കൊച്ചി: തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളഞ്ഞിരുന്ന സംഘം പൊലീസ് പിടിയിൽ. ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വയോധികയുടെ 2 പവന്‍റെ മാലയും ബസ് യാത്രികയായ മധ്യവയസ്കയുടെ 4.5 പവൻ മാലയും ഇവർ മോഷ്ടിച്ചതു കണ്ടെത്തി.വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.ബസിലും തിരക്കു കൂട്ടിയാണ് മാല കവർന്നത്. അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് പിടിയിലാകുന്നത്. കഴിഞ്ഞ മാസമാണ് ശാന്തി ജയിലിൽ നിന്നിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കൊവിഡ് അവസാനിച്ചിട്ടില്ല, മാസ്ക് ധരിക്കുന്നത് തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ
ചൈനയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ പോൾ യോഗത്തിനുശേഷം വ്യക്തമാക്കി. രോഗങ്ങൾ ഉള്ളവരും മുതിർന്നവരിലും ഇക്കാര്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, പുതിയ കൊവിഡ് വകഭേദം ചൈനയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്.
ക്രിസ്മസിനെ വരവേല്‍ക്കാന്‍ 65 അടിയുള്ള മാലാഖയെ ഒരുക്കി ജീവമാതാ ദേവാലയം
കൊച്ചി: വീണ്ടുമൊരിക്കൽ കൂടി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങി മട്ടാഞ്ചേരി ജീവമാതാ ദേവാലയം. 65 അടി ഉയരമുള്ള വലിയ മാലാഖയെ നിർമ്മിച്ചാണ് ഈ ക്രിസ്മസ് കാലത്ത് ജീവമാതാ ദേവാലയം വ്യത്യസ്തമാകുന്നത്. കൊച്ചി രൂപതയിൽ ആദ്യത്തെയും, നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചുട്ടുള്ളതും പൈതൃകം പേറുന്നതുമായ മട്ടാഞ്ചേരി പള്ളി 2019 ൽ 55 അടി ഉയരമുള്ള ഭീമൻ നക്ഷത്രവും, 2021 ൽ നക്ഷത്ര പന്തലും നിർമ്മിച്ചത് വാർത്തയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം ബിനാലെയും കാർണിവെല്ലും ഒരുക്കി ലോക ജനതയെ ഫോർട്ട് കൊച്ചി സ്വാഗതം ചെയ്യുമ്പോൾ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്ന സന്ദേശവുമായി മട്ടാഞ്ചേരിയിലെ മാലാഖയും സന്ദര്‍ശകരെ ഏവരെയും സ്വീകരിക്കുവാൻ ഒരുങ്ങുകയാണ്.
ലക്കിടിക്ക് സമീപം വാഹനാപകടം; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ ലക്കിടിക്ക് സമീപം കാറിന് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പത്തൊന്‍പതുകാരന് ദാരുണാന്ത്യം. സുല്‍ത്താന്‍ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് മരിച്ചത്. പവന്‍ സതീഷിന്‍റെ സഹയാത്രികനും ബന്ധുവുമായ പുനല്‍ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കെ എം സി ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയാണ് പവന്‍. കോളേജിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ടാക്‌സി കാറിന്‍റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു. ഈ സമയം തൊട്ട് സമീപത്ത് കൂടി കടന്നുപോയ കെ എസ് ആര്‍ ടി സി ബസിനടിയിലേക്കാണ് പവന്‍ സതീഷ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പവന്‍റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. സംസ്ഥാന പാതയിൽ പാലോട് സ്വാമി മുക്കിൽ ഇന്ന് രാവിലെ 7.30 നാണ് അപകടം. മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവിൽ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയിൽപ്പെടുകയുമായിരുന്നു. ബസ്സിന്‍റെ പിൻചക്രങ്ങൾ കയറി ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ തിരുവനന്തപുരം പൂവച്ചൽ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന് ലോറിയിടിച്ച് പരിക്കേറ്റു. രാവിലെ സ്കൂളിന് മുന്നിൽ വെച്ച് സിമന്‍റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് ഇമ്മാനുവലിനെ ഇടിച്ചത്. ലോറിയുടെ വലതു വശത്തെ മുൻ ടയർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം
കണ്ണൂർ: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു.
കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിൻ്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. ഇവർ പൊലീസ് കസ്റ്റഡിയിലാണ്.
എറണാകുളത്തും ഫുട്ബോൾ ആഘോഷം സംഘർഷത്തിലേക്ക് വഴിമാറി. കലൂരിൽ മെട്രോ സ്റ്റേഷന് മുന്നിൽ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു.
തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
പൊഴിയൂർ എസ്.ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐയ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.
ലോകകപ്പ് ഫുട്ബാൾ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലും സംഘർഷമുണ്ടായി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൂവറ്റൂർ സ്വദേശികളായ രാഹുൽ , സുബിൻ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയിൽ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘർഷം. എന്നാൽ ഇത് വ്യക്തിപരമായ പ്രശ്നം മൂലമുള്ള സംഘർഷമാണെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പുത്തൂർ പൊലീസ് അറിയിച്ചു. മലപ്പുറം കുന്നുമ്മലിൽ വിജയാഘോഷത്തിന് ശേഷം റോഡിൽ ബിയർ കുപ്പി വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഐസ്ക്രീം ഓർഡർ വീട്ടിൽ കൊടുക്കുന്നതിനിടെ പീഡനം; വിവരം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടി
ഇരിങ്ങാലക്കുട: യുവതിയെ പീഡിപ്പിക്കുകയും 90 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കീഴൂർ സ്വദേശി അവുക്കുഴിയിൽ വീട്ടിൽ നിയാസിനെയാണ്(28) ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.നഗരത്തിലെ ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓർഡർ വീട്ടിൽ കൊടുക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും പീഡന വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമാണ് പരാതി. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി ഇയാൾക്ക് പണം നൽകിയത്.ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. എസ്ഐ ഷാജൻ, എഎസ്ഐ സുധാകരൻ, സീനിയർ സിപിഒമാരായ രാഹുൽ, മെഹ്റുന്നീസ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം; വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്.
പൊന്നാനി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രതിയായ ശ്യാംജിത്തിലേക്ക് എത്തിയത്. അയൽവാസിയുടെ സാക്ഷിമൊഴിയും നിർണായകമായി. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്ന് പ്രതി പറഞ്ഞിരുന്നു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിന്റെ സംശയം.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങൾ പ്രതി ഓൺലൈനിൽ നിന്ന് വാങ്ങിയതായും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാർബർ ഷോപ്പിൽ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗിൽ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.
ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാർഡുകൾ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയർ മുറിയിൽ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
യുട്യൂബ് ജനപ്രിയ വീഡിയോകള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ജനപ്രീതി നേടിയ വീഡിയോകളും ക്രിയേറ്റര്‍മാരെയും കലാകാരന്മാരെയും യുട്യൂബ് പ്രഖ്യാപിച്ചു.ഏറ്റവും ട്രെന്‍ഡിംഗായ വീഡിയോകള്‍, ഏറ്റവും ശ്രദ്ധേയമായ സംഗീത വീഡിയോകള്‍, മികച്ച ഷോര്‍ട്ട്‌സ്, മികച്ച 20 ബ്രേക്കൗട്ട് ക്രിയേറ്റര്‍മാര്‍, മികച്ച വനിതാ ബ്രേക്ക്‌ഔട്ട് ക്രിയേറ്റര്‍മാര്‍, മികച്ച ക്രിയേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെയുള്ളവരുടെ പട്ടികയാണു പ്രസിദ്ധീകരിച്ചത്.
ഏജ് ഓഫ് വാട്ടര്‍, സസ്ത ഷാര്‍ക് ടാങ്ക്, ഇന്ത്യന്‍ ഫുഡ് മാജിക് തുടങ്ങിയ വീഡിയോകളാണ് ഏറ്റവും ട്രെന്‍ഡിംഗ്. പുഷ്പയിലെ ശ്രീവള്ളി, സാമി സാമി എന്നീ ഗാനങ്ങള്‍ ആദ്യത്തെ മൂന്ന് ട്രെന്‍ഡിംഗ് മ്യൂസിക് വീഡിയോയില്‍ ഇടംപിടിച്ചു.
ഭർതൃ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മരുമകളും സുഹൃത്തും അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കതിൽ ബിപിൻ (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെ നോക്കാത്തിന് വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് ഭര്‍തൃപിതാവിനെ സുഹൃത്തിന്‍റെ സഹായത്തോടെ മരുമകള്‍ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
നവംബർ 29 ന് രാത്രി 11.30ന് ആണ് രാജുവിന് നേരെ ആക്രമണം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ഒരാള്‍ കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു രാജു. വീടിന് അടുത്തെത്താറായപ്പോഴാണ് വഴിയരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ച ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയും കൊലപ്പെടുത്താൻ ശ്രമിക്കുകും ചെയ്തത്. അടിയേറ്റ് രാജു വീണതോടെ അക്രമി ഓടി രക്ഷപ്പെട്ടു,
തന്നെ ആരാണ് അടിച്ചതെന്നോ എന്തിനാണ് അടിച്ചതെന്നോ രാജുവിന് മനസ്സിലായില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമം നടന്നതിന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ സംഭവ സമയത്ത് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വാഹനത്തിൽ പോകുന്നതു കണ്ടു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞില്ല.
ഇതിനിടെയിലാണ് അക്രമണം നടന്ന ദിവസം വൈകിട്ട് രാജു മരുമകളെ വഴക്ക് പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയെ വേണ്ടരീതിയിൽ പരിചരിക്കാത്തതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതായി പൊലീസിന് മനസിലാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് പൊലീസ് കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി തന്‍റെ സുഹൃത്തായ ബിപിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബിപിൻ എത്തി രാജുവിനെ കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. രാജുവിനെ അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതിക പരിശീലനം നൽകും: മുഖ്യമന്ത്രി
സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോബോട്ടിക്സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണു സർക്കാർ സമീപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകം നാലാം വ്യാവസായിക വിപ്ലവ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതിൽ ഏറെ പ്രാധാന്യമുള്ള മേഖലകളാണു നിർമിതബുദ്ധിയും റോബോട്ടിക്സും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതിൽ കേരളത്തിലെ വിദ്യാർഥികൾ പിന്നിലാകാൻ പാടില്ല. ഇതു മുൻനിർത്തിയാണു മാറുന്ന ലോകത്തിനുസരിച്ചു വിദ്യാർഥികളിൽ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാർ തുടക്കമിടുന്നത്.
ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ ഭാഗമായി സംസ്ഥാനത്തെ 2000 സ്‌കൂളുകളിൽ വിന്യസിക്കുന്ന 9000 റോബോട്ടിക് യൂണിറ്റുകളിലൂടെ പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനത്തിനു വിദ്യാർഥികൾക്ക് അവസരം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിൽ 60,000 കുട്ടികൾക്കു നേരിട്ടു പരിശീലനം നൽകും. പരിശീലനം നേടുന്ന കുട്ടികൾ മറ്റു കുട്ടികൾക്കു പരിശീലനം നൽകും. അങ്ങനെ ആകെ 12 ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകാനാണു സർക്കാർ ഉദ്ദേശിക്കുന്നത്.
അപകടകരമായ പല ജോലികളിൽനിന്നും തൊഴിലാളികളെ ഒഴിവാക്കി പകരം റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ടുവരാൻ ലോകമാകെ ഗവേഷണം നടക്കുകയാണ്. ഖനികൾ, ടണലുകൾ, ദുഷ്‌കരമായ ജലാശയങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനവും പ്രവർത്തനവും നടക്കുന്നുണ്ട്. റോബോട്ടിക്സ് സാങ്കേതികവിദ്യയെ മാനവരാശിയുടെ പുരോഗതിക്ക് ഉതകുംവിധം എങ്ങനെ മാറ്റിയെടുക്കാമെന്നു ലോകം ചിന്തിക്കുകയാണ്. നാലു വർഷം മുൻപു കേരളത്തിലെ ഒരുകൂട്ടം വിദ്യാർഥികൾ മാൻഹോൾ വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കിയിരുന്നു. ഇന്നു വിവിധ രാജ്യങ്ങൾ ആ സാങ്കേതികവിദ്യ സ്വീകരിക്കുകയാണ്. വിദ്യാർഥികൾക്കിടയിൽ നൂതന ആശയ സംസ്‌കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനത്തു മികച്ച രീതിയിൽ നടക്കുന്നുണ്ട്. 2018ൽ ആരംഭിച്ച പദ്ധതിയിലൂടെ 17 പേരുടെ നൂതന ആശയങ്ങളെ വിപണി സാധ്യതയുള്ള ഉത്പന്നങ്ങളാക്കി മാറ്റാൻ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ വിജയികളാകുന്നവർക്കു വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്റ്റാർട്ട്അപ് മിഷന്റെയും നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് ഇതിനായി നടപ്പാക്കുക. ബൃഹത്തായ സ്റ്റാർട്ട്അപ് പ്രോത്സാഹന നയവും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതു പ്രാവർത്തികമാക്കുന്നതിനാവശ്യമായ തൊഴിൽശക്തി രൂപപ്പെടുത്തണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. അതിന് സ്‌കൂൾതലം മുതൽ ഇടപെടലുകൾ ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞാണു സ്‌കൂളുകളിൽ റോബോട്ടിക് കിറ്റുകൾ സജ്ജമാക്കുന്ന പദ്ധതിക്കു രൂപംനൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വിദ്യാർഥിയുടേയും വ്യക്തിഗത അഭിരുചി കണ്ടെത്തുകയും അതിന് അനുസൃതമായ സാങ്കേതിക പരിശീലനം നൽകുകയുമാണു സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആശയമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിനോദ പ്രവർത്തനങ്ങളിലൂടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക പരിശീലനമാണു റോബോട്ടിക് കിറ്റുകൾ നൽകുന്നതിലൂടെ ലക്ഷ്യവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് അനുദിനമുണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ പ്രയോഗത്തിലൂടെ പരിശീലിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് റോബോട്ടിക് കിറ്റുകൾ നൽകുന്നതിലൂടെ യാഥാർഥ്യമാകുന്നതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.



