spot_img
Thursday, November 26, 2026
Home Blog Page 653

കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി

0

എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.

ഉന്നത സമിതി യോഗം ചേർന്ന്  കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്?എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല?ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പൺ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി

പരീക്ഷയെഴുതിയത് 469 ഹരിയാന സ്വദേശികള്‍; പിടിയിലായവര്‍ കൂലിക്കാര്‍, വിവാദ പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ്

0

തിരുവനന്തപുരം: ആള്‍മാറാട്ടവും ഹൈടെക് കോപ്പിയടിയും നടത്തിയ ഹരിയാനക്കാർ അറസ്റ്റിൽ ആയതിനെ തുടർന്ന് വിഎസ്എസ് സി പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ്. ഐഎസ്ആര്‍ഒ നടത്തിയ പരീക്ഷയില്‍ തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിലായി ഹരിയാനക്കാരായ 469 പേര്‍ പരീക്ഷയെഴുതി. പിടിയിലായ ഹരിയാനക്കാര്‍ കൂലിക്ക് പരീക്ഷ എഴുതാന്‍ എത്തിയവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിന് അറസ്റ്റിലായ രണ്ടു പേരെ കൂടാതെ, ഇവരെ സഹായിച്ച നാലുപേരെക്കൂടിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെല്ലാം ഹരിയാന സ്വദേശികളാണ്. ഇത്രയധികം പേര്‍ കൂട്ടത്തോടെ ഹരിയാനയില്‍ നിന്നും തിരുവനന്തപുരത്തെത്തി പരീക്ഷ എഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

ഈ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒ നടത്തിയ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ രേഖാമൂലം വിഎസ് എസ് സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്തു നല്‍കും. വിഎസ്എസ് സിയില്‍ ജോലിക്ക് അപേക്ഷ നല്‍കിയ സുനില്‍ കുമാര്‍, സുമിത്ത് എന്നിവരുടെ പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍, മനോജ് കുമാര്‍ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഹൈടെക് പരീക്ഷാ തട്ടിപ്പിനു പുറമെ, ആള്‍മാറാട്ടവും വ്യക്തമായ സാഹചര്യത്തില്‍, കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം ഹരിയാനയിലേക്ക് പോകും. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ ഉടമയാണ് തട്ടിപ്പിന്റെ ആസൂത്രകന്‍. ഈ കോച്ചിങ്ങ് സെന്ററിലെത്തുന്നവരില്‍ നിന്നും വന്‍ തുക വാങ്ങി ജോലി ഉറപ്പു നല്‍കും. 

തുടര്‍ന്ന് ഉടമയുടെ കീഴിലുള്ള ആള്‍മാറാട്ട സംഘം പരീക്ഷാ സെന്ററിലെത്തി പരീക്ഷ എഴുതി മടങ്ങുകയാണ് പതിവ്. ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും.  ഉദ്യോഗാര്‍ത്ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് രീതി.  

ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്. വയറ്റില്‍ ബെല്‍റ്റ് കെട്ടി അതിലാണ് ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഉത്തരങ്ങള്‍ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴിയും സ്മാര്‍ട് വാച്ചിലെ സ്‌ക്രീനിലൂടെയും കേട്ടും മനസ്സിലാക്കിയുമാണു സുനില്‍ പരീക്ഷ എഴുതിയത്. ഇയാള്‍ 75 മാര്‍ക്കിന് ഉത്തരങ്ങള്‍ എഴുതി. പിടിക്കപ്പെട്ടതിനാല്‍ സുമിത്തിന് ഒന്നും എഴുതാന്‍ സാധിച്ചിരുന്നില്ല.

കോപ്പിയടി എന്ന നിലയിലാണ് ആദ്യം ഇവര്‍ പിടിയിലാകുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടവും വ്യക്തമായത്. വിഎസ്എസ് സിയുടെ ടെക്നീക്ഷൻ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിലാണ് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്.

പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും  അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. തുടർന്ന് വിവരം പൊലീസ് പരീക്ഷാ സെന്ററുകളെ അറിയിക്കുകയും കർശന ജാ​ഗ്രതയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

നിയമം അറിഞ്ഞിരിക്കുക തന്നെ വേണം; എന്താണ് എഫ്ഐആർ, രജിസ്റ്റര്‍ ചെയ്യുന്നത് എപ്പോൾ, പൂർണ വിവരങ്ങൾ അറിയാം

0

കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വിഷയവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നുള്ളത് സ്ഥിരമായി കേള്‍ക്കുന്ന കാര്യമാണ്. എന്താണ് ഈ എഫ്ഐആര്‍ അല്ലെങ്കില്‍ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ  പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്  സിആര്‍പിസി 154 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.

നിലവിൽ പൊലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ റാങ്കിന് മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ഐആറിന് വളരെ പ്രാധാന്യമുണ്ട്.

പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം. ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ്  പൊലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ്  സമീപിക്കേണ്ടത്.  

ഒപ്പിട്ട് നൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പൊലീസ് സ്‌റ്റേഷനിൽ  എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പൊലീസ് സ്റ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം  ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്.  ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് പൊതു ജനങ്ങള്‍ വിഷമിക്കേണ്ടതില്ല.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പൊലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ  (keralapolice.gov.in) നിന്ന് എഫ്‌ഐആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വായ്പ വാങ്ങിയതുമായ തർക്കം: കിനാലൂരില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

0

ബാലുശ്ശേരി:കിനാലൂരില്‍ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കിനാലൂര്‍സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. 500 രൂപ വായ്പ വാങ്ങിയതുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം .

വനിതാ ഡപ്യൂട്ടി ടിടിഐക്ക് ട്രെയിനിൽ യാത്രക്കാരന്റെ ക്രൂരമർദനം;പ്രതി പിടിയിൽ

0

കോഴിക്കോട്∙ ടിക്കറ്റ് പരിശോധനയ്ക്കിടയിൽ വനിതാ ഡപ്യൂട്ടി ടിടിഐക്ക് ട്രെയിനിൽ യാത്രക്കാരന്റെ ക്രൂരമർദനം. 16160 നമ്പർ മംഗളൂരു–ചെന്നൈ എഗ്‌മൂർ എക്സ്പ്രസിൽ വടകര–കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 10നാണ് സംഭവം. പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി ടിടിഐ ആർ.രജിതയ്ക്ക്(35) ആണ് മർദനമേറ്റത്. ഇവരെ മർദിച്ച വടകര നട്ട് സ്ട്രീറ്റ് നിട്ടറോത്ത് താഴെ ഹൗസിൽ കെ.രൈരുവിനെ(74) കോഴിക്കോട്ട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. റിസർവേഷൻ കംപാർട്മെന്റുകളായ എസ്–4, 5, 6 കംപാർട്മെന്റുകളിലായിരുന്നു ഇന്നലെ രജിതയ്ക്ക് ടിക്കറ്റ് പരിശോധനയുടെ ചുമതല. സംഭവം നടന്നത് എസ്–5 കംപാർട്മെന്റിലാണ്.വടകരയിൽനിന്നു കയറിയ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ രൈരുവിന്റെ അടുത്തെത്തിയപ്പോൾ റിസർവേഷൻ ടിക്കറ്റില്ലെന്നു പറഞ്ഞു. 2 കംപാർട്മെന്റ് മുന്നോട്ടുപോയി ജനറൽ കംപാർട്മെന്റിലേക്കു മാറിക്കയറണമെന്ന് രജിത നിർദേശിച്ചു.

അപ്പോൾ, കേരളത്തിൽ ‍മാത്രമേ ഇത്തരം നിയമങ്ങളുള്ളൂ എന്നും ഉത്തരേന്ത്യയിലാണെങ്കിൽ ഇത്തരം നിർദേശങ്ങളുണ്ടാകില്ലെന്നും രൈരു മറുപടി പറഞ്ഞു. ഇതു യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമാണെന്ന് ടിടിഐ പറഞ്ഞപ്പോൾ ചീത്ത വിളിച്ചു. പിഴ അടയ്ക്കുകയോ മാറിയിരിക്കുകയോ വേണമെന്ന് വീണ്ടും നിർദേശിച്ചപ്പോഴാണ് മൂന്നു തവണ തന്റെ മുഖത്തടിച്ചതെന്ന് രജിത പറഞ്ഞു.അടിയേറ്റ് കണ്ണിനും ചുണ്ടിനും പരുക്കേറ്റു. മറ്റു യാത്രക്കാർ ഇയാളെ പിടിച്ചുവച്ചതിനാൽ കൂടുതൽ മർദനമുണ്ടായില്ല.ട്രെയിൻ കൊയിലാണ്ടിയിൽ എത്തിയപ്പോൾ ‍പ്രതി മറ്റൊരു കംപാർട്മെന്റിലേക്കു മാറിക്കയറി. കോഴിക്കോട്ടെത്തിയ ട്രെയിനിൽ‍നിന്ന് റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരുക്കേറ്റ രജിതയെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് റെയിൽവേ ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് പാലക്കാട്ടേക്കു പോയി.ടിക്കറ്റ് പരിശോധകർക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാർക്ക് മതിയായ സംരക്ഷണം അനുവദിക്കണമെന്ന് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഒർഗനൈസേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായ അജി ജോസഫ്, കെ.സജിത്ത് എന്നിവർ ആവശ്യപ്പെട്ടു

പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചു; പിതാവിന് തടവും പിഴയും

0

വടകര :പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച സംഭവത്തിൽ പിതാവിന് പിഴയും തടവും ശിക്ഷ. അഴിയൂർ ഫൈസലി (45) നെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി പിരിയുംവരെ തടവ് ശിക്ഷ വിധിച്ചത്. 30,200 രൂപയാണ്‌ പിഴ. ഒരുവർഷത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഉത്തരവിട്ടു. പ്രതി പിഴയടച്ചശേഷം കോടതി പിരിയുംവരെ തടവ് ശിക്ഷ അനുഭവിച്ചു. പ്രതിയുടെ 14 വയസ്സുള്ള മകനാണ് ബൈക്ക് ഓടിച്ചത്. 2023 ഏപ്രിൽ 18ന് വൈകിട്ട്‌ 5.30നാണ് മാഹി റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തെ റോഡിൽനിന്ന്‌ ചോമ്പാല എസ്ഐ വി കെ മനീഷ് പതിനാലുകാരനെ പിടികൂടിയത്. പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ കെ രാജേഷ്  കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

അത്തം പിറന്നു, ഇനി പത്ത് നാൾ; ഓണാവേശത്തിലേക്ക് മലയാളി

0

തിരുവനന്തപുരം: പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. കുട്ടികൾ അവസാന പരീക്ഷകൾ കൂടി തീർത്ത് ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.

സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നതോടെ മലയാളിയുടെ ഓണക്കാലം തുടങ്ങുകയായി.

ഒരു ദിവസം കണ്ണൂരിൽ 2 ട്രെയിനുകൾക്ക് നേരെ കല്ലേറ്, നൂറിലേറെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പൊക്കി പൊലീസ്

0

കണ്ണൂർ: ഒരു ദിവസം രണ്ട് ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കണ്ണൂരിൽ ഞായറാഴ്ച ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ കേസിൽ ഒഡീഷ സ്വദേശിയായ സർബെശ്വർ പരീധ എന്ന യുവാവാണ് പിടിയിലായത്. പത്തു വർഷത്തോളമായി കണ്ണൂരിൽ ജോലി ചെയ്യുന്നയാളാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു. നൂറിലേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. ആർ പി എഫും കേരള പൊലീസും ട്രെയിൻ കല്ലേറിൽ അന്വേഷണം നടത്തിയിരുന്നു.

പ്രതി സർബെശ്വർ പരീധ കുറ്റം സമ്മതിച്ചെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. മദ്യ ലഹരിയിലായിരുന്നു ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതി പറയുന്നത്. മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് ചെയ്തതെന്നും പ്രതി സർബെശ്വർ പരീധ കുറ്റസമ്മതം നടത്തിയെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ  വ്യക്തമാക്കി. സംഭവത്തിൽ അട്ടിമറി സൂചനകളില്ലെന്നും കമ്മീഷണർ അജിത് കുമാർ അറിയിച്ചു. കണ്ണൂരിലെ പറക്കണ്ടിയിൽ വച്ചാണ് ഞായറാഴ്ട നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് നേരെ ഇയാൾ കല്ലേറ് നടത്തിയത്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു കല്ലേറ് നടന്നത്.

മാള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; യുവാക്കള്‍ അറസ്റ്റില്‍

0

കോഴിക്കോട്: പാലാഴിയിലെ സ്വകാര്യ മാള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. നല്ലളം സ്വദേശികളായ മാളിയേക്കല്‍ പറമ്പ് തറോപ്പടി ഹൗസില്‍ റൗഫ് എം.പി (29), നിറംനിലവയല്‍ കെ.ടി ഹൗസില്‍ ദില്‍ഷാദ്.കെ.ടി (22) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് ടി.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫും അരുണ്‍ വി ആര്‍ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മാളിന്റെ പരിസരത്തെ ഹോട്ടലില്‍ റൂം എടുത്താണ് സംഘം ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നര ലക്ഷം 29.30 ഗ്രാം രൂപ വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് മയക്കുമരുന്ന് വില്‍പ്പനയില്‍ ലഭിച്ച 26.000 രൂപയും മൊബൈല്‍ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അടുത്ത കാലത്ത് ഗള്‍ഫില്‍ നിന്നും വന്ന ദില്‍ഷാദിനെ, ഗള്‍ഫിലേക്കാള്‍ വരുമാനം നാട്ടിൽ ഉണ്ടാക്കാമെന്ന് പറഞ്ഞ് റൗഫ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് പങ്കാളിയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ഇരുവരുടെയും പേരില്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു രണ്ട് പേരും. മയക്കുമരുന്നിനായി ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചാല്‍ മാളിന്റെ പരിസരങ്ങളില്‍ എത്താനായി അറിയിക്കും. തുടര്‍ന്ന് റൂമില്‍ നിന്നും ഇറങ്ങി ബൈക്കില്‍ പോയി എംഡിഎംഎ കൈമാറ്റം നടത്തുന്നതാണ് രീതി.
ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചവരെ കുറിച്ചും ആര്‍ക്കെല്ലാമാണ് വില്‍പന നടത്തിയതെന്നും ലഹരി മാഫിയയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ച് വിശദമായ അന്വേക്ഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു.

“വണ്ടിയൊന്നു തട്ടി… ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ?”

0

പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്. സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി.വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത്

നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ, മേൽവിലാസം എന്നിവ നൽകി തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്‌സിഡന്റ് സംബന്ധിച്ച വിവരങ്ങൾ നൽകുകയും സംഭവത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങൾ കൂടി നൽകി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായശേഷം ജി ഡി എൻ‍ട്രി അനുവദിക്കും. അത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

എന്നാൽ ചില സന്ദർഭങ്ങളിൽ വാഹനം പരിശോധിച്ച ശേഷമായിരിക്കും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.ഈ സേവനം കേരള പോലീസിന്റെ തുണ വെബ്പോർട്ടലിലും ലഭ്യമാണ്.അലക്ഷ്യമായ ഡ്രൈവിംഗ് മൂലം പരിക്കുകൾ പറ്റുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന അവസരത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് നിയമം അനുശാസിക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ഈ പേജിൽ വായിക്കാം.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻https://play.google.com/store/apps/details…കേരള പോലീസിന്റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക്👇🏻https://thuna.keralapolice.gov.in/#keralapolice