തൃശൂർ: സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുക്കാനുള ശ്രമം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു; ബസ് ഡ്രൈവര്‍ അറസ്റ്റിൽ
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് (24) ആണ് പിടിയിലായത്. താന്‍ ഓടിക്കുന്ന ബസില്‍ യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുമായി മുര്‍ഷിദ് ബന്ധം സ്ഥാപിച്ചു. പിന്നീട് പെണ്‍കുട്ടിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ മുര്‍ഷിദ് പീഡിപ്പിച്ചത്. പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മുര്‍ഷിദ് മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി കല്‍പ്പറ്റയിലെ തന്നെ മറ്റൊരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ പിടിയിലായി.
താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമം; വീടിനും, പോലീസിനും നേരെ കല്ലേറ് , യുവാവിന് വെട്ടേറ്റു.
താമരശ്ശേരി:താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമം അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ വീടിനു നേരെയാണ് ലഹരി മാഫിയയുടെ ആക്രമമുണ്ടായത്. സ്ഥലത്തെത്തിയ പോലീസിനു നേരെയും ആക്രമികൾ കല്ലെറിയുകയും ചെയ്തു.യുവാവിന് വെട്ടേൽക്കുകയും,
മൂന്നു കാറുകളും, പോലീസ് ജീപ്പ്ന്റെ ചില്ല് തകർത്തുകയും വീടിൻ്റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. അമ്പലമുക്ക് സ്വദേശി ഇർഷാദിനാണ് വെട്ടേറ്റത്.
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പ്രദേശത്തെ ഷെഡിൽ തമ്പടിക്കുന്ന സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 15 ഓളം പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ആക്രമി സംഘത്തിൽപെട്ട എറണാകുളം സ്വദേശി സക്കീർ എന്നയാളെ പോലീസ് പിടികൂടി.ലഹരി മാഫിയ തമ്പടിച്ചതിന് സമീപമുള്ള മൻസൂറിൻ്റെ വീട്ടിൽ സിസിടിവി സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണം.വൈകുന്നേരം 5.30 ഓടെ മൻസൂറിന് നേരെ ഭീഷണി മുഴക്കിയിരുന്നു, തുടർന്ന് പോലീസ് എത്തി തിരിച്ചുപോയി, അതിന് ശേഷമാണ് രാത്രി വീടിനു നേരെ അക്രമം ഉണ്ടായത്. താമരശ്ശേരി ഡിവൈഎസ്പി അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.മൻസൂർ താമരശ്ശേരി പോലീസിൽ പരാതി നൽകി.
ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു
നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.
പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.
ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്. സുവീൻ എസ് സോമശേഖരാണ തിരക്കഥ.
യുപിഐ ഇടപാടുകൾ പരാജയപ്പെടാറുണ്ടോ? പേയ്മെന്റുകൾ ഈസിയാക്കുന്നതിനുള്ള വഴികളിതാ
യുപിഐ ഇടപാടുകൾ ഏറെ സജീവമാണിന്ന്. ഷോപ്പിംഗ് മാളിലോ, പെട്രോൾ പമ്പിലോ ആയാലും, കയ്യിൽ പണമില്ലെങ്കിൽ, ഓൺലൈൻ മുഖേന അതിവേഗം ഈസിയായി പേയ്‌മെന്റുകൾ പൂർത്തിയാക്കാം. യുപിഐ പേയ്‌മെന്റുകളെ ആശ്രയിക്കുന്നത് വർദ്ധിച്ചതിനാൽ, പലരും പണം കൈവശം വയ്ക്കാത്ത സാഹചര്യങ്ങളുമുണ്ട്. എന്നാൽ ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെട്ടാൽ പ്രതിസന്ധിയിലുമാകും. ചിലപ്പോൾ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്തെങ്കിലും, ഉദ്ദേശിച്ച വ്യക്തിക്ക് പണം കിട്ടാതെയും വരും, ഇത്തരത്തിലുള്ള പലവിധ സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം പലർക്കും. യുപിഐ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന് പലവിധ കാരണങ്ങളുണ്ട്. . പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ അറിഞ്ഞുവെയ്ക്കാം
ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക
യുപിഐ പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. മൊബൈൽ ഫോൺ ഇന്റർനെറ്റുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പണം ട്രാൻസ്ഫർ ചെയ്യുന്നത് തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യും.
ബാങ്ക് സെർവറുകൾ തകരാറിലായാൽ: പണം അയയ്ക്കുന്നയാളുടെയോ സ്വീകരിക്കുന്നയാളുടെയോ ബാങ്ക് സെർവറുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പേയ്‌മെന്റുകൾ നടത്തുമ്പോൾ ഒരു പോപ്പ്-അപ്പ് ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ പേയ്മെന്റുകൾ പരാജയപ്പെടുകയാണ് പതിവ്
കൃത്യമായ യുപിഐ പിൻ നൽകുക
ഒരു ഓൺലൈൻ പേയ്‌മെന്റ് നടത്താൻ കൃത്യമായ യുപിഐ പിൻ പ്രധാനമാണ്.. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല.പിൻ മറന്നുപോയാൽ ഫോർഗെറ്റ് യുപിഐ പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം
അക്കൗണ്ട് ബാലൻസ്: പലപ്പോഴും ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് ബാലൻസിനെക്കുറിച്ച് ധാരണയുണ്ടാകില്ല. മാത്രമല്ല അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക പേയ്‌മെന്റുകൾ നടത്താൻ ശ്രമിക്കുമ്പോഴും ഇടപാട് പൂർത്തിയാക്കാനാകില്ല. അതിനാൽ പേയ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാലൻസ് എപ്പോഴും പരിശോധിക്കുക.
പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി പരിശോധിക്കുക:മിക്ക ബാങ്കുകളും യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിധി കഴിഞ്ഞാൽ ഇടപാടുകൾ നടത്താൻ കഴിയില്ല.
യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക
യുപിഐ പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലാണെങ്കിൽ, നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.
സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക
പണം അയയ്‌ക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും കൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും
അടിമുടി മാറി കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്, ഗുണങ്ങളേറെ, അറിയേണ്ടതെല്ലാം!
കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും, Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.
ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി 12.08.2022 ൽ കെഎസ്ആർടിസി തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓഡർ നൽകുകയും ചെയ്തിരുന്നു. ആ കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അഞ്ച് മാസക്കാലം കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ് 2023 സെപ്റ്റംബർ 5 മുതൽ KSRTC-യുടെയും, കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും എല്ലാ സർവീസുകളേയും ഉൾപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം ആരംഭിക്കുന്നത്.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകളുടെ വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് വരുന്നത്. അത് പോലെ തന്നെ റിസർവേഷനിലൂടെ വരുന്ന വരുമാനവും കെ എസ് ആർ ടി സി -യുടെ അക്കൗണ്ടിൽ മാത്രമാണ് ലഭിക്കുക. KSRTC SWIFT സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിൽ ഇല്ല. ഇത് നേരത്തെ തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിരുന്നു. വരുമാനം മറ്റു കമ്പനികളിലേക്ക് പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും, യാത്രക്കാർക്കിടയിലും തെറ്റിദ്ധാരണ മാത്രമേ ഉണ്ടാകൂവെന്നും അത്തരം വാർത്തകൾ ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻവാങ്ങണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു. പുതിയ വെബ്സൈറ്റ്: www.onlineksrtcswift.com, മൊബൈൽ ആപ്ലിക്കേഷൻ (Play സ്റ്റോറിലും App സ്റ്റോറിലും ലഭ്യമാണ്) Ente KSRTC Neo OPRS .
പുതിയ സംവിധാനത്തിലെ നൂതന സവിശേഷതകൾ
ബസ് സർവീസ് ആരംഭിച്ചാൽ പോലും പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ലഭ്യമായ സീറ്റുകളിൽ ബുക്കിങ് അനുവദനീയമാകുന്നു. ഇത് കാരണം യാത്രക്കാർ ബസുകൾ സേർച്ച് ചെയ്യുമ്പോൾ കൂടുതൽ ബസുകൾ ലഭ്യമാകുന്നു. (Live Ticketing) – പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് ടിക്കറ്റിങ് നൽകാനാകും വിധം ഏതാനും സർവീസുകളിൽ നടപ്പിലാക്കി വരുന്നു. എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്സാപ്പ് മുഖേനയും ബുക്കിങ് സംബന്ധമായ എല്ലാ സന്ദേശങ്ങളും ലഭ്യമാകുന്നതാണ്. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയുവാനും സാധിക്കും.
സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്‌ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂന മർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
4 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബാധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഗൂഗിൾ പിക്സൽ 8 ; ഐഫോണിനെ വെല്ലാന്‍ എത്തുന്ന ഫോണിന്‍റെ വില വിവരം ഇങ്ങനെ.!
ആപ്പിള്‍ ഐഫോണ്‍ 15ന് പുറമേ തന്നെ എത്തുന്ന ഗൂഗിളിന്‍റെ പ്രീമിയം എന്‍റ് ഫോണ്‍ സീരിസാണ് ഗൂഗിള്‍ പിക്സല്‍ 8. ഇപ്പോള്‍ പിക്സല്‍ 8മായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിൾ പിക്സൽ മോഡലുകൾ ലിസ്റ്റ് ചെയ്ത് യുഎസ് റെഗുലേറ്റർ. ഏഴ് പതിപ്പുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിക്‌സൽ 8-ൽ നാലെണ്ണവും പിക്‌സൽ 8 പ്രോയുടെ മൂന്നെണ്ണവുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒക്‌ടോബർ നാലിന് കമ്പനിയുടെ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ ഗൂഗിൾ പിക്‌സൽ 8 സീരീസ് ലോഞ്ച് ചെയ്യുമെന്ന വാർത്ത പുറത്തു വന്നത്.
എന്നാൽ കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥീരികരിച്ചിട്ടില്ല. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയുടെ യൂറോപ്യൻ വിലനിർണ്ണയ വിശദാംശങ്ങൾ അവയുടെ സ്റ്റോറേജ് കോൺഫിഗറേഷനുകൾ, കളർ ഓപ്ഷനുകൾ എന്നിവയെ കുറിച്ച് പറയുന്നുണ്ട്. പിക്സൽ 8 സീരീസ് ഒരു eSIM പതിപ്പിൽ മാത്രമേ എത്തുകയുള്ളൂവെന്ന് മുൻപ് ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. ഗൂഗിൾ ഫിസിക്കൽ സിം കാർഡ് സ്ലോട്ടുകൾ ഹാൻഡ്‌സെറ്റുകളിൽ പാക്ക് ചെയ്തേക്കും. പിക്സൽ 8 പ്രോ നൈറ്റ് സൈറ്റ് വീഡിയോയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.ലീക്കായ വിവരങ്ങൾ അനുസരിച്ച്, 128 ജിബി സ്റ്റോറേജ് വേരിയന്റിന് പിക്സൽ 8 ന് 874.25 യൂറോ (ഏകദേശം 78,400 രൂപ) ആയിരിക്കും വില. 256 ജിബി സ്റ്റോറേജ് വേരിയന്റിന് 949.30 യൂറോ (ഏകദേശം 85,200 രൂപ) ആകും വില.
വാനില മോഡൽ ഹാസൽ, മിന്റ്, ഒബ്സിഡിയൻ, റോസ് കളർ ഓപ്ഷനുകളിൽ ഫോൺ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു.അതേസമയം, പിക്സൽ 8 പ്രോയ്ക്ക് 128 ജിബി സ്റ്റോറേജ് മോഡലിന് 1,235.72 യൂറോ (ഏകദേശം 1,10,900 രൂപ) ചിലവാകും. 256 ജിബി സ്റ്റോറേജ് മോഡലിന് 1,309.95 യൂറോ (ഏകദേശം 1,17,500 രൂപ) വില വരുമെന്ന് പറയപ്പെടുന്നു. ഉയർന്ന നിലവാരമുള്ള 512 ജിബി മോഡലിന് 1,461.24 യൂറോ (ഏകദേശം 1,31,100 രൂപ) വിലവരുമെന്നാണ് റിപ്പോർട്ട്. ബേ, മിന്റ്, ഒബ്സിഡിയൻ, പോർസലൈൻ ഷേഡുകൾ എന്നിവയിൽ ഇവ ലഭ്യമാകുമെന്ന് സൂചനയുണ്ട്.
ത്രീ, ടൂ, വണ്‍, സീറോ… ആ കൗണ്ട്ഡൗൺ ശബ്ദം ഇനിയില്ല, വളര്‍മതി അന്തരിച്ചു
ചെന്നൈ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്. തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്.
1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിൽ ചേര്‍ന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്.
ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ പി വി വെങ്കിടകൃഷ്ണൻ സമൂഹമാധ്യമമായ എക്സില്‍ വളര്‍മതിയെ അനുസ്മരിച്ചതിങ്ങനെ- “ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം.”
പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക.
വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്‍റെ തലേന്നും അവസാനമുണ്ടായില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും സൈബർ കൂട്ടങ്ങൾ വെറുതെ വിടുന്നില്ല. സൈബർ ആക്രമണങ്ങളിൽ ജെയ്ക്കിന്‍റെ ഭാര്യ ഗീതു ഇന്നലെ പരാതി നൽകി. ജെയ്ക്കിന് വേണ്ടി അയൽവാസികളോട് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ഗീതു തോമസിനെ കോണ്‍ഗ്രസ് അനുകൂല സൈബർ പോരാളികൾ ട്രോളുന്നത് ആരോഗ്യ സ്ഥിതി പോലും മാനിക്കാതെയാണ്. ട്രോളുകൾ കൂടിയതോടെ കോട്ടയം എസ് പിക്ക് ഗീതു തോമസ് പരാതി നൽകി.
ജയ്ക്ക് സി തോമസ് സൈബർ പരിഹാസങ്ങൾക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗീതു പരാതി നൽകിയത്ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുകയാണ്. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബർ പോരാളികൾ സംഭാഷണം പ്രചരിപ്പിക്കുന്നത്. സംഭാഷണം തിരക്കഥയെന്ന് ചാണ്ടി ഉമ്മൻ പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ശബ്ദരേഖയാണെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്.



