spot_img
Thursday, July 9, 2026
Home Blog Page 315

സിനിമ സമൂഹത്തിൻ്റെ ഭാഗം, എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു, അമ്മ ട്രേഡ് യൂണിയനല്ല: മോഹൻലാൽ

0

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു. സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു.

അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

കാർത്തിക് സൂര്യയ്ക്ക് മാം​ഗല്യം, വധു മുറപ്പെണ്ണ്

0

വ്ലോ​ഗിങ്ങിലൂടെ ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. മാമന്റെ മകൾ വർഷയെയാണ് കാർത്തിക് വിവാ​ഹം കഴിക്കാൻ പോകുന്നത്. കാർത്തിക് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘അങ്ങിനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’, എന്ന് കുറിച്ചാണ് കാർത്തിക് വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കിട്ടിരിക്കുന്നത്.

വർഷയിലേക്ക് എങ്ങനെ എത്തി എന്നതിനെ കുറിച്ചുള്ള വീഡിയോ കാർത്തിക് പങ്കുവച്ചിട്ടുണ്ട്. “ഒരുദിവസം രാവിലെ അഞ്ച് മണിക്ക് വർഷയെ കാണണം എന്ന് മോളിക്ക്(അമ്മ) തോന്നി. ചിലപ്പോഴത് നമ്മുടെ ഉപബോധ മനസിൽ അടിഞ്ഞ് കിടക്കുന്നൊരു ആ​ഗ്രഹമായിരിക്കാം. വേറൊരു ദിവസം ഞാനും ഇതേപോലെ സ്വപ്നം കണ്ടു. അപ്പോഴേക്കും നിന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് പോകാൻ വർഷയ്ക്ക് പറ്റും എന്ന് എനിക്ക് തോന്നി. പോസിറ്റീവ് വൈബുള്ള കുട്ടിയുമാണ്. ഒടുവിൽ ഞങ്ങൾ രണ്ട് പേരും കൂടി കുട്ടിയെ പോയി കണ്ടു സംസാരിച്ചു”, എന്നാണ് കാർത്തിക്കിന്റെ അച്ഛൻ വീഡിയോയിൽ പറയുന്നത്. “അച്ഛന്റെ പൂർണ സമ്മതമുണ്ടെങ്കിൽ മാത്രമെ എനിക്ക് ഈ വിവാഹത്തിൽ താല്പര്യം ഉണ്ടാകൂ എന്നാണ് വർഷ പറഞ്ഞത്. അങ്ങനെ അച്ഛനെ പോയി കണ്ടു. സംസാരിച്ചപ്പോൾ വെറെ പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങളിത് മുന്നോട്ട് കൊണ്ടുപോത്. നിന്നെ മനസിലാക്കി നില്‍ക്കുന്ന ഒരു കൊച്ചിനെ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാവിന്റെ ലൈംഗികപീഡന പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്

0

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കസബ പൊലീസ് കേസെടുത്തു. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം യുവാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയിൽ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലിൽ വച്ച് ഫോൺ നമ്പർ കൈമാറിയ രഞ്ജിത്ത് പിന്നീട് ബെംഗളുരുവിൽ വച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ നഗ്ന ദൃശ്യങ്ങൾ നടിക്ക് അയച്ചുനൽകിയെന്നും യുവാവ് ആരോപിച്ചിരുന്നു. സിനിമാമേഖലയിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

ആധാരമെഴുത്തുകാർക്ക് ഓണക്കാല ഉത്സവബത്ത

0

സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർദ്ദനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം.

വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കുവാനും ബോർഡ്  തീരുമാനിച്ചു.

ഷിരൂർ ദുരന്തം : അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

0

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനന്റെ ഭാര്യ  കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി.  ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

0

എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്തി, അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്.  ജൂൺ മാസത്തിൽ ജെമിനി ജിമെയിൽ വെബിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മൊബൈൽ ഇന്റർഫേസിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.

ജിമെയിൽ ആൻഡ്രോയ്ഡ് ആപ്പിൽ ഇനി മുതൽ ജെമിനിയുടെ സേവനം ലഭിക്കും. ഇനി മുതൽ ഉപയോക്താക്കൾക്ക് നിങ്ങളുടെ ഇമെയിൽ ഇൻബോക്‌സ് മുഴുവനായി വായിക്കാൻ കഴിയുന്ന ഒരു വ്യക്തിഗത സഹായിയായി ജിമെയിൽ ആപ്പിലെ ഗൂഗിൾ ജെമിനി ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ ജെമിനിയുടെ അഡ്വാൻസ്ഡ് വേർഷൻ സബ്‌സ്‌ക്രൈബ് ചെയ്തവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുക.  ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഉടൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രൈബർമാർക്ക് ബ്ലാക്ക് സ്റ്റാർ ഐക്കണിൽ ക്ലിക്കുചെയ്‌ത് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. ഭാവിയിൽ നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഫയലുകളിലേക്കുള്ള ആക്‌സസ് കൂടി ജെമിനിയിലേക്ക് വ്യാപിക്കും എന്നാണ് റിപ്പോർട്ട്.

ഫെഫ്കയില്‍ നിന്ന് ആഷിഖ് അബു രാജിവെച്ചു

0

കൊച്ചി : മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന്  രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫെഫ്ക നേതൃത്വത്തിനെതിനെതിരെ ഗുരുതര പരാതി ഉന്നയിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് ആഷിക് 
ആരോപിച്ചു. 20 ശതമാനം  കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മിൽ വാക് തർക്കം ഉണ്ടായി. നിർബന്ധ പൂർവ്വം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിക് അബു വ്യക്തമാക്കി

സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോര്‍ട്ടിന്മേല്‍ അക്കാദമിക് ആയ ചര്‍ച്ച വേണമെന്നാണ് അവര്‍ പറയുന്നത്. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.

വനിതാ ഹോസ്റ്റൽ ശുചിമുറികളിൽ ഒളിക്യാമറകൾ കണ്ടെത്തി, പിന്നിൽ സീനിയർ വിദ്യാർഥി, പിടികൂടിയത് 300ഓളം വീഡിയോ

0

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. പ്രതിഷേധവുമായി വിദ്യാർഥികളും നാട്ടുകാരും രം​ഗത്തെത്തി. കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ചു.

രാത്രിയും വിദ്യാർഥികൾ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാൾ ചിത്രീകരിച്ചതായും ചില വിദ്യാർഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ പണം നൽകി വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകൾ നൽകിയതിലും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക്

0

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

വയനാട് പുനരധിവാസം: സർവ്വകക്ഷിയോഗത്തിൻറെ പൂർണ പിന്തുണ

0

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ യോജിച്ച തീരുമാനം. സർവ്വകക്ഷിയോഗത്തിൽ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതിൽ മുഖ്യമന്ത്രി നന്ദി അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവൽക്കരണ സംവിധാനം ഒരുക്കും.  പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും.

വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും. വടകകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻറെ ഭാഗമായി സംരക്ഷിക്കും.

ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടുത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തിൽ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസർവ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും.  സ്വകാര്യ വ്യക്തികൾ കടം ഈടാക്കുന്നത് പൊതുധാരണയ്‌ക്കെതിരാണ് എന്നതിനാൽ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്‌പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. 

സെപ്തംബർ രണ്ടാം തിയതി സ്‌കൂൾ പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂൾ പുനർനിർമ്മിച്ച് നിലനിർത്താനാവുമോ എന്ന് വിദഗ്ധർ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കുക കൂടി ചെയ്യും.

സൈക്ലോൺ മുന്നറിയിപ്പുകൾ നല്ല രീതിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽ പോലെ ഇപ്പോൾ സംഭവിച്ച കാര്യത്തിൽ വേണ്ടത്ര മുന്നറിയിപ്പുകൾ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാർ ഏജൻസിയുടെ സഹായവും ഇക്കാര്യത്തിൽ തേടും.

കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിൻറെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും  സ്‌പോൺസർഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാർഹമാണ്. സ്‌പോൺസർമാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും.

യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബിനോയ് വിശ്വം (സിപിഐ), ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ, ടി സിദ്ദിഖ് എംഎൽഎ, പിഎംഎ സലാം (ഐയുഎംഎൽ), ജോസ് കെ മാണി (കേരളകോൺഗ്രസ് എം), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), കെ വേണു (ആർഎംപി) ,  പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ – സെക്കുലർ), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), ഡോ. വർഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ), പി സി ജോസഫ് ( ജനാധിപത്യ കേരള കോൺഗ്രസ്),  കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് – ബി), അഡ്വ. ഷാജ ജി എസ് പണിക്കർ( ആർഎസ്പി – ലെനിനിസ്റ്റ്), മന്ത്രിമാരായ കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു,  ചീഫ് സെക്രട്ടറി ഡോ.വേണു വി എന്നിവർ പങ്കെടുത്തു.