spot_img
Tuesday, June 30, 2026
Home Blog Page 167

‘ ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

0

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ദുരന്തത്തില്‍ രാഷ്ട്രപതിയും അനുശോചിച്ചു. മനസ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പമെന്നും കുറിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റും അനുശോചിച്ചു.

പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രവും എല്ലാ സഹായവും വാദ്ദാനം ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. കുട്ടികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ആണ് അപകടം. മെഡിക്കല്‍ കോളേജിലെ നിരവധി വിദ്യാര്‍ഥികക്ക് പരുക്കേറ്റു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലാണ്. അപകടത്തിന് പിന്നാലെ ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് ചില കുട്ടികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടുവെന്നും വിവരമുണ്ട്.

തകർന്നുവീണ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാർ; പറന്നയുടൻ അപായസന്ദേശം സന്ദേശം നൽകി

0

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്. 625 അടി ഉയരത്തിൽ നിന്ന് 11 വർഷം പഴക്കമുള്ള എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്.

വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് ‘മേയ് ഡേ’. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. വിമാനം തകരുന്നതിന് മുൻപ് എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാർ അപായ സന്ദേശം നൽകിയെങ്കിലും എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ സാധിച്ചില്ല.രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തക‍ർന്നു വീഴുകയായിരുന്നു..

അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം

0

അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രണ്ട് മണിയോടെയായിരുന്നു അപകടം.

എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്

മഴക്കാലത്ത് 4451 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

0

* 80 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയത്. മേയ് മുതൽ ജൂലൈ വരെ നീണ്ടു നിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മേയ് രണ്ടിന് ആരംഭിച്ച ഡ്രൈവിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 80 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 592 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 433 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. തുടർ പരിശോധനകൾക്കായി 1850 സർവൈലൻസ് സാമ്പിളുകളും 1054 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഡ്രൈവിന്റെ ഭാഗമായി നൈറ്റ് സ്‌ക്വാഡും പരിശോധനകൾ നടത്തി. വൈകുന്നേരങ്ങളിൽ സജീവമാകുന്ന കടകൾ കേന്ദ്രീകരിച്ച് 4 മണി മുതൽ 8 മണിവരെയാണ് പരിശോധനകൾ നടത്തിയത്.

ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നതാണ്. മഴക്കാലത്ത് കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം സൂക്ഷിക്കാൻ. ഓൺലൈൻ വിതരണക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാൻ. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലുള്ള സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ നൽകി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിലാണ് പരിശോധനകൾ നടന്നു വരുന്നത്.

യാത്രക്കാരുടെ ശ്രദ്ധക്ക്, ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല, മാറ്റം ജൂലയ് ഒന്ന് മുതൽ

0

ചെന്നൈ: ഐആർടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ജൂലായ് ഒന്നു മുതൽ പുതിയ അപ്ഡേറ്റ് നിലവിൽ വരും. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു..

ഇതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാൽ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താൽ മതി.

എന്നാൽ, ജൂലായ് 15 മുതൽ ഓൺലൈൻ ആയോ കൗണ്ടറിൽ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. അംഗീകൃത ഏജന്റുമാർ വഴി ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്കും ബുക്കിംഗ് സമയത്ത് ഉപയോക്താവ് ഒടിപി നൽകണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ 10:30 വരെയും, എസി ഇതര ക്ലാസുകൾക്ക്, രാവിലെ 11:00 മുതൽ 11:30 വരെയുമാണ് തൽക്കാൽ ബുക്കിംഗ് നടക്കുന്നത്. തത്കാൽ ബുക്കിംഗുകളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും അവശ്യക്കാർക്ക് മാത്രം തൽക്കാൽ സൌകര്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.

കോഴിക്കോട് വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്തു

0

കോഴിക്കോട്: ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് കവർച്ച ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ചാണ് കവർച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോ​ഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു.

പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പൊലീസ് ഇയാളെ പിടികൂടാനായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. 

അഗ്നിരക്ഷാ വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിരക്ഷാ വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് ശക്തമാക്കുന്നതിന്‍റെ ഭാഗമായി 5040 അംഗങ്ങളെ കൂടി തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യമുള്ളതും 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്നിരക്ഷാ വകുപ്പ് 7 ദിവസത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ്, ഐ ഡി കാർഡ് എന്നിവ നൽകുമെന്നും അഗ്നിരക്ഷാ വകുപ്പ് അറിയിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും സിവിൽ ഡിഫൻസിൽ അംഗമാകാവുന്നതാണെന്ന് അഗ്നിരക്ഷ വകുപ്പ് വ്യക്തമാക്കി. ഇവർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ ഫയർ & റെസ്ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോർട്ടൽ മുഖേനയോ CD Warriors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വേദനിപ്പിക്കുന്ന തീരുമാനമെന്ന് ഷഹബാസിന്‍റെ അച്ഛന്‍ അക്ബാല്‍ പ്രതികരിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് നേരത്തെ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. താമരശ്ശേരി ജിവിഎച്ച്എസ്എസിൽ മൂന്ന് പേര്‍ക്കും രണ്ട് പേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലുമാണ് പ്രവേശനം നൽകിയത്. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

0

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (92) അന്തരിച്ചു. വയസായിരുന്നു. മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും റോബർട്ട് കുറിച്ചു. ഖബറടക്കം ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ നടക്കും.

‘സുൽഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എൻ്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി’, എന്നായിരുന്നു റോബർട്ട് പങ്കുവച്ച കുറിപ്പ്. മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡണ്ട് കൂടിയായിരുന്നു പി.എസ്.അബു.

കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ അഞ്ച് പേർ മലയാളികൾ

0

കെനിയയിൽ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ

ഗീത ഷോജി ഹോപ് ഖത്തർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോയൽ,ഏബിൾ എന്നിവർ മക്കളാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭർത്താവ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ഷോജനും മകൻ ഏബിളും കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് അപകടത്തിൽ‌പ്പെട്ടത്. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. മലയാളികളെ കൂടാതെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളുമാണ് സംഘത്തിലുള്ളത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു