spot_img
Tuesday, July 7, 2026
Home Blog Page 259

സംസ്ഥാന സ്‌കൂൾ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോർജ്

0

* കൺട്രോൾ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലോത്സവം പൂർണമാകുന്നത് വരെ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവർ മെഡിക്കൽ ടീമിൽ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാം. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസകൾ നേർന്നു.സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തിൽ 9072055900 എന്ന നമ്പരിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേയും പരിസരങ്ങളിലേയും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം പരിശോധന നടത്തും. പകലും രാത്രിയിലും പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയും സജ്ജമാക്കി. വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

സ്‌കൂൾ കലോത്സവം: പഴയിടം രുചിയുമായി ഭക്ഷണപ്പുര ഒരുങ്ങി

0

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്‌പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷ്യൽ വിഭവം ഏതെന്ന് ഇപ്പോൾ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസിലാക്കട്ടെ – പഴയിടം പറഞ്ഞു.2006 ലെ സംസ്ഥാന സ്‌കൂൾ കലോത്സവം മുതൽ പഴയിടം മോഹനൻ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് 14 തവണയും സ്‌കൂൾ ശാസ്ത്രമേളയ്ക്ക് 15 തവണയും പഴയിടം ഭക്ഷണം ഒരുക്കിയിട്ടുണ്ട്.ഭക്ഷണപ്പുരയിൽ ദിവസവും നാൽപ്പതിനായിരം പേർക്ക് ഭക്ഷണമൊരുക്കും. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേർക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേർക്ക് ഉച്ചഭക്ഷണവും പതിനായിരം പേർക്കുള്ള അത്താഴവും ഭക്ഷണപ്പുരയിൽ തയ്യാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നൽകുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽനിന്ന് സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്.ഭക്ഷണപ്പുരയുടെ സജ്ജീകരണങ്ങളിൽ പൂർണ്ണമായും തൃപ്തനാണെന്ന് പഴയിടം പറഞ്ഞു. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാവും ഉണ്ടാവുക. അതിനായി നല്ലൊരു മെനു ഒരുക്കിയിട്ടുണ്ട്.പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള നെയ്യാർ പന്തലിൽ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ഭക്ഷണം വിളമ്പാനുണ്ട്. അദ്ധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല.

വടകരയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ എൻഐടി സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ

0

കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എൻഐടിയിലെ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയി ഭാഗമായിരുന്നു.

കാരവാനിൽ വിഷപ്പുക ശ്വസിച്ചു രണ്ടുപേർ മരണപ്പെട്ട സാഹചര്യം ശാസ്ത്രീയ പരിശോധനയ്ക്ക് എത്തിയ NIT SMSE പ്രൊഫസർ ഡോ. സജിത്ത് വി. യും സംഘവും. പ്ലാറ്റ്ഫോമിലെ സുഷിരങ്ങളിൽ കൂടി ജനറേറ്റർ പുക ഉള്ളിൽ എത്തിയത് അവർ പുനസൃഷ്‌ടിച്ചു. അതിലെ മരണകാരണമായ കാർബൻ മോണോക്സൈഡ് സാന്നിധ്യം ഗ്യാസ് അനലൈസർ വെച്ച് സ്ഥിതീകരിച്ചു

മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയിൽ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കൾ മരിച്ചുകിടന്നത്. വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കൾ. വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസി ഓൺ ചെയ്ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിൻ്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വയനാട് പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

0

കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുവിനെ കൊന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്._

പെരുന്തട്ട, വെള്ളാരംകുന്ന് എന്നിവിടങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ പിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം.

വയനാട് പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

0

കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുവിനെ കൊന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്._

പെരുന്തട്ട, വെള്ളാരംകുന്ന് എന്നിവിടങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ പിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം.

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

0

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. 1 മുതൽ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കംനാല് പ്രതികൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. കേസില്‍ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്.

പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ

0

സുരക്ഷിതമായ നിരത്തുകള്‍ നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്.അപകടരഹിത യാത്രയ്ക്കായി നമുക്ക് കൈകോര്‍ക്കാം കേരളാ പോലീസ് നൽകുന്ന നിർദ്ദേശം

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കും. സന്ദേശം അയക്കുമ്പോൾ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക

കേരളം വിയര്‍ക്കും ! ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത, ജാഗ്രത

0

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുവന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

ആറ് വര്‍ഷം നീണ്ട നിയമപോരാട്ടം, 20 മാസത്തെ വിചാരണ; പെരിയ കേസില്‍ വിധി ഇന്ന്

0

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതി കണ്ടെത്തിയിരുന്നു. 10 പേരെ കുറ്റവിമുക്തരുമാക്കി. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്.

ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരേ പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി

0

*ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും

*ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.  സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ,  റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

 തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന്  അവതരിപ്പിക്കും.  വയനാട്  വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക്  കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.

പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.  സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ  5  നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്.എസ്.എസ്., ഗവ. മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട്  എന്നീ വേദികളിലുമാണ്  നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

സ്വർണകപ്പ് ഘോഷയാത്ര നാളെയെത്തും

കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര നാളെ (ജനുവരി 3) രാവിലെ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേരും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം  ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

രജിസ്ട്രേഷൻ നാളെ മുതൽ

സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.

ഭക്ഷണ പന്തൽ പുത്തരിക്കണ്ടത്ത്

പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ.  നാളെ രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന  പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാകും.

ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.