spot_img
Tuesday, June 30, 2026
Home Blog Page 160

റിയോ തത്സുകിയുടെ സുനാമി പ്രവചനം പാളി; സുനാമി പ്രവചനം കാരണം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം

0


ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. എഴുപതുകാരിയായ റിയോ ‘പുതിയ ബാബ വാംഗ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലസ്‌ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത്. 1975-ല്‍ മാംഗ കലാകാരിയായി അരങ്ങേറ്റം കുറിച്ച റിയോ തത്സുകി 1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ഈ സ്വപ്നങ്ങള്‍ ഒരു ഡയറിയില്‍ രേഖപ്പെടുത്തിയ അവര്‍ 1999-ല്‍, സ്വപ്നങ്ങളെ അടിസ്ഥാനമാക്കി ‘ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന പേരില്‍ ഒരു മാംഗ പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യം ആരും പുസ്തകം ശ്രദ്ധിച്ചില്ലെങ്കിലും 2011-ലെ ജപ്പാനിലെ തോഹോകു ഭൂകമ്പവും സുനാമിയും കൃത്യമായി പ്രവചിച്ചതോടെ തത്സുകി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി.

2021-ല്‍ പുസ്തകം പുനപ്രസിദ്ധീകരിച്ചപ്പോഴാണ് 2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ന്‍സിനും ഇടയില്‍ സമുദ്രത്തിനടിയില്‍ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും അത് 2011-ലെ സുനാമിയേക്കാള്‍ ഭീതിദമായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം യാത്രക്കാര്‍ പിന്മാറിയതിനാല്‍ പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടു. നേരത്തെ ഡയാന രാജകുമാരിയുടെയും റോക്ക് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെയും കോബെ ഭൂകമ്പവും മരണങ്ങളും കോവിഡ്-19 മഹാമാരിയും തത്സുകി പ്രവചിച്ചുവെന്ന് അവകാശവാദങ്ങളുണ്ട്.

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തും, വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കും: മന്ത്രി കെബി ഗണേഷ് കുമാർ

0

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ഈ മാസം 8 നാണ് സൂചന പണിമുടക്ക്.

വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. അതോടെ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. എത്ര വിദ്യാർത്ഥികൾക്ക് കൺസക്ഷൻ ലഭിക്കുന്നു എന്ന കണക്ക് ആപ്പിലൂടെ കണ്ടെത്താനാകുമെന്നും മന്ത്രി പറ‍ഞ്ഞു. 

22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ബസുടമകൾ ഉയർത്തിയത്. ആവശ്യങ്ങൾ കേൾക്കാൻ പോലും മന്ത്രി തയ്യാറാവാത്തത് എന്ത്കൊണ്ടാണ്. സ്വകാര്യബസുകളും ഗതാഗതമന്ത്രിക്ക് കീഴിലാണെന്ന് ഓർക്കണം. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെർമിറ്റ് പോലും പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നും ഉടമകൾ പറഞ്ഞു. 

സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന apk ഫയലുകളെ സൂക്ഷിക്കണം

0

നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. സർക്കാർ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകൾ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ഫോണിൻ്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കും. തുടർന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും. ശ്രദ്ധിക്കണേ.. !!

ഓൺലൈൻ സാമ്പത്തികകുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കും

0

2026 ലെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കും. കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.

2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.

ബേപ്പൂര്‍ സുല്‍ത്താന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം ഇന്ന്

0

കോഴിക്കോട്:  ആഖ്യയും ആഖ്യാതവും അറിയാതെ മലയാള ഭാഷയെ വിശ്വത്തോളം ഉയര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്റെ ഒര്‍മ ദിനം ഇന്ന്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട സാഹിത്യകാരന്റെ ഓര്‍മയില്‍ നിറയുകയാണ് ജൂലൈ അഞ്ച്. തലമുറകള്‍ നെഞ്ചേറ്റുന്ന ബഷീറിന്റെ കഥാപാത്രങ്ങള്‍ കാലങ്ങള്‍ പിന്നിടുമ്പോഴും ക്ലാസ് മുറികളിലും കുഞ്ഞുമനസ്സുകളിലും പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു.

സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനം എന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തില്‍ നിന്ന് ബഷീര്‍ കണ്ടെടുത്ത് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും വായനക്കാരനോടു സംവദിച്ചുകൊണ്ടിരിക്കുന്നു. ചിരിയും കണ്ണീരും ചിന്തയും പൊഴിച്ചുകൊണ്ട് അവര്‍ താളുകളില്‍ നിന്ന് ഇറങ്ങിവരുന്നു. ബാല്യകാലസഖി, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്..അങ്ങനെ മലയാളത്തിന്റെ നാവിന്‍തുമ്പില്‍ തത്തിക്കളിക്കുന്ന എത്ര പേരുകള്‍…സ്വാതന്ത്ര്യ സമരകാലത്തിന്റെ കനല്‍ വഴികളിലൂടെ ജയില്‍വാസവും അലച്ചിലും കയ്‌പേറ്റിയ ജീവിതത്തില്‍ നിന്നാണ് ബഷീര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്തത്. സ്‌നേഹവും കനിവും കൈമുതലായപ്പോള്‍ നാട്ടുഭാഷയുടെ സൗകുമാര്യം ബഷീറെന്നഎഴുത്തുകാരനെ സൃഷ്ടിച്ചു. മതിലുകളും ഭാര്‍ഗവിനിലയവും ബാല്യകാല സഖിയും പ്രേമലേഖനവും വാക്കിലും വെള്ളിത്തിരയിലും ഒരുപോലെ വിളങ്ങി. ബേപ്പൂരിലെ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ പാട്ടുകേട്ടുകൊണ്ട് ഇന്നും ആ സുല്‍ത്താന്‍ ഇരിക്കുന്നു.

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ 1908 ജനുവരി 21ന് ബഷീര്‍ ജനിച്ചു. കായി അബ്ദുര്‍റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടേയും ആറു മക്കളില്‍ മൂത്തവനായിരുന്നു ബഷീര്‍. അബ്ദുള്‍ഖാദര്‍, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കര്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍. 1994 ജൂലൈ 5ന് ബഷീര്‍ അന്തരിച്ചു.

തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. കഥകളെ വെല്ലുന്ന ജീവിതമാണ് വൈക്കം മുഹമ്മദ് ബഷീറിന്റേത്. അഞ്ചാം തരത്തില്‍ പഠിക്കവേ ഗാന്ധിജിയെക്കാണാന്‍ കോഴിക്കോട്ടേക്ക് ഒളിച്ചോടിയതുമുതല്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ബഷീര്‍ 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി. ചിന്തയും പ്രവര്‍ത്തിയും എഴുത്തുമായിരുന്നു സ്വാതന്ത്ര്യസമരത്തിലും ബഷീറിന്റെ ആയുധം. ഒരു ഫക്കീറിനെ പോലെ അലഞ്ഞ അനുഭവങ്ങള്‍ കരുത്തായി.
പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, മതിലുകള്‍, പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യന്‍ തുടങ്ങിയവയാണ് പ്രശസ്തമായ ബഷീര്‍ നോവലുകള്‍. ഭൂമിയുടെ അവകാശികള്‍, വിശ്വവിഖ്യാതമായ മൂക്ക്, ജന്മദിനം, വിശപ്പ് തുടങ്ങി ധാരാളം കഥാസമാഹാരങ്ങളും ലേഖനങ്ങളും സിനിമാ-നാടക രചനകളുമെല്ലാം ബഷീറിന്റേതായുണ്ട്.

ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവര്‍ഗാനുരാഗികളും നിറഞ്ഞതായിരുന്നു ബഷീറിന്റെ ലോകം. സാഹിത്യത്തില്‍ സ്ഥാനമില്ലായിരുന്ന ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും ആദ്യമായി ബഷീറിലൂടെ അക്ഷര രൂപം പ്രാപിച്ചു. സമൂഹത്തിനു നേരെയുള്ള ചോദ്യങ്ങള്‍ അദ്ദേഹം ചിരിയില്‍ ഒളിപ്പിച്ചു വച്ചു. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കറ്, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, തുരപ്പന്‍ അവറാന്‍ തുടങ്ങിയ അനേകം കഥാപാത്രങ്ങള്‍ അനശ്വരരായി. മനുഷ്യര്‍ക്കൊപ്പം ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും കഥാപാത്രങ്ങളായി വന്നു. സംഗീതത്തെ ബഷീര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗസലുകള്‍ക്കു കാതോര്‍ത്തുകൊണ്ട് മലയാളിയുടെ ഹൃദയത്തിലെ ചാരുകസാരയില്‍ ചാഞ്ഞിരുന്ന് എന്നും ബഷീര്‍ വിശ്രമിക്കുന്നു.

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

0


തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും നൽകിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

0

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്‍ തന്നെ പുറത്തിറക്കണം.

കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

0

സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു.

പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടി-11, 15 വാർഡുകൾ, മങ്കട – 14-ാം വാർഡ്, കുറുവ – 2, 3, 5, 6 വാർഡുകൾ എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരിക്കുന്നത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. ഒന്നാം തീയതിയാണ് യുവതി മരിച്ചത്.

പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; പീഡനക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

0

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണു പരാതി നൽകിയിരുന്നത്. സംഭവം നടന്നു 12 വർഷത്തിനുശേഷമാണു യുവാവ് പരാതി നൽകിയത്. എന്നാൽ പരാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച് കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു.

2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണു കേസ്. ഈ ദൃശ്യങ്ങൾ പ്രമുഖ നടിക്ക് അയച്ചുനൽകിയെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാൽ സംഭവം നടക്കുന്ന സമയം ഈ ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.

കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽനിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്

മെഡി. കോളജ് തീപിടിത്തത്തി‌നു രണ്ടു മാസം; പിഎംഎസ്എസ്‍വൈ കെട്ടിടം തുറക്കുന്നതും കാത്ത് രോഗികൾ

0

കോഴിക്കോട് :മെഡിക്കൽ കോളജിലെ പിഎംഎസ്എസ്‍വൈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് 2 മാസം. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനം പൂർത്തിയാകാത്തതിനാൽ ഇതുവരെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മേയ് രണ്ടിനാണു മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ ആദ്യ തീപിടിത്തം ഉണ്ടായത്. അത്യാഹിതവിഭാഗത്തിലെ എംആർഐ സ്കാനിങ് മെഷീനിന്റെ യുപിഎസ് മുറിയിൽ നിന്നാണു തീ പടർന്നത്.

സംഭവ ദിവസം 5 പേർ മരിച്ച സംഭവത്തിൽ ഉൾപ്പെടെ ആരോഗ്യവകുപ്പ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികൾ മരിക്കാൻ തീപിടിത്തം കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അടക്കമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്. അന്വേഷണത്തിനു മേൽനോട്ടം നൽകാൻ സബ് കലക്ടർക്കു ചുമതല നൽകിയിരുന്നു. പുക ഉയർന്നതുമായി ബന്ധപ്പെട്ട് രോഗികൾക്കു നേരിട്ട അസൗകര്യത്തെക്കുറിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരുടെ സംഘത്തെയും നിയമിച്ചിരുന്നു. വിവിധ മെഡിക്കൽ കോളജുകളിലെ 5 ഡോക്ടർമാർ അടങ്ങിയ സംഘത്തെയാണു നിയമിച്ചിരുന്നത്

ഈ അന്വേഷണങ്ങളുടെ റിപ്പോർട്ട് സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാകുന്നതിനു മുൻപു തന്നെ രോഗികളെ പ്രവേശിപ്പിച്ചതിന്റെ അതേ ദിവസം വീണ്ടും തീപിടിത്തം ഉണ്ടായി.

തുടർന്നു പൂർണമായും അടച്ചിട്ട കെട്ടിടത്തിൽ ഇപ്പോഴും രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. ഈ അന്വേഷണ റിപ്പോർട്ടും ഇതുവരെ പുറത്തു വന്നിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഈ മാസം പകുതിയോടെ കെട്ടിടം രോഗികൾക്കായി തുറന്നു കൊടുക്കുമെന്നാണ് നിലവിൽ മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നത്