spot_img
Tuesday, June 30, 2026
Home Blog Page 454

കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു.

0

കോഴിക്കോട്: കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു.കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. ജംഷീറാണ് ആദിലിന്റെ പിതാവ്.

നാലുപേർ ഒന്നിച്ചിറങ്ങി… മടക്കം ആദിലില്ലാതെ

കോഴിക്കോട് : രണ്ടുസ്കൂട്ടറുകളിലായി ഒന്നിച്ചാണ് അവര്‍നാലുപേരും കോഴിക്കോട് കടപ്പുറത്തേക്ക് പുതുവത്സരം ആഘോഷിക്കാനായി എത്തിയത്. മാനാഞ്ചിറയും കടപ്പുറത്തുമായുള്ള ആഘോഷങ്ങളും പ്രതീക്ഷകളുമായി അവര്‍ പുതുവര്‍ഷത്തെ വരവേറ്റു. ഏറെ സന്തോഷത്തോടെ ബാലുശ്ശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആഘോഷരാവ് കണ്ണീരില്‍ കുതിര്‍ന്നത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാനാണ് ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.10- ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വെള്ളയില്‍നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താൻവേണ്ടി സ്കൂട്ടറില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്ബേ പോയ സ്കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്കൂട്ടര്‍ ഓടിച്ചുകയറ്റിയത്. ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുവന്ന എറണാകുളം- ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. ട്രാക്കില്‍ സ്കൂട്ടര്‍ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കി അപായമുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും ആദിലിന് രക്ഷപ്പെടാനായില്ല. ചൂളംവിളി കേട്ട് ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ഓടിരക്ഷപ്പെട്ടു. ട്രാക്കില്‍ കുട്ടികളെയും സ്കൂട്ടറും കണ്ട് നിര്‍ത്താതെ ഹോണ്‍മുഴക്കി. എമര്‍ജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും സ്കൂട്ടര്‍ മുന്നോട്ടെടുക്കാനാണ് ആദില്‍ ശ്രമിച്ചത്.

ഇതിനിടയില്‍ തീവണ്ടി ഏറെ അടുത്തായിപ്പോയി -തുരന്തോ എക്സപ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെ വെള്ളയില്‍ സ്റ്റേഷനുസമീപംവരെ തീവണ്ടി എൻജിനില്‍ കുടുങ്ങിനീങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്കുതാഴെ വേര്‍പെട്ട നിലയിലായിരുന്നു.

അപകടത്തെത്തുടര്‍ന്ന് വെള്ളയില്‍ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിൻ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യാത്രതിരിച്ചത്നടക്കാവ് സ്റ്റേഷൻ എസ്.ഐ പവിത്രകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് എ.എസ്.ഐ. നന്ദഗോപാല്‍, ഹെഡ്കോണ്‍സ്റ്റബിള്‍ പി.ദേവദാസ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കളര്‍ഫുള്ളായി നാടെങ്ങും പുതുവത്സരാഘോഷം, 2024ലെ വരവേറ്റ് ലോകം

0

നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്.

ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

ആഭ്യന്തര-വിദേശ സഞ്ചാരികളാണ് ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്. ഇന്ത്യൻ സമയം മൂന്നരയ്ക്ക് കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. വമ്പന്‍ വെടിമരുന്ന് പ്രയോഗത്തോടെയാണ് നാലരയോടെ ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. ആറരയോടെ ഓസ്ട്രേലിയയിലും പുതുവർഷമെത്തി. ഒന്പതരയോടെ ചൈനയും പുതുവർഷത്തിലേക്ക് കടന്നു. തായ് ലാന്‍ഡിലും പുതുവര്‍ഷമെത്തി. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയാരിക്കും യുകെയിലെ പുതുവർഷാഘോഷം. ഇന്ത്യന്‍ സമയം രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. മരുഭൂമിയിൽ ടെന്റ് ഉൾപ്പടെ ഒരുക്കി, മണിക്കൂറുകൾ മുൻപേ തന്നെ പ്രവാസി മലയാളികളുടെ ന്യൂഇയര്‍ ആഘോഷം തുടങ്ങി

മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? മുന്നറിയിപ്പുമായി എംവിഡി

0

പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. ഇതിനൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമായേക്കാമെന്ന് എംവിഡി പറഞ്ഞു. അമിതവേഗതയും മൂന്നുപേര്‍ കയറി വാഹനം ഓടിക്കുന്നതും രാത്രിയില്‍ പരിശോധന കുറവാണ് എന്ന ധാരണയില്‍ അപകടകരമായ വാഹന ഉപയോഗവും എല്ലാം പുതുവര്‍ഷ ആഘോഷങ്ങളില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ ദിവസങ്ങളിലാണെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി.

എംവിഡി കുറിപ്പ്: പുതുവര്‍ഷത്തെ അപകടരഹിതമാക്കാം…പുതുവത്സരത്തെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാന്‍ നാടൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും. ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമായേക്കാം. ആക്രമകാരിയായ ഒരാള്‍ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാല്‍ നാം അയാളെ ആവുന്ന വിധമൊക്കെ തടയാന്‍ ശ്രമിക്കും, എന്നാല്‍ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോള്‍ ഉണ്ടാവില്ല. എന്നാല്‍ ആദ്യ ആളെക്കാള്‍ അപകടകാരി രണ്ടാമനാണ് കാരണം ഒന്നിലധികം മരണത്തിന് അയാള്‍ കാരണക്കാരനാകാം എന്നതു തന്നെ.

മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ സംഭവിക്കുന്നത്. 1. തീരുമാനങ്ങള്‍ എടുക്കല്‍: തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കാലതാമസവും എന്നാല്‍ അമിത ആത്മവിശ്വാസവും. 2. ഏകോപനം കുറയുന്നു: മദ്യംചലനങ്ങളെയും പ്രവര്‍ത്തികളുടെ ഏകോപനത്തെയും ബാധിക്കുന്നു. 3. പ്രതികരണ സമയം കുറയുന്നു: മദ്യം മസ്തിഷ്‌കത്തിന്റെ പ്രതികരണ സമയം മന്ദഗതിയിലാക്കുന്നു, ഇതുമൂലം റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമാകാതെ വരുന്നു. 4. റിസ്‌ക് എടുക്കല്‍: അമിത ആത്മവിശ്വാസവും തന്മൂലം അപകടകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള വ്യഗ്രതയും റിസ്‌ക് എടുക്കലും. മാത്രവുമല്ല അമിതവേഗതയും മൂന്നുപേര്‍ കയറി വാഹനം ഓടിക്കുന്നതും രാത്രിയില്‍ പരിശോധന കുറവാണ് എന്ന ധാരണയില്‍ അപകടകരമായ വാഹന ഉപയോഗവും എല്ലാം പുതുവര്‍ഷ ആഘോഷങ്ങളില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ ദിവസങ്ങളിലാണ്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകാത്ത വിധം, പൊതു ഇടങ്ങളിലെ സംസ്്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തില്‍ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും

കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ്

0

തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു. പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ കെഎസ്ഇബിയിൽ നിന്നെന്ന പേരിൽ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പുകാർ സംസാരിക്കുകയും  പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന്  ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങളൊന്നും ആവശ്യപ്പെടില്ലെന്നും ഇത്തരത്തിലുള്ള കോളുകളോ സന്ദേശങ്ങളോ വരികയാണെങ്കിൽ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ അതാത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും കെഎസ്ഇബി അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെ എസ് ഇ ബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് അഭ്യർഥിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്.

കെ എസ് ഇ ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗ്ഗങ്ങളുണ്ട്. wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈൽ പെയ്മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാവുന്നതാണ്.

ബിൽ പെയ്മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്.

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം : സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന

0

*15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

           ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ വിപണിയിലെ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

           അൽ-ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ് തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുന്ന കടകളിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 19 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ തുടർ നടപടി സ്വീകരിക്കും. വീഴ്ചകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 49 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 74 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി.

           ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകൾക്ക് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകൾക്ക് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ, ഭക്ഷ്യ സുരക്ഷാ ഓഫീസർ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നൽകി.

           ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനകളും നടക്കുന്നു. കേക്ക്, വൈൻ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന. ഈ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നു.

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും

0

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.

യുവതി പപ്പടക്കോല്‍ വിഴുങ്ങി, ശ്വാസകോശം തുരന്ന് ആമാശയത്തില്‍ ഉറച്ചുനിന്നു; വായിലൂടെ പുറത്തെടുത്തു

0

കോഴിക്കോട് : മുപ്പത്തിമൂന്നുകാരി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വായിലൂടെതന്നെ തിരിച്ച് ഊരിയെടുത്തു. മലപ്പുറം സ്വദേശിനിയാണ് മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് പപ്പടക്കോൽ വിഴുങ്ങിയത്.ഇത് അന്നനാളത്തിലൂടെ പോയി ഇടത് ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചുനിൽക്കുന്നനിലയിലാണ് ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തത്.

ഒരുഭാഗം മൊത്തം തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണഗതിയിൽ ചെയ്യേണ്ടിയിരുന്നത്. ഇതിന് വിജയസാധ്യത കുറവാണെന്നു വിലയിരുത്തിയതിനെ തുടർന്നാണ് പപ്പടക്കോൽ എടുക്കുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടായാൽ അപ്പോൾതന്നെ ഹൃദയം തുറന്ന് ശസ്ത്രക്രിയചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയശേഷം വായിലൂടെതന്നെ തിരിച്ചെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.ഇ.എൻ.ടി., അനസ്തേഷ്യ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ആന്തരികാവയവങ്ങൾക്ക് പ്രത്യക്ഷത്തിൽ പരിക്കൊന്നുമേൽക്കാതെ വായിൽക്കൂടിതന്നെ പപ്പടക്കോൽ പുറത്തേക്കെടുക്കാനായത്. ഫൈബർ ഒപ്ടിക് ഇൻട്യുബേറ്റിങ് വീഡിയോ എൻഡോസ്കോപ്പ്, ഡയറക്ട് ലാറിയങ്കോസ്കോപ്പി എന്നീ പ്രക്രിയകളും തുണയായി.

ഇത്രയും വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ടും പ്രീമിയം സ്വകാര്യ ആശുപത്രി നിലവാരത്തിലുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.ആന്തരികരക്തസ്രാവമുണ്ടോ എന്നു നിരീക്ഷിക്കാനായി യുവതി ഐ.സി.യു.വിൽ തുടരുകയാണ്.ഇ.എൻ.ടി. അസോസിയേറ്റ് പ്രൊഫസർ എം.കെ. ശ്രീജിത്ത്, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർമാരായ പി.എം.എ. ബഷീർ, ഫിജിൽ കോമു, എസ്. വിനീത, സർജറി വിഭാഗത്തിലെ പ്രൊഫസർ ഷാജഹാൻ, കാർഡിയോ തെറാസിക് സർജൻമാരായ അതുൽ അബ്രഹാം,എം.കെ.അജ്മൽ,എ.ആനന്ദ്,എസ്.ആർ.ആന്റണി,തുഷാര, പെർഫ്യൂഷൻ ടെക്‌നീഷ്യൻ കെ. ബാലൻ, അനസ്തേഷ്യ ടെക്‌നീഷ്യന്മാരായ മുബീന ഷിനി, ഹനീഫ പാനായി, സ്റ്റാഫ് നഴ്‌സ് ജിൽജിത്ത്, ഹിമാ ബാല എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്

ബിഗ് ബോസ് മുന്‍ താരം ശാലിനി നായര്‍ വിവാഹിതയായി, വരന്‍ ദിലീപ്

0

ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. “എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം!! വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്.. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളില്‍ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്.. ദിലീപേട്ടൻ!! ഞാൻ വിവാഹിതയായിരിക്കുന്നു.. സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..”, ചിത്രത്തിനൊപ്പം ശാലിനി നായര്‍ കുറിച്ചു.ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥി ആയിരുന്നു ശാലിനി നായര്‍. സീസണിലെ രണ്ടാമത്തെ എവിക്ഷനിലൂടെയാണ് ശാലിനി ബിഗ് ബോസില്‍ നിന്ന് പുറത്തായത്. തന്‍റെ യുട്യൂബ് ചാനലിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്‍റെ വിശദമായ അവലോകനങ്ങളും ശാലിനി നടത്തിയിരുന്നു. വിനോദ സഞ്ചാര വകുപ്പ് നടത്തിയ ഓണാഘോഷ പരിപാടിയായ ഓണവില്ലിന്‍റെ ഭാഗമായി നടന്ന ജാസി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റില്‍ അവതാരകയായി ശാലിനി എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ് ശാലിനി.

രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സ​​ഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ​ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ​​ഗണേഷ് കുമാറിന് ​ഗതാ​ഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം. അതേ സമയം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എൽഡി എഫ് കൺവീനർ ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ മാറ്റങ്ങളുണ്ടാകില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.മുഖത്തോട് മുഖം നോക്കാതെ പരസ്പരം അഭിവാദ്യം പോലും ചെയ്യാതെ ഇരുന്ന മുഖ്യമന്ത്രിയും ഗവര്‍ണറുമായി സത്യപ്രതിജ്ഞാ വേദിയിലെ ശ്രദ്ധാകേന്ദ്രം. ഇരുവരും അടുത്തടുത്താണ് ഇരുന്നത്. എന്നിട്ടും പരസ്പരം നോക്കിയതേയില്ല. ചടങ്ങ് അവസാനിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ വേദി വിട്ടു. ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും ക്ലിഫ് ഹൌസിലേക്ക് മടങ്ങിപ്പോയി. പിന്നാലെ മന്ത്രിമാരെല്ലാം ചായ സത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ചു. പുതിയ മന്ത്രിമാരും എകെ ശശീന്ദ്രനും മാത്രമാണ് ചായസത്കാരത്തില്‍ പങ്കെടുത്തത്.

തമിഴ് സൂപ്പർതാരം വിജയകാന്ത് അന്തരിച്ചു

0

ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിച്ചത്.എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

1952 ഓഗസ്റ്റ് 25 ന് മധുരയിൽ‌ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗർ‌സ്വാമി എന്നാണ്. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ‌ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ.1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയത്. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.

പിന്നാലെ, ആക്‌ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുനായകരിലൊരാളായി വിജയകാന്ത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ‌, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ‌. അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്‌ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേ‌ടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു നായകൻ. 2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിച്ചു. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്