spot_img
Friday, July 3, 2026
Home Blog Page 405

ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ

0

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും. സാമ്പത്തിക പ്രതിസന്ധി മൂലം ഏറെനാളായി സപ്ലൈക്കോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിൽപ്പന അവതാളത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക. സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ-റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയില്‍ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി. 

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍, 9.50 രൂപ മുതല്‍ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സര്‍ക്കാര്‍ പൊതുജനത്തിനു നല്‍കുന്നതെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു. 

ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണകാരണം വ്യക്തമായി

0

മലപ്പുറം: പാണ്ടിക്കാട് പൊലീസ്  ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മൊയ്തീൻ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. 

മൊയ്തീൻ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിന്‍റെ പാടുകൾ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ പറയുന്നു. സംഭവത്തില്‍ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.

കറണ്ട് ബില്ല് കൂടുമോ? സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം അനിയന്ത്രിതം; കെഎസ്ഇബി പ്രതിസന്ധിയില്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയുള്ള പ്രശ്ന പരിഹാരം സർച്ചാർജ്ജ് കൂട്ടലിലേക്കും നീങ്ങും.

വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്. 

2015 ൽ യുഡിഎഫ് സർക്കാർ ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ, ജാബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വർഷത്തെ കരാറിലേർപ്പെട്ടിരുന്നു. യൂണിറ്റിന് 4.29 പൈസക്ക് വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കിയത് തെറ്റായെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ അടുത്തിടെ സർക്കാർ പുനസ്ഥാപിച്ചു.

നിലവിൽ കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. 8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയാകും ബോർഡിന്. പ്രതിസന്ധി മറികടക്കാൻ വീണ്ടും ജനങ്ങളുടെ തലയിലേക്ക് സർചാർജ്ജ് വരുമെന്നുറപ്പാണ്.

സ്വർണാഭരണങ്ങൾ കാണുന്നില്ല, മൃതദേഹം കണ്ടത് മുട്ടോളം വെള്ളമുള്ള തോട്ടിൽ; അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

0

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുൻപായിരുന്നു വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്.

ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കേണ്ടതിനാലാണ് വീട്ടിൽ നിന്ന് യുവതി പോയത്. എന്നാൽ അനു ഭര്‍തൃവീട്ടിലെത്തിയില്ല. ഫോണിൽ വിളിച്ചിട്ട് ബന്ധുക്കൾക്ക് അനുവിനെ കിട്ടിയില്ല. ഇരു വീടുകളിലും യാതൊരു പ്രശ്നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അനുവിന് എന്തോ അപായം സംഭവിച്ചുവെന്ന് ഭയന്ന വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഉടനെ പൊലീസിൽ പരാതിയും നൽകി. നാട്ടുകാര്‍ പ്രദേശമാകെ അരിച്ചുപെറുക്കി പരിശോധിക്കുകയും ചെയ്തു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം തിരച്ചിൽ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

വയനാട്ടിൽ ഒരു കടുവ കൂടി കൂട്ടിലായി; കുപ്പാടിയിലേക്ക് മാറ്റി

0

മാനന്തവാടി: വയനാട്ടിൽ വളർത്തു മൃഗങ്ങളെ വേട്ടയാടിയിരുന്നു ഒരു കടുവ കൂടി കെണിയിൽ  വീണു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൈലമ്പാടി, അപ്പാട്, എന്നിവിടങ്ങളിൽ ജനവാസ മേഖലയിൽ എത്തിയിരുന്ന കടുവയാണ് രാത്രി ഒമ്പതരയോടെ കൂട്ടിൽ വീണത്. പാമ്പുംകൊല്ലിയിൽ വച്ച കൂട്ടിലാണ് കടവു കുടുങ്ങിയത്. കഴിഞ്ഞ ദിവസം പ്രദേശത്തു നിന്ന് മൂന്ന് ആടുകളെ കടുവ പിടിച്ചിരുന്നു. ഇതിൽ ഒരു ആടിന്റെ ജഡമാണ് കെണിയായി വച്ചത്. കടുവയെ കുപ്പാടിയിലെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റി. വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാകും തുടർ തീരുമാനം. ഈ വർഷം വയനാട്ടിൽ കൂട്ടിലാകുന്ന മൂന്നാമത്തെ കടുവയാണിത്. 

പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡുകള്‍ പുതിയ ഇനി രൂപത്തിൽ; കാലാവധി 3 വർഷം, വെബ്സൈറ്റ് വഴി അപേക്ഷ നൽകാം

0

ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. കാര്‍ഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നോര്‍ക്ക ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി, ഐ.ഡി കാര്‍ഡു വിഭാഗത്തില്‍ നിന്നും രമണി.കെ, ശ്രീജ എന്‍.സി, എന്നിവര്‍ സംബന്ധിച്ചു. 

ലോകത്തെമ്പാടുമുളള  പ്രവാസികേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളിൽ സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഐ.ഡി കാർഡ് സേവനങ്ങൾ. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പരിഷ്കരിച്ച ഡിസൈനാണ് പുറത്തിറക്കിയത്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ ഡിസൈനിലുളള കാര്‍ഡുകള്‍ ലഭ്യമാക്കും. 

18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാര്‍ഡുകള്‍ക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വര്‍ഷവുമാണ് കാലാവധി. അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.  നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

0

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പർ നല്കിയിട്ടുണ്ടാകും. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓൺലൈനായി ചെയ്യാം. പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾക്ക് പുറമെ, ആളുകൾക്ക് അവരുടെ നിലവിലുള്ള കാർഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്‌സ് വിവരങ്ങൾ ലിങ്ക് ചെയ്യാൻ കഴിയും.

പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകൾ വ്യക്തികൾ സമർപ്പിക്കേണ്ടതുണ്ട്. ട്വൻ്റിഫോർനരിക്കുനി മാർച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാൽ ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂൺ 14 വരെ നീട്ടി.

പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.

ഓൺലൈൻ വഴി പുതുക്കാന്‍…

https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക

‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും

വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക

മികച്ച അഭിനയ മുഹുര്‍ത്തങ്ങളുമായി പൃഥ്വിരാജ്: വിസ്മയിപ്പിച്ച് ആട് ജീവിതം ട്രെയിലർ

0

മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ബെന്യാമിന്റെ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ട്രെയ്ലർ എത്തിയിരിക്കുന്നത്.

മലയാള സിനിമയെ വീണ്ടും ദേശിയ തലത്തില്‍ ആടുജീവിതം ചര്‍ച്ചയാക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാര്‍ഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ വാക്കുകള്‍. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ സിനിമ കണ്ടതിനുശേഷം പൂർണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ നേരത്തേ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല:മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,600 രൂപയാണ്. 

മാർച്ച് ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയരുന്നുണ്ട്. 2,520 രൂപയാണ് ഇതുവരെ വർധിച്ചു. ശനിയാഴ്ച മാത്രം 400  രൂപയാണ് സ്വർണത്തിന് വർധിച്ചത്. യു എസ് വിപണി നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ തുടർന്നാണ് സ്വർണവില ഉയരുന്നത്. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില   6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5040 രൂപയാണ്. വെള്ളിയുടെ വില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 40,080 രൂപ
മാർച്ച് 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച് 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച് 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ

അരിക്കൊമ്പനെത്തുന്ന റേഷൻകട, ഇത്തവണ ചക്കകൊമ്പൻ; കൊടിമരം ചവിട്ടി ഫെൻസിങ് താഴെയിട്ടു, 4 ചാക്ക് അരി നശിപ്പിച്ചു

0

ഇടുക്കി: ഇടുക്കിൽ തീരാ തലവേദനയായി വന്യജീവികളുടെ ആക്രമണം. ഒരിടവേളയ്ക്ക് ശേഷം പന്നിയാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷൻകട പൊളിച്ചത്.  ഫെൻസിങ് തകർത്ത് അകത്തു കയറിയ ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ചക്കകൊമ്പൻ റേഷൻ കട ആക്രമിച്ചത്.  

രാവിലെ എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് റേഷൻ കട ആക്രമിച്ചത് കാണുന്നത്. തുടർന്ന് വിവരം കടയുടമയേയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്. പന്ത്രണ്ട് തവണയോളമാണ് അരിക്കിമ്പൻ പന്നിയാറിലെ റേഷൻകട ആക്രമിച്ചത്. അരിക്കൊമ്പന്‍റെ ആക്രമണം പതിവായതോടെ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നിരുന്നു. ഇതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റിയത്. പിന്നീട് ഹാരിസൺ മലയാളം കമ്പിനിയാണ്  റേഷൻ കട പുതുക്കി പണിതത്.

വനംവകുപ്പ് റേഷൻകടയ്ക്ക് ചുറ്റും ഫെൻസിങ് സ്ഥാപിക്കുകയും ചെയ്തിരുന്നു. റേഷൻ വിതരണവും സഗമമായി നടക്കുകയായിരുന്നു. ഇതിനിടെയിലാണ് ചക്ക കൊമ്പന്‍റെ ആക്രമണം.  റേഷൻ കടയോട് ചേർന്നുള്ള ക്ഷേത്രത്തിലെ കൊടിമരം ഫെൻസിങ്ങിലേക്ക് ചവിട്ടിവീഴ്ത്തി ഫെൻസിങ് തകർത്താണ് ആന അകത്ത് കയറിയത്. കടയുടെ ചുമർ തകർത്ത ശേഷം നാല് ചാക്കളം അരി വലിച്ച് പുറത്തിടുകയും രണ്ട് ചാക്ക് അരി തിന്നുകയും ചെയ്തിട്ടുണ്ട്. അരിക്കൊമ്പൻ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാ​ഗത്ത് ഉണ്ടായിരുന്നില്ല.  എന്നാൽ ഇപ്പോൾ ചക്ക കൊമ്പനെ കൊണ്ട് പൊറുതി മുട്ടിയെന്ന് നാട്ടുകാർ പറയുന്നു. ചക്ക കൊമ്പൻ മദപ്പാടിലായതിനാലാണ് ആക്രമണം കൂടിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.