spot_img
Sunday, June 21, 2026
Home Blog Page 547

കുഴല്‍മന്ദം അപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

0

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവർ സി.എൽ ഔസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആര്‍ടിസിയുടെ നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 

പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൻ്റെ അടിസ്ഥാന്നത്തിൽ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തി. അപകടത്തിൻ്റെ ദൃശ്യങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമായിരുന്നു.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

0

കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പുതുവത്സരദിനത്തിൽ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ചു, വാഹനം തകർത്തു; സംഭവത്തിലെ ഏഴ് പേർ കീഴടങ്ങി

0

മലപ്പുറം: പുതവത്സരദിനത്തിൽ പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ പോലീസിൽ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ് (45), വലിയ പീടിയേക്കൽ മഹേഷ് (31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ്(41) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ഈ കേസുമായി ബന്ധപ്പെട്ട് നിഷാന്ത്, ബാലകൃഷ്ണൻ, ബാബുമോൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ പത്ത് പേർ അറസ്റ്റിലായി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തതടക്കമുള്ളവയിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം അടക്കമുള്ളവ പ്രകാരമാണ് കേസെടുത്തിരുന്നത്. 31-ന് രാത്രി ഒന്നോടെ പട്രാളിംഗിനിടെയാണ് പോലീസ് സംഘത്തിന് നേരെ അക്രമണമുണ്ടായത്. പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.

കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; 14 പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

0

കോട്ടയം: പാലയ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. 5 പേർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ്  അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

നടന്‍ ബാബുരാജിന്റെ മകന്‍ വിവാഹിതനായി; റിസപ്ഷനിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും- വീഡിയോ

0

നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായി.  ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുന്നത്. ഡിസംബര്‍ 31നായിരുന്നു അഭയിന്റെ മനസ്സമ്മതം. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ ഉള്ളവർ വിവാഹ ശേഷം നടന്ന റിസപ്ഷനിൽ പങ്കെടുത്തിരുന്നു. 

ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആര്‍ച്ചയും ആരോമലുമാണ് ഇവരുടെ മക്കൾ.

അതേസമയം, ആദ്യദിവസം തന്നെ ചിലര്‍ മോശമായി സിനിമയെ റിവ്യൂ ചെയ്യുന്നതിനെതിരെ ബാബു രാജ് രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമകണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്. അതിനാല്‍ ചിലപ്പോള്‍ സിനിമ രക്ഷപ്പെടും. ഇത്തരത്തില്‍ ആദ്യദിവസങ്ങളില്‍ സിനിമകാണാന്‍ എത്തുന്ന ആ സിനിമയുടെ അണിയറക്കാര്‍ വിളിക്കുന്നവര്‍ അല്ലെ എന്ന ചോദ്യത്തിന്, അത് ഇത്തരം അഭിപ്രായം കേള്‍ക്കുന്ന ജനത്തിന് അറിയില്ലെന്നും ആയിരുന്നു നടന്‍ പറഞ്ഞിരുന്നത്. 

 ‘തേര്’ എന്ന ചിത്രമാണ് ബാബുരാജിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. എസ് ജെ സിനു ആണ് സംവിധാനം. റിവെഞ്ച് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 6 ന് ആണ്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. 

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

0

‘ഒന്നാംകിളി പൊന്നാൺകിളി… ’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ

കോട്ടയം: മലയാളക്കരയുെട മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. സംസ്കാരം നാളെ. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു. അറുപതോളം സിനിമകൾക്കു പാട്ടെഴുതിയിട്ടുണ്ട്. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണ്.

നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ‘ഒന്നാംകിളി പൊന്നാൺകിളി… ’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ.മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്നു പേരുമാറ്റിയത്. അതേ പേരിൽ മറ്റൊറെഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചത്. ചെറുപ്പത്തിൽ‌ സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. അച്ഛനാണ് അതിനെ നിരുൽ‌സാഹപ്പെടുത്തിയത്. കുട്ടിക്കാലം മുതൽ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്.പിന്നീട് ‘ഷഡ്‌കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമൽസരത്തിൽ മികച്ച രചനയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിർവാദത്തോടെ അതു സിനിമയാക്കാൻ ഒരുക്കങ്ങൾ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തിൽ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയുമായി.പ്രിയദർശന്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോൽസവം’ എന്ന സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും…’ ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു. മുപ്പതിലേറെ സിനിമകളിലായി ഇരുനൂറോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു. ഭാര്യ സനിത പ്രസാദ്. ഒരു മകനുണ്ട്.

രൂപ 14000 പോയാലെന്താ; നഷ്ടപ്പെട്ട പേഴ്സും രേഖകളും ഉടമയ്ക്ക് തപാല്‍ വഴി തിരിച്ചു കിട്ടി

0

കോഴിക്കോട്: യാത്രയ്ക്കിടെ പേഴ്സ് നഷ്ടപ്പെടുന്നത് ഒരു പതിവ് സംഭവമാണ്. ഉടമയുടെ അശ്രദ്ധ മൂലമോ പോക്കറ്റിക്കാരന്‍ മോഷ്ടിക്കുമ്പോഴോ ആണ് ഇത്തരം സംഭവങ്ങള്‍ നടക്കാറുള്ളത്. പല കേസുകളിലും ഉടമയ്ക്ക് നഷ്ടപ്പെട്ട പേഴ്സ് തിരിച്ചുകിട്ടാറുമില്ല. എന്നാല്‍ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പേഴ്സും അതിലെ രേഖകളും തപാല്‍ മാര്‍ഗം ഉടമയ്ക്ക് തിരിച്ചു കിട്ടിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി പുളിക്കിൽ സാബിത്തിനാണ് ഡിസംബര്‍ 30ന് നഷ്ടപ്പെട്ട പേഴ്സും രേഖകളും നാല് ദിവസത്തിന് ശേഷം തപാല്‍ മാര്‍ഗം തിരിച്ചുകിട്ടിയത്. എന്നാൽ പേഴ്‌സിലുണ്ടായ 14,000 രൂപ തിരികെ കിട്ടിയില്ല.

ചെന്നൈയിലേക്ക് പോകാൻ വേണ്ടിയാണ് 30-ന് സാബിത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. രാത്രി എട്ട് മണിയോടെ തീവണ്ടിയിൽ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്. ഡ്രൈവിങ് ലൈസൻസ്, എ.ടി.എം. കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം പേഴ്‌സിലുണ്ടായിരുന്നു. തുടർന്ന് പോലീസിൽ പരാതിയും നൽകി.

അതിനിടെയാണ് കഴിഞ്ഞദിവസം സാബിത്തിന്റെ മേൽവിലാസത്തിൽ തപാലെത്തിയത്. പേഴ്‌സ് മോഷണം പോയതാണോ അതോ എവിടെയെങ്കിലും വീണുപോയതാണോയെന്നൊന്നും സാബിത്തിന് അറിയില്ല. എങ്കിലും രേഖകളെല്ലാം തിരിച്ചുകിട്ടിയതില്‍ സന്തോമുണ്ടെന്ന് സാബിത്ത്  പ്രതികരിച്ചു.

നടി മൈഥിലിക്ക് ആണ്‍കുഞ്ഞ്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

0

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മൈഥിലി. മൈഥിലി അമ്മയായതാണ് പുതിയ വാര്‍ത്ത. മൈഥിലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈഥിലി- സമ്പത്ത് ദമ്പതികള്‍ക്ക് ആണ്‍കുട്ടിയാണ്.

ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും ചലച്ചിത്ര നടി മൈഥിലിയുടെയും വിവാഹം കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു. ഗുരുവയാരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. രഞ്‍ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായ ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’യിലൂടെയാണ് മൈഥിലി ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

ഗര്‍ഭകാലത്തെ അനുഭവം പങ്കുവെച്ച് മൈഥിലി എഴുതിയ കുറിപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്റെ ഏറ്റവും വലിയപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് അദ്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നുണ്ട് എന്നുമായിരുന്നു മൈഥിലി എഴുതിയിരുന്നത്.

ഗായികയുമാണ് മൈഥിലി. ‘ലോഹം’ എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗാനം ആലപിച്ചത്. മോഹൻലാലാല്‍ നായകനായ ചിത്രമായ ‘ലോഹ’ത്തില്‍ മൈഥിലി മികച്ച ഒരു കഥാപാത്രമായി എത്തുകയും ചെയ്‍തിരുന്നു. ‘കേരള കഫേ’, ‘ചട്ടമ്പിനാട്’, ‘നല്ലവൻ’, ‘കാണാക്കൊമ്പത്ത്’, ‘ഞാനും എന്റെ ഫാമിലിയും’, ‘ഭൂമിയുടെ അവകാശികള്‍’, ‘ക്രോസ്‍റോഡ്’, ‘ഗോഡ്‍സ് ഓണ്‍ കണ്‍ട്രി’, ‘ഞാൻ’, ‘ഗോഡ് സേ’, ‘പാതിരാക്കാലം’, ‘ഒരു കാട്ടില്‍ ഒരു പായ്‍ക്കപ്പല്‍’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മൈഥിലി വേഷമിട്ടുണ്ട്. ‘ചട്ടമ്പി’ എന്ന ചിത്രമാണ് മൈഥിലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീനാഥ് ഭാസി ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടത്. അഭിലാഷ് എസ് കുമാര്‍ ആണ് ചിത്രത്തിന് സംവിധാനം.

കലോത്സവത്തില്‍ കോഴിക്കോട് ജില്ലയെ ഒഴിവാക്കി ഒരു ചരിത്രമില്ല

0

കോഴിക്കോട്:  കേരള സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയെ ഒഴിവാക്കി ഒരു ചരിത്രമില്ല. എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്. വേദിയൊരുക്കുക മാത്രമല്ല, സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നതിലും കോഴിക്കോടിന് ഒരു പ്രത്യേക വിരുതുണ്ടെന്ന് വേണം കരുതാന്‍, കാരണം 61 – മത് സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത് കോഴിക്കോടാണ്. ഒന്നും രണ്ടുമല്ല പത്തൊമ്പത് തവണയാണ് കോഴിക്കോട് ഓവറോള്‍ കിരീടം ചൂടിയത്. ഏറ്റവും കുടുതല്‍ തവണ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുക മാത്രമല്ല, സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് അടിച്ചതും കോഴിക്കോട് തന്നെ. 1991 – 1993 ലാണ് കോഴിക്കോട് ഏറ്റവും ആദ്യം ഹാട്രിക്ക് സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് പലതവണ ഈ ഹാട്രിക്ക് നേട്ടം കോഴിക്കോട് ആഘോഷിച്ചു. 

അത് പോലെ തന്നെ 1960 ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുക്കിയ കോഴിക്കോട് പിന്നീട് 1976, 1987, 1994, 2002, 2010, 2015, 2023 എന്നീ വര്‍ഷങ്ങളിലും കലോത്സവത്തിനായി വേദിയൊരുക്കി. ഓരോ തവണ വേദിയൊരുക്കുമ്പോഴും ഓരോ പ്രത്യേകതകളുമുണ്ടായിരുന്നു. 1976 – കൂടുതല്‍ മത്സര ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. കലോത്സവത്തിന് മുമ്പായുള്ള ഘോഷയാത്രയുടെ തുടക്കവും ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോള്‍. 1994 ല്‍ വേദിയൊരുക്കിയപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും സിബിഎസ്‍സി വിദ്യാര്‍ത്ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നത് 2010 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോഴാണ്. ഒടുവില്‍ 61 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുങ്ങുന്നതും കോഴിക്കോട്. അതായത് പറഞ്ഞ് വന്നത് കോഴിക്കോടും സംസ്ഥാന സ്കൂള്‍ കലോത്സവവും തമ്മില്‍ ഒരു അഭേദ്ധ്യമായ ഒരു ബന്ധമുണ്ടെന്ന് തന്നെ. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണെന്ന ഖ്യാതി പോലെ തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ തറവാടാണ് കോഴിക്കോടെന്ന് വേണമെങ്കില്‍ പറയാമെന്ന് തന്നെ. 

‘സിനിമ തീയറ്റര്‍ ജിം അല്ല’: പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരേണ്ടെന്ന് സുപ്രീംകോടതി

0

സിനിമ തീയറ്ററുകളില്‍ പുറത്ത് നിന്നും സിനിമ പ്രേക്ഷകര്‍ക്ക് ഭക്ഷണം കൊണ്ടുവരാമോ എന്ന കേസില്‍ പ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. സിനിമ തീയറ്റുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണം എന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞത്. 

തീയേറ്ററുകളിൽ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സ്വന്തം ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കിയ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

സിനിമാ തീയറ്ററുകള്‍ക്കും മൾട്ടിപ്ലക്‌സുകൾക്കും സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കാനും പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങൾ അനുവദിക്കണോ എന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ കാഴ്ചക്കാര്‍ക്ക് സൌജന്യ കുടിവെള്ളം നല്‍കണമെന്ന് കോടതി പറഞ്ഞു. 

“സിനിമ തീയറ്റര്‍ ഒരു ജിം അല്ല. അവിടെ നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം വേണമെന്നില്ല. അത് വിനോദത്തിനുള്ള സ്ഥലമാണ്. സിനിമാ ഹാൾ സ്വകാര്യ സ്വത്താണ്.  നിയമങ്ങൾക്ക് വിധേയമായി അവിടുത്തെ നിബന്ധനകളും നിയന്ത്രണങ്ങളും ഉടമയാണ് തീരുമാനിക്കേണ്ടത്. ആയുധങ്ങള്‍ കൊണ്ടുവരാരുത്, ജാതി മത വിവേചനം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കാം. അല്ലാതെ
സിനിമാശാലകളിൽ ഭക്ഷണം കൊണ്ടുവരാമെന്ന് ഹൈക്കോടതിക്ക് നിശ്ചയിക്കാന്‍ സാധിക്കില്ല” – വിധിയില്‍ സുപ്രീംകോടതി പറഞ്ഞു. 

ഹൈക്കോടതി അതിന്‍റെ അധികാരം മറികടന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.  കുട്ടികൾക്ക് സൗജന്യ ഭക്ഷണവും ശുദ്ധജലവും നൽകാൻ സിനിമാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷകന്റെ തിരഞ്ഞെടുപ്പാണെന്നും ഒരിക്കൽ സിനിമാ ഹാളിൽ പ്രവേശിച്ചാൽ മാനേജ്‌മെന്റിന്റെ നിയമങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്  സുപ്രീംകോടതി തീരുമാനത്തെ ശരിവച്ച് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു. “സിനിമാ ഹാളിനുള്ളിൽ ആരെങ്കിലും ജിലേബി കൊണ്ടുവന്നാല്‍ തീയേറ്റർ മാനേജ്‌മെന്റിന് അവരെ തടയാം. കാരണം ഈ പ്രേക്ഷകന്‍ ജിലേബി തിന്ന് നെയ്യും എണ്ണയും പറ്റിയ കൈ  സീറ്റിൽ തുടച്ചാൽ പിന്നെ അതിന്‍റെ കറ വൃത്തിയാക്കാൻ ആര് പണം നൽകും? ആളുകള്‍ ഇത്തരത്തില്‍ തന്തൂരി ചിക്കന്‍ കൊണ്ടുവന്നാലും പരാതി വരും. അവര്‍ അത് തിന്ന് അതിന്‍റെ എല്ലുകള്‍ ഹാളില്‍ ഉപേക്ഷിക്കും. അത് ആളുകള്‍ക്ക് ബുദ്ധിമുട്ടാകും. പോപ്‌കോൺ വാങ്ങാൻ ആരും പ്രേക്ഷകനെ നിർബന്ധിക്കുന്നില്ല,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

“സിനിമാ തിയേറ്ററുകളിൽ സൗജന്യമായി വെള്ളം നൽകാമെന്ന് ഒരു ഇളവ് നൽകാം. പക്ഷേ തീയറ്ററുകാര്‍ നാരങ്ങവെള്ളം 20 രൂപയ്ക്ക് വിൽക്കുന്നു എന്ന് കരുതി. സിനിമ കാണാന്‍ വരുന്നയാള്‍ പുറത്ത് നിന്നും നാരങ്ങ വാങ്ങി ഫ്ലാസ്കിൽ പിഴിഞ്ഞ് ഉണ്ടാക്കാം എന്ന് പറയാന്‍ പറ്റില്ല” – ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.  .2018 ജൂലായ് 18 ന് ജമ്മു കശ്മീർ ഹൈക്കോടതി സിനിമാ തീയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിച്ചത് റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി.