പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 593/2023) തസ്തികയുടെ കോഴിക്കോട് ജില്ലയിലെ സെന്റ് ജോസഫ് കോളേജ്, ദേവഗിരി, കേന്ദ്രത്തില്‍ ജനുവരി 10 ന് നടക്കേണ്ട ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 14 ലേക്ക് മാറ്റി. ടെസ്റ്റ് കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റിന് ഹാജരാകണം. കായികക്ഷമതാ പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം തന്നെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണം.
1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ഒന്നാമത്. 12ാം തവണയാണ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ നേട്ടം കൊയ്യുന്നത്. ട്വന്റിഫോറിന്റെ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കാന്‍ പോകുന്നത് ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ്.
പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന വിധി നിര്‍ണയത്തിലെ പരാതികളും ആരോപണങ്ങളും വളരെ വിരളമായ കലോത്സവത്തിനാണ് തിരശ്ശീല വീഴുന്നത്. ഊരുകളില്‍ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം എന്നിവയെല്ലാം ഇത്തവണ അരങ്ങിലെത്തിയിരുന്നു.
മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) ആണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികള്‍ ആകും.
മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നുവീണ് 10 വയസ്സുകാരൻ മരിച്ചു;
മൂന്നാര്‍: മാതാപിതാക്കളോടൊപ്പം മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ പത്തു വയസ്സുകാരന്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഗര്‍ ദലാലിന്റെ മകന്‍ പ്രാരംഭ ദലാല്‍ ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയിലാണ് മൂന്നാര്‍ പള്ളിവാസല്‍ ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ ആറാം നിലയിലെ മുറിയില്‍നിന്ന് കുട്ടി വീണത്. സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ താഴെ വീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.കസേരയില്‍ കയറിയ കുട്ടി സ്ലൈഡിങ് വിന്‍ഡോ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല് തെറ്റി കസേരയില്‍നിന്ന് മറിഞ്ഞ് ജനലിലൂടെ താഴേക്ക് വീണു. തലയോട്ടിയിലെ പരിക്കാണ് മരണകാരണമെന്നാണ് വിവരം. വെള്ളത്തൂവല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വർണക്കപ്പ് തൃശൂരങ്ങെടുത്തു; നേട്ടം കാൽനൂറ്റാണ്ടിന് ശേഷം; 1008 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: 63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാംപ്യന്‍മാരായി. ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ 1007 പോയിന്‍റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തുടക്ക മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും.
60കാരിക്ക് പുതുജീവന്‍
കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ 60കാരിയുടെ ജീവൻ രക്ഷിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ബസ് റൂട്ടിൽ നിന്ന് വഴിമാറി, ഉടൻ വൈദ്യസഹായം ഉറപ്പാക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബിൽ ബസിൽ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ബോധരഹിതയായി.
വയോധികയുടെ സമീപത്തിരുന്ന സഹയാത്രികൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ലിതിൻ, കണ്ടക്ടർ ലെനിൻ ശ്രീനിവാസൻ എന്നിവർ ഉടൻ തന്നെ വാഹനം വഴിതിരിക്കാൻ തീരുമാനിച്ചു.
“സ്ത്രീ കുഴഞ്ഞുവീണപ്പോൾ ഒരു യാത്രക്കാരൻ ഞങ്ങളെ അറിയിച്ചു. ലേക്‌ഷോർ ആശുപത്രി സമീപത്തുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നതിനാൽ, വണ്ടിയിലെ യാത്രക്കാരെ അറിയിച്ചതിന് ശേഷം ഞങ്ങൾ വഴിതിരിച്ചുവിടാൻ തീരുമാനിച്ചു,” ഇരുവരും പറഞ്ഞു.
ഹൃദയസ്തംഭനത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച സ്ത്രീയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു അടിയന്തര വൈദ്യസഹായം നൽകി. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സയാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്. രോഗിയുടെ ആരോഗ്യനിലയറിയാൻ ഏകദേശം 30 മിനിറ്റോളം ബസ് ആശുപത്രിയിൽ കാത്തുനിന്നതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടർന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഡ്രൈവറും കണ്ടക്ടറും സന്തോഷം പ്രകടിപ്പിച്ചു. ബസിൻ്റെ ഡാഷ് ക്യാമിലെ ദൃശ്യങ്ങൾ ആശുപത്രിയിലേ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ, എന്നിവ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലുമായി.
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അൽഐൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി-മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) ആണ് അൽഐനിൽ നിര്യാതനായത്.
പിതാവ്: പരേതനായ കുമ്മങ്കോട് സൂപ്പി. മതാവ്: പരേതയായ എ.കെ.പി ഹലീമ.ഭാര്യ: ജമീല. മക്കൾ: റംഷീന, റിഷാന, ഫാത്തിമ റിഷ്ന. സഹോദരങ്ങൾ: മഹ്മൂദ് കുന്നുമ്മക്കര, മുഹമ്മദ് (ഏർവാടി), സലാം (ഒമാൻ). മരുമക്കൾ: സലീം, അർഷാദ്
പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു;
മലപ്പുറം: തിരൂർ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.
അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന പ്രകോപിതനായത്. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞ ആന സമീപത്തുണ്ടായിരുന്ന ആളെ തുമ്പിക്കയിൽ തൂക്കി ചുഴറ്റി എറിയുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ആൾ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലാണ്. പിന്നീട് രാത്രി 1.45 ഓടെ പാപ്പാന്മാർ ആനയെ തളച്ചു. ചട്ടങ്ങൾ പാലിച്ചാണ് ആനയെ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കളക്ടർ ഇടപെട്ട് ബാക്കി ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കി. നേർച്ച ഇന്ന് പുലർച്ചെ സമാപിച്ചു.
കാരുണ്യയ്ക്ക് ഭാഗ്യക്കുറി വകുപ്പിന്‍റെ 29 കോടി കൂടി; ഏറ്റുവാങ്ങി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നൽകി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് തുക കൈമാറിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.
വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 40 രൂപയാണ് ടിക്കറ്റു വില. ഒന്നാം സമ്മാനമായി ഇരുപത് കോടി രൂപ നൽകുന്ന ക്രിസ്തുമസ് – നവവത്സര ടിക്കറ്റാണ് നിലവിൽ ബമ്പർ ടിക്കറ്റായി വിപണിയിൽ ഉള്ളത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, പബ്ലിസിറ്റി ഓഫീസർ ജി ബിൻസിലാൽ, ജില്ലാ ലോട്ടറി ഓഫിസർ ആനന്ദ് എസ് കുമാർ, സ്‌റ്റേറ്റ് ഹെൽത് ഏജൻസി ജോയിന്‍റ് ഡയറക്ടർമാരായ അല്ലിറാണി എ എം, ഡോ: ബിജോയ് ഇ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ജനുവരി 22 ലെ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു.
തിരുവമ്പാടി : പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22 നു നടത്തുന്ന പൊതുപണിമുടക്കിന് കെ.പി.എസ്.ടി.എ. തിരുവമ്പാടി ബ്രാഞ്ച് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സമിതി അംഗം സുധീർകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല ട്രഷറർ ബിൻസ് പി ജോൺ അധ്യക്ഷത വഹിച്ചു. ജോളി ജോസഫ് , സിറിൽ ജോർജ് , മുഹമ്മദലി ഇ.കെ., ബിജു മാത്യു, ബിജു വി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ജിയോ ജോർജ് , ജെഫിൻ സെബാസ്റ്റ്യൻ , അജയ് പി എസ്. എന്നിവരെ ബ്രാഞ്ച് ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
‘മുഖ്യമന്ത്രി ഉറപ്പ് നൽകിയ നടപടി, ഇപ്പോള്‍ മനസിന് സമാധാനം’: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ പ്രതികരിച്ച് ഹണി റോസ്
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. തനിക്കെതിരെ നടത്തിയ അശ്ലീല പരമർശത്തിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.
മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി ഞാന്‍ നിന്ന ഒരു വേദിയില്‍ വച്ച് മോശമായ പല പരാമര്‍ശങ്ങളും നടത്തിയത്. അത് കഴിഞ്ഞ് നിര്‍ത്താന്‍ പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങി. ഇത് എന്നെ ഒരാള്‍ വെല്ലുവിളിക്കുന്ന അവസ്ഥയിലായിപ്പോയി.
ഇവിടെ ഒരു നിയമമുണ്ട്. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി പിന്നാലെ കൂടി ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യുകയായിരുന്നു. ഒടുവില്‍ ഇത് നിര്‍ത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാനും കുടുംബവും തീരുമാനം എടുത്ത് ഇതിനെതിരെ നീങ്ങിയത്. എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനത്തിലാണ് കേസ് കൊടുത്തത്.
ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം വ്യക്തമായി ഉറപ്പ് നല്‍കിയിരുന്നു. കേസില്‍ വ്യക്തമായ നടപടി എടുക്കും എന്നാണ്. നേരത്തെ തന്നെ ഇതിനെതിരെ രംഗത്ത് എത്തേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ട്. ഇതില്‍ നടപടി എടുത്തില്ലെങ്കില്‍ ഈ കുറ്റകൃത്യം ഞാന്‍ അസ്വദിക്കുന്നു എന്ന സന്ദേശം പുറത്ത് വന്നേക്കാം. അതിനാല്‍കൂടിയാണ് നടപടി ഇപ്പോള്‍ എടുത്തത്. ഒരു പ്രശ്നത്തിലേക്ക് പോകാതെ ഒതുങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു എന്റേത്. പക്ഷേ നേരത്തേതന്നെ പ്രതികരിക്കാത്തതിൽ ഇപ്പോൾ വലിയ വിഷമം തോന്നുന്നുണ്ട് – ഹണി റോസ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാര്‍ത്തയില്‍ പ്രതികരിച്ചു.



