കൊച്ചി: കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മൂന്ന് പേർ മരിച്ചു
കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് ബത്തേരി സ്വദേശികളായ മൂന്നുപേർ മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ചു, ഇവരുടെ രണ്ടു വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. ബൈക്കിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
കെജ്‌രിവാള്‍ നിര്‍ദേശിച്ചു; അതിഷി ഡല്‍ഹി മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിച്ചു.എഎപി എംഎല്‍എമാര്‍ അതിനെ പിന്തുണച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. കെജ്‌രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.
പുതിയ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ അതിഷിയെ ഐകകണ്ഠമായി തിരഞ്ഞെടുത്തെന്ന് യോഗത്തിന് ശേഷം എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എഎപി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്‌നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എഎപിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒരാളുടെ പേര് മുന്നോട്ട് വെക്കാന്‍ പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെജ്‌രിവാള്‍ അതിഷിയെ നിര്‍ദേശിക്കുകയായിരുന്നു. മറ്റു എംഎല്‍എമാരെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ അതിഷി എഎപിയുടെ നിയമസഭാ കക്ഷി നേതാവായി മാറി.
നിലവിലെ സര്‍ക്കാരില്‍ ധനം, റവന്യൂ,വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.കെജ്‌രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു എഎപി മുതിര്‍ന്ന നേതാവായ അതിഷി. കല്‍ക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്ഥാനത്ത് പാര്‍ട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്‌രിവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് അതിഷി മന്ത്രി സഭയില്‍ എത്തുന്നത്.
റേഞ്ച് പോയി ജിയോ, രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു
മുംബൈ: രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ സേവനങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ജിയോയുടെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരാതിപ്പെട്ടത്. മുംബൈയില്‍ ജിയോ സേവനം തടസപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുംബൈക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്നമുള്ളതായി ഡിഎന്‍എയുടെ വാര്‍ത്തയില്‍ പറയുന്നു. മൊബൈല്‍ നെറ്റ്‌വര്‍ക്കിന് പുറമെ ഫൈബര്‍ കണക്ഷനെ കുറിച്ചും പരാതികളുണ്ട്.
ജിയോ നെറ്റ്‌വര്‍ക്കില്‍ വന്നിരിക്കുന്ന പ്രശ്‌നം ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിടെക്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യം ഉച്ചസമയത്താണ് ജിയോ ഉപഭോക്താക്കള്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്നങ്ങളുള്ളതായി കൂടുതലും പരാതിപ്പെട്ടത്. നോ സിഗ്നല്‍ എന്നായിരുന്നു ഡൗണ്‍ഡിടെക്റ്ററില്‍ വന്ന 68 ശതമാനം പരാതികളും. 18 ശതമാനം പേര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് തകരാറിനെ കുറിച്ചും 14 ശതമാനം ജിയോ ഫൈബറിലെ പ്രശ്നങ്ങളെ കുറിച്ചും പരാതി രേഖപ്പെടുത്തി. എന്നാല്‍ നിലവില്‍ ഉപഭോക്താക്കള്‍ നേരിടുന്ന നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളെ കുറിച്ച് ജിയോ സാമൂഹ്യമാധ്യമങ്ങളില്‍ വിശദീകരണം പങ്കുവെച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.18 ആയപ്പോഴേക്ക് 10,367 പരാതികള്‍ ജിയോ നെറ്റ്‌വര്‍ക്കിലെ തകരാര്‍ സംബന്ധിച്ച് ഡൗണ്‍ഡിടെക്റ്ററില്‍ വന്നു. രാവിലെ 10.13ന് ഏഴും, 11.13ന് 653 ഉം പരാതികള്‍ മാത്രമാണുണ്ടായിരുന്നത്.
യുവാവും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് പൊലീസ്; നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ടെടുത്തെന്ന് പ്രതി
കൊല്ലം∙ മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിൾ പൊലീസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ശ്രീക്കുട്ടിയെ അജ്മൽ പരിചയപ്പെടുന്നതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലാണ്. രക്തപരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് വിവരം.
സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണു മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്
നിപ്പ: മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം
മലപ്പുറം∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചരിക്കുന്നത്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും കലക്ടർ നിർദേശം നൽകി.
തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് എന്ന സംശയം ഉണ്ടായത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.ബെംഗളുരുവിൽ വിദ്യാർഥിയായ യുവാവാണ് മരിച്ചത്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
‘ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം അറിയിക്കൂ’; അഭ്യര്‍ഥനയുമായി കേരള പൊലീസ്
സംസ്ഥാനത്തും വെര്‍ച്വല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു.
കേരള പൊലീസിന്‍റെ സന്ദേശം
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്– എന്നും കേരള പൊലീസ് അറിയിച്ചു.
വെര്‍ച്വല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്‌ടമാകുന്ന സംഭവം അടുത്തിടെ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരില്‍ പണം തട്ടുന്ന സംഭവം കേരളത്തെയും ഞെട്ടിച്ചു. സംഗീത സംവിധായകൻ ജെറി അമൽ ദേവ് സമാന തട്ടിപ്പിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ജെറി അമല്‍ ദേവിനെ പണത്തിനായി സമീപിച്ചത്.
കൊറിയര്‍ സര്‍വീസിന്‍റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുമ്പ് കേരള പൊലീസ് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. പാഴ്സലിലെ സാധനങ്ങൾ മയക്കുമരുന്നാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അനവധി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് ദിവസവും നടക്കുന്നത്.
കോട്ടക്കലില്‍ ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു കിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.
ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടാകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിലവില്‍ കുഞ്ഞിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടി കളിക്കുന്നതിനിടയില്‍ ബക്കറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ പരാക്രമം; ജനവാസ മേഖലയിൽ തുടരുന്നു, തുരത്താൻ തീവ്രശ്രമം
പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാട്ടിലൂടെ സഞ്ചരിക്കുന്നത് തുടരുന്നു. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയില്‍ ഭീതിപരത്തുന്നത് തുടരുകയാണ്.
പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ആന ഇപ്പോഴും സഞ്ചരിക്കുകയാണ്. വനമേഖലയിൽ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴും ആന. ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വഴി ഒരുക്കുകയാണ് വനംവകുപ്പ്. കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിന്‍റെ നേതൃത്വത്തിൽ ആണ് ആനതുരത്തൽ. തിരുവോണ ദിനത്തില്‍ ആളുകളെ ഭീതിയിലാഴ്ത്തിയാണ് കാട്ടാനയുടെ പരാക്രമം. നിലവില്‍ പട്ടാണിപ്പാറ ഭാഗത്തേക്ക് ആണ് ആന നീങ്ങുന്നത്.
പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പന്തിരിക്കര ആവടുക്ക മദ്രസക്ക് സമീപവും ആനയെ കണ്ടതായി സൂചനയുണ്ട്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പ്രദേശത്തെ വാഴ കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇതേ ആനയെ തന്നെയാണ് പൈതോത്ത് റോഡ് ഭാഗത്തും കണ്ടതെന്ന് കരുതുന്നു. പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പെരുവണ്ണാമൂഴിയില്‍ നിന്ന് എത്തിയ വനംവകുപ്പ് അധികൃതരും പോലീസുകാരും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാട്ടാന ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളോട് വീടുവിട്ടറങ്ങരുതെന്നാണ് നിര്‍ദേശം.



