spot_img
Tuesday, April 21, 2026

വനിതാ ഡപ്യൂട്ടി ടിടിഐക്ക് ട്രെയിനിൽ യാത്രക്കാരന്റെ ക്രൂരമർദനം;പ്രതി പിടിയിൽ



കോഴിക്കോട്∙ ടിക്കറ്റ് പരിശോധനയ്ക്കിടയിൽ വനിതാ ഡപ്യൂട്ടി ടിടിഐക്ക് ട്രെയിനിൽ യാത്രക്കാരന്റെ ക്രൂരമർദനം. 16160 നമ്പർ മംഗളൂരു–ചെന്നൈ എഗ്‌മൂർ എക്സ്പ്രസിൽ വടകര–കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 10നാണ് സംഭവം. പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി ടിടിഐ ആർ.രജിതയ്ക്ക്(35) ആണ് മർദനമേറ്റത്. ഇവരെ മർദിച്ച വടകര നട്ട് സ്ട്രീറ്റ് നിട്ടറോത്ത് താഴെ ഹൗസിൽ കെ.രൈരുവിനെ(74) കോഴിക്കോട്ട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. റിസർവേഷൻ കംപാർട്മെന്റുകളായ എസ്–4, 5, 6 കംപാർട്മെന്റുകളിലായിരുന്നു ഇന്നലെ രജിതയ്ക്ക് ടിക്കറ്റ് പരിശോധനയുടെ ചുമതല. സംഭവം നടന്നത് എസ്–5 കംപാർട്മെന്റിലാണ്.വടകരയിൽനിന്നു കയറിയ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ രൈരുവിന്റെ അടുത്തെത്തിയപ്പോൾ റിസർവേഷൻ ടിക്കറ്റില്ലെന്നു പറഞ്ഞു. 2 കംപാർട്മെന്റ് മുന്നോട്ടുപോയി ജനറൽ കംപാർട്മെന്റിലേക്കു മാറിക്കയറണമെന്ന് രജിത നിർദേശിച്ചു.

അപ്പോൾ, കേരളത്തിൽ ‍മാത്രമേ ഇത്തരം നിയമങ്ങളുള്ളൂ എന്നും ഉത്തരേന്ത്യയിലാണെങ്കിൽ ഇത്തരം നിർദേശങ്ങളുണ്ടാകില്ലെന്നും രൈരു മറുപടി പറഞ്ഞു. ഇതു യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമാണെന്ന് ടിടിഐ പറഞ്ഞപ്പോൾ ചീത്ത വിളിച്ചു. പിഴ അടയ്ക്കുകയോ മാറിയിരിക്കുകയോ വേണമെന്ന് വീണ്ടും നിർദേശിച്ചപ്പോഴാണ് മൂന്നു തവണ തന്റെ മുഖത്തടിച്ചതെന്ന് രജിത പറഞ്ഞു.അടിയേറ്റ് കണ്ണിനും ചുണ്ടിനും പരുക്കേറ്റു. മറ്റു യാത്രക്കാർ ഇയാളെ പിടിച്ചുവച്ചതിനാൽ കൂടുതൽ മർദനമുണ്ടായില്ല.ട്രെയിൻ കൊയിലാണ്ടിയിൽ എത്തിയപ്പോൾ ‍പ്രതി മറ്റൊരു കംപാർട്മെന്റിലേക്കു മാറിക്കയറി. കോഴിക്കോട്ടെത്തിയ ട്രെയിനിൽ‍നിന്ന് റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരുക്കേറ്റ രജിതയെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് റെയിൽവേ ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് പാലക്കാട്ടേക്കു പോയി.ടിക്കറ്റ് പരിശോധകർക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാർക്ക് മതിയായ സംരക്ഷണം അനുവദിക്കണമെന്ന് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഒർഗനൈസേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായ അജി ജോസഫ്, കെ.സജിത്ത് എന്നിവർ ആവശ്യപ്പെട്ടു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles