേരളത്തിന്റെ സമര സഖാവ് വി എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സ്മരണ. നിസ്വവർഗത്തിന്റെ നായകനെ വലിയചുടുകാട് നെഞ്ചോടുചേർത്തു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുമായി സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസിന്‌ ജനലക്ഷങ്ങൾ വിടചൊല്ലി. അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി പൊരുതി വി എസ് ചുവപ്പിച്ച സമരഭൂമി വീരോചിത യാത്രയയപ്പാണ് നൽകിയത്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പമാണ് കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം.കണ്ണീരും തേങ്ങലുമായി പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ജനലക്ഷങ്ങളാണ് ആലപ്പുഴയിലേക്കും എത്തിച്ചേർന്നത്. തോരാത്ത മഴയും കാത്തിരിപ്പും ആൾക്കൂട്ടത്തിന് തടസ്സമായില്ല. ചൊവ്വ ഉച്ചയ്ക്ക് തലസ്ഥാന നഗരിയിൽനിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. പാതിരാവിലും കുട്ടികളും വയോധികരും അടക്കമുള്ള ജനാവലി വി എസിനായി വഴിയരികിൽ കാത്തുനിന്നു. ജനാരവങ്ങൾക്കിടയിലൂടെ തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ബുധൻ രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്.പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് സഖാവ് വി എസ്മൃസഖാവ് വി എസ്തദേഹം എത്തിയപ്പോൾ ആയിരങ്ങൾ തൊണ്ടയിടറി വിളിച്ചു-

ഇല്ല ഇല്ല മരിക്കുന്നില്ല, പ്രിയ സഖാവ് മരിക്കുന്നില്ല. പൊതുദർശനത്തിനായി വി എസിനെയും വഹിച്ചുള്ള വാഹനം എത്തുംമുൻപേ വീടിന് മുന്നിൽ കിലോമീറ്ററുകൾ നീണ്ടനിരയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിറന്ന മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള ജനതയുടെ പോരാട്ടങ്ങൾക്ക് ഊടുംപാവും നെയ്‌ത പുന്നപ്രയുടെ മണ്ണിലാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ‘വേലിക്കകത്ത്‌’ വീട്‌. ഈ വീട്ടിലേക്ക് അവസാനയാത്രയ്ക്ക് വി എസ് എത്തിയപ്പോൾ കേരളമൊന്നാകെ ഒപ്പം അനുഗമിച്ചു. ഇനിയും കാണാൻ കാത്തുനിൽക്കുന്നവർ ജില്ലാ കമ്മിറ്റി ഓഫീസിലേക്കു പോകണമെന്ന് അറിയിപ്പ് നൽകി. മൃതദേഹം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരകമന്ദിരത്തിലെത്തിച്ചപ്പോഴും ജനപ്രവാഹത്തിന് ഒരു കുറവും വന്നില്ല. അവിടെയും മണിക്കൂറുകളോളം നീണ്ട പൊതുദർശനം. പിന്നീട് ബീച്ചിനുസമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്‌. എല്ലായിടത്തും അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ നീണ്ടനിര. പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.നാല് മണിക്കായിരുന്നു വലിയചുടുകാട്ടിൽ സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ റിക്രിയേഷൻ സെന്ററിൽനിന്ന്‌ മൃതദേഹം എടുത്തപ്പോൾത്തന്നെ രാത്രി എട്ടര കഴിഞ്ഞു. അന്ത്യയാത്ര രക്തസാക്ഷികളുടെ സ്മൃതിമണ്ഡപമായ വലിയചുടുകാട്ടിലേക്ക്. കടലിരമ്പത്തെയും മറികടന്ന മുദ്രാവാക്യം വിളികളുമായി, പ്രിയ സഖാക്കളുടെ അന്ത്യാഭിവാദ്യത്താൽ വി എസ് എന്ന സമരനൂറ്റാണ്ട് ചിതയിലെരിഞ്ഞു. മകൻ വി എ അരുൺകുമാർ ചിതയ്‌ക്ക്‌ തീകൊളുത്തി. വി എസിന്റെ ഭാര്യ വസുമതിയും ഉറ്റബന്ധുക്കളും അരികിലുണ്ടായി. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 മുതൽ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ ചികിത്സയിലിരുന്ന വി എസ് 102-ാം വയസ്സിൽ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 2006മുതൽ 2011വരെ കേരള മുഖ്യമന്ത്രിയും മൂന്ന്‌ തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി. 1980മുതൽ 1991വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കോഴിക്കോട്ട് 24,80,032 വോട്ടര്‍മാര്‍

0

ആഗസ്റ്റ്ഏഴ് വരെ പട്ടികയില്‍ പേര് ചേര്‍ക്കാം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 24,80,032 വോട്ടര്‍മാരാണ് ആകെയുള്ളത്. 11,77,753 പുരുഷന്മാരും 13,02,256 സ്ത്രീകളും 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടങ്ങിയതാണ് ജില്ലയിലെ പട്ടിക. സംസ്ഥാനത്ത് 2,66,78,256 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,26,32,186 പുരുഷന്മാരും 1,40,45,837 വനിതകളും 233 ട്രാന്‍സ്ജന്‍ഡേഴ്‌സുമാണ്. 

അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കിയിരുന്നു. 

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്റ്റ് ഏഴ് വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം.

വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ്ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

വിഎസിനെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് പേർ അറസ്റ്റില്‍

0

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദ് ആണ് ഒരാൾ വിഎസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപാണ് മറ്റൊരാൾ.ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി. നഗരൂര്‍ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ അനൂപ്. വി എസ്സിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.സാമൂഹിക മാധ്യമത്തിലൂടെയാണ് വിഎസിനെ യാസീൻ അഹമ്മദ് അധിക്ഷേപിച്ചത്.