spot_img
Sunday, June 14, 2026
Home Blog Page 622

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു

0

തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിനാണ് അപകടം.

മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ചോർച്ചയുണ്ടാകാത്തതിനാൽ വൻ ദുരന്തമൊഴിവായി.വിവരമറിഞ്ഞയുടൻ പൊലീസും അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രണ്ടാം റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന വളവിലാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ വളവിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ടാങ്കർ സ്ഥലത്ത് നിന്നും മാറ്റണമെങ്കിൽ മണിക്കൂറുകളെടുക്കും. ടാങ്കർ പ്ലാന്‍റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ.

വാവ സുരേഷ് പൂർണ ആരോഗ്യവാൻ; വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി

0

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്.

പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു.

സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്.

പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: ആരോഗ്യമന്ത്രി

0

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്.

92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികള്‍ക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നല്‍കി വരുന്നു. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.

എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്?

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്.

ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്.

നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടി വരും.

ഇതിലൂടെ ഹീമോഡയാലിസിസില്‍ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയല്‍ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

എല്ലാം സൗജന്യമായി നല്‍കുന്നു

പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്നു. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളില്‍ തന്നെയായിരിക്കും.

നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് ജില്ലാ ആശുപത്രികളില്‍ നല്‍കി വരുക. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്‍കുന്നതാണ്. ഒരിക്കല്‍ കത്തീറ്റര്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ രോഗിക്ക് പിന്നീട് ആശുപത്രിയില്‍ വരാതെ തന്നെ വീട്ടില്‍ വച്ച് പെരിറ്റോണിയല്‍ ഡയാലിസിസ് നടത്താവുന്നതാണ്.

എവിടെയെല്ലാം സേവനം ലഭിക്കും

തിരുവനന്തപുരം ജനറല്‍ ആശുപത്രി (ഡോ. ലിജി. ആര്‍), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറല്‍ ആശുപത്രി (ഡോ. ഷബീര്‍), എറണാകുളം ജനറല്‍ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂര്‍ ജനറല്‍ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറല്‍ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂര്‍ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസര്‍ഗോഡ് ജനറല്‍ ആശുപത്രി (ഡോ. കുഞ്ഞിരാമന്‍) (കാസര്‍ഗോഡ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതാണ്).

ബാക്കി വരുന്ന ഭക്ഷണം എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം….?

0

ഇന്ന് മിക്ക വീടുകളിലും മുതിര്‍ന്നവരെല്ലാം ജോലിക്ക് പോകുന്ന രീതിയാണ് കാണുന്നത്. പ്രത്യേകിച്ച് നഗരങ്ങളില്‍ ഇത് സാധാരണമാണ്. അങ്ങനെയാകുമ്പോള്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആകട്ടെ, അത് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച ശേഷം കഴിക്കുന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്.

എന്നാല്‍ ഫ്രിഡ്ജില്‍ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയില്‍ ഏറെ നാളത്തേക്ക് ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിച്ചാല്‍ എന്താണ് സംഭവിക്കുക ? നോണ്‍ വെജ്- വെജ് കറികള്‍ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഒരേ കാലയളവ് മതിയോ? ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം.

ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. ഭക്ഷണം സൂക്ഷിക്കേണ്ട രീതി…എത്ര നാളത്തേക്ക് ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കാം എന്നത് അറിയുന്നതിന് മുമ്പ് ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം.

പാകം ചെയ്ത ഭക്ഷണമാണെങ്കില്‍, അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം ഭക്ഷണം മാറ്റിവയ്ക്കാന്‍. അതുപോലെ ദീര്‍ഘനേരം പുറത്ത് അശ്രദ്ധമായി വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയില്‍ ബാധ വരാന്‍ സാധ്യതയുണ്ട്. എയര്‍ ടൈറ്റ് കണ്ടെയ്‌നറുകളില്‍ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വേണം ഭക്ഷണം എടുത്തുവയ്ക്കാന്‍. ഒരു തവണ ഫ്രിഡ്ജില്‍ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ മിച്ചം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. അതിനാല്‍ ആവശ്യമുള്ള അളവ് മാത്രമെടുത്ത് ചൂടാക്കുക. ദിവസങ്ങളോളം സൂക്ഷിക്കേണ്ടതാണെങ്കില്‍ ഫ്രീസര്‍ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.

എത്ര നാളത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കാം?

ചോറ്, നോണ്‍- വെജ് കറികള്‍ എന്നിവയെല്ലാം കഴിവതും ഒന്ന് മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കില്‍ വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.

പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കില്‍ 24 മണിക്കൂര്‍ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ പച്ചക്കറികള്‍ കൊണ്ടുള്ള കറികളാണെങ്കില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ടുപോകാം.

റൊട്ടി, ചപ്പാത്തി, പെറോട്ട പോലുള്ളവയാണെങ്കില്‍ നല്ലതുപോലെ നെയ്യോ എണ്ണയോ ചേര്‍ത്തതായാല്‍ അവ ‘ഡ്രൈ’ ആകാന്‍ സമയമെടുക്കും. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് ‘ഡ്രൈ’ ആയി പോകും. റെസ്‌റ്റോറന്റ് ഭക്ഷണങ്ങള്‍ കഴിവതും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാന്‍ ശ്രമിക്കുക. ശ്രദ്ധയോടെ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ ഇനി കൊല്ലം ജില്ലയിൽ മാത്രം

0

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം ജില്ലയിൽ ഉൾപ്പെടുക.

മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ.

കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും പൂർണമായും തുറക്കാനുള്ള സാഹചര്യവും അവലോകനയോഗം ചർച്ചയായി.സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തിൽ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്.

അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാൻ ഇതോടെ സാധിക്കും. സി കാറ്റഗറിയിൽ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങൾ തുടരും. സ്‌കൂളുകൾ 14നും, കോളേജുകൾ 7നും തുറക്കുന്നതാണ് സർക്കാർ നിലവിൽ പരിഗണിക്കുന്നത്.

പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾ വൈകിട്ട് വരെ നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്ക് മുൻപായി പാഠഭാ​ഗങ്ങൾ തീ‍ർക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യയന സമയം നീട്ടാൻ ആലോചിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോ​ഗത്തിലുണ്ടായ ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല.

മൂക്ക് മാത്രം മറയ്ക്കുന്ന ‘കോസ്ക്’, പുതിയ മാസ്ക് വിപണിയിൽ

0

ലോകത്തെങ്ങും കൊവിഡ് വ്യാപിച്ചതോടെ കൂടെ കൂടിയ മാസ്ക് പലപ്പോഴും അസൌകര്യമാകാറുണ്ട്, എന്നാൽ ആരോഗ്യം കണക്കിലെടുത്ത് ഒഴിവാക്കാനുമാകില്ല. ഇത്തരമൊരു സമയത്ത്, നമ്മൾ തന്നെ പലതരത്തിലുള്ള വറൈറ്റി മാസ്കുകളെ കുറിച്ച് ആലോചിക്കാറില്ലേ! ഇപ്പോഴിതാ ദക്ഷിണ കൊറിയ അത്തരമൊന്ന് പുറത്തിറക്കിയിരിക്കുന്നു.

വായും മൂക്കും മൂടുന്ന മാസ്കിന് പകരം ഇവിടെ ഇപ്പോൾ ട്രെന്റിംഗ് ആകുന്നത് മൂക്ക് മാത്രം മറയ്ക്കുന്ന കോസ്ക് ആണ്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത്. അതിൽ നിന്നാണ് കോസ്ക് എന്ന പേര് ഈ ടൈപ്പ് മാസ്കുകൾക്ക് നൽകിയിരിക്കുന്നത്.

ആത്മൻ ആന്റ് സെൽസ് എന്ന കമ്പനിയാണ് മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. 10 എണ്ണമടങ്ങുന്ന പാക്കറ്റുകളായണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്.

രണ്ട് ഭാഗങ്ങളാണ് ഒരു മാസ്കിനുള്ളത്. ഇതിലെ വായുടെ ഭാഗം ആവശ്യാനുസരണം മാറ്റി മൂക്കിന്റെ ഭാഗം മാത്രമായി ഉപയോഗിക്കാം.

മൂക്ക് മാത്രം മറയ്ക്കുന്ന മൂന്ന് മാസ്കുകളടങ്ങിയ പാക്കറ്റും ലഭ്യമാണ്. ആഹാരം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ വച്ച് പൂർണ്ണമായും മാസ്ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവൻ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്കുകൾ.

എന്നാൽ ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടൻ കണ്ടുപിടുത്തമാണ് ഇതെന്നാണ് ചിലരുടെ വിമർശനം. വായ മറയ്ക്കാത്ത മാസ്ക് വയ്ക്കുന്നതും മാസ്ക് വയ്ക്കാത്തതും തമ്മിൽ എന്ത് വ്യത്യാസമെന്ന് ചോദിക്കുന്നവരുമുണ്ട്.

ദക്ഷിണ കൊറിയയിൽ നിലവിൽ 22907 പേർക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനകാലം മുതൽ ദക്ഷിണ കൊറിയയിൽ വൈറസ് മൂലമുള്ള മരണ നിരക്ക് വളരെ കുറവാണ്.

യുകെയിലും യുഎസിലും പത്ത് ലക്ഷത്തിൽ 2000 ന് മുകളിൽ പേർ എന്ന തോതിൽ മരണപ്പെട്ട സാഹചര്യത്തിലും പത്ത് ലക്ഷത്തിൽ 133 പേർ എന്ന തോതിലാണ് ദക്ഷിണ കൊറിയയിലെ മരണ നിരക്ക്

സോഷ്യൽസോഷ്യൽ മീഡിയ വൈറൽ:’കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്’ തല്ല് ഉറപ്പാണ്, ആനപ്പടിയിൽ ഉയർന്ന ഫ്ലക്സ് !

0

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് കല്യാണം മുടക്കികൾക്കുള്ള മുന്നറിയിപ്പ്.

ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരമൊരു ഫ്ലക്സ് പതിച്ചിരിക്കുന്നതെന്ന്സ്റ്റിൽ നിന്ന് വ്യക്തം. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്.

ആരോ എടുത്ത് ഇത് ഫേസ്ബുക്കിലിട്ടതോടെ ഇതിപ്പോൾ വൈറലായിരിക്കുകയാണ്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക.

ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും – എന്നിങ്ങനെ പോകുന്നു ഫ്ലക്സിലെ വാക്കുകൾ.

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെയാണ് ഈ ഫ്ലക്സിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് താഴെ, നല്ല തല്ല് കിട്ടണം, മികച്ച മുന്നറിയിപ്പ്, എന്നിങ്ങനെയുള്ല കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

ഫ്ലക്സിലെ കണ്ടൻ്റ് പൂർണ്ണമായും ഇങ്ങന…’

കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ

ഇ–ബുൾ ജെറ്റ്​: വാഹനത്തിലെ അനധികൃത രൂപംമാറ്റൽ​ ഒഴിവാക്കണം

0

കണ്ണൂർ: വിവാദ വ്ലോഗര്‍മാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിൽ അനധികൃതമായി രൂപംമാറ്റിയത്​ ഒഴിവാക്കാൻ തലശ്ശേരി മജിസ്ട്രേട്ട്​ കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വാഹനം ഉടമ സ്വന്തംചെലവിൽ കെട്ടിവലിച്ച് വർക്ക്ഷോപ്പിൽ കൊണ്ടുപോയി ചട്ടവിരുദ്ധമായി രൂപം മാറ്റിയതെല്ലാം അഴിച്ചുമാറ്റണമെന്നാണ്​ ഉത്തരവ്​. വാഹനത്തിലെ മുഴുവൻ അനധികൃത വസ്​തുക്കളും നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ ആക്കിയശേഷം തിരിച്ച് കൊണ്ടുവരണം. കണ്ണൂർ ആർ.ടി.ഒയുടെ കസ്റ്റഡിയിലുള്ള വാഹനം കണ്ണൂർ പൊലീസ് ക്യാമ്പിലാണുള്ളത്​.

വാഹന ഉടമയുടെ ചെലവിൽ രൂപം മാറ്റിയശേഷം തിരിച്ചിവിടെതന്നെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം ഈ കാര്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ആറു മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ്​ നിർദേശം.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലർ വാഹനത്തിൽ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്​. ഇക്കാരണത്താലാണ്​ വണ്ടിയുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.

വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ലോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലാണ്​ ആറ് മാസത്തേക്ക്​ രജിസ്ട്രേഷൻ റദ്ദാക്കിയത്. നേരത്തെ കണ്ണൂർ ആർ.ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തു​കയും ചെയ്ത കേസിൽ ഇരുവരും അറസ്​റ്റിലായിരുന്നു.

പ്രഭാത വേളയിലെ ഒരുമണിക്കൂർ നടത്തം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ പ്രയോജനം ചെയ്യും

0

ദേഹമനങ്ങി ചെയ്യുന്ന കൃഷിയും അതിനു സമാനമായ മറ്റു ജോലികളും ഇപ്പോൾ നമ്മൾ ആശ്രയിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളെയാണ്. ഇപ്പൊ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ആഗ്രഹിക്കുന്നത് ഓഫീസ് ജോലികളാണ് .

മുൻപ് പുരുഷന്മാരെപോലെ സ്ത്രീകളും ജോലി ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് വിയര്പ്പിലൂടെ പുറത്തേക്കു പോരാൻ തക്കമുള്ള പ്രവർത്തികൾ ആയിരുന്നു. അടുക്കള ജോലിയാണെങ്കിൽ പോലും മിക്സി, ഗ്രൈന്ടെർ, മോട്ടോർ ഇവയുടെ പ്രവർത്തനങ്ങളെ ആശ്രയിക്കാതെ ചെയ്യാവുന്നത് കൊണ്ട് പ്രതികൂല മായ ജീവിത ശൈലി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിപി , കൊളസ്ട്രോൾ, എന്നീ രോഗങ്ങൾ അന്ന് ഉണ്ടായിരുന്നില്ല.

കൂടാതെ കൂട്ട് കുടുംബ ശൈലി വിട്ട്, ന്യൂക്ലിയർ കുടുംബ സംവിധാനത്തിലേക്ക് ചേക്കേറിയതു മൂലം വളർന്ന് വരുന്ന കുട്ടികൾ ചെറുപ്പം മുതൽ തന്നെ കളികളിലും കായികാഭ്യാസങ്ങളിലും പങ്കുകൊള്ളാൻ അവസരമില്ലാതെ കമ്പ്യൂട്ടർ, ടിവി, വീഡിയോ ഗൈമിൽ മുഴുവൻ സമയം ചിലവഴിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു.

ഈ ചുറ്റുപാടിൽ ഏറ്റവും ലളിതവും ചിലവില്ലാത്തതും ആയ പ്രഭാത സമയത്തെ നടത്തമാണ് ശീലമാക്കേണ്ടത്. നടപ്പിനെ മറ്റൊരു ജോലിയായോ, ബാധ്യതയായോ കാണാതിരിക്കുക. ഓരോരുത്തരുടെയും സമയ സൌകര്യമാണ് പ്രധാനം. ചിലർക്ക് രാവിലെ നടക്കാനും മറ്റു ചിലർക്ക് വൈകുന്നേരം നടക്കനുമാക്കും ഇഷ്ടം.

ഓരോരുത്തരും അവരവർക്ക് പറ്റിയ ഒരു സമയം കണ്ടെത്തി കുറഞ്ഞത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ നടക്കണം. ആദ്യം സാവധാനത്തിൽ നടന്നു തുടങ്ങി പിന്നെ വേഗത കൂട്ടണം.പാദങ്ങൾക്ക് സംരക്ഷണം നല്കുന്നതരത്തിലുള്ള ഷൂസുകൾ ധരിക്കണം.

നടത്തം അവസാനിപ്പിക്കാരാകുമ്പോൾ വേഗത കുറച്ച് ക്രമേണ അവസാനിപ്പിക്കണം. നടത്തം കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടനെ ശ്രമകരമായ ജോലികളിൽ ഒന്നും ഏർപ്പെടുരുത്.

ശരീരത്തെ സ്വയം കൂളാകാൻ അനുവദിക്കുക. 45 മിനിറ്റ് നടന്ന ഒരു വ്യക്തി 15 മിനിറ്റു വിശ്രമിക്കണം. എസി, ഫാൻ എന്നിവ ഉപയൂഗിച്ചു വേഗം ശരീരത്തെ തണുപ്പിക്കാൻ പാടില്ല. വിശ്രമിക്കാതെ ഉടൻ കുളിക്കുകയും ചെയ്യരുത്.

തലേദിവസം യാത്ര, പതിവിൽ കവിഞ്ഞ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ അന്നേ ദിവസം നടത്തത്തിന്റെ വേഗത കുറയ്ക്കുക. മിതമായ ഭക്ഷണ ശീലവും, മിതമായ ഉറക്കവും നല്ല ജീവിത ശൈലിയും ഉണ്ടെങ്കിൽ തന്നെ ഒരുവിധം രോഗങ്ങിൽ നിന്നുതന്നെ നമുക്ക് രക്ഷ നേടാം.

ആരോഗ്യമാണ് സമ്പത്ത്

പാമ്പിനെ പിടികൂടാൻ ‘സർപ ആപ്’, കേരളത്തിൽ ലൈസൻസ് നേടിയ 928 റെസ്ക്യൂവര്‍മാര്‍, 40 സ്ത്രീകളും

0

നേരത്തെ പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തന്നെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, 2020 -നുശേഷം ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടാനെത്തിത്തുടങ്ങിയതോടെ അതിൽ കുറവുണ്ടായി. ജില്ലയിൽ ഔദ്യോ​ഗികമായി, പരിശീലനം നേടിയ റെസ്ക്യൂവർമാരിലാർക്കും ഇതുവരെ പാമ്പിന്റെ കടിയേൽക്കുകയോ മറ്റ് അപകടങ്ങളുണ്ടാവുകയോ ചെയ്‍തിട്ടില്ല

പാമ്പിനെ പിടിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? അത് സുരക്ഷയാണ്. ആരുടെ സുരക്ഷ? കേരളത്തിലെ ഔദ്യോഗികമായി പരിശീലനം കിട്ടിയ റെസ്ക്യൂവർമാരോട് ചോദിച്ചാല്‍ അവര്‍ പറയും,

ഒന്ന്: പാമ്പിന്റെ സുരക്ഷ,

രണ്ട്: കൂടിനിൽക്കുന്ന ജനങ്ങളുടെ സുരക്ഷ,

മൂന്ന്: പാമ്പിനെ പിടിക്കാനെത്തിയിരിക്കുന്ന വ്യക്തിയുടെ സുരക്ഷ. ഇത് മൂന്നുമുണ്ടായാൽ മാത്രമേ, വിജയകരമായി ഒരു പാമ്പിനെ പിടികൂടി എന്ന് പറയാനാകൂ.

ഈ മൂന്നുകൂട്ടർക്കും അപകടമുണ്ടാവാത്ത വിധം പാമ്പിനെ പിടിക്കാനും അവയെ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് കേരള വനം വകുപ്പ് പാമ്പുപിടിത്തത്തിൽ ഔദ്യോ​ഗികമായി പരിശീലനം നൽകി വരുന്നത്. ഇങ്ങനെ പരിശീലനം നേടി പാമ്പുപിടിക്കാനിറങ്ങിയ 900 -ത്തിലധികം ആളുകൾ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലുണ്ട്. അതിൽ തന്നെ നാൽപതോളം സ്ത്രീകളുമുണ്ട്

പൊതുജനങ്ങളും വനംവകുപ്പിലെ ജീവനക്കാരുമടക്കം ആളുകൾക്കാണ് പരിശീലനം നൽകിവരുന്നത്. കൊവിഡിനെ തുടർന്ന് ഒരു ദിവസമാണ് അവസാനമായി പരിശീലനം നൽകിയത്. അതിൽ എങ്ങനെ ശാസ്ത്രീയമായും സുരക്ഷിതമായും പാമ്പിനെ പിടികൂടാം എന്നതാണ് പരിശീലിപ്പിക്കുന്നത്.

പാമ്പിനെ കണ്ടാൽ എങ്ങനെ ഔദ്യോ​ഗികമായി വിവരമറിയിക്കുകയും പാമ്പുപിടിത്തക്കാരുടെ സഹായം തേടുകയും ചെയ്യുമെന്നതിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. അതിനായിട്ടാണ് കേ​ര​ള ഫോ​റ​സ്റ്റ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2021 -​ൽ ‘സ​ർ​പ്പ’ എ​ന്ന ആ​പ്പ് പ്രവർത്തനം തുടങ്ങിയത്.

ഔദ്യോ​ഗികപരിശീലനം നേടിയ റെസ്ക്യൂവർമാരാണ് പാമ്പിനെ പിടികൂടുന്നതിനായി ഇതുവഴിയെത്തുന്നത്. ലൊക്കേഷനടക്കം നൽകിയിട്ടുള്ള ആപിൽ പാമ്പുപിടിത്തക്കാരുടെയും ഓഫീസർമാരുടെയും വിവരങ്ങളെല്ലാം കൃത്യമായി നൽകിയിട്ടുണ്ട്. പാമ്പിനെ പിടികൂടുന്നത് മുതൽ അതിനെ സുരക്ഷിതമായി ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്

സർപയുടെ തിരുവനന്തപുരം ജില്ലയിലെ കോർഡിനേറ്ററായിട്ടുള്ള ശരത് എം പറയുന്നത്, തിരുവനന്തപുരം ജില്ലയിൽ മാത്രം ഇങ്ങനെ പരിശീലനം ലഭിച്ചിട്ടുള്ള 35 -ഓളം റെസ്ക്യൂവർമാരുണ്ട് എന്നാണ്. അതിൽ, നാല് സ്ത്രീകളുമുണ്ട്.

സർപ ആപ്പിൽ പാമ്പിനെ കണ്ടതായി റിപ്പോർട്ട് ചെയ്‍തുകഴിഞ്ഞാൽ റെസ്ക്യൂവർമാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അതിൽ ലൊക്കേഷനടക്കം ലഭ്യമാണ്. റെസ്ക്യൂവർമാർ തന്നെ ആളുകളെ ബന്ധപ്പെടാറുണ്ട്. നേരത്തെ പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തന്നെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, 2020 -നുശേഷം ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടാനെത്തിത്തുടങ്ങിയതോടെ അതിൽ കുറവുണ്ടായി.

ജില്ലയിൽ ഔദ്യോ​ഗികമായി, പരിശീലനം നേടിയ റെസ്ക്യൂവർമാരിലാർക്കും ഇതുവരെ പാമ്പിന്റെ കടിയേൽക്കുകയോ മറ്റ് അപകടങ്ങളുണ്ടാവുകയോ ചെയ്‍തിട്ടില്ല. റെസ്ക്യു ചെയ്യുമ്പോൾ പിവിസി പൈപ്പും കോട്ടൺ ബാഗും ഉപയോഗിക്കുന്നു. ഇങ്ങനെ കൃത്രിമമായ ഒരു മാളം ക്രിയേറ്റ് ചെയ്തതാണ് പാമ്പിനെ അതിനകത്തേക്ക് കയറ്റുന്നത്. പണ്ടുകാലങ്ങളിൽ കുപ്പികളിൽ പാമ്പിനെ കയറ്റുമായിരുന്നു കുപ്പിയിൽ കയറ്റുന്ന പാമ്പിന് പെട്ടെന്ന് മരണം സംഭവിക്കുന്നുണ്ട്.

പാമ്പിന് മരണം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് കുപ്പിയിൽ പാമ്പിനെ കയറ്റാതെ കോട്ടൻ ബാ​ഗ് പകരമായി ഉപയോ​ഗിക്കുന്നത്. അതുപോലെ, നേരത്തെ പാമ്പിനെ എവിടെനിന്നും പിടികൂടുന്നു എവിടെ അതിനെ കൊണ്ടിടുന്നു എന്നതൊന്നും ആരും അറിയാറില്ല. എന്നാൽ, ആപ് വന്ന ശേഷം അതെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നും ശരത് പറയുന്നു.

പ്ലേസ്റ്റോറിൽ നിന്നും സർപ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.പാമ്പുപിടിക്കാനായി ലൈസൻസ് നേടിയ റെസ്ക്യൂവർമാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങളും നമ്പറും അടങ്ങിയ കേരള വനം വകുപ്പിന്റെ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം