spot_img
Tuesday, June 30, 2026
Home Blog Page 162

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ പ്രചരണ മാസാചരണത്തിന് നാളെ തുടക്കമാകും

0

സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI), എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.

വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐ.ഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവര്‍ക്കും നിലവിൽ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുുഡന്റ് ഐ.ഡി കാർഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയര്‍ക്ക് എൻ.ആർ.കെ ഐ.ഡി കാർഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവും കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടേയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളിൽ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് റജിസ്ട്രേഷൻ നമ്പറില്ലാത്ത കാർ; ഡാഷ് ബോർഡിൽ വാക്കിടോക്കി

0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച റജിസട്രേഷൻ നമ്പറില്ലാത്ത കാറും യാത്രക്കാരും പൊലീസ് പിടിയിൽ. വാഹനത്തിൽ സഞ്ചരിച്ച അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കാറിൽ സഞ്ചരിച്ചവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.ഞായറാഴ്ച രാത്രി 10.15 വെങ്ങാലിപ്പാലത്തിനു സമീപമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ അവസാനം സഞ്ചരിക്കുന്ന ആംബുലൻസിന് തൊട്ടുപിന്നിലായി വാഹനവ്യൂഹത്തിന്റെ അതേവേഗത്തിൽ സഞ്ചരിച്ച റജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ നിയോഗിച്ച പൊലീസ് സംഘം കാർ തടയുകയായിരുന്നു.

കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി. വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സ‍ഞ്ചരിച്ചതു കൂടി കണക്കിലെടുത്ത് ഇവരെ 10.45 ന് അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മലപ്പുറം തിരൂർ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും കണ്ണൂരിൽ ഒരു ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഇവർ പോയതെന്നും കണ്ടെത്തി. ചോദ്യംചെയ്യലിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു

തലപ്പത്ത് റവാഡ; സംസ്‌ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

0

തിരുവനന്തപുരം റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ സ്പെഷൽ ഡയറക്‌ടറും ആയിരുന്നു. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാൾ നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരിൽ ഏറ്റവും സീനിയറായ നിധിൻ അഗർവാളിനും സാധ്യത കൽപ്പിച്ചിരുന്നു. പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്കു സർക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്.

സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും റവാഡ ചന്ദ്രശേഖർ ചുമതലയേറ്റെടുക്കുക.

ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു.

രണ്ടാഴ്‌ച മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖർ കൂടിക്കാഴ്ച്‌ച നടത്തിയിരുന്നു.

2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. കേന്ദ്രത്തിൽ ആയിരിക്കുമ്പോഴും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി റവാഡ ചന്ദ്രശേഖർ ബന്ധം പുലർത്തിയിരുന്നു. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. എന്നാൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.

മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

0

ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയത് ജൂലൈ ഒന്ന് മുതൽ തന്നെ നടപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം ജൂലായ്‌ അവസാനം മുതൽ നിർബന്ധമാക്കും.

റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് വരെ പുതിയ മാറ്റങ്ങളാണ് വരുന്നത്. ജനങ്ങളോട് ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാനും റെയിൽവേ അവസരം നൽകുന്നുണ്ട്. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു. നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം.

സമൂഹമാധ്യമത്തിലൂടെ പരിചയം, 2 പ്രസവം; ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയത് അനീഷ; ബന്ധം ഒഴിഞ്ഞാൽ കുടുക്കാൻ അസ്ഥി സൂക്ഷിച്ച് ബവിൻ

0

തൃശൂർ: രണ്ടു നവജാതശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത്  അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. ഒരു കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പ്രസവിച്ച വിവരം ആരും അറിയാതെയിരിക്കാനാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. അനീഷയാണ് ബവിന്റെ നിർദേശപ്രകാരം കുട്ടികളെ കുഴിച്ചിട്ടത്. ഇരുവരും തമ്മിൽ അകന്നതോടെയാണ് ബവിൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.

റൂറൽ എസ്പി പറഞ്ഞത്: ‘‘ശനിയാഴ്ച അർധരാത്രി ബവിൻ മദ്യപിച്ച് സ്റ്റേഷനിലെത്തി. കയ്യിൽ ബാഗുണ്ടായിരുന്നു. പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിനു മുന്‍പേ ജനിച്ച ആൺകുട്ടികൾ മരണപ്പെട്ടെന്നും ആ കുട്ടികളുടെ അസ്ഥിയാണ് ബാഗിലുള്ളതെന്നും പറഞ്ഞു. തുടർന്ന്, പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ അസ്ഥികൾ കിട്ടി.’’

‘2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ബവിനും അനീഷയും പരിചയപ്പെട്ടത്. വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു മുൻപ് 2021ൽ ആദ്യ കുട്ടി ജനിച്ചു. പിന്നീട് 2023ൽ രണ്ടാമത്തെ കുട്ടി ജനിച്ചു. ആദ്യകുട്ടി പ്രസവത്തിൽ മരിച്ചെന്നാണ് യുവതിയും കുടുംബവും പറയുന്നത്. രണ്ടാമത്തെ കുട്ടി കരഞ്ഞപ്പോൾ അനീഷ മുഖം പൊത്തിപിടിച്ച് കൊന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.’’–എസ്പി പറഞ്ഞു.

കുട്ടികളെ കുഴിച്ചിടുന്നത് അയൽവാസികൾ കണ്ടോയെന്ന് യുവതി സംശയിച്ചിരുന്നു. യുവാവിനോടു പറഞ്ഞപ്പോൾ മോക്ഷം കിട്ടാൻ അസ്ഥികൾ കടലിൽ ഒഴുക്കാമെന്നു പറഞ്ഞു. യുവതി കൈമാറിയ അസ്ഥികൾ യുവാവ് സ്വന്തം വീട്ടിൽ സൂക്ഷിച്ചു. കടലിൽ ഒഴുക്കിയെന്നാണ് യുവതി വിശ്വസിച്ചിരുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു. അനീഷ വേറെ വിവാഹം കഴിക്കാൻ പോകുന്നതായി ബവിന് സംശയം ഉണ്ടായി. വേറെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത് സംശയം വർ‌ധിപ്പിച്ചു

യുവതി ബന്ധം ഒഴിഞ്ഞാൽ, നേരത്തേ ഗർഭിണിയായത് തെളിയിക്കാനാണ് കുട്ടികളുടെ അസ്ഥി വീട്ടിൽ സൂക്ഷിച്ചത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. അനീഷയുടെ ഫോൺ ‘ബിസി’ ആയതിനെച്ചൊല്ലിയായിരുന്നു തർക്കം. തുടർന്ന്, മദ്യപിച്ചശേഷം ബവിൻ പൊലീസ് സ്റ്റേഷനിലെത്തി അസ്ഥികൾ കൈമാറുകയായിരുന്നു. അസ്ഥി പരിശോധനയ്ക്ക് പൊലീസ് ഫൊറൻസിക് വിദഗ്ധരുടെ സേവനം തേടി. അസ്ഥി കുട്ടികളുടേതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ഇവരുടേതാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു

കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ

0

തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന്‌ ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ്‌ ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.

ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ്‌ വയ്‌ക്കുന്നത്‌. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്‌. വിവിധ ഡിപ്പോകളിൽനിന്ന്‌ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി. കെഎസ്‌ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത്‌ തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക്‌ ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ്‌ ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ്‌ ശങ്കർ പറഞ്ഞു.

കോഴിക്കോട് ബൈപ്പാസിൽ മണ്ണിടിഞ്ഞ് അപകടം, രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാൾ മണ്ണിനടിയിൽ

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. ഒരു നിർമാണ തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടനിർമാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മൂന്ന് അതിഥി തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. അതിലൊരാളാണ് മണ്ണിനടിയിൽ പെട്ടുപോയത്.

അപകടം നടന്നപ്പോൾ തന്നെ രണ്ടുപേർക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചുവെങ്കിലും മൂന്നാമത്തെ വ്യക്തി മണ്ണിനടിയിൽ പെടുകയായിരുന്നു. കോപ്പർ ഫോളിയോ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.രക്ഷാപ്രവർത്തനം നടക്കുമ്പോഴും മണ്ണിടിച്ചിൽ തുടരുന്നുണ്ട്. ഇത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയിരിക്കുകയാണ്.

പാങ്ങിലെ ഒരു വയസ്സുകാരന്റെ മരണം: ദുരൂഹത മാറ്റാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും ആരോഗ്യവകുപ്പും

0

മലപ്പുറം: പാങ്ങിലെ ഒരു വയസ്സുകാരൻ എസൻ അർഹാന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും ആരോഗ്യവകുപ്പും. ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് കുട്ടിയുടെ പോസ്റ്റ്മോർട്ടം നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ. അശാസ്ത്രീയ ചികിത്സയും മഞ്ഞപ്പിത്തം പൂർണമായി ചികിത്സിച്ച് ഭേദമാകാത്തതും കുട്ടിയുടെ മരണത്തിന് കാരണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. കുട്ടിക്ക് പ്രതിരോധ കുത്തിവെയ്പ്പടക്കം നൽകിയിരുന്നില്ല എന്നും ആരോഗ്യവകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്.

പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഒരു വയസ്സുകാരൻ എസൻ അർഹൻ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.

ഇന്നലെ രാവിലെ കുട്ടിയുടെ ഖബറടക്കവും നടത്തി. തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിച്ചു: വ്ലോ​ഗർക്കെതിരെ പരാതി നൽകി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

0

കൊണ്ടോട്ടി: സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന് കാണിച്ച് വ്ളോഗർക്കെതിരെ നഗരസഭ ചെയർപേഴ്സൺ പൊലീസിൽ പരാതി നൽകി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീറാണ് വ്ളോഗർ പാണാളി ജുനൈസിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്. ദേശീയപാത ശോചാവസ്ഥയിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വീഡിയോയിൽ അപകീർത്തിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിച്ചതായുമാണ് പരാതി. പരാതിയിൽ പൊലീസ് നടപടി വ്യക്തമായിട്ടില്ല. നേരത്തെ സംഭവം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി നഗരസഭ ചെയർപേഴ്സൻ രം​ഗത്തെത്തിയത്.

കൊച്ചിയിൽ ഡി.ജെ പാർട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ കുത്തിപരിക്കേൽപ്പിച്ച് യുവതി

0

കൊച്ചി: കതൃക്കടവിലെ ബാറിൽ ഡി.ജെ പാർട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ കുത്തിപരിക്കേൽപ്പിച്ച് യുവതി. വൈൻ ഗ്ലാസിന്റെ ചില്ലുകൊണ്ടാണ് യുവതി യുവാവിനെ കുത്തിയത്. ആക്രമണത്തിൽ യുവാവിന് നിസാര പരിക്കേറ്റു. എന്നാൽ, യുവതിക്കെതിരെ യുവാവ് പരാതി നൽകാത്ത സാഹചര്യത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. യുവതിയും പൊലീസിന് പരാതി നൽകിയിട്ടില്ല.

കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിൽ ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. സംഭവം നടക്കുമ്പോൾ ചില സിനിമതാരങ്ങളും പിന്നണിഗായകരും ബാറിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വലിയ ആൾക്കൂട്ടം ബാറിന് മുന്നിൽ തടിച്ചുകൂടി

കഴിഞ്ഞ വർഷം ഇതേബാറിന് മുന്നിൽ വെടിവെപ്പുണ്ടായിരുന്നു. 2024 ഫെബ്രുവരി 11നാണ് വെടിവെപ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ നിന്നും മദ്യപിച്ചെത്തിയ സംഘം വീണ്ടും മദ്യം ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്.

തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ഇത് ചോദ്യം ചെയ്ത ബാർ മാനേജരെ മർദിക്കുകയും ചെയ്തു. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്ത് വെടിവെച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കാനായി കർശന നിർദേശം നൽകിയിരുന്നു.