spot_img
Wednesday, July 8, 2026
Home Blog Page 274

ഭക്ഷണം മോശമാണെന്ന പരാതിയുണ്ടോ? ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം!

0

ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളെയാണ് വകുപ്പ് രാഗത്തിറക്കിയിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കല്‍ 7593861768 എന്നിവയ്ക്ക് പുറമെ ടോള്‍ ഫ്രീ 18004251125 നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.

ഒരു മേഖലയില്‍ മാത്രം ദിവസേന കുറഞ്ഞത് ഇരുപത് പരിശോധനകള്‍വരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ ഭക്ഷണം പാചകം ചെയ്ത് തുറസായ രീതിയില്‍ പ്രദശിപ്പിക്കുന്ന പ്രവണതയുണ്ട് . ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാര്‍ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത് പറഞ്ഞു. കുന്നാര്‍ ഡാം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാര്‍ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തില്‍ ഇതിലൊന്ന് തകര്‍ന്നുപോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്. കുന്നാര്‍ ഡാമില്‍നിന്ന് ജലം എത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കാമെന്ന് ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കും: മുഖ്യമന്ത്രി

0

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

മരണപ്പെട്ടവരെ  അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും.  സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി സാംബശിവറാവു, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവനേകാം ജീവനാകാം; അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക മാധ്യമ പ്രചാരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

0

തിരുവനന്തപുരം: സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) മൃതസഞ്ജീവനി ‘ജീവനേകാം ജീവനാകാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണ പരിപാടി നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജനറൽ ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കൽ പ്രോഗ്രാം ഒരു വർഷം പൂർത്തിയാവുന്നതിന്റെ ആഘോഷ ചടങ്ങിൽ ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. ജനറൽ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

‘ജീവനേകാം ജീവനാകാം’ എന്ന സന്ദേശം ഉൾപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണു പരിപാടി ഉദ്ഘാടനം ചെയ്യുക. തുടർന്നു മന്ത്രി അവയവദാന ബോധവത്ക്കരണ സന്ദേശം നൽകും. അവയവദാനവുമായി ബന്ധപ്പെട്ട് കെ-സോട്ടോ തയ്യാറാക്കിയ വീഡിയോയും പ്രകാശിപ്പിക്കും. അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്തു നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങൾ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിനു സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ 2025 മെയ് 31 വരെ ആറുമാസത്തെ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിപാടികൾ സംഘടിപ്പിക്കാനാണ് കെ-സോട്ടോ ഉദ്ദേശിക്കുന്നത്.

ഇതിലൂടെ കൂടുതൽ ആളുകളെ അവയവദാനത്തിനു പ്രേരിപ്പിച്ച് അവയവദാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കം ചെയ്യുക എന്നതാണു ലക്ഷ്യമെന്നും ഓരോ വ്യക്തിയും മരണാനന്തര അവയവദാനത്തിനു സന്നദ്ധരായി പ്രചാരണത്തിന്റെ ഭാഗമാകണമെന്നും കെ- സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് എസ് നോബിൾ ഗ്രേഷ്യസ് അഭ്യർത്ഥിച്ചു. മരണാനന്തരം അവയവദാനം ചെയ്യാനാഗ്രഹിക്കുന്നവർക്ക്  notto.abdm.gov.in/register എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.

ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു

0

തിരുവമ്പാടി :സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിലുള്ള ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു. കഴിഞ്ഞ 9 ദിവസങ്ങളായി നടന്നു വന്ന തിരുനാൾ ആഘോഷങ്ങളുടെ സമാപനമാണ് വിവിധ പരിപാടികളോടെ നടത്തിയത്. വൈകുന്നേരം ദേവാലയത്തിൽ കുർബാനയും തുടർന്ന് ടൗൺ കപ്പേളയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടത്തി.കപ്പേളയിലെ നൊവേനയ്ക്കു ശേഷം ദേവാലയത്തിലേക്ക് പ്രദക്ഷിണം തിരിച്ചെത്തിയപ്പോൾ ലദീഞ്ഞും സമാപന ആശിർവാദവും നടത്തി. സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു .സമാപന ദിവസത്തെ തിരു കർമങ്ങൾക്ക് ഫാ.ഷെനീഷ് അഗസ്റ്റിൻ താന്നിക്കൽ നേതൃത്വം നൽകി.
ഇടവക വികാരി ഫാ. തോമസ് നാഗ പറമ്പിൽ, അസി. വികാരി ഫാ. ആൽബിൻ വിലങ്ങുപാറ, ട്രസ്റ്റിമാരായ തോമസ് പുത്തൻപുരയ്ക്കൽ, ബൈജു കുന്നുംപുറത്ത്, ജോഫി അലക്സ്, റിജേഷ് മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

കൊടുവള്ളി സ്വർണക്കവർച്ച: അഞ്ചു പേര്‍ അറസ്റ്റിൽ, 1.2 കിലോ സ്വര്‍ണം കണ്ടെടുത്തു

0

കൊടുവള്ളി സ്വർണ്ണക്കവർച്ചയുടെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി കോഴിക്കോട് റൂറൽ എസ്‍പി നിധിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു.രമേശിനെ കൂടാതെ വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാൻ രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്.പി. നിധിന്‍ രാജ് അറിയിച്ചു. നടന്നത് ആസൂത്രിത കവര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയാണ്, സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമ ബൈജുവിനെ കാറിടിച്ച് വീഴ്ത്തി ഒരു സംഘം സ്വർണം കവർന്നത്. 1.75 കിലോ സ്വർണമാണ് ബൈജുവിന് നഷ്ടമായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പാലക്കാട്-തൃശൂർ സ്വദേശികളായ അഞ്ചംഗ സംഘം പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.

ഗായികയും അവതാരകയുമായി അഞ്‍ജു ജോസഫ് വിവാഹിതയായി

0

ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്‍ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്.സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനുപായിരുന്നു ആദ്യ ഭര്‍ത്താവ്.ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.

സ്‌കൂൾ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു

0

പാലക്കാട്: സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെൻ്റ് തോമസ് എരിമയൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. സ്കൂൾ വിട്ട് ബസിലെത്തിയ ത്രിതിയ ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്കരിക്കും.

കാല്‍നട യാത്രക്ക് ബുദ്ധിമുട്ടെന്ന് പരാതി, മിഠായിത്തെരുവിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു

0

കോഴിക്കോട്: മിഠായിത്തെരുവില്‍ കാല്‍നട യാത്രക്ക് തടസമാവുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ്‌ കെ പ്രതിമക്കും താജ് റോഡിനും ഇടയില്‍ കച്ചവടം നടത്തിയവരെയാണ് ഒഴിപ്പിച്ചത്. നിര്‍ദേശം ലംഘിച്ചാല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

ടൗണ്‍ പൊലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. അനധികൃത കച്ചവടക്കാരുടെ സാധനങ്ങള്‍ എടുത്ത് മാറ്റുകയും വില്‍പനക്ക് വച്ച ഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. കാല്‍നട യാത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം തെരുവില്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വിശദമാക്കുന്നത്. മിഠായിത്തെരുവിലും പരിസരത്തും 103 തെരുവ് കച്ചവടക്കാര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ കോര്‍പറേഷന്‍ വ്യാപാര അനുമതി നല്‍കിയിട്ടുണ്ട്. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജയറാം, ജെഎച്ച്‌ഐ സുബ്ബറാം തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക

0

വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക്  ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്.

അപ്രതീക്ഷിത ചികിത്സാ ചെലവ്

വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും.

പരിരക്ഷ

ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷുറൻസ് കവറേജ് സഹായകമാകും.

പോളിസി നിബന്ധനകൾ മനസിലാക്കണം

വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇൻഷുറൻസ് പോളിസി എന്തെല്ലാം പരിരക്ഷ നൽകുന്നുണ്ടെന്നു വ്യക്തമായി മനസിലാക്കിയ ശേഷമാവണം എടുക്കേണ്ടത്.  നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയുടെ ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണം. ഇതിനു പുറമേ, തദ്ദേശീയ പോലീസ്, എംബസി, ട്രാൻസ്പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.

എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്: പ്രതി പിടിയിൽ

0

കോഴിക്കോട് : എരഞ്ഞിപ്പാലം ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ   
പ്രതി പിടിയിൽ. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് ചെന്നെയിൽ നിന്നാണ് പിടിയിലായത്.  
കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം അബ്ദുൾ സനൂഫിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ട ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തി. ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. ഈ വിരോധമാണ് കൊലപാതക കാരണമെന്നാണ് വിവരം.