spot_img
Friday, July 3, 2026
Home Blog Page 218

ബാത്ത് റൂമിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്നവരാണോ? എങ്കിൽ അറി‍ഞ്ഞിരിക്കൂ

0

ബാത്ത്റൂമിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഈ ശീലം നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

ശുചിമുറിയിൽ ഇരുന്ന് കൊണ്ട് അധികനേരം ഫോൺ ഉപയോഗിക്കുന്നത് പെെൽസ് ഉണ്ടാകാനുള്ള സാധ്യതയും മറ്റ് ആരോഗ്യപ്രശ്നങ്ങളും വർദ്ധിപ്പിക്കുമെന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് മൂവ്മെൻ്റ് ഡിസോർഡേഴ്സ് കൺസൾട്ടൻ്റായ ഡോ. ഹേമ കൃഷ്ണ പി പറഞ്ഞു. കൂടാതെ, ശരീരത്തിൻ്റെ സ്വാഭാവിക മലവിസർജ്ജന പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും ഇത് മലബന്ധത്തിലേക്കും മറ്റ് ദഹന പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.ബാത്ത് റൂമിൽ പല തരത്തിലുള്ള ബാക്ടീരിയകളുണ്ട്. അത് കൊണ്ട് തന്നെ ബാത്ത്റൂമിൽ അധികനേരം ഇരിക്കുമ്പോൾ ബാക്ടീരിയകൾ ഫോണിൽ പറ്റിപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ശേഷം, ഫോണിൽ നിന്നുള്ള ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ എളുപ്പമാണ്. ഇതുമൂലം നിങ്ങൾക്ക് ഏത് രോഗവും എളുപ്പത്തിൽ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.ടോയ്‌ലറ്റ്‌ സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ–കോളി പോലുള്ള അണുക്കൾ കാണപ്പെടുന്നുണ്ട്. ഇവ മൂത്രത്തിൽ അണുബാധ, കുടൽ സംബന്ധമായ രോഗങ്ങൾ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.ബാത്ത് റൂമിൽ ഫോൺ ഉപയോഗിക്കുന്നത് കാലക്രമേണ ആരോഗ്യം, ശുചിത്വം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ ശീലം ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെച്ചപ്പെട്ട ശുചിത്വം നിലനിർത്താനും മാനസിക ശ്രദ്ധ വർദ്ധിപ്പിക്കാനും സഹായിക്കുന്നതായും വിദഗ്ധർ പറയുന്നു

മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്നു

0

ഇടുക്കി: മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെഎസ്ആർടിസിയുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ ബസ്സാണ് മുന്നാറിൽ സര്‍വീസ് നടത്തുന്നത്. ഈ ബസിന്‍റെ മുകളിൽ നിലയിലെ മുൻഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഏറെ ആഘോഷപൂര്‍വം വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്‍റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ബസിൽ വെച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ലൈറ്റ് ഇടേണ്ടെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് കെഎസ്ആർടിസി ബസില്‍ അലങ്കാര ലൈറ്റുകള്‍ വെച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

‘ഹോട്ടലിലേക്കു യുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെ’: സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്

0

തിരുവനന്തപുരം :യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്നു പൊലീസ്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെയെന്നു കുറ്റപത്രത്തിൽ പറയുന്നതായാണു സൂചന. ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്തുവെന്നു നേരത്തേ കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറഞ്ഞതു തന്നെയാണു കുറ്റപത്രത്തിലുമുള്ളത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ നടി പീഡനം വെളിപ്പെടുത്തിയതിനു സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സംഭവം പുറത്തു പറയുമെന്നു നടി പറഞ്ഞപ്പോൾ, ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്റെ രാജിക്കു കാരണമായ പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. 2016 ജനുവരി 28ന് ആയിരുന്നു പീഡനമെന്നാണു പരാതി. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു8 വര്‍ഷത്തിന് ശേഷമാണ് പരാതി എന്നായിരുന്നു ആരോപണം നിഷേധിക്കാന്‍ സിദ്ദിഖിന്റെ പ്രധാനമായും വാദിച്ചത്. യുവതി സമാന ആരോപണം ഉന്നയിച്ച ഫെയ്സ്ബുക് പോസ്റ്റുകളിലൊന്നും തന്‍റെ പേരില്ലെന്നും വാദിച്ചിരുന്നു. പീഡനത്തിനു പിന്നാലെ യുവതി കൊച്ചിയിൽ ചികിത്സ തേടി. ഈ ഡോക്ടറോട് അന്നുതന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയെന്നും അന്വേഷണസംഘം വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയെടുത്ത കേസുകളില്‍ ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിൽ, നേരത്തേ പൊലീസിനു മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് തിരിച്ചടിയായത് മാറ്റാതിരുന്ന ഷൂ

0

ചാലക്കുടി :നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു. ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി

ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മങ്കിക്യാപ്പും അതിനു മുകളിൽ വച്ച ഹെൽമറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി. ഇടയ്ക്ക് വഴിയിൽ വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ലൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു

യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാൻ നോക്കി.ഡിവൈഎസ്പിമാരായ കെ.സുമേഷ്, വി.കെ.രാജു, ചാലക്കുടി ഇൻസ്പെക്ടർ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇന്ന് ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.

തുമ്പായത് മാറ്റാതിരുന്ന ഷൂ തുമ്പുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ച എന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് തിരിച്ചടിയായത് മാറ്റാതിരുന്ന ഷൂ. ഷൂവിന്റെ അടിയിലെ നിറമാണ് ആളെ തിരിച്ചറിയുന്നതിൽ പ്രധാന വഴിത്തിരിവായത്. അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത് കൃത്യംനടത്തിയ ശേഷം മടക്കയാത്രയ്ക്കിടെ വസ്ത്രങ്ങൾ മാറിയും സ്കൂട്ടറിന്റെ കണ്ണാടി മാറ്റിയും ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ പ്രതി വിജയിച്ചെങ്കിലും മാറ്റമില്ലാതെ തുടർന്ന ഷൂ പൊലീസിന്റെ കണ്ണിൽ പതിഞ്ഞു.വീടു നിർമിച്ചതിന്റെ ബാധ്യത തീർക്കാനായിരുന്നു മോഷണമെന്നു പറഞ്ഞ പ്രതി പിന്നീടിതു മാറ്റിപ്പറഞ്ഞു. നന്നായി മദ്യപിക്കുന്നയാളാണെന്നും പൊലീസ് പറ‍ഞ്ഞു. മോഷണം നടത്തി മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തിൽ നിന്ന് കുറച്ചെടുത്ത് ഒരു ലീറ്റർ മദ്യം വാങ്ങിയാണ് വീട്ടിലെത്തിയത്.

മോഷ്ടിച്ച പണത്തിൽ നിന്ന് 2.9 ലക്ഷം രൂപയുടെ കടം വീട്ടിയതായി പ്രതി പൊലീസിനോടു പറഞ്ഞു. പണം കിട്ടിയയാ‍ൾ, അറസ്റ്റ് വാർത്തയറ‍ി‍ഞ്ഞ് പണം ഡിവൈഎസ്പി ഓഫിസിലെത്തി കൈമാറി.10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പൊലീസ് കണ്ടെടുത്തതായാണു സൂചന. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണെന്നു പ്രതി പറഞ്ഞു

ചാലക്കുടി ബാങ്ക് കവർച്ച; റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാൾ; കുറ്റം സമ്മതിച്ചെന്ന് പൊലീസ്

0

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള‍ നടത്തിയ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആൻ്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവിയും ഫോൺ കോളുമാണ്. പ്രതികുറ്റസമ്മതം നടത്തിയതായി റൂറൽ എസ്പി കൃഷ്ണകുമാർ പറഞ്ഞു. ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു. റിജോ ആൻ്റണിയുടെ കയ്യിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്ലാൻഡ് ആയിരുന്നു കവർച്ച നടത്തിയത്. ഹെൽമറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു. പിന്നീട് ബാങ്കിൽ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്പർ തെരഞ്ഞെടുത്തു. 3 തവണ ഡ്രസ്സ് മാറി. അങ്ങോട്ട് വന്നപ്പോഴും ഡ്രെസ് മാറിയെന്നും ഇയാൾക്ക് മറ്റൊരു ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഷൂവിന്റെ കളർ കേസിൽ നിർണായകമാണ്. റിജോ ഏറെ വർഷം ഗൾഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. സാമ്പത്തിക ബാധ്യതയുണ്ടോയെന്ന് വെരിഫൈ ചെയ്യുകയാണ്. മോഷണപണം ഉണ്ടെന്ന് പറയുന്നുണ്ടെന്നും റൂറൽ എസ്പി പറഞ്ഞു.മദ്യപിച്ചു പണം കളയുന്നയാളാണ് ഇയാൾ. മോഷ്ടിച്ച പണത്തിൽ നിന്ന് 2.90 ലക്ഷം കടം വീട്ടി. ഭാര്യ കുവൈറ്റിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകൾ കണ്ടു. അതെടുക്കുകയായിരുന്നു. ബാങ്കിലുള്ളവർ ഫോൺ ചെയ്യുമെന്നു കരുതി പെട്ടന് പുറത്തുപോയി. എന്നിട്ട് സിസിടിവി, ടവർ നോക്കുകയും ചെയ്തു. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തിൽ നാടുവിട്ടില്ലെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാനെത്തുമ്പോൾ അയാൾ ഷോക്കായി. ജനങ്ങളുടെ മുന്നിൽ വലിയ ആളായി നിന്നു. ഇന്ന് വീട്ടിൽ കുടുംബ സംഗമം നടന്നിരുന്നു. ഇന്നാണ് പ്രതിയിലേക്കെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. 3ദിവസം മുമ്പ് ഇയാൾ ബാങ്കിൽ വന്നു. എക്സ്പെയറിയായ എടിഎം കാർഡുമായാണ് വന്നത്. അവസാനത്തെ 15 ദിവസത്തെ സിസിടിവി പൊലീസ് പരിശോധിക്കുകയായിരുന്നു. ഇന്ന് വലിയ ടീമായി വീടുവളഞ്ഞുവെന്നും പൊലീസ് പറയുന്നു. ആഴ്ചകൾക്ക് മുമ്പ് തന്നെ ബാങ്ക് കവർച്ച എന്ന ഓപ്ഷനിലേക്ക് പ്രതി എത്തിയിരുന്നു. 3 ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നതെന്നും ഇയാൾ ഉപയോഗിച്ച കത്തി ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണെന്നും എസ്പി കൂട്ടിച്ചേർത്തു.

വമ്പൻ ഇടിവിൽ സ്വർണവില;ഫെബ്രുവരിയിലെ വിലയറിയാം

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 800  രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പൻ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന്റെ ഇരട്ടിയോളമാണ് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6495 രൂപയാണ്. വെള്ളിയുടെ വിലകുറഞ്ഞിട്ടില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഫെബ്രുവരി 11 (പരിഷ്കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520 രൂപ
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ
ഫെബ്രുവരി 15: ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. വിപണി വില 63,120 രൂപ

‘അവരുടെ ത്യാഗം ഒരിക്കലും മറക്കരുത്’; പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

0

2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) 40 ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. സൈനികർ രാജ്യത്തിനായി നടത്തിയ അചഞ്ചലമായ സമര്‍പ്പണത്തെ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

‘‘2019ല്‍ പുല്‍വാമയില്‍ നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കരുത്,’’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘‘2019ല്‍ ലെ ഈ ദിവസം, പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരരായ സൈനികര്‍ക്ക് രാഷ്ട്രത്തിന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍ നന്ദിയോടെ അര്‍പ്പിക്കുന്നു,’’ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.‘‘ഭീകരത എല്ലാ മനുഷ്യരാശിയുടെയും ഏറ്റവും വലിയ ശത്രുവാണ്. ലോകം മുഴുവന്‍ അതിനെതിരെ ഒന്നിച്ചു നില്‍ക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയാലും വ്യോമാക്രമണമായാലും ഭീകരതയ്‌ക്കെതിരേ ഒട്ടും സഹിഷ്ണുതയില്ലാതെ തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’’ അദ്ദേഹം പറഞ്ഞു.

‘‘2019ലെ ഈ ദിവസം പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ ഇന്ത്യയ്ക്ക് ധീരരായ സിആര്‍സിഎഫ് ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു. രാജ്യത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗം ഒരിക്കലും മറക്കാനാവില്ല. ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അവരുടെ ധീരതയെ രാജ്യം ഒറ്റക്കെട്ടായി നിന്ന് ആദരിക്കുന്നു. ഭീകരതയ്‌ക്കെതിരായി പോരാട്ടം നടത്തുമെന്ന് നാം ദൃഢനിശ്ചയം ചെയ്ത് അത് പാലിക്കുന്നു,’’ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

‘‘പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ എല്ലാ അനശ്വര സൈനികര്‍ക്കും  ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഭാരതമാതാവിന്റെ ധീരപുത്രന്മാരുടെ ത്യാഗം ഭീകരതയ്‌ക്കെതിരേ ഒന്നിക്കാനും പോരാടാനും നമ്മെ പ്രചോദിപ്പിക്കുന്നു,’’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.

‘‘പുല്‍വാമ രക്തസാക്ഷികളുടെ അദമ്യമായ ധൈര്യത്തെയും ത്യാഗത്തെയും കടപ്പെട്ടിരിക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി. ഭാരതമാതാവിനുവേണ്ടിയുള്ള അവരുടെ നിസ്വാര്‍ത്ഥമായ ത്യാഗം ഒരിക്കലും മറക്കില്ല,’’ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിംഗ് പുരി, ബിജെപി വക്താവ് സാംബിത് പത്ര, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പശ്ചിമ ബംഗാള്‍ ഗവർണർ ആനന്ദ ബോസ് എന്നിവരും പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു.

2019 ഫെബ്രുവരി 14ന് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ഇടിച്ചു കയറ്റുകയായിരുന്നു.ബാലാകോട്ട് വ്യോമാക്രമണത്തോടെ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഇതിന് തിരിച്ച് മറുപടി നല്‍കി. ‌

‘നാട്ടാന പരിപാലന ചട്ടം പ്രത്യക്ഷത്തിൽ തന്നെ ലംഘിച്ചതായി കണ്ടെത്തി’; കർശന നടപടികൾ സ്വീകരിക്കും: മന്ത്രി എകെ ശശീന്ദ്രൻ

0

സോഷ്യൽ ഫോറസ്ട്രി വിഭാഗം സിസിഎഫിന്‍റെ റിപ്പോർട്ട് ലഭിച്ചതായും നാട്ടാന പരിപാലന ചട്ടം പ്രത്യക്ഷത്തിൽ തന്നെ ലംഘിച്ചതായാണ് കണ്ടെത്തിയതെന്നും മന്ത്രി എകെ ശശീന്ദ്രൻ. ആനകൾക്ക് ഇടച്ചങ്ങല ഇടണം എന്ന നിർദ്ദേശം പാലിച്ചില്ല. വെടിക്കെട്ട് നടത്തിയതും അശ്രദ്ധമായിട്ടെന്ന് മന്ത്രി പറഞ്ഞു. ആനയുടമകളും ക്ഷേത്രം ഭാരവാഹികളും നടന്ന സംഭവത്തിന് ഉത്തരവാദികളാണ്. നാട്ടാന പരിപാലന ചട്ടത്തിലെ റൂൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ശിക്ഷാനടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്‍റെയടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിന് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസും നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. നാട്ടിലെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സർക്കാർ എതിരല്ല. പക്ഷേ നിബന്ധനകൾ ലംഘിച്ചുകൊണ്ട് ഉത്സവം നടത്താൻ പാടില്ല.
അത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് നിബന്ധനകൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള താക്കീത് എന്ന നിലയിൽ മാതൃകാപരമായി നടപടി സ്വീകരിക്കാനാണ് തീരുമാനം. സംഭവസ്ഥലം നാളെ സന്ദർശിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. ഗുരുവായൂര്‍ ദേവസ്വത്തോടും, വനം വകുപ്പിനോടും കോടതി വിശദീകരണം തേടി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

0

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്.

മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച കത്തിൻെറ പകർപ്പ് 24ന് ലഭിച്ചു. സംസ്ഥാനം സമർപ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.

ടൌൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്.

അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബജറ്റ്‌ അവതരണം തുടങ്ങിയത്.

വയനാട് ദുരന്തന്തിൽ കേന്ദ്ര സമീപനത്തെ കേരളം ആവർത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂർത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നൽകിയിട്ടുണ്ട്.

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് റിപ്പോട്ട്, പോസ്റ്റ്മോർട്ടം ഇന്ന്

0

കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്.

എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര്‍ മരിച്ചത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ആനകള്‍ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്‍റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്‍റെ അടിയിലകപ്പെട്ടവര്‍ക്ക് എഴുന്നേറ്റ് പോകാനായിരുന്നില്ല. ഇവരിൽ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം.

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇട‌ഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്‍റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നിൽ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്‍മാര്‍ തളച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.