spot_img
Tuesday, June 30, 2026
Home Blog Page 161

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; പീഡനക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

0

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണു പരാതി നൽകിയിരുന്നത്. സംഭവം നടന്നു 12 വർഷത്തിനുശേഷമാണു യുവാവ് പരാതി നൽകിയത്. എന്നാൽ പരാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച് കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു.

2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണു കേസ്. ഈ ദൃശ്യങ്ങൾ പ്രമുഖ നടിക്ക് അയച്ചുനൽകിയെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാൽ സംഭവം നടക്കുന്ന സമയം ഈ ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.

കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽനിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്

മെഡി. കോളജ് തീപിടിത്തത്തി‌നു രണ്ടു മാസം; പിഎംഎസ്എസ്‍വൈ കെട്ടിടം തുറക്കുന്നതും കാത്ത് രോഗികൾ

0

കോഴിക്കോട് :മെഡിക്കൽ കോളജിലെ പിഎംഎസ്എസ്‍വൈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് 2 മാസം. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനം പൂർത്തിയാകാത്തതിനാൽ ഇതുവരെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മേയ് രണ്ടിനാണു മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ ആദ്യ തീപിടിത്തം ഉണ്ടായത്. അത്യാഹിതവിഭാഗത്തിലെ എംആർഐ സ്കാനിങ് മെഷീനിന്റെ യുപിഎസ് മുറിയിൽ നിന്നാണു തീ പടർന്നത്.

സംഭവ ദിവസം 5 പേർ മരിച്ച സംഭവത്തിൽ ഉൾപ്പെടെ ആരോഗ്യവകുപ്പ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികൾ മരിക്കാൻ തീപിടിത്തം കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അടക്കമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്. അന്വേഷണത്തിനു മേൽനോട്ടം നൽകാൻ സബ് കലക്ടർക്കു ചുമതല നൽകിയിരുന്നു. പുക ഉയർന്നതുമായി ബന്ധപ്പെട്ട് രോഗികൾക്കു നേരിട്ട അസൗകര്യത്തെക്കുറിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരുടെ സംഘത്തെയും നിയമിച്ചിരുന്നു. വിവിധ മെഡിക്കൽ കോളജുകളിലെ 5 ഡോക്ടർമാർ അടങ്ങിയ സംഘത്തെയാണു നിയമിച്ചിരുന്നത്

ഈ അന്വേഷണങ്ങളുടെ റിപ്പോർട്ട് സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാകുന്നതിനു മുൻപു തന്നെ രോഗികളെ പ്രവേശിപ്പിച്ചതിന്റെ അതേ ദിവസം വീണ്ടും തീപിടിത്തം ഉണ്ടായി.

തുടർന്നു പൂർണമായും അടച്ചിട്ട കെട്ടിടത്തിൽ ഇപ്പോഴും രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. ഈ അന്വേഷണ റിപ്പോർട്ടും ഇതുവരെ പുറത്തു വന്നിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഈ മാസം പകുതിയോടെ കെട്ടിടം രോഗികൾക്കായി തുറന്നു കൊടുക്കുമെന്നാണ് നിലവിൽ മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നത്

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; ഒരു സ്ത്രീ മരിച്ചു

0

കോട്ടയം ∙ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ട‌ങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്. 

ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു ന‌‌ടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്.

ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു.

0

സ്പെയിനിലെ സമോറയ്ക്ക് സമീപം നടന്ന കാർ അപകടത്തില്‍ ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട മരിച്ചതായി സ്‌പാനിഷ് സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ ടിവിഇ റിപ്പോർട്ട് ചെയ്‌തു, പ്രാദേശിക അഗ്നിശമന സേനാംഗങ്ങള്‍ ഈ വാർത്ത സ്ഥിരീകരിച്ചു.വ്യാഴാഴ്ച പുലർച്ചെ സെർനാഡില്ലയ്ക്ക് സമീപം വാഹനം എ-52 ല്‍ നിന്ന് തെന്നിമാറി തീപിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. 28 കാരനായ ജോട്ടയും ഫുട്‌ബോള്‍ കളിക്കാരനായ 26 കാരനായ സഹോദരൻ ആൻഡ്രേയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി അടിയന്തര സേവനങ്ങള്‍ സ്ഥിരീകരിച്ചു.

ജൂണ്‍ 22 ന് അടുത്തിടെ വിവാഹിതനായ ജോട്ട, ഭാര്യ റൂട്ട് കാർഡോസോയ്‌ക്കൊപ്പം മൂന്ന് കുട്ടികളെ പങ്കിട്ട ജോട്ട, 2020 ല്‍ വോള്‍വ്‌സില്‍ നിന്ന് ലിവർപൂളില്‍ ചേർന്നു, പെട്ടെന്ന് അവിടെ ഒരു പ്രധാന ഫോർവേഡായി വളർന്നു. പോർച്ചുഗലിനായി 49-ലധികം മത്സരങ്ങള്‍ അദ്ദേഹം കളിച്ചു., പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ഇഎഫ്‌എല്‍ കപ്പ്, പോർച്ചുഗലുമായുള്ള യുവേഫ നേഷൻസ് ലീഗ് എന്നിവയുള്‍പ്പെടെ ലിവർപൂളിനൊപ്പം നിരവധി ട്രോഫികള്‍ നേടി.

അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിനും രാജ്യത്തിനും ഒരു വലിയ നഷ്ടമാണ്. ഫുട്ബോള്‍ ആരാധകർ ഈ വിയോഗത്തിന്റെ ഞെട്ടലിലുമാണ്.

ഭർത്താവുമായി പിണങ്ങി വീട്ടിലെത്തി, വഴക്ക്; മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി പിതാവ്

0

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം

ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.  ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയും കഴുത്തിൽ തോർത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

വീടിനു മുന്നിൽ സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു ബസ് ഇടിച്ചു; അമ്മ നോക്കിനിൽക്കെ ആറു വയസ്സുകാരന് ദാരുണാന്ത്യം

0

പട്ടാമ്പി (പാലക്കാട്)∙ ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.

ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട വന്നപ്പോഴാണ് അപകടം. വീടിനു മുന്നിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു. അമ്മ നോക്കിനിൽക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം.  ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിസ്മയയുടെ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി; കിരൺ കുമാറിന് ജാമ്യം

0

വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിന്‍റെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരൺ കുമാറിന് ജാമ്യം ലഭിക്കും. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.

ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.

വാടകക്കെടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിറ്റു; യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു

0

താമരശ്ശേരി: വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടക സ്റ്റോറിൽ നിന്നെടുത്ത ചെമ്പ് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റയാളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ പരപ്പൻപൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറിൽ ഒരു യുവാവ് എത്തുകയായിരുന്നു. കല്യാണ വീട്ടിലേക്ക് എന്ന് പറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്പുകൾ, രണ്ട് ഉരുളി എന്നിവ ഇയാൾ വാടകയ്‌ക്കെടുത്തു. സ്റ്റോറിൽ നിന്ന് തന്നെ ഗുഡ്‌സ് ഓട്ടോ വിളിച്ച് താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്കാണെന്ന് പറഞ്ഞ് പാത്രങ്ങൾ കൊണ്ടുപോവുകയായിരുന്നു. ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച തിരികെ എത്തിക്കാമെന്നാണ് യുവാവ് പറഞ്ഞതെന്ന് ഉടമ റഫീഖ് പറഞ്ഞു. സൽമാൻ എന്ന് പേര് പറഞ്ഞ ഇയാളുടെ ഫോൺ നമ്പറും വിലാസവും വാടക സ്റ്റോർ ഉടമ വാങ്ങി സൂക്ഷിച്ചിരുന്നു.

എന്നാൽ, പാത്രങ്ങൾ തിരികെ എത്തിക്കാത്തതിനെത്തുടർന്ന് ഇന്ന് അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. യുവാവ് നൽകിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീട് ഇയാൾ പാത്രങ്ങൾ കൊണ്ടുപോയ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാത്രങ്ങൾ അണ്ടോണയിലല്ല, പൂനൂരിലെ ഒരു ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി.

റഫീഖ് പൂനൂരിലെ ആക്രിക്കടയിലെത്തി തന്റെ പാത്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. താമരശ്ശേരി പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. പാത്രങ്ങൾക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ വിൽക്കാതെ ഒഴിവാക്കിയത്, ആക്രിക്കടക്കാർക്ക് സംശയം തോന്നാതിരിക്കാനാണെന്നാണ് കരുതുന്നത്. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി താമരശ്ശേരി പോലീസ് അറിയിച്ചു.

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ പ്രചരണ മാസാചരണത്തിന് നാളെ തുടക്കമാകും

0

സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI), എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.

വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐ.ഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവര്‍ക്കും നിലവിൽ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുുഡന്റ് ഐ.ഡി കാർഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയര്‍ക്ക് എൻ.ആർ.കെ ഐ.ഡി കാർഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവും കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടേയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളിൽ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് റജിസ്ട്രേഷൻ നമ്പറില്ലാത്ത കാർ; ഡാഷ് ബോർഡിൽ വാക്കിടോക്കി

0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച റജിസട്രേഷൻ നമ്പറില്ലാത്ത കാറും യാത്രക്കാരും പൊലീസ് പിടിയിൽ. വാഹനത്തിൽ സഞ്ചരിച്ച അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കാറിൽ സഞ്ചരിച്ചവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.ഞായറാഴ്ച രാത്രി 10.15 വെങ്ങാലിപ്പാലത്തിനു സമീപമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ അവസാനം സഞ്ചരിക്കുന്ന ആംബുലൻസിന് തൊട്ടുപിന്നിലായി വാഹനവ്യൂഹത്തിന്റെ അതേവേഗത്തിൽ സഞ്ചരിച്ച റജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ നിയോഗിച്ച പൊലീസ് സംഘം കാർ തടയുകയായിരുന്നു.

കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി. വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സ‍ഞ്ചരിച്ചതു കൂടി കണക്കിലെടുത്ത് ഇവരെ 10.45 ന് അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മലപ്പുറം തിരൂർ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും കണ്ണൂരിൽ ഒരു ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഇവർ പോയതെന്നും കണ്ടെത്തി. ചോദ്യംചെയ്യലിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു