spot_img
Saturday, July 4, 2026
Home Blog Page 404

കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും

കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 108 ആംബുലൻസിന്റെ സേവനം മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയൽ റൺ വിജയകരമാക്കി ജൂൺ മാസത്തിൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതോടെ മൊബൈൽ ആപ്പിലൂടെയും 108 ആംബുലൻസ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നിർദേശാനുസരണമാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സേവനം തേടുന്ന വ്യക്തി അപ്ലിക്കേഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന വിവരങ്ങളുടേയും മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റേയും സഹായത്തോടെ അത്യാഹിതത്തിന്റേയും നടന്ന സ്ഥലത്തിന്റേയും കൃത്യമായ വിവരങ്ങൾ ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും. ഇതിലൂടെ ആംബുലൻസിന് വഴിതെറ്റാതെ കാലതാമസമില്ലാതെ എത്താൻ സാധിക്കും. മാത്രമല്ല സേവനം തേടിയയാൾക്ക് ആംബുലൻസ് വരുന്ന റൂട്ടും എത്താനെടുക്കുന്ന സമയവും തത്സമയം അറിയാൻ സാധിക്കും.

കനിവ് 108 അംബുലൻസിലെത്തുന്ന രോഗികൾക്ക് ആശുപത്രികളിൽ വളരെ വേഗം ചികിത്സ ഉറപ്പാക്കാനുള്ള ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഈ സംവിധാനം യാഥാർത്ഥ്യമാക്കി. 108 ആംബുലൻസിൽ ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോൾ അതിന്റെ വിവരങ്ങൾ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയും. ഇതിലൂടെ രോഗിയെത്തുന്നതിന് മുമ്പ് തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കാൻ സാധിക്കുന്നു. ഈ സംവിധാനം എല്ലാ പ്രധാന ആശുപത്രികളിലും നടപ്പിലാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നൊച്ചാട് സ്വദേശിനിയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

0

നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റ‍ഡിയിൽ എടുത്തത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് വ്യക്തമാകുന്നതും പ്രതി മുജീബ് റഹ്മാൻ പിടിയിലാകുന്നതും.

പിടിയിലായ പ്രതി  മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്.  പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു. 

മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്മാൻ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പില്‍ എടവണ്ണപ്പാറ ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരില്‍ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്. 

പേരാമ്പ്രയിലെ യുവതിയുടെ കൊലപാതകം: കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ;മുക്കത്തെ കവർച്ചകേസിലും പ്രതി

0

കോഴിക്കോട്: പേരാമ്പ്രയിലെ യുവതിയുടെ കൊലപാതകത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് അറസ്റ്റിൽ. പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടർന്ന് നിരവധി കേസുകളിൽ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 ) ആണ് പോലീസ് പിടിയിലായത്.

ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകൾ പ്രതിയാണ് മുജീബെന്നാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ഇയാളുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കൃത്യം നടത്താനെത്തിയതെന്നാണ് വിവരം. ബൈക്കിൽ ലിഫ്റ്റ് നൽകിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. പ്രതിയുടെ ബൈക്ക് മലപ്പുറം വാഴക്കാട് നിന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ ഉടൻ തെളിവെടുപ്പിന് കൊണ്ടുവരും. അനുവിന്റെ സ്വർണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുകയാണ്. പ്രതിയുടെ തിരിച്ചറിയൽ പരേഡും പൊലീസ് നടത്തും.അനു ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രയുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.മുക്കം കൊലപാതക കേസിലും പ്രതിവയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതിയാണ് പിടിയിലായ മുജീബ്.

അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

0

പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്.  അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു.മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. 

നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് ഇതെന്നാണ് വിവരം. അനുവിന്‍റെ മരണവുമായി നേരിട്ടോ അല്ലാതെയോ ഇയാള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്.രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.  അനുവിന്‍റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.

യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമൊരുക്കി ഇന്‍ഷാസ് ബസ്

0

കോഴിക്കോട്: ദിവസവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി ബസ് ജീവനക്കാര്‍ മാതൃകയാകുന്നു. കോഴിക്കോട്-എടത്തനാട്ടുകര റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ഇന്‍ഷാസ്’ ബസിലാണ് ഇത്തരത്തിലുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ദിവസവും 60 ഓളം ഭക്ഷണ പൊതികളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. കൂടാതെ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമുണ്ട് എന്നൊരു ബോര്‍ഡും ബസിന്റെ മുമ്പില്‍ സ്ഥാപിച്ചിട്ടുണ്ട്. റംസാന്‍ മാസം മഗ്‌രിബ് ബാങ്കുവിളി ഉയര്‍ന്നാല്‍ ഈ ബസില്‍ ഒരാളും വിശന്നിരിക്കേണ്ടി വരില്ല. ജാതിമത ഭേദമന്യേ നോമ്പെടുത്തവര്‍ക്കും എടുക്കാത്തവരും നോമ്പു തുറക്കാനുള്ള വിഭവങ്ങളെത്തുമെന്ന് ജീവനക്കാര്‍ പറഞ്ഞു.നോമ്പുതുറ സമയത്ത് തന്റെ ബസിലെത്തുന്ന ഒരാളും വിശന്നിരിക്കരുതെന്ന ബസുടമ എടത്തനാട്ടുകര സ്വദേശി ഫിറോസ് അലിയുടെയും ഉമ്മ സൈനബയുടെയും തീരുമാനത്തിലാണ് 2013 മുതല്‍ എല്ലാ വര്‍ഷവും നോമ്പുദിവസങ്ങളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്.

റംസാനില്‍ വിദ്യാര്‍ഥികളും ജോലി കഴിഞ്ഞു പോകുന്നവരും യാത്രയില്‍ നോമ്പ് തുറക്കാന്‍ പ്രയാസപ്പെടാറുണ്ട്. യാത്രക്കാരുടെ പ്രയാസം മനസിലാക്കിയാണ് ഫിറോസ് അലി ബസില്‍ ഇഫ്താര്‍ കിറ്റ് നല്‍കാന്‍ തുടങ്ങിയത്. ജീവനക്കാരും പിന്തുണ നല്‍കിയതോടെ വന്‍വിജയമായി.നോമ്പ് തുറക്കാന്‍ ആവശ്യമായ ഈത്തപ്പഴത്തിനും വെള്ളത്തിനും പുറമേ മുന്തിരിയും തണ്ണിമത്തനുമുള്‍പ്പെടെ പഴങ്ങളും സമൂസയും വടയും ഉണ്ടാകും. 5.40ന് കോഴിക്കോട്ടുനിന്ന് എടുക്കുന്ന ബസ് കൊണ്ടോട്ടി ഭാഗത്ത് എത്തുമ്പോഴാണ് മഗ്‌രീബ് ബാങ്കിന്റെ സമയമാവുക. ബാങ്ക് വിളിച്ചാല്‍ ഇഫ്താര്‍ കിറ്റുകള്‍ ഓരോന്നും ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കും.

യാത്രക്കാരും ജീവനക്കാരും ഒരുമിച്ചാണ് നോമ്പ് തുറക്കുന്നത്. ഒരു ദിവസത്തെ ഇഫ്താറിന് 60 ഓളം കിറ്റുകള്‍ വേണം. ഉച്ച വിശ്രമത്തിനായി വണ്ടി മേലാറ്റൂരില്‍ നിര്‍ത്തുമ്പോള്‍ ജീവനക്കാര്‍ തന്നെയാണ് ഇവ പാക്ക് ചെയ്യുന്നത്. വിദേശത്തുള്ള ഫിറോസ് അലിയുടെ നിര്‍ദേശമനുസരിച്ച് യാത്രക്കാര്‍ക്ക് വേണ്ടതെല്ലാം ഒരുക്കി നല്‍കുകയാണ് ജീവനക്കാരായ ഷറഫുദ്ദീന്‍, അനസ്, ഉസ്മാന്‍, ഷൗക്കത്ത് എന്നിവര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ബസ് നിരവധി തവണ സര്‍വീസ് നടത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു

ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ യുവാവ് മരിച്ചു

0

നന്മണ്ടയിൽ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. നന്മണ്ട അമ്മോമ്മലത്ത് എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു ബിജോയ്. ഇന്ന് രാവിലെ ബാലുശ്ശേരി – കോഴിക്കോട് റോഡിൽ കാക്കൂർ പതിനൊന്നേ രണ്ടിൽ വച്ചാണ് അപകടമുണ്ടായത്.

നന്മണ്ടയിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബിജോയ് പിന്നാലെ വന്ന ബസിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. യുവാവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു.പരേതനായ വാസുവിന്റെയും വസന്ത അമ്മയുടെയുടെയും മകനാണ്. സഹോദരങ്ങൾ: ഷിജി, സുബീഷ്.

ജനവിധി 2024 : ലോക്സഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

0

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. 

 നിയമസഭാ തെരഞ്ഞെടുപ്പ് 

ആന്ധ്രാ പ്രദേശ്  വോട്ടെടുപ്പ് -മെയ് 13ന് 

സിക്കിം- ഏപ്രിൽ 19 

ഒറീസ- മെയ് 13

ജൂൺ 4 ന് വോട്ടെണ്ണൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂ‍ര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദ‍ര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്. എല്ലാ വോട്ട‍ര്‍മാരും തെരഞ്ഞെടുപ്പിൽ പങ്കാളികളാകണം.

കൈവെസി ആപ്പും വോട്ട് ഫ്രം ഹോം സൗകര്യവും 

10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാ‍ര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാ‍ര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേ‍ര്‍ ട്രാൻസ്ജെൻഡ‍ര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും. 

സെര്‍വര്‍ തകരാറിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് ഇന്നും റേഷൻ മസ്റ്ററിങ് തടസപ്പെട്ടു

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ മസ്റ്ററിങ് തടസപ്പെട്ടു. ഇ പോസ് സെർവർ തകരാർ ഇന്നും തുടര്‍ന്നതോടെയാണ് റേഷൻ മസ്റ്ററിങ് തടസപ്പെട്ടത്. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. പ്രശ്നം ഇതുവരെയായിട്ടും പരിഹരിക്കാത്തതിന്‍റെ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും.  പ്രായമായവരും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ റേഷൻ കടകളിൽ കാത്തു കെട്ടി നിൽക്കുന്നത്. റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ.

റേഷൻ കടകളിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അലി കുറ്റപ്പെടുത്തി. ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ കടകളിൽ കെവൈസി നടപടികൾ വൈകുകയാണ്. പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തിൽ ഇന്നലെ മസ്റ്ററിങ് പ്രവര്‍ത്തനങ്ങൾ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി അനിൽ അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ആരംഭിച്ചെങ്കിലും വീണ്ടും തടസം നേരിടുകയായിരുന്നു.

അരി വിതരണം നിർത്തണം എന്ന് പറഞ്ഞിട്ടും ചിലർ അത് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. റേഷൻ വിതരണം മുടങ്ങാൻ പാടില്ല. ഈ മാസത്തെ റേഷൻ വാങ്ങാൻ പറ്റിയില്ലെങ്കിൽ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കും. പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. മഞ്ഞ കാർഡുകാർക്ക് മാത്രം ഇന്ന് നടത്താൻ പറ്റിയാൽ അതിനുള്ള ശ്രമം നടത്തും. റേഷൻ വിതരണം ഇന്ന് സമ്പൂർണ്ണമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് മസ്റ്ററിങ് തുടങ്ങിയത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ ആകെ 1.54 കോടിയാണ്. ഇതുവരെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയത് 15 ലക്ഷം കാർഡ് ഉടമകൾ മാത്രമാണ്. മാർച്ച്‌ 31 നകം മസ്റ്ററിങ് പൂർത്തിയാക്കാനാണ് കേന്ദ്ര നിർദേശം. മസ്റ്ററിങ് നടക്കുന്നതിനാല്‍ നാളെ വരെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

0

ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, തുടങ്ങിയവ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിനും, അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം.

തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഓദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ പൂർണ്ണമായും കോട്ടൺ, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്നവ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ.

പി.വി.സി. ഫ്ലക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി. പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ, പോളിസ്റ്റർ കൊണ്ടുള്ള തുണി, ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.

100% കോട്ടൺ, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പുനഃചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ.

നിരോധിത ഉൽപ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ അനുയോജ്യ നിയമ നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആരംഭിക്കണം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സഹൃദ വസ്തുക്കൾ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തണം. എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും, ഡിസ്‌പോസിബിൾ വസ്തുക്കളും പരമാവധി ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. പോളിംഗ് ബൂത്തുകൾ/വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും, ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.

പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്റുമാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരുവാൻ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയിനറുകളും പരമാവധി ഒഴിവാക്കണം.

തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലീപ്പ് /രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഇവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് സ്ക്രാപ്പ് ഡിലേഴ്‌സിനു കൈമാറാനുള്ള നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കണം.

പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷൻ ക്യാമ്പയിൻ മെറ്റീരിയലുകൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.

വിവിധ വകുപ്പുകൾ, ശുചിത്വ മിഷൻ എന്നിവയുടെ ഏകോപനത്തിലൂടെ ഉചിതമായ നടപടികൾ സ്വീകരിച്ച് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടപ്പിലാക്കുവാനുള്ള അധികാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരിൽ നിക്ഷിപ്തമാണെന്നും ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

ഷവർമ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

0

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ്മയുടെ നിർമ്മാണവും വിൽപ്പനയും നിർത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. ഇതുകൂടാതെ വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകൾ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ്മ നിർമ്മാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഷവർമ്മ നിർമ്മിക്കുന്നവർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതൽ ഉപയോഗിക്കുന്ന സ്റ്റാന്റ്, ടേബിൾ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയിൽ തുറന്ന് വെക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവർമ്മ സ്റ്റാന്റിൽ കോണിൽ നിന്നുള്ള ഡ്രിപ് കളക്ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിട്ടുള്ളതായിരിക്കണം.

ഷവർമ്മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകൾ (-18°C), ചില്ലറുകൾ (4°C) വൃത്തിയുളളതും കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കേണ്ടതുമാണ്. പെഡൽ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളിൽ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയ്യുറ, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിച്ചിരിക്കണം. ഷവർമ്മ നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. 4 മണിക്കൂർ തുടർച്ചയായ ഉത്പാദന ശേഷം കോണിൽ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാൻ പാടുള്ളതല്ല. ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്നീ നിർദേശങ്ങൾ ഉൾപ്പെടുത്തിയ ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകുക. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ തോമസ് ജേക്കബ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.