spot_img
Wednesday, June 17, 2026
Home Blog Page 64

സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം:പ്രതികരിച്ച് കെ. റഫീഖ്

0

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് സോഷ്യൽ മീഡിയകളിൽ വൻ കോലാഹനം സൃഷ്ടിച്ചത്.

ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചതായും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന താൻ, പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെ സാന്നിധ്യം രാഷ്ട്രീയമായ മറ്റൊരു നിലയിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് വിശദീകരിച്ചു. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ചില മാധ്യമങ്ങളും സൈബർ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സർക്കാരിന്‍റെ ഇച്ഛാശക്തിയിൽ ഉയർന്നുവന്ന മാതൃകാപരമായ ഈ ടൗൺഷിപ്പിന്‍റെ തിളക്കം ഇത്തരം വിവാദങ്ങൾ മൂലം കുറഞ്ഞുപോകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.കെ റഫീക്കിന്‍റെ കുറിപ്പ് വായിക്കാംമലയാളത്തിന്‍റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാ​​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കടയ്ക്ക് മുന്നിൽ സംഘർഷം

0

കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികൾ പറയുന്നു. രാവിലെ 10 മണി എന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികൾ പിരിഞ്ഞുപോവാത്തതിനാൽ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോർഡും വെച്ചു. ഇതോടെ പൊലീസിനെതിരെ കുട്ടികൾ മുദ്രാവാക്യം വിളിച്ചു. നിലവിൽ കുട്ടികളെ പിരിച്ചു വിടുകയാണ് പൊലീസ്

‘നിർഭയ നിശ’ ഇന്നുമുതൽ

0

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച “നിർഭയ നിശ’പദ്ധതി അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. ഞായറാഴ്‌ച രാത്രി 7.30ന് തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പദ്ധതിക്ക് തുടക്കമിടും. രാത്രി ഒന്പത്‌ മുതല്‍ പുലർച്ചെ അഞ്ച്‌ വരെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർവഹിച്ചിരുന്നു.സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്), പോല്‍ -ആപ്പിലെ എസ്ഒഎസ് ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ സംവിധാനങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി സ്‌ത്രീകള്‍ കൂടുതൽ യാത്രചെയ്യുന്ന തിരക്കുള്ള സ്ഥലങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. അപകട വിവരം അറിയിക്കാനുള്ള അലാറം, കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സൗകര്യമുള്ള നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്

അപരിചിതര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുത്

0

സോഷ്യൽ മീഡിയ, ഇമെയിൽ, വാട്സ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ചു ഭീഷണിപ്പെടുത്തി പണാപഹരണമുൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ നോട്ടീസുകളിൽ, വ്യക്തികളുടെ ഐ.പി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും, കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിൽ തെരച്ചിൽ നടത്തിയതായും ആരോപിച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അറസ്റ്റ് വാറൻ്റ്, കോടതി നടപടികൾ, പോലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും കേസ് ഒഴിവാക്കുന്നതിനായി പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ, വാട്സ് ആപ്പ് അല്ലെങ്കിൽ ഇമെയിൽ വഴി 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നിർബന്ധിക്കുകയും, മറുപടി നൽകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സർക്കാരിന്റെയോ ലോ എൻഫോഴ്‌സ്മെൻ്റ് ഏജൻസികളുടെയോ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ ഇമെയിൽ അല്ലെങ്കിൽ വാട്സ് ആപ്പ് സന്ദേശങ്ങളോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല. അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുക. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടുക. തട്ടിപ്പിനിരയായാൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ (Golden Hour) വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായിക്കും.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല.

0

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുക. ഇതിനായുള്ള ഫീസും ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്.തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.മൈക്ക് സാങ്ഷൻ അപേക്ഷകൾ തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ്ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.#keralapolice

വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

0

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോച്ചുമാർ, ട്രെയിനർമാർ, കെയർ ടേക്കർ, ജിംനേഷ്യം ട്രെയിനർ എന്നീ തസ്തികകളിലേക്കാണ് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിംഗ്, കരാട്ടെ, റോളർ സ്‌കേറ്റിംഗ്, ടേബിൾ ടെന്നീസ്, ഫുട്‌ബോൾ എന്നീ കായിക ഇനങ്ങളിലാണ് പരിശീലകരെ ആവശ്യമായുള്ളത്.കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൻ.ഐ.എസ് ഒരു വർഷ റെഗുലർ ഡിപ്ലോമയും അംഗീകൃത സർവകലാശാല ബിരുദവും ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ട്രെയിനർ തസ്തികയിലേക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) സർട്ടിഫിക്കറ്റ് കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത അതോറിറ്റി നൽകുന്ന കോച്ചിംഗ് ലൈസൻസോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും കായിക മികവും ട്രെയിനർമാർക്ക് ആവശ്യമാണ്. ഇരു തസ്തികകളിലും 45 വയസ്സാണ് പ്രായപരിധി.കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കായിക സ്ഥാപനങ്ങളിലോ സ്റ്റേഡിയങ്ങളിലോ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ജിംനേഷ്യം ട്രെയിനർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഹെൽത്ത് ആന്റ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബോഡി ബിൽഡിംഗ് അല്ലെങ്കിൽ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് മുൻഗണന ലഭിക്കും.വിരമിച്ച സൈനികർക്ക് നിയമപ്രകാരമുള്ള ഇളവുകൾ അനുവദിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2330167, 2331546.

കരിപ്പുര്‍ വിമാന ദുരന്തം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പൊളിക്കാന്‍ കാരക്കാട് എത്തിച്ചു.

0

പാലക്കാട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രിയാക്കി പൊളിച്ചു വില്‍ക്കും. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് എത്തിച്ചത്. കേരളത്തിലെ പ്രമുഖ ആക്രി വില്‍പന കേന്ദ്രമാണ് പട്ടാമ്പി ഓങ്ങല്ലൂരിന് അടുത്ത കാരക്കാട് പ്രദേശം.

ഓണ്‍ലൈന്‍ ടെന്‍ഡര്‍ വഴിയാണ് വ്യാപാരി വിമാനം പൊളിക്കാനായി ലേലത്തില്‍ പിടിക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാക്കിയാണ് വിമാനഭാഗങ്ങള്‍ കാരക്കാട് എത്തിച്ചത്. വിമാനത്തിന്റെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങള്‍ ആക്രിസാധനങ്ങളായി വില്‍ക്കാനായി പൊളിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍, വിമാനം പൂര്‍ണ്ണമായും പൊളിച്ച് സ്‌ക്രാപ്പായി മാറ്റും.

ബാറ്ററികള്‍, പഴയ വാഹനങ്ങള്‍, കപ്പലുകളുടെ ഭാഗങ്ങള്‍ എന്നിവയെല്ലാം നേരത്തെ പൊളിച്ചുമാറ്റാനായി കാരക്കാട് പ്രദേശത്ത് എത്തിയിരുന്നു. ഇതാദ്യമായാണ് ഒരു വിമാന അവശിഷ്ടം എത്തുന്നത്. വിമാനത്തിന്റെ സാന്നിധ്യം മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ പോലും കൗതുകം നിറച്ചിട്ടുണ്ട്. യാര്‍ഡില്‍ എത്തിച്ച സ്‌ക്രാപ്പ് മെറ്റീരിയലിന് 45 ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ട്. തീപിടിച്ച വിമാനത്തിന്റെ സ്‌ക്രാപ്പില്‍ ലോഹ ഭാഗങ്ങള്‍ മാത്രമാണുള്ളത്. വിമാനത്തില്‍ നിന്ന് ചില സുപ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് കാരക്കാട് എത്തിച്ചത്. ”കേരളത്തില്‍ ഒരു വിമാനം സ്‌ക്രാപ്പ് ചെയ്യുന്നത് ഇതാദ്യമാണ്. എന്നാല്‍ രാജ്യത്തെ നടുക്കിയ ഒരു അപകടത്തില്‍ വിമാനമാണിത് എന്നതിനാലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതെന്നാണ് വ്യാപാരിയുടെ പ്രതികരണം.

2020 ഓഗസ്റ്റ് 7-നാണ് കരിപ്പൂരില്‍ 21 പേരുടെ ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടം നടന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737-800 വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയായിരുന്നു അപകടം ഉണ്ടായത്. ദുബായില്‍ നിന്ന് ശക്തമായ മഴയ്ക്കിടെ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.

ഡോ. വന്ദന ദാസ് കൊലക്കേസ്:അന്തിമവാദം പൂർത്തിയായി, വിധി മാർച്ച് 17 ന്

0

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ ഈ മാസം 17 ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചുണ്ടായ ആക്രണത്തിൽ വന്ദനാദാസ് കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശിയായ സന്ദീപ് സർജിക്കൽ കത്രിക കൈക്കലാക്കി വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും ആക്രമിച്ചു. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

ഞാൻ കാണാൻ വന്നതാ..; വയനാട് ടൗൺഷിപ്പിൽ എത്തി മമ്മൂട്ടി, ആശ്വാസ വാക്കുകളേകി മടക്കം

0

യനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് സന്ദര്ശിക്കാനെത്തി മമ്മൂട്ടി. അധികൃതരോട് കാര്യങ്ങൾ തിരക്കിയും വിദ്യാർത്ഥികളോട് അടക്കം കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി വയനാട്ടിൽ നിന്നും മടങ്ങിയത്. ഏതാനും ചില വീടുകളും അദ്ദേഹം സന്ദർശിച്ചിരുന്നു. കേരളത്തിന്‍റെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേർത്തുപിടിച്ചതാണിതെന്നും അദ്ദേഹം പറയുന്നു.

‘ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്‍റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്’, എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം:പാചകവാതക വില കൂട്ടി

0

രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബെയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു.

കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 030 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയര്‍ന്നു.ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് എല്‍പിജി സിലിണ്ടിറിന്റെ വിലയി ല്‍ 28 രൂപ മുതല്‍ 31 രൂപവരെ വിലവര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതുംഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോക്ക് ഇൻ പിരീഡുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവുംഉപഭോക്താക്കൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് വിതരണക്കാരുടെ സംഘടനകളും അറിയിക്കുന്നത്. പരിഭ്രാന്തി മൂലമുള്ള അമിത ബുക്കിംഗുകൾ വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുമെന്ന് എൽപിജി ഡീലർമാരുടെയും വിതരണക്കാരുടെയും വക്താവ് ബിജോൺ ബിഹാരി ബിശ്വാസ് ദി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. കൊൽക്കത്ത മെട്രോപൊളിറ്റൻ മേഖലയിൽ ബുക്കിംഗുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ദിവസം ഒരു ലക്ഷം ബുക്കിംഗുകൾ നടക്കാറുള്ള കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച മാത്രം 1.5 ലക്ഷം ബുക്കിംഗുകളാണ് ഐഒസിക്ക് ലഭിച്ചത്. ഇത് സിലിണ്ടറുകൾ എത്തിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിതരണക്കാർ വിശദമാക്കുന്നത്.എൽപിജിക്ക് നിലവിൽ ക്ഷാമമില്ലെന്നും വിതരണ ശൃംഖല ഭദ്രമാണെന്നും എണ്ണ കമ്പനികൾ വ്യക്തമാക്കുന്നതിനിടയിലാണ് നിയന്ത്രണം. ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അനാവശ്യമായി ബുക്കിംഗ് നടത്തരുതെന്നും അധികൃതർ അഭ്യർത്ഥിക്കുന്നത്. ഉപഭോക്താക്കൾ സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും എന്നാൽ ശൂന്യമായ സിലിണ്ടറുകൾ തിരികെ നൽകാതിരിക്കുകയും ചെയ്യുന്നത് ഫില്ലിംഗ് പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.ലോകസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകുമോ എന്ന ഭയത്താലാണ് പലരും മുൻകൂട്ടി ബുക്ക് ചെയ്യുന്നത്. ലോക്ക്-ഇൻ സിസ്റ്റം നടപ്പിലാക്കുന്നതോടെ വരും ദിവസങ്ങളിൽ ഡിമാൻഡ് കുറയുമെന്നും വിതരണം സാധാരണ നിലയിലാകുമെന്നുമാണ് വിതരണക്കാരുടെ വിലയിരുത്തൽ.