spot_img
Thursday, June 25, 2026
Home Blog Page 512

കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ബെംഗളൂരുഫുട്ബോളില്‍ നീലവസന്തം തുടരുന്നു. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉയര്‍ത്തി. കുവൈത്തിനെതിരെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ മലർത്തിയടിച്ചു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് പാഴാക്കി. എങ്കിലും സഡന്‍ ഡത്തിലെ കുവൈത്തിന്‍റെ ആദ്യ കിക്ക് ഗുർപ്രീത് തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു. സാഫ് കപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്. 

ആദ്യപകുതി 1-1

അടിയും തിരിച്ചടിയുമായി ത്രില്ലടിപ്പിക്കുന്നതായിരുന്നു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തിലെ ആദ്യപകുതി. കിക്കോഫായി 14-ാം മിനുറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് കുവൈത്ത് ലീഡ് പിടിച്ചു. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 28-ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്‌താബ് സിംഗിനെ 35-ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്‌ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഇന്ത്യയെ 1-1ന് സമനിലയിലേക്ക് നയിച്ചു. 

പിന്നെ ഗോളില്ല!

രണ്ടാംപകുതിയുടെ തുടക്കം മുതല്‍ അടുത്ത ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ മത്സരം പലകുറി കയ്യാങ്കളിയായി. ഗോള്‍ മാറി നിന്നതോടെ ആഷിഖ് കുരുണിയന് പകരം മഹേഷ് സിംഗിനെയും അനിരുദ്ധ് ഥാപ്പയ്‌ക്ക് പകരം രോഹിത് കുമാറിനെയും കളത്തിലിറക്കി. 89-ാം മിനുറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തെ മെഹ്‌താബിന്‍റെ ടാക്കിള്‍ ഫ്രീകിക്കായെങ്കിലും ഇന്ത്യന്‍ പ്രതിരോധം രക്ഷയായി. തൊട്ടുപിന്നാലെ സഹലിനെ പിന്‍വലിച്ച് ഉദാന്ത സിംഗിനെ ഇറക്കി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ലഭിച്ച അവസരങ്ങള്‍ ഗോളിലേക്ക് വഴിതിരിച്ച് വിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയാതിരുന്നതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു. അവിടേയും വലകുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ ഫലത്തിനായി ഷൂട്ടൗട്ടിനെ ആശ്രയിക്കുകയായിരുന്നു.  

സ്റ്റാര്‍ട്ടിംഗ് ഇലവന്‍

ഇഗോര്‍ സ്റ്റിമാക് 4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏക സ്‌ട്രൈക്കറായി എത്തിയപ്പോള്‍ മലയാളി താരങ്ങളായ സഹല്‍ അബ്‌ദുല്‍ സമദും ആഷിഖ് കുരുണിയനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. ലാലിയൻസുവാല ചാംഗ്തേ, ജീക്‌സണ്‍ സിംഗ്, അനിരുഥ് ഥാപ്പ, ആകാശ് മിശ്ര, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, നിഖില്‍ പൂജാരി, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍. അതേസമയം 4-3-3 ഫോര്‍മേഷനിലാണ് റൂയി ബെന്‍റോയുടെ കുവൈത്ത് മൈതാനത്തെത്തിയത്.

AI ക്യാമറ ഇതുവരെ കണ്ടെത്തിയത് 20.42 ലക്ഷം നിയമ ലംഘനങ്ങൾ

0

*ക്യാമറ സ്ഥാപിച്ചതിനു ശേഷം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു: മന്ത്രി ആന്റണി രാജു

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവ സൂക്ഷ്മമായി പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാൻ അയക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ശേഷം, കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചതിൽനിന്ന്, സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2022 ജൂണിൽ 3714 വാഹനാപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, 2023 ജൂണിൽ, ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഇത്തവണ അത് 140 ആയി കുറഞ്ഞു. 2022 ജൂണിൽ വാഹനാപകടങ്ങളിൽപ്പെട്ട് 4172 പേർക്കു പരുക്കേറ്റപ്പോൾ ഇത്തവണ അത് 1468 ആയി കുറയ്ക്കാനും കഴിഞ്ഞു. റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ. ക്യാമറകൾ ഏറെ പ്രയോജനം ചെയ്യുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എ.ഐ. ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്ക് അപ്പീൽ നൽകുന്നതിനും പരാതി അറിയിക്കുന്നതിനുമുള്ള പരാതി പരിഹാര ആപ്ലിക്കേഷൻ ഓഗസ്റ്റ് അഞ്ചിനു പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.

ജൂൺ അഞ്ചു മുതലാണ് എ.ഐ. ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്കു പിഴ ഈടാക്കിത്തുടങ്ങിയത്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളിൽ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതിൽ 1,77,694 എണ്ണം എൻ.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തിൽ ഇ-ചലാൻ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനിൽ 1,04,063 എണ്ണം തപാൽ വകുപ്പിനു കൈമാറി. നിയമ ലംഘനം നടത്തുന്ന ഓരോ വ്യക്തികൾക്കുമാണു പിഴ ചുമത്തുന്നത്. ഐ.ടി.എം.എസിലേക്കു മാറ്റിയ നിയമ ലംഘനങ്ങളിൽ ആകെ 2,14,753 പേർക്കു പിഴ ചുമത്തിയിട്ടുണ്ട്. ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 73,887 പേർക്ക് പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയാണ് ഇതിൽ മുന്നിൽ. 19482 പേരാണ് തിരുവനന്തപുരത്ത് ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 619 പേർ. പിൻസീറ്റ് യാത്രക്കാർക്കു ഹെൽമെറ്റ് ഇല്ലാത്തതിന് 30213 പേർക്കു പിഴ ചുമത്തി.

സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49775 പേർക്കു പിഴ ചുമത്തി. 5622 നിയമ ലംഘനങ്ങൾ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് ഈ വിഭാഗത്തിൽ മുന്നിൽ. 1932 നിയമ ലംഘനങ്ങൾ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തിൽ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെൽറ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങൾ കണ്ടെത്തി. കൂടുതൽ മലപ്പുറം – 8169, കുറവ് ഇടുക്കി – 2348. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചതിന് 1846 പേർക്കു പിഴ ചുമത്തി. (കൂടുതൽ തിരുവനന്തപുരം – 312, കുറവ് ഇടുക്കി – 9), ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്തതിന് 1818 പേർക്കു പിഴ ചുമത്തി. കൂടുതൽ തിരുവനന്തപുരം – 448, കുറവ് കണ്ണൂർ – 15. ആകെ ചെല്ലാൻ ജനറേറ്റ് ചെയ്ത നിയമ ലംഘനങ്ങളിൽനിന്നായി 7,94,65,550 രൂപയാണു സർക്കാരിലേക്കു ലഭിക്കുന്നത്. ഇതിൽ 81,7,800 രൂപ ലഭിച്ചു.

എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ പ്രോസസ് ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനു കെൽട്രോണിനു നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കൂടുതൽ സ്റ്റാഫിനെ നിയോഗിച്ച് മൂന്നു മാസത്തിനകം ഇവ പ്രോസസ് ചെയ്തു തീർക്കും. ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുമായി  ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള അപ്പീലുകൾ നൽകുന്നതിനായി പുറത്തിറക്കുന്ന ആപ്ലിക്കേഷനു പുറമേ ജില്ലാതല കമ്മിറ്റി രൂപീകരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി അത്തരം വാഹനങ്ങളുടെ വിവരങ്ങൾ ഡാറ്റബേസിൽ ലഭ്യമാക്കിയിട്ടുണ്ട്.

റോഡിനു വീതി കൂട്ടിയപ്പോൾ മാറ്റേണ്ടിവന്ന 16 ക്യാമറകൾ ജൂലൈ 31നുള്ളിൽ മാറ്റി സ്ഥാപിക്കും. നോ പാർക്കിങ് മേഖലയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി  ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നോ പാർക്കിങ് മേഖലകൾ കൃത്യമായി നിർണയിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ ചേരുകയും ഇത്തരം മേഖലകളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ചും വാഹനങ്ങൾ നിരത്തിലിറക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ നേരിട്ടു പരിശോധന നടത്തുന്ന ഡ്രൈവുകൾ നടത്തും. പുതുക്കിയ വാഹന വേഗപരിധി, പാർക്കിങ് സ്ഥലങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ജൂലൈ 5ന് ചേരുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ ക്‌ളാസുകൾ നാളെ (ബുധനാഴ്ച) ആരംഭിക്കും

0

സംസ്ഥാനത്ത് പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 18,735ഉം അൺ എയ്ഡഡിൽ 11,309ഉം പേർ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റിൽ പ്രവേശന വിവരങ്ങൾ നൽകാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്.

വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി.സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകൾ അപേക്ഷ സമർപ്പണം ജൂലൈ 8 മുതൽ 12 വരെയാണ്. പ്ലസ് വൺ ക്ളാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി വി ശിവൻകുട്ടി മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേരിട്ടത്തി വിദ്യാർത്ഥികളെ കാണും. നാളെ രാവിലെ 9.30 നാണ് മന്ത്രി സ്‌കൂൾ സന്ദർശിക്കുക. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല

അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു.

അതിശക്ത മഴയും റെഡ് അലര്‍ട്ടും;പ്രധാന വിവരങ്ങള്‍ അറിയാം

0

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (5-7-2023) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. കാസര്‍കോട് പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

റെഡ് അലേർട്ട്

04-07-2023 :ഇടുക്കി, കണ്ണൂർ,കാസറഗോഡ്

ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

04-07-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഈ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

05-07-2023 : കൊല്ലം
06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08-07-2023 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പുതുക്കിയ സമയപരിധി ഇതാണ്

0

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ.  2023 സെപ്തംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് റേഷൻ കാർഡും ആധാർ കാർഡും പ്രധാന രേഖകളാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനായാണ്, അർഹരായ ആളുകൾക്ക് റേഷൻ കാർഡ് നൽകുന്നത്. പലർക്കും റേഷൻ കാർഡുകൾ തിരിച്ചറിയൽ രേഖ കൂടിയാണ്. അതുകൊണ്ടുതന്നെ  റേഷൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധവുമാണ്.

ഉപയോക്താക്കൾക്ക് ഒന്നിലധികം റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ തടയുന്നതിനും, അർഹതയില്ലാത്ത ആളുകൾക്ക് റേഷൻ ലഭിക്കുന്നുണ്ടങ്കിൽ തിരിച്ചറിയാനും,  വ്യാജ കാർഡുകൾ ഇല്ലാതാക്കാനും വേണ്ടിയാണ്  ഈ നടപടി .ഓൺലൈനായും ഓഫ് ലൈനായും റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള, സേവനം സൗജന്യമായി ലഭിക്കുന്നതിന്  അടുത്തുള്ള റേഷൻ കട സന്ദർശിക്കേണ്ടതുണ്ട്. റേഷൻ കടകൾ വഴി ഇ പി.ഒ.എസ് മെഷീൻ വഴി നേരിട്ടും, അല്ലെങ്കിൽ താലൂക്ക് സപ്ലൈസ് ഓഫീസുകൾ വഴിയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.ഓൺലൈനായും റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാവുന്നതാണ് .

ആധാർ കാർഡും റേഷൻ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യും വിധം

-സംസ്ഥാന പൊതുവിതരണ സംവിധാനത്തിന്റെ   ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

-ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക.

-‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

-നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി നമ്പർ ലഭിക്കും

-ഒടിപി നൽകി നിങ്ങളുടെ റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുക.

-ലിങ്കിങ് നടപടികൾ പൂർത്തിയായാൽ സന്ദേശം ലഭിക്കും

ഇത് മൂന്നാം തവണയാണ്  റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുന്നത്. 2023 മാർച്ച് 31 വരെയായിരുന്നു ആദ്യത്തെ സമയപരിധി. അതിനുശേഷം ഈ വർഷം ജൂൺ 30 വരെ നീട്ടിയിരുന്നു. നിലവിൽ  വീണ്ടും സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുകയാണ്.

ആംബുലൻസുകളിൽ ജി പി എസ് കർശനമാക്കും: മന്ത്രി ആന്റണി രാജു

0

റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ എൻജിനീയറിംഗ് കോളേജിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,യൂണിഫോം എന്നീ ആവശ്യങ്ങൾ  നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്‌സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം.  മൂന്ന് വർഷത്തിലൊരിക്കൽ  ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.      

ബോധവൽക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്‌കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് ഗവൺമെന്റ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ കോളേജ് ബസ് ഡ്രൈവർമാർ, കെ എസ് ആർ ടി സി ഡ്രൈവർമാർ എന്നിവർക്ക് നിലവിൽ പരിശീലനം നൽകി വരുന്നു. ഒരിക്കൽ ലൈസൻസ് കിട്ടിയാൽ പരിശീലനമാവശ്യമില്ല എന്ന തോന്നൽ തെറ്റാണ്. റോഡ് നിയമങ്ങൾ, വാഹന നിലവാരം, സാങ്കേതികവിദ്യ എന്നിവ മാറുമ്പോൾ പരിശീലനം അത്യാവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സഹായത്തോടെ ഡ്രൈവറില്ലാത്ത വാഹനങ്ങൾ പുറത്തിറങ്ങുന്ന കാലമാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊളളാൻ ഡ്രൈവർ സമൂഹവും തയാറാകണം.

മോട്ടോർ വാഹന വകുപ്പ് വിവിധ ഏജൻസികളെ കോർത്തിണക്കി കേന്ദ്ര നിയമങ്ങൾ അടിസ്ഥാനമാക്കി വിവിധ പരിശീലനങ്ങൾ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പ്രവർത്തിക്കാനാരംഭിച്ചതോടെ പ്രതിദിനമുള്ള 4.5 ലക്ഷം നിയമലംഘനങ്ങൾ 2.5 ലക്ഷമായി കുറഞ്ഞു. പിഴ ഈടാക്കാൻ ആരംഭിച്ചതോടെ 70,000 ലേക്ക് കുറഞ്ഞു. 4,000 പേർ പ്രതിവർഷം വാഹന അപകടത്തിൽ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58% ഇരുചക്ര വാഹനങ്ങൾ, 24% കാൽനട യാത്രക്കാരൻ എന്ന കണക്കിൽ പ്രതിദിനം 12 പേർ റോഡപകടങ്ങളിൽ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞു. റോഡപകടങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും  മന്ത്രി പറഞ്ഞു.

 കേരള റോഡ് സുരക്ഷാ അതോറിറ്റി ആംബുലൻസ് ഡ്രൈവർമാർക്കായി ഇംഗ്ലീഷിൽ പ്രസിദ്ധികരിച്ച പോസ്റ്റ് ക്രാഷ് മാനേജ്‌മെന്റ്‌ എന്ന കൈപുസ്തകത്തിന്റെ മലയാള പരിഭാഷ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

എസ്.സി.ടി കോളേജ് പ്രിൻസിപ്പൽ ഡോ ഷീജ എം കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അരുൺ എം സ്വാഗതമാശംസിച്ചു. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, നാറ്റ്പാക് ഡയറക്ടർ സാംസൺ മാത്യു, കേരള റോഡ് സേഫ്റ്റി അതോറിറ്റി മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ടി ഇളങ്കോവൻ, ഡോ. വി കെ ചിത്രകുമാർ എന്നിവർ സംബന്ധിച്ചു. ഡോ. ശ്രീജിത്ത് ബി ജെ നന്ദി അറിയിച്ചു.

കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ, മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് എന്നിവയുടെ സഹകരണത്തോടെ ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് നടപ്പിലാക്കിയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയാണ് INSIGHT(ഇൻസൈറ്റ്).  സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ ഇരുന്നൂറിലധികം ആംബുലൻസ് ഡ്രൈവർമാരും, സ്‌കൂൾ/കോളേജ് ബസ് ഡ്രൈവർമാരും ഇതിനോടകം പരിശീലനം വിജയകരമായി പൂർത്തിയാക്കി.

സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു

0

കാസർകോട്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തിൽ രിഫാന എന്ന വിദ്യാർഥിക്ക് പരിക്കേറ്റു.

വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തിൽ രിഫാനക്ക് പരിക്കേറ്റിട്ടുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. 

സമീപത്ത് ഇത്തരത്തിലുള്ള മരങ്ങളുണ്ടെന്നും അതെല്ലാം മുറിച്ചുമാറ്റണമെന്നുും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നാട്ടുകാരും അധ്യാപകരും എത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

0

കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെത്തി രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. സഹോദരൻ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയിൽ എത്തിയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രജീഷിനും മകനും പൊള്ളലേറ്റു. ഇവരുടെ അമ്മ നളിനിയും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

0

ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം നടക്കുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്.

ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ട്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. അപകടത്തിൽപെട്ട വള്ളത്തിൽ ഉള്ളവരെ ബോട്ടുകളിൽ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്കിടെ ആയിരുന്നു അപകടം

ഫറോഖ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കിട്ടി

0

കോഴിക്കോട്: കോഴിക്കോട് ഫറോക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക് പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി സ്വദേശി ജിതിൻ (31)ആണ് മരിച്ചത്. ജിതിന്റെ ഭാര്യ വര്‍ഷയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെയാണ് ഫറോക് പാലത്തിൽ നിന്നും ഇരുവരും പുഴയിൽ ചാടിയത്.ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ ദമ്പതികളിൽ ഭർത്താവിനായി തിരച്ചിൽ തുടരുകയായിരുന്നു. മഞ്ചേരി സ്വദേശികളായ ജിതിൻ-വര്‍ഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാൽ വര്ഷ‍യെ ഉടൻ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജിതിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചിരുന്നു.

പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം. രണ്ടുപേർ പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)