spot_img
Tuesday, July 7, 2026
Home Blog Page 347

കല്ലുരുട്ടി തറോൽ പ്രദേശത്ത് കൃഷിയിടത്തിൽ കക്കൂസ് മാലിന്യം തള്ളി

0

കല്ലുരുട്ടി: കല്ലുരുട്ടി തറോൽ പ്രേദേശത്തെ കൃഷിയിടത്തിൽ സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി.ഇന്ന് (ശനിയാഴ്‌ച) പുലർച്ചെയാണ് സംഭവം. കല്ലുരുട്ടിയുടെയും തറോലിന്റെയും ഇടയിൽ മിനി സ്റ്റേഡിയത്തിനു സമീപം സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലാണ് കക്കൂസ് മാലിന്യം തള്ളിയത്. റോഡിൽ വാഹനം നിർത്തി കൃഷിയിടത്തിലേക്ക് മാലിന്യം ഒഴുക്കി വിട്ടതായാണ് സംശയിക്കുന്നത്. അസഹ്യമായ ദുർഗന്ധം കാരണം പരിസരത്തു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.

സമീപത്തെ തോട്ടിലേക്ക് മാലിന്യം ഒഴുകുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസുകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കൂടാതെ കുട്ടികളുൾപ്പെടെയുള്ളവർ സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റേഡിയത്തിന് സമീപമായതുകൊണ്ടു കൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

നേരത്തെയും ഈ പ്രേദേശങ്ങളിൽ മാലിന്യം തള്ളിയിരുന്നതായി പരാതി ഉയർന്നിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രിയുടെ മറവിൽ സാമൂഹൃവിരുദ്ധർ നടത്തിയ പ്രവർത്തിക്കെതിരെ ഏറെ രോഷത്തോടെയാണ് നാട്ടുകാർപ്രതികരിച്ചത് . മുക്കം പോലീസിൽ പരാതി നൽകി നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രദേശവാസികൾ അറിയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

0

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം.യാത്രക്കാർ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ യാതൊന്നും കണ്ടെത്താനായില്ല. തുടർന്ന് യാത്രക്കാരെ തിരിച്ച് വിമാനത്തിൽ കയറ്റുകയും ചെയ്തു.

നിമിഷപ്രിയയുടെ മോചനം ; പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറി

0

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി 20,000 ഡോളർ (16,71,000 രൂപ) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സേവ്‌ നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ സമാഹരിച്ച തുകയാണ്‌ നിക്ഷേപിച്ചത്‌. 
പ്രാരംഭ ചർച്ചകൾക്ക് 40,000 ഡോളർ ഇന്ത്യൻ എംബസിവഴി കൈമാറാൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അനുമതി തേടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. മോചനത്തിനുവേണ്ടിയുള്ള പ്രാരംഭ ചർച്ച തുടങ്ങണമെങ്കിൽ 40,000 അമേരിക്കൻ ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസിവഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി  ആവശ്യപ്പെട്ടത്.

കൊല്ലപ്പെട്ട യമൻ യുവാവ് തലാലിന്റെ കുടുംബവുമായി പ്രാരംഭ ചർച്ച നടത്തുന്നതിനുള്ള ചെലവിനാണ് ഈ തുക ഉപയോഗിക്കുക. ചർച്ച നടത്തിയാൽമാത്രമേ അവർ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകുമോയെന്നും എത്ര തുക ആവശ്യപ്പെടുമെന്നും അറിയാൻ കഴിയൂ. വിദേശകാര്യമന്ത്രാലയത്തിന്റെ ഡൽഹി എസ്ബിഐ അക്കൗണ്ടിൽനിന്ന്‌ യമനിൽ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് തുടർന്ന്‌ തുക കൈമാറും. പിന്നീട് എംബസി അഭിഭാഷകൻ അബ്ദുള്ള അമറിന്റെ ബാങ്ക് അക്കൗണ്ടിലേക്കും കൈമാറും.

തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020-ൽ സനയിലെ വിചാരണക്കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറിൽ യമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നൽകിയ അപ്പീലും നിരസിച്ചു.

ക്രൂരതയ്ക്ക് ജീവപര്യന്തം എന്നത് ജീവിതാവസാനം വരെ തടവെന്ന് കോടതി; മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ചു

0

മലപ്പുറം: മകളെ പത്തു വയസ് മുതൽ 17 വയസുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന കേസിൽ പിതാവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 104 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (രണ്ട്) ശിക്ഷിച്ചത്.

ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്ന വീട്ടിൽ വച്ചാണ് പ്രതിയുടെ ലൈംഗികാതിക്രമം. 2006ൽ ജനിച്ച പെൺകുട്ടിയെ പ്രതി പത്താമത്തെ വയസു മുതൽ 2023 മാർച്ച് 22 വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പിതാവ് തന്നെയാണ് അരീക്കോട് ആശുപത്രിയിൽ കാണിച്ചത്. കുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതോടെയാണ് പീഡന വിവരം പുറത്താകുന്നത്.

ഡോക്ടർമാരുടെ നിർദേശ പ്രകാരം ഗർഭഛിദ്രം നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പരാതിയിൽ അരീക്കോട് പൊലീസ് കേസെടുത്തു. അരീക്കോട് പൊലീസ് ഇൻസ്പെക്ടറായിരുന്ന എം. അബ്ബാസലി, സബ് ഇൻസ്പെക്ടർ എം. കബീർ, അസി. സബ് ഇൻസ്പെക്ടർ കെ. സ്വയംപ്രഭ എന്നിവരാണ് 2023 ഏപ്രിൽ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും.

റിമാൻഡിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാൽ കേസ് തീരും വരെ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു. 

പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. എ.എൻ. മനോജ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ആയിഷ കിണറ്റിങ്ങൽ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

കളളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 55 ആയി; ഇന്നലെയും ഇന്നുമായി മരിച്ചത് 2 പേർ

0

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയുമായി കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ രണ്ട് പേർ കൂടി മരിച്ചിരുന്നു. ജില്ലാ കളക്ടർ അല്പസമയത്തിനകം ആശുപത്രിയിൽ എത്തും. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച് വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നടുക്കിയ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിനം ബഹളത്തിൽ മുങ്ങിയ കാഴ്ചയാണ് കണ്ടത്. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോൾ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കർ പുറത്താക്കി. ജനാധിപത്യത്തിന്‍റെ കശാപ്പാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും ഇത് ഹിറ്റ്‍ലറുടെ ഭരണമാണോ എന്നും എടപ്പാടി പളനി സ്വാമി ചോദിച്ചു. എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്റ്റാലിൻ അറിയിച്ചതോടെ എംഎൽഎമാരെ സ്പീക്കർ തിരിച്ച് വിളിച്ചു. വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ സഭയിൽ പറഞ്ഞു.

അതേസമയം, പല തവണ വ്യാജമദ്യ ദുരന്തങ്ങൾ ആവ‍ർത്തിച്ചിട്ടും മുൻകരുതൽ നടപടികളെടുക്കാത്ത തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജമദ്യദുരന്തത്തിൽ നടപടിയെടുത്തതിന്‍റെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണറിപ്പോർട്ടുകൾ പൂഴ്ത്തി രക്ഷപ്പെടാമെന്ന് കരുതണ്ടെന്നും, ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യജീവനുകളാണെന്നും കോടതി പറഞ്ഞു. 

അടുത്ത ബുധനാഴ്ചയ്ക്കകം സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തന്‍റെ പിറന്നാളാഘോഷങ്ങൾ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. പട്ടാളി മക്കൾ കക്ഷി അൻപുമണി രാംദോസും ഇന്നലെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ കണ്ടു. 

അതിശക്തമായ മഴയ്ക്കു സാധ്യത: ആറു ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

0

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ(22 ജൂൺ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് മറ്റന്നാൾ(23 ജൂൺ) കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്നതിനാൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന്(21 ജൂൺ) ഓറഞ്ച് അലർട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24×7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

ബാര്‍ ജീവനക്കാരനെ കഴുത്തിൽ കുത്തിയ പ്രതി അറസ്റ്റിൽ

താമരശ്ശേരി: ബാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ വെച്ച് ജീവനക്കാരനെ കത്തികൊണ്ട്  കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി അൻവർ (48) ആണ് പിടിയിലായത്.

വൈത്തിരിയിലേക്ക് പോകുന്ന വഴി അൻവർ മദ്യപിക്കാൻ  എത്തിയപ്പോൾ  ബാറിൽ വെച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് അൻവറിന് മർദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തൻ്റെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് തന്നെ മർദ്ദിച്ച വിജുവിനെ അൻവര്‍ കഴുത്തിൽ കുത്തിയത്. വിജു കൊലപാതക കേസിൽ മുൻപ് പ്രതിയായിരുന്നു. സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്‌പി എം.പി വിനോദിൻ്റെ നിർദ്ദേശപ്രകാരം സിഐ കെ.ഒ പ്രദീപും ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് വൈത്തിരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

സംവിധായകൻ വേണുഗോപൻ അന്തരിച്ചു

0

ആലപ്പുഴ: മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ് വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും. 

മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപൻ. പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം പദ്മരാജന് ഒപ്പം ഉണ്ടായിരുന്നത്. മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണു ഗോപന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ. 

ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു വേണുഗോപൻ. ലതയാണ് വേണുഗോപന്‍റെ ഭാര്യ. ലക്ഷ്മി, വിഷ്ണു ഗോപൻ എന്നവരാണ് മക്കള്‍. രവീഷ് ആണ് മരുമകന്‍. 

അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരൻ മരിച്ച സംഭവം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

0

മലപ്പുറം വൈലത്തൂരിൽ 9 വയസ്സുകാരൻ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു.

വീട്ടില്‍ നിന്ന് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സിനാന്‍. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

ഒ.ആർ കേളു മന്ത്രിസഭയിലേക്ക്

0

തിരുവനന്തപുരം:  മാനന്തവാടി എംഎല്‍എ ഒ ആർ കേളു എസ്‌സി- എസ് ടി ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല.

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷും കൈകാര്യം ചെയ്യും. സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം.

രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ ഒ ആർ സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് ജനപ്രതിനിധി എന്ന നിലയിലുള്ള തുടക്കം.സിപിഐ എം സംസ്ഥാന സമിതിയിലെ വയനാട് ജില്ലയിൽനിന്നുള്ള  ആദ്യ പട്ടികവർഗ നേതാവാണ്. ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്. സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമാണ്.

കുറിച്യ സമുദായക്കാരനായ ഇദ്ദേഹം പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമാണ്.

2005ലും 2010ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം.

 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ശാന്ത. മക്കള്‍: മിഥുന, ഭാവന.