spot_img
Wednesday, June 17, 2026
Home Blog Page 62

ലോൺ ആപ്പുകളുടെ കെണിയിൽപെടാതിരിക്കാൻ ശ്രദ്ധിക്കണേ .. !!

0

എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലോൺ ആപ്പുകളുടെ കെണിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലോണിനായി നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ശേഖരിച്ചു അത് നിങ്ങൾക്കെതിരെ തന്നെ ആയുധമാക്കും. ആപ്പുകൾ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്സൈറ്റിൽ ‘സിറ്റിസൻസ് കോർണർ’ തിരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകൾ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ 1930 എന്ന നമ്പറിൽ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.#keralapolice

പിന്നിലും വേണം സീറ്റ്ബെൽറ്റ് കേട്ടോ;പോലീസ്

വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്.പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു.

കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.#keralapolice

രസികൻ സിനിമയിലെ ബാലതാരം, ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

0

കണ്ണൂർ: ബാലനടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാലര വയസ്സുള്ളപ്പോൾ മിനിസ്‌ക്രീനിലൂടെയാണ് ഹരിമുരളി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഹരിമുരളിയിലെ ബാലതാരത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് മാടമ്പി, അണ്ണൻ തമ്പി തുടങ്ങി പതിനഞ്ചോളം ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അദ്ദേഹം, പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷത്തിൽ തിരിച്ചെത്തിയിരുന്നു.നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി.

മരണത്തിലും പിരിയാതെ അവർ ഒരുമിച്ച് മടങ്ങി. നിയന്ത്രണം വിട്ട കാർ ബൈക്കിന് പിന്നിലിടിച്ചു: ദമ്പതികൾ മരിച്ചു.

0

അരിക്കോട് : മരണത്തിലും പിരിയാതെ അവർ ഒരുമിച്ച് മടങ്ങി. നിയന്ത്രണം വിട്ട കാർ ബൈക്കിന് പിന്നിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ ദമ്പതികളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി ദമ്പതികൾ മരിച്ചു. മഞ്ചേരി – അരീക്കോട് റോഡിൽ കാവനൂർ ചെങ്ങരകുണ്ടിൽ ഇന്നലെ (ബുധനാഴ്ച) ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ എടവണ്ണപ്പാറ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. എടവണ്ണപ്പാറ വട്ടത്തൂർ തായിപുറത്ത് അസീസ് (60), ഭാര്യ സൗദാബി (52) എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന അതേ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദമ്പതികളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഏതാനും മാസങ്ങൾക്ക് മുൻപാണ് അസീസ് നാട്ടിലെത്തിയത്. വിശ്രമജീവിതത്തിന്റെ ഭാഗമായി നാട്ടിൽ ഒരു ഹോട്ടൽ ആരംഭിച്ച് വരികയായിരുന്നു. നാടിനും വീടിനും പ്രിയങ്കരനായ അസീസിന്റെയും ഭാര്യയുടെയും അപ്രതീക്ഷിത മരണം എടവണ്ണപ്പാറ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

‘പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം

0

പ്രണയ സാഫല്യത്തില്‍ കേരളത്തിന് നന്ദി പറഞ്ഞ് പ്രയാ​ഗ് രാജ്കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേയും ഭര്‍ത്താവ് ഫർമാനും. കേരളം നല്ല സ്ഥലവും ഇവിടുത്തെ ജനങ്ങൾ നല്ല മനുഷ്യരാണ്. എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചുവെന്നും വിവാഹത്തിന് പിന്നാലെ ഇരുവരും പ്രതികരിച്ചു. ആറ് മാസമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കുമെന്നും ഇരുവരും പറഞ്ഞു. പിതാവ് വേറെ വിവാഹം ആലോചിച്ചു. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും മൊണാലിസ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് മൊണാലിസ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ എ. ഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് രാവിലെയാണ് നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നായിരുന്നു മൊണാലിസയുടെ പരാതി. അച്ഛനൊപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. പിന്നാലെയായിരുന്നു കേരളത്തില്‍ വെച്ച് തന്നെ വിവാഹം കഴിക്കാന്‍ മൊണാലിസയും ഫർമാനും തീരുമാനിച്ചത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വഴിതിരിച്ചുവിട്ടു; അറിയേണ്ടതെല്ലാം

0

തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്:മാർച്ച് 13-ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി
ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: മാർച്ച് 14-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ കോട്ടയത്ത് നിന്ന് നിശ്ചയിച്ച സമയമായ രാത്രി 08.05-ന് യാത്ര ആരംഭിക്കും.
ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ്: മാർച്ച് 12-ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി..
ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ്: 2026 മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 06.33-ന് യാത്ര തുടങ്ങും
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: മാർച്ച് 14-ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
ട്രെയിൻ നമ്പർ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ്: 2026 മാർച്ച് 14-ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും

കുംഭമേളയിലെ താരം മൊണാലിസയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് വച്ച് കല്യാണം

0

കുംഭമേളയിലെ താരമായിരുന്ന ഇന്ഡോർ സ്വദേശിനി മൊണാലിസയ്ക്ക് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് വിവാഹം. മുസ്ലിം യുവാവുമായുള്ള
പ്രണയത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. എറണാകുളത്ത് ഷൂട്ടിംഗ് ആവശ്യത്തിനായി എത്തിയ മൊണാലിസ ഭോസ്ലെ അച്ഛനിൽ നിന്നും ഭീക്ഷണിയുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ടുമാണ് തമ്പാനൂർ പോലീസിൽ അഭയം തേടിയത്.

തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. എംവി ​ഗോവിന്ദൻ മാസ്റ്റർ, വി ശിവൻകുട്ടി, എ എ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് വിവാഹം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഹർമാൻ ​ഖാനാണ് മൊണാലിസയുടെ വരൻ. മിശ്ര വിവാഹത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.

ചുട്ടു പൊള്ളി കേരളം; അൾട്രാവയലറ്റ് വികിരണ തോത് കൂടിയ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്കനുസരിച്ചാണ് 6 ജില്ലകളിൽ ഓറഞ്ച് അളർട്ട് പ്രഖ്യാപിച്ചത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 11, 12 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. താപനില കൂടിയതിനെ തുടർന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണം. എറണാകുളത്തെ കളമശ്ശേരി, തൃശ്ശൂരിലെ ഒല്ലൂർ, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ ബേപ്പൂർ, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

0

മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരണപ്പെട്ടു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസും, രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും

“നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം”:മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്

0

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ PhonePe ആപ്പ് സ്വയം തുറക്കുന്നതായും അവിടെ ₹1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു.

തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.എന്നാൽ യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് ₹1499 പണം നൽകാനുള്ള Request Payment പേജാണ്. ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടി‌ലേക്ക് ട്രാൻസ്ഫറാകുന്നു.സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗ്ഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണ്.UPI ആപ്പുകൾ ഉപയോഗിക്കുമ്പോൾ PIN നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. Payment Request പേജുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുകഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in⁠ ലൂടെയോ പരാതി നൽകുക#statepolicemediacentre #keralapolice #cybersecurity #cybercrime