ചേർത്തല: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.ട്രഷറി ജീവനക്കാർ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: മാനസ്, നിമിഷ.
കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ
കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ. ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകൾ നിരത്തിലിറങ്ങി. മറികടന്നത് കഴിഞ്ഞ വർഷം ഏപ്രിലിലെ നേട്ടം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവരങ്ങൾ പങ്കുവച്ചു.
4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്.
ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയത്.
എന്നാൽ തിരക്കേറിയ ദീർഘദൂര ബസ്സുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിച്ചു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളിൽ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.
കെഎസ്ആർടിസി ഫേസ്ബുക്ക് കുറിപ്പ്
ചെലവ് ചുരുക്കി
മികച്ച വരുമാനം…
ചരിത്രനേട്ടം…
കെഎസ്ആർടിസിയുടെ വരുമാന സ്രോതസ്സിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ പരിഷ്കാരങ്ങൾ ഫലപ്രാപ്തിയിലേക്ക്….
2024 ഏപ്രിൽ 15 തിങ്കളാഴ്ച്ച ഏപ്രിൽ മാസ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡ് കളക്ഷൻ 8.57 കോടി രൂപ നേടി. KSRTC. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്.
4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ. 14.36 ലക്ഷം കി.മി. ഓപ്പറേറ്റ് ചെയ്തപ്പോൾ പ്രതി കിലോമീറ്ററിന് 59.70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലും ആണ് വരുമാനം
24/04/2023 ൽ തിങ്കളാഴ്ച്ച
8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4331 ബസ്സുകൾ ഓടിച്ചതിൽ 4200 ബസ്സുകളിൽ നിന്നുമാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇത് 14.42 ലക്ഷം കിലോമീറ്റർ ഓടിച്ചതിൽ
പ്രതി കിലോമീറ്ററിന് 57.55 രൂപയും പ്രതി ബസ്സിന് 19764 രൂപയും ആണ് ലഭിച്ചിരുന്നത്.
ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെ വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും സ്റ്റേ സർവീസ് ആയപ്പോൾ ഒഴിവായ ഡെഡ് കിലോമീറ്ററും ഒഴിവാക്കിയതിൽ നിന്നും ലഭ്യമായ കിലോമീറ്ററിന് ഏതാണ്ട് തുല്യമായി ജനോപകാരപ്രദമായി വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ നേട്ടം ഉണ്ടാക്കിയത്…
തുടർച്ചയായ വന്ന അവധി ദിവസങ്ങളിൽ കോൺവോയ് ഒഴിവാക്കി ആവശ്യം പരിശോധിച്ച് മാത്രം കൃത്യയോടെ ചെലവ് ചുരുക്കി ഓർഡിനറി സർവീസുകൾ അയക്കുകയും എന്നാൽ തിരക്കേറിയ ഇൻർസ്റ്റേറ്റ് /ഇൻസ്റ്റേറ്റ് ദീർഘദൂര ബസ്സുകൾ മുൻകൂട്ടി യൂണിറ്റുകൾക്ക് ടാർജറ്റ് റൂട്ടുകൾ, സർവീസുകൾ എന്നിവ ചരിത്രത്തിൽ ആദ്യമായി ഓരോ യൂണിറ്റിനും ചീഫ് ഓഫീസിൽ നിന്നും തന്നെ നേരിട്ട് പ്ലാൻ ചെയ്ത് നൽകി അധികമായി തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിക്കുവാനും കഴിഞ്ഞത് നേട്ടമായി ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനത്ത് ക്രമീകരിച്ചത്. ഇത് കൂടാതെ അന്തർ സംസ്ഥാന റൂട്ടുകളിലും മേടമാസ പൂജക്ക് ശബരിമലക്കും സർവിസുകൾ ചെലവ് അധികരിക്കാതെ ക്രമീകരിക്കുകയുണ്ടായി
ഇതെല്ലാം കൃത്യമായും സമയ ബന്ധിതമായും നടപ്പാക്കുവാൻ കഴിഞ്ഞത് ഓപ്പറേറ്റിംഗ് ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും കാണിച്ച താത്പര്യവും ഓഫീസർമാരും സൂപ്പർ വൈസർമാരും പ്രകടിപ്പിച്ച മികവും പ്രശംസനീയമായ അത്യധ്വാനവുമാണ്.
കോർപ്പറേഷൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ വളരെ മുൻകൂട്ടി പ്ലാൻ ചെയ്ത് അധിക സർവീസുകൾ ഓൺലൈൻ ഇടുകയും അവധി ദിവസങ്ങളിൽ ജീവനക്കാരുടെ സഹകരണവും വിശ്വാസവും ആർജിച്ച് അധിക സർവിസുകൾ കൃത്യമായി പ്ലാൻ ചെയ്ത മിടുക്കരായ യൂണിറ്റ് ഓഫീസർമാരും ജനറൽ CI മാരും ഇൻസ്പെക്ടർമാരും വെഹിക്കിൾ സൂപ്പർ വൈസർമാരും കൂടുതൽ സൂപ്പർക്ലാസ് ബസ്സുകൾ നിരത്തിൽ ഇറക്കിയ ഗാരേജ് അധികാരികളും മികവ് പുലർത്തി.
സൂപ്പർവൈസറി ജീവനക്കാരും എല്ലാ ജീവനകാരും സർവോപരി ഡ്രൈവർ കണ്ടക്ടർ മെക്കാനിക്കൽ ജീവനക്കാരും അവരുടെ കുടുബത്തോടൊപ്പം അവധിയും ഉത്സവവും ആഘോഷിക്കുന്നത് മാറ്റി വച്ച് കർമ്മ നിരതരായത് പ്രത്യേക അഭിനന്ദനം അഭിനന്ദിക്കുന്നു.
മേഖലാ ചീഫ് ട്രാഫിക് ഓഫീസർമാർ , ഓപ്പറേഷൻ കൺട്രോൾ റൂം , ഐറ്റി , ടിക്കറ്റ്&ക്യാഷ് വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.
ഇത്തരം മികച്ച പ്രവർത്തനം കാഴ്ച്ചവച്ച മുഴുവൻ ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നു.
ഒപ്പ്
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
ലോക്സഭ തിരഞ്ഞെടുപ്പ്: വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്റർ
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മിത്ത് വേ ഴ്‌സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങൾക്ക് പിന്നിലെ യഥാർഥ വസ്തുത മനസ്സിലാക്കാൻ വെബ്സൈറ്റ് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഏറെ സഹായകരമാവും.
mythvsreality.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാർത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ്, വോട്ടർപട്ടിക, വോട്ടർമാർക്കുള്ള സേവനങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി എന്നിവ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാർത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങൾ, സക്രീൻഷോട്ടുകൾ, വീഡിയോകൾ, വാർത്ത ക്ലിപ്പുകൾ എന്നിവയൊക്കെ സൈറ്റിൽ കാണാം. വസ്തുതൾ പരിശോധിക്കാൻ ആധാരമാക്കിയ റഫറൻസ് രേഖകളും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികൾ തയ്യാറാക്കി അതത് ദിവസം ഗൂഗിൾ ഫോം വഴി അപ്ഡേറ്റ് ചെയ്താണ് വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാക്കുന്നത്.
ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്
പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓർത്ത് ഭിന്നശേഷിക്കാർ ഇക്കുറി വോട്ട് ചെയ്യാൻ മടിക്കരുത്. റാംപും വീൽചെയറും മുതൽ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. ഭിന്നശേഷി വോട്ടർമാരുടെ രജിസ്ട്രേഷൻ മുതൽ വോട്ടെടുപ്പ് ദിനത്തിൽ വീൽചെയർ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകുന്നത് വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഭിന്നശേഷിക്കാർക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങൾ സവിശേഷമായി ഡിസൈൻ ചെയ്ത ഈ ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയും.
പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷ, തിരുത്തലുകൾക്കുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയൽ, വീൽ ചെയറിനുള്ള അഭ്യർത്ഥന, വോട്ടർ പട്ടികയിൽ പേര് തിരയൽ, പോളിംഗ് സ്റ്റേഷൻ ഏതെന്ന് അറിയൽ, ബൂത്ത് ലൊക്കേറ്റ് ചെയ്യൽ, പരാതികൾ രജിസ്റ്റർ ചെയ്യുക തുടങ്ങിയവക്കായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.
കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദസഹായവും കേൾവി പരിമിതിയുള്ളവർക്കായി ടെക്സ്റ്റ് ടു സ്പീച്ച് സൗകര്യവും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ആപ്പ് ഉപയോഗം എളുപ്പമാക്കുന്നതിന് വലിയ ഫോണ്ടും കോൺട്രാസ്റ്റുള്ള നിറങ്ങളും ഒക്കെയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. പോളിങ് ബൂത്ത് കണ്ടെത്തൽ, അതിന്റെ ലൊക്കേഷൻ, അവിടേക്കെത്താനുള്ള മാർഗങ്ങൾ, വോട്ടെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ആപ്പ് വഴി ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് തടസ്സമാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി നൽകാനുള്ള സൗകര്യവും ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപുകൾ സ്ഥാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
‘ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉറപ്പാണ്, പക്ഷെ…’; മദ്യലഹരിയില്‍ വാഹനമോടിക്കരുതെന്ന് ആവര്‍ത്തിച്ച് എംവിഡി
മദ്യലഹരിയില്‍ വാഹനമോടിക്കരുതെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്. റോഡ് അപകടങ്ങളില്‍ 20 മുതല്‍ 30 ശതമാനത്തിന്റെയും പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എംവിഡി അറിയിച്ചു. മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് പൂര്‍ണ്ണമായും ഉപേക്ഷിക്കണം. മയക്കം സൃഷ്ടിച്ചേക്കാവുന്ന ചില മരുന്നുകളും മദ്യപാനത്തിന്റെ അതേ ദോഷവശങ്ങള്‍ ഡ്രൈവിങ്ങില്‍ സൃഷ്ടിക്കുമെന്നും എംവിഡി അറിയിച്ചു.
എംവിഡി കുറിപ്പ്: ശീലങ്ങള്‍ പലതുണ്ട്…ഡ്രിങ്ക് & ഡ്രൈവ്, ഡ്രിങ്ക് or ഡ്രൈവ്, ഡ്രിങ്ക് not ഡ്രൈവ്. ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉറപ്പാണ്.
കുടിച്ചു മരിക്കാം, ഇടിച്ചു മരിക്കാം. നമ്മുടെ തെറ്റായ ഒരു തീരുമാനം കാരണം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമരുത്. മദ്യം വിഷമാണ്. മദ്യപാനം വിഷമമല്ല.
പക്ഷെ മദ്യപിച്ചാലുള്ള വിഷമതകള്‍ക്ക് അന്തമില്ല. നമുക്കും കൂടെയുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും ഏറെ വിഷമതകള്‍ ‘സമ്മാനിക്കു’ന്ന ഒന്നാണ് മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നത്. നിരവധി അപകടങ്ങള്‍ നിത്യേന റോഡുകളില്‍ സംഭവിക്കുന്നതില്‍ 20-30 ശതമാനത്തോളം അപകടങ്ങള്‍ക്ക് ഒരു പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യപിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഒരു മോട്ടോര്‍ക്ഷമത (Motor Ability) ക്കുറവ് അഥവാ കൈകാലുകളും കണ്ണുകളും ചലിപ്പിക്കാനും കാണാനും ഉള്ള ക്ഷമതക്കുറവ് നമുക്കറിയാവുന്ന കാര്യമാണ്. ഒപ്പം മനസ്സിനുണ്ടാവുന്ന ജാഗ്രതക്കുറവും നമുക്കനുഭവമുള്ളതാണ്. ഇതു രണ്ടും ഒരു സുരക്ഷിത ഡ്രൈവിംഗിന് ഏറ്റവും അത്യന്താപേക്ഷിതമായ സംഗതികളുമാണ്. ഈ ‘സംഗതി’കള്‍ ഇല്ലാത്ത ഡ്രൈവിംഗ് ഒരു കലയല്ല കൊലയാണ് എന്നറിയുക.
ദയവായി മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ചില മരുന്നുകളോ കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചുമയ്ക്ക് കഴിക്കുന്ന വിഭാഗത്തില്‍ പെട്ടതുപോലെയുള്ള, മയക്കം സൃഷ്ടിച്ചേക്കാവുന്ന ചില മരുന്നുകളും മദ്യപാനത്തിന്റെ അതേ ദോഷവശങ്ങള്‍ ഡ്രൈവിങ്ങില്‍ സൃഷ്ടിക്കും. യാത്ര നിര്‍ബന്ധമെങ്കില്‍ സുരക്ഷിതമായ വിശ്വസ്തകരങ്ങളില്‍ മാത്രം സാരഥ്യം ഏല്‍പ്പിക്കുക.
തീരുമാനം നിങ്ങളുടേതാണ്. തീരുമാനം അന്തിമമായിരിക്കണം തീരുമാനം അന്ത്യമാവരുത്.. *Be Safe and to be Safe*, റോഡുസുരക്ഷ ജീവന്‍ രക്ഷ.
ലോക്സഭ തിരഞ്ഞെടുപ്പിൽ 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231 ബൂത്തുകളിലായി (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. നിലവിൽ വോട്ടിങ് മെഷീനുകൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ (എആർഒ) കസ്റ്റഡിയിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡൽ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന(എഫ്എൽസി) പൂർത്തിയാക്കി തിരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിന് മുമ്പ് യൂണിറ്റുകൾ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്എൽസി. എഫ്എൽസി പാസായ ഇവിഎമ്മുകൾ മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കൂ. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്എൽസി നടത്തുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ വെച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) അംഗീകൃത എഞ്ചിനീയർമാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ് എൽ സിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.തുടർന്ന് അസംബ്ലി മണ്ഡലം തിരിച്ച് ഇവിഎം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാൻഡമൈസേഷൻ മാർച്ച് 27നാണ് നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം (ഇഎംഎസ്) വഴിയാണ് ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയൽ നമ്പറുകൾ ഇഎംഎസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് റാൻഡമൈസേഷൻ നടത്തിയ ശേഷം ഇവയുടെ സീരിയൽ നമ്പർ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറിയിരുന്നു.ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്ന് (ഏപ്രിൽ 16) നടന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ തനത് ഐഡി നമ്പർ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാർഥികൾക്കും അവരുടെ ഏജന്റുമാർക്കും നൽകിയിട്ടുണ്ട്
വോട്ടെടുപ്പ് ദിനത്തിലെ മോക്ക്പോൾ ഇങ്ങനെ;വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പാണ് മോക്ക്പോൾ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തി കൺട്രോൾ യൂണിറ്റിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്പോൾ പ്രക്രിയ ആരംഭിക്കുന്നത്. കൺട്രോൾ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാർഥികൾക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോൾ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാർട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസർ ബോധ്യപ്പെടുത്തുന്നു . അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോൾ നടത്തുന്നു. തുടർന്ന് കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.ഇതിന് ശേഷം യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോൾ ഫലം മായ്ക്കാൻ പ്രിസൈഡിംഗ് ഓഫീസർ ‘ക്ലിയർ ബട്ടൺ’ അമർത്തുന്നു. തുടർന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ കൺട്രോൾ യൂണിറ്റ് ഡിസ്‌പ്ലേയിൽ പൂജ്യം വോട്ടുകൾ കാണിക്കുന്നതിന് ‘ടോട്ടൽ’ ബട്ടൺ അമർത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാർട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൺട്രോൾ യൂണിറ്റും വിവിപാറ്റും സീൽ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തിൽ യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുക
ലോക്സഭ തിരഞ്ഞെടുപ്പ്: എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാൽ ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിക്കും.ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കൺട്രോൾ റൂമുകൾ സജ്ജമാക്കുക.
അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ
മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശം നൽകി.
ലോറിക്ക് പിന്നിൽ കാറിടിച്ചു ഉമ്മയും മകനും മരിച്ചു.
കോഴിക്കോട്: കൊയിലാണ്ടി, പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ ഷെൻസി (38) മകൻ ബിഷാറുൽ അഫി (8) എന്നിവരാണ് മരിച്ചത്.ഷെൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) ഫസ്ന (28) എന്നിവർക്ക് അപകടത്തിൽ പരുക്കുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ പയ്യോളി – വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം ആറുവരിപ്പാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്തായിരുന്നു അപകടം. വടകരയിൽനിന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ നാല് മലയാളികളും സുരക്ഷിതർ
ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ നേരിൽ കാണാൻ ഇന്ത്യൻ അധികൃതരെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു. ഇവരിൽ നാല് പേരാണു മലയാളികൾ. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാരും കപ്പൽ അധികൃതരും അറിയിച്ചു
സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്നിയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്‌സി ഏരീസ് കപ്പലിലെ മലയാളികൾ.
ഇവരിൽ സുമേഷും ആനും ശ്യാംനാഥും ആശങ്ക വേണ്ടെന്ന് അറിയിച്ച് ഇന്നലെ രാത്രി വീട്ടുകാരെ വിളിച്ചു. ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ കമ്പനിക്കു ബന്ധമുള്ള കപ്പലാണിത്. ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയുമായുള്ള ഫോൺ ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആവശ്യപ്പെട്ടു.



