spot_img
Wednesday, July 1, 2026
Home Blog Page 171

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാൻ അപേക്ഷ സമർപ്പിക്കാം

0
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചു. അർഹരായ കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

0

നിലമ്പൂർ : അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ്.

നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പ്രതികരിച്ചു. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ്. ബിജെപി സംസ്ഥാന നേതാക്കൾ നേരിട്ട് ബന്ധപ്പെട്ടു. ബിജെപിയ്ക്ക് മണ്ഡലത്തിൽ വലിയ സാധ്യതയുണ്ട്.എല്ലാ വിഭാഗം ആളുകളുടെയു വോട്ട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഊട്ടിക്ക് പോകുന്നവരുടെ ശ്രദ്ധക്ക്, ഗൂഡല്ലൂരിലെ ആശങ്കയൊഴിഞ്ഞില്ല; ചുരംപാതയിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് വിലക്ക്

0


സുല്‍ത്താന്‍ബത്തേരി: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഗൂഡല്ലൂരിലെ പ്രധാന പാതകളില്‍ അറ്റുകറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ചുരംപാത വഴി ഗൂഡല്ലൂരിലേക്ക് എത്തുന്ന ചരക്കുലോറികള്‍ക്കും വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കും വിലക്ക് തുടരുകയാണ്. പ്രധാന പാതകളായ ഗൂഡല്ലൂര്‍-ഊട്ടി, മസിനഗുഡി-ഊട്ടി എന്നീ പാതകളിലാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണത്. മാത്രമല്ല ഗൂഡല്ലൂര്‍-ഊട്ടി ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടിതായും കണ്ടെത്തിയിരുന്നു. 

മസിനഗുഡി-ഊട്ടി പാതയില്‍ പാറകളിടിഞ്ഞു വീണ കല്ലട്ടി ഭാഗത്ത് അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം ഗൂഡല്ലൂര്‍-ഊട്ടി ദേശീയപാതയിലെ കൊണ്ടൈ ഹെയര്‍പിന്‍ വളവിനു സമീപം തവളമലയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ എത്തി സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ചുരം റോഡിന് സമീപത്തെ ഉയരമുള്ള ഭാഗങ്ങളില്‍ മുപ്പതടി ഉയരത്തില്‍ പാറകള്‍ മരങ്ങളില്‍ തങ്ങിനില്‍ക്കുന്നതായും ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും വിവരമുണ്ട്.

അതേസമയം, ഭാരവാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയതോടെ ഗൂഡല്ലൂര്‍ മേഖലയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ചരക്കുനീക്കമുള്‍പ്പെടെ നിലച്ചിരിക്കുകയാണ്. നിവലില്‍ പകല്‍ സമയങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ മാത്രമാണ് ചുരം വഴി കടന്നുപോകുന്നത്. രാത്രിയില്‍ എല്ലാ തരം വാഹനങ്ങള്‍ക്കും പൂര്‍ണനിയന്ത്രണം ഉണ്ടെങ്കിലും ആംബുലന്‍സുകള്‍ക്ക് ബാധകമല്ല.

ഗൂഡല്ലൂരിന്റെ ചില മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 200 മില്ലി മീറ്ററിനടുത്ത് വരെ മഴ ലഭിച്ചിരുന്നു. അവളാഞ്ചിയില്‍ 190 മില്ലി മീറ്ററാണ് പെയ്ത മഴയുടെ അളവ്. അപ്പര്‍ഭവാനി 125 ഉം ബാലകോളയില്‍ 77ഉം കുന്തയില്‍ 66ഉം ഗൂഡല്ലൂര്‍, മേല്‍ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ 66 മില്ലി മീറ്റര്‍ തോതിലും മഴ ലഭിച്ചു. പന്തല്ലൂര്‍ (54), പാടുന്തറ (52) മേഖലകളിലാണ് താരതമ്യേന കുറവ് മഴ ലഭിച്ചിട്ടുള്ളത്. വീടുകളിലേക്ക് വെള്ളം കയറിയും മറ്റും മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ കഴിഞ്ഞ ദിവസം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

ഭാര്യയെ സംശയം, അറവുശാലയിൽ കൊണ്ടുപോയി കൊലപ്പെടുത്തി: ഭർത്താവിന് വധശിക്ഷ

0

മലപ്പുറം : ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.

അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്ബുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്. റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ ഓഫിസർമാരായ പി.അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.അലവിയാണ് കേസിൽ അന്വേഷണം നടത്തിയത്

ക്രൂയ്സർ ജീപ്പിടിച്ചു വിദ്യാർത്ഥിനി മരിച്ചു

0

വയനാട് : കമ്പളക്കാട് പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.

തോട്ടത്തിലെത്തിയ പുള്ളിമാനെ വേട്ടയാടി,കറിവെച്ചു. നാലുപേർ പിടിയിൽ

0

സുല്‍ത്താന്‍ബത്തേരി:വനത്തില്‍ നിന്ന് ജനവാസ പ്രദേശത്ത് എത്തിയ പുള്ളിമാനിനെ പിടികൂടി ഇറച്ചിയാക്കിയ നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് പ്രദേശത്താണ് സംഭവം. മുക്കുത്തികുന്ന് പുളിക്കചാലില്‍ പി എസ് സുനില്‍ (59), തടത്തില്‍ചാലില്‍ ടി എസ് സന്തോഷ്( 56), പുത്തൂര്‍കൊല്ലി പി കെ രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി എം ശിവരാമന്‍ (62) എന്നിവരാണ് മാനിറച്ചി പാകം ചെയ്യുന്നതിനിടെ പിടിയിലായത്.__സുനിലിന്‍റെ വീട്ടില്‍വെച്ച്‌ മാനിറച്ചി കറിവെക്കുന്ന സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് നാലുപേരും പിടിയിലായത്. കറിവെച്ച വീട്ടില്‍ നിന്ന് തന്നെ പാചകം ചെയ്ത് ഇറച്ചിക്ക് പുറമെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു. മുക്കുത്തിക്കുന്ന് വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. സമീപത്തെ തോട്ടത്തിലേക്ക് എത്തിയ മാനിനെ നായ്ക്കള്‍ ഓടിച്ചു കൊണ്ടുവരികയായിരുന്നു. ഇത് പരിക്കേറ്റതിനാല്‍ ജനവാസ പ്രദേശത്ത് തന്നെ തങ്ങുകയും ഇതറിഞ്ഞ നാല്‍വര്‍ സംഘമെത്തി മാനിനെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വിമാന യാത്രക്കാർക്ക് സുപ്രധാന അറിയിപ്പ്, ഈ പന്ത്രണ്ട് തരം വസ്തുക്കൾ ബാഗേജിൽ കൊണ്ടുപോകരുത്; വലിയ നിയമക്കുരുക്ക്

0

ജിദ്ദ: വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ബാഗേജില്‍ നിരോധിത വസ്തുക്കളുള്ളത് പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പെട്ടി പാക്ക് ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. എല്ലാ വിമാനത്താവളങ്ങളിലും ഇത്തരത്തില്‍ നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവരരുതെന്ന നിര്‍ദ്ദേശം നല്‍കാറുമുണ്ട്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്കാണ് വിമാനത്താവളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ എത്തുന്നവരുടെ സുരക്ഷിതത്വവും സംരക്ഷണവും ശക്തമാക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കിയത്. സൗദി അറേബ്യയില്‍ നിയമപരമായോ സുരക്ഷാപരമായോ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളാണ് പട്ടികയിലുള്ളത്. എല്ലാത്തരും ലഹരി വസ്തുക്കളും മദ്യവും നിരോധിത പട്ടികയിലുണ്ട്. നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്–ഇലക്ട്രോണിക് ഉപകരണങ്ങൾ, പേനകൾ, ക്യാമറ ഘടിപ്പിച്ച കണ്ണടകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.

സുഗന്ധങ്ങള്‍ അടങ്ങിയ ഇ-പൈപ്പുകള്‍, പോക്കര്‍ പോലുള്ള അപകടകരമായ ഗെയിമുകള്‍, ചൂതാട്ടത്തിനുള്ള സാമഗ്രികള്‍, ശക്തിയേറിയ ലേസറുകള്‍, ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, കച്ചവട ഉദ്ദേശത്തിൽ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധിത വസ്തുക്കളുടെ പട്ടികയിലുണ്ട്.  നാട്ടില്‍ നിന്ന് വരുന്ന പ്രവാസികള്‍ ഈ വസ്തുക്കള്‍ ബാഗില്‍ ഇല്ലെന്ന് ഉറപ്പാക്കണം. അതുപോലെ തന്നെ ഗള്‍ഫിലെ പ്രിയപ്പെട്ടവര്‍ക്കായി മറ്റുള്ളവര്‍ നാട്ടില്‍ നിന്ന് തന്നുവിടുന്ന പൊതികളിലും ഇവ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ലഗേജില്‍ അശ്രദ്ധമായി ഈ വസ്തുക്കള്‍ കടന്നുകൂടിയാല്‍ വലിയ നിയമക്കുരുക്കുകളില്‍പ്പെടും. 

കെഎസ്ആർടിസി സ്വിഫ്റ്റിൽ അവസരം, 600 ഒഴിവുകൾ

0

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 600 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.

വേതനം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി നൽകും.യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിംഗ് പ്രവർത്തി പരിചയം വേണം.

പ്രായം: 24 മുതൽ 55 വരെ.അപേക്ഷ: വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 10 ന് വൈകിട്ട് 05.00 മണിയ്ക്ക് മുമ്പായി അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക്: www.cmd.kerala.gov.in

നിലമ്പൂരിൽ എം സ്വരാജ്‌ എൽഡിഎഫ്‌ സ്ഥാനാർഥി

0

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. വെള്ളിയാഴ്‌ച ചേർന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റാണ്‌ സ്വരാജിനെ സ്ഥാനാർഥിയായി നിശ്‌ചയിച്ചത്‌. നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമാണ്‌. നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ സ്വാരാജ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുപ്രവർത്തന രംഗത്ത്‌ ഉയർന്ന്‌ വന്നത്‌. ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററാണ്‌.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 2016–-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്‌.മികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്‌. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത്‌ ദൈവങ്ങൾ’’ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. നിലമ്പൂർ പോത്തുക്കല്ല്‌ പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമംഗിയമ്മയുടേയും മകനാണ്‌. ഭാര്യ:സരിത

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോൾ, അഭിപ്രായ സർവേകൾ എന്നിവ നിരോധിച്ചു

0

നിലമ്പൂർ:1951 ലെ ജനപ്രാതിനിധ്യനിയമത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി ജൂൺ 19ന് രാവിലെ 7 മുതൽ വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോൾ അഥവാ അതിന്റെ ഫലങ്ങൾ അച്ചടി മാർഗ്ഗത്തിലോ, ഇലക്ട്രോണിക് മാധ്യമത്തിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തിൽ അഭിപ്രായ സർവേയും മറ്റ് സർവേ ഫലങ്ങളും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും, വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കുന്നതായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.