കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുവിനെ കൊന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്._
പെരുന്തട്ട, വെള്ളാരംകുന്ന് എന്നിവിടങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ പിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം.






