കോഴിക്കോട്: ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി
രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ മൂന്നു മണിവരെ ശക്തമായ മഴയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. 20 കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റിയത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാംപിലേക്ക് മാറ്റിയവരും കൂട്ടത്തിലുണ്ട്
കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് റീത്ത് വെച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. അതേസമയം, മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്.
നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം.
സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് പറയേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മാറ്റിവച്ചത്. നിലവില്‍ ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.
സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പ് സ്പെഷ്യൽ ടീം ആവശ്യപ്പെടും. അതേ സമയം പീഡനകേസ് അന്വേഷണത്തിൽ ആരോപണ വിധേയരായവരും ടീമിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സർക്കാർ ഒടുവിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചത്. ഇന്ന് ടീം യോഗം ചേർന്ന് അന്വേഷണത്തിലേക്ക് നീങ്ങും. ഇതുവരെ ആരോപണം ഉയർത്തിയ മുഴുവൻ പേരെയും സമീപിക്കും. ആരോപണത്തിൽ ഉറച്ചുനിന്നാൽ മൊഴി പരിശോധിച്ച് കേസെടുത്ത് തുടർ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. മൊഴിയെടുക്കുന്നത് ടീമിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും.
ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്‌സ്, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.
ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പൊലീസ് അടങ്ങുന്ന ടീമുകൾ ഉണ്ടാക്കിയാകും മൊഴി രേഖപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള പരിശോധന, ടീം രൂപീകരിച്ചുള്ള വാർത്താകുറിപ്പിൽ പറഞ്ഞിട്ടില്ല. പക്ഷെ റിപ്പോർട്ടിൻറെ പകർപ്പ് ടീം സർക്കാറിനോട് ആവശ്യപ്പെടും. കമ്മിറ്റിക്ക് മൊഴി നൽകിയവരെയും കാണാനാണ് ശ്രമം. അതേ സമയം ടീം രൂപീകരണത്തെ അടക്കം ചോദ്യം ചെയ്ത് സർക്കാറിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം.
പുതിയ ടീമിന് വീണ്ടും മൊഴി നൽകേണ്ടിവരുമ്പോൾ ഇരകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഉയർത്തി ഡബ്ള്യുസിസി ഇന്നലെ തന്നെ ആശങ്ക ഉയർത്തിയിരുന്നു. രഞ്ജിത്തിൻറെ രാജിക്ക് പിന്നാലെ ടീം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള മെല്ലെപ്പോക്ക് അടക്കമുള്ള വിമർശനങ്ങളെ നേരിടുന്നത്.
ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ 4 വനിതാ അംഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ് മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഏറെ നാളത്തെ കാത്തിരിപ്പിനും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. തങ്ങൾ നേരിട്ട അതിക്രമങ്ങളും ചൂഷണങ്ങളും തുറന്ന് പറഞ്ഞ് ഒട്ടനവധി അഭിനേത്രികളാണ് രംഗത്ത് എത്തികൊണ്ടിരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയൻ പിള്ള രാജു, ഇടവേള ബാബു തുടങ്ങി ഒട്ടനവധി നടന്മാർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഇതിനോടകം വന്നു കഴിഞ്ഞു. ഈ അവസരത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്യൂസിസി)പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
“നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം”, എന്നാണ് ഡബ്യൂസിസി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മാറ്റം അനിവാര്യം എന്ന ഹാഷ്ടാഗും ഒപ്പമുണ്ട്. പിന്നാലെ നിരവധി പേരാണ് സംഘടനയെ പുകഴ്ത്തി രംഗത്ത് എത്തിയത്. മാറ്റം അനിവാര്യമാണെന്നും ഡബ്യൂസിസിയുടെ പോരാട്ടം തുടരണമെന്നും ഇവർ കുറിക്കുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുൽ, ഖലീഫ, അൻസൽ, ജിജിൽ എന്നിവരാണ് കരിപ്പൂർ വിമാനത്താവള പരിസരത്തു വെച്ച് പോലീസിന്റെ പിടിയിലായത്.
കുവൈറ്റിൽ നിന്നും എത്തിയ പന്നിയൂർകുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാൻ സംഘം പദ്ധതിയിട്ടത്. അമലിന്റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറിൽ കയറ്റാൻ ശ്രമിച്ചത്. ഇത് കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണ കവർച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അറിഞ്ഞത്.
നാട്ടിലേക്ക് വരുമ്പോൾ താൻ സ്വർണ്ണം കടത്താൻ ശ്രമിക്കുമെന്ന് അമൽ രാഹുലിനോട് പറഞ്ഞിരുന്നു. ഇതു രാഹുൽ മറ്റു നാലുപേരോടും പറഞ്ഞിരുന്നു. തുടർന്നാണ് സംഘം സ്വർണ്ണം കവർച്ച ചെയ്യാൻ പദ്ധതിയിട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ അമലിന്റെ പക്കൽ നിന്ന് സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞില്ല. രാഹുലിന്റെ പേരിൽ രണ്ട് വാഹനമോഷണ കേസുകളുണ്ടെന്നും ജിജിൽ ലഹരിക്കടത്തു കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻചാടി കുഴിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു.കോട്ടയം പാലാ ഏഴാശ്ശേരി,സ്വദേശി പാലത്തിങ്കചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് മരണപ്പെട്ടത്
ഇന്ന് വൈകിട്ട് അഞ്ചരയോടെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.തൂത്തുക്കുടി ഗവ.കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളായ ആറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, കൂടെ പഠിക്കുന്ന. കൂരാച്ചുണ്ടിലെ സുഹൃത്തിൻ്റെ വിട്ടിൽ വന്ന് അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും അവിടെ എത്തി ചേരുന്ന വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്. മൃതദേഹം കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പിൽ- സൂചിപ്പാറ മേഖലയിലാണ് തിരച്ചിൽ നടത്തിയത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്.അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങൾക്കും താമസിക്കാനിടമായി.സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മാറിതാമസിച്ചത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരളാ പോലീസ് നിർദ്ദേശം. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
ഓൺലൈൻ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്സാപ്പ് കോൾ അഥവാ ശബ്ദസന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാൻ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം. കാര്യങ്ങൾ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം രജിസ്ട്രേഷനായി പണം ആവശ്യപ്പെടും. ഈ തുകയ്ക്ക് ജിഎസ്ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ രജിസ്ട്രേഷൻ തുകയും അതിനൊപ്പം മടക്കി നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്.
ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നൽകുന്നതിനായി ആൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ചുമതലപ്പെടുത്തിയിട്ടില്ല. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
മിമിക്രി കലാകാരനായ കൊല്ലം സുധിയുടെ മരണം മലയാളികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഇന്നും ഉള്‍ക്കൊള്ളാനായില്ല. മലയാളികള്‍ അത്രമേല്‍ സ്‍നേഹിച്ച ടെലിവിഷൻ താരമായിരുന്നു കൊല്ലം സുധി. കൊല്ലം സുധിയെ ഇഷ്‍ടപ്പെടുന്നവര്‍ക്ക് പരിചിത്രമാണ് താരത്തിന്റെ കുടുംബവും. കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയെന്ന വാര്‍ത്തയാണ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.
വീട് ഏകദേശം 1050 സ്‍ക്വയര്‍ഫീറ്റിലുള്ളതാണ്. ബെഡ് റൂമുകള്‍ മൂന്നെണ്ണം ഉള്ളതാണ് താരത്തിന്റെ വീട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടെണ്ണം ബാത്ത് അറ്റാച്ച്‍ഡാണ്. ഒരു കോമണ്‍ ബാത്‍റൂം ഉണ്ട്. ഒരു വാഷ്‍ ഏരിയുമാണുള്ളത്. സിറ്റൗട്ട്, ലിംവിഗ് , ഡൈനിംഗ് റൂം തുടങ്ങിയവയ്‍ക്ക് പുറമേ മനോഹരമായ കിച്ചണുമുണ്ടെന്ന് വീടിന്റെ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു.
കെഎച്ച്‍ഡിഇസി എന്ന ഫേസ്‍ബുക്ക് കൂട്ടായ്‍മയാണ് താരത്തിന്റെ കുടുംബത്തിന് വീടൊരുക്കാൻ മുന്നിട്ട് ഇറങ്ങിയത്. മാ സംഘടയുടെ പിന്തുണയും ഉണ്ടായിരുന്നു. സുധിലയമെന്ന വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിരിക്കുകയാണ്. ഇരുപത് ലക്ഷം രൂപയാണ് ഏകദേശം താരത്തിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണത്തിന് ചെലവായത്.
തൃശൂർ കയ്‍പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ ആണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മലയാളികളെ ഏറെ ചിരിപ്പിച്ച ഒരു താരമാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് പ്രിയം നേടിയ താരം കൂടിയായിരുന്നു അദ്ദേഹം. ഉല്ലാസ്, ബിനു അടിമാലി, എന്നിവർക്കൊപ്പമാണ് താരം പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. ഇവർ ഒന്നിച്ച് എത്തുമ്പോഴേ സ്റ്റേജ്, ടെലിവിഷൻ പ്രേക്ഷകരില്‍ ആവേശം നിറയുമായിരുന്നുവെന്നത് പതിവായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞത് താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇന്നും ഒരു നൊമ്പരമാണ്.
കോഴിക്കോട്:പനി കടുത്തതിനെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമയുടെ മരണം. 21 വയസായിരുന്നു.
ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു വൈത്തിരി സ്വദേശി അര്‍ഷാദും ഷഹാനയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.