spot_img
Saturday, September 19, 2026
Home Blog Page 3

വ്യാപാരികൾക്ക് തിരിച്ചടി; യുപിഐ ഇടപാട് ചാർജിന് ജിഎസ്ടി ചുമത്തും

ന്യൂഡൽഹി: യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ളഇടപാടുകൾക്ക് ചുമത്തുന്ന ഫീസിന് ജിഎസ്ടിയും ഈടാക്കും. 18 ശതമാനം ജിഎസ്‌ടിയാണ് ഈടാക്കുക. എന്നാൽ, ജിഎസ്‌ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇത് ഇൻപുട്ട് ടാക്സ്‌സ് ക്രെഡിറ്റായി തിരികെ ലഭിക്കും.ഇതുപ്രകാരം ഉദാഹരണമായി 10,000 രൂപയുടെ ഇടപാട് നടത്തുന്ന വ്യാപാരിക്ക് 40 രൂപയാണ് മെർച്ചന്റ് ഡിസ്ക്‌കൗണ്ട് റേറ്റായി നൽകേണ്ടി വരിക. ഇതിനൊപ്പം ഏഴ് രൂപയോളം ജിഎസ്‌ടിയും നൽകണം. ഈ ഏഴ് രൂപയാണ് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്ന് പറയുന്നത്. എന്നാൽ, ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്ക് ഈ തുക കൈയിൽ നിന്നും കൊടുക്കേണ്ടി വരും. ജിഎസ്ടി ഇളവുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കാവും ഇത് തിരിച്ചടിയാവുക.കഴിഞ്ഞ ദിവസമാണ് യുപിഐ ചാർജുകളിൽ വ്യക്തതുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അതിന് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ നൽകേണ്ടി വരും വ്യാപാരികളാണ് ഈ ചാർജ് നൽകേണ്ടത്.എംഡിആർ ചാർജിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജിഎസ്ട‌ി സംബന്ധിച്ച വിവരങ്ങളും പുറത്ത് വരുന്നത്. പുതിയ എംഡിആർ ചാർജ് ചെറിയ വ്യാപാരികളുടെ ഡിജിറ്റൽ പേയ്മെന്റ് ചെലവ് വർധിപ്പിക്കുമെന്ന് റീടെയിലേഴ്സ‌് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനിന് നിയന്ത്രണം വരുമ്പോൾ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ തുടങ്ങണം: മനുഷ്യാവകാശ കമ്മീഷൻ

0

കോഴിക്കോട്: സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ മലബാർ മേഖലയിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റൂട്ടുകളിൽ അധിക സർവീസുകൾ കെഎസ്ആർടിസി ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.റദ്ദാക്കപ്പെടുന്ന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ അധിക സർവീസുകൾ ഏർപ്പെടുത്തണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെ.എസ്.ആർ.ടി.സി എം.ഡി 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. അടുത്തമാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ട്രെയിൻ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ യാത്രാ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വിന്യസിക്കണമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.

പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും

0

തിരുവനന്തപുരം : സംസ്ഥാനത്തേക്കു പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും ആകർഷിക്കാൻ ലക്ഷ്യമിട്ട് ‘സരൾ കേരളം’ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ‘ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ’ എന്ന നയത്തിലൂന്നി ആവശ്യമായ ലൈസൻസുകളും അനുമതികളും അതിവേഗം ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി ഏകീകൃത അതോറിറ്റിക്കു രൂപംനൽകും. പദ്ധതി നടപ്പാക്കാൻ 19 നിയമങ്ങൾ ഭേദഗതി ചെയ്യും. ‘സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസ്’ എന്നാണ് സരളിന്റെ പൂർണരൂപം.25 കോടി മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതല സമിതിയും 50 കോടിക്കു മുകളിലുള്ളവയ്ക്ക് സംസ്ഥാന സമിതിയും അനുമതി നൽകും. വ്യവസായ വികസന കോർപറേഷനാണ് (കെഎസ്ഐഡിസി) ഏകോപനച്ചുമതല. നിക്ഷേപ, സംരംഭ ശുപാർശ ലഭിച്ചാൽ ഓരോ വകുപ്പും നിശ്ചിത ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മറുപടി നൽകണം. പിന്നാലെ അപ്രൈസൽ ബോഡി വിലയിരുത്തി സമിതിയുടെ മുൻപാകെ സമർപ്പിച്ച് അന്തിമ അനുമതി നൽകും. വകുപ്പുകളുടെ വിയോജിപ്പുകൾ പരിഹരിക്കാൻ അപ്പീൽ സംവിധാനമുണ്ട്.വർഷങ്ങളായി അനുമതി ലഭിക്കാത്ത നിക്ഷേപങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന സാധ്യതകൾക്ക് പുതിയ വാതിൽ തുറക്കും. പദ്ധതി നടപ്പാകുമ്പോൾ വകുപ്പുകളുടെ അധികാരം നഷ്ടമാകില്ല. എല്ലാ വകുപ്പുകളുമായി വിശദ ചർച്ച നടത്തി, അവയുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി തയാറാക്കിയ കരട് രേഖയാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം: പ്രതിക്ക് 5 വർഷം തടവും പിഴയും

0

കോഴിക്കോട് : നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെ(43) ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്.അമ്പിളി 5 വർഷത്തെ കഠിന തടവിനും 40,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്റെ കൂടെ കളിക്കുകയായിരുന്ന ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്. മാറാട് എസ്ഐ എൽ.വി.അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ.രഞ്ജിത്ത് ഹാജരായി.

തൃപ്പൂണിത്തുറയിൽ വൈദ്യുതി തടസപ്പെടുത്തി സാമൂഹിക വിരുദ്ധർ; ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരിയെറിഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ വൈദ്യുതി തടസ്സപ്പെടുത്തി സാമൂഹിക വിരുദ്ധര്‍. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഒന്നര മണിക്കൂറില്‍ ഏറെ വൈദ്യുതി തടസപ്പെട്ടു. സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.വെള്ളക്കിനാവിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഊരിമാറ്റിയ ഫ്യൂസ് തോട്ടില്‍ കളഞ്ഞ നിലയിലും മറ്റേത് തകര്‍ത്ത നിലയിലുമായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. നേരത്തെ പറവൂരിലും സമാനമായ സംഭവം ഉണ്ടാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അടൂർ നെടുംകുളഞ്ഞിയിലും സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയതിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം പ്രതിസന്ധിയ്ക്കിടെ കല്‍പ്പറ്റ നഗരത്തിൽ പട്ടാപകൽ വൈദ്യുതി പാഴാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചുങ്കം ജംങ്ഷൻ സ്‌കൂള്‍ മുതല്‍ അയപ്പക്ഷേത്രം വരെയുള്ള പരിസരങ്ങളിലെ എട്ട് തെരുവ് വിളക്കുകളാണ് ആഴ്ചകളായി പകല്‍ സമയങ്ങളില്‍ കത്തി നില്‍ക്കുന്നത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ കത്തുന്ന വിളക്കുകള്‍ രാത്രികാലങ്ങളില്‍ തെളിയാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെഎസ്ഇബിയെ വിവരം അറിയിച്ചിരുന്നുവെന്നും മുനിസിപ്പാലിറ്റിയില്‍ വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സംഭവത്തില്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പത്തനംതിട്ടയിലും സമാനമായി പകല്‍ സമയങ്ങളില്‍ തെരുവ് വിളക്കുകൾ കത്തി നില്‍ക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്.

ആളിക്കത്തി വെയിൽ; വേനലിന് മുന്നേ വിയർത്ത് തൊഴിലാളികൾ.

0

കോഴിക്കോട് : ജില്ലയിൽ ചൂട് കനത്തതോടെ കത്തുന്ന വെയിലിൽ ജോലി ചെയ്യാനാവാതെ തൊഴിലാളികൾ ദുരിതത്തിൽ. രാവിലെ മുതൽ ആരംഭിക്കുന്ന കടുത്ത വെയിൽ വൈകിട്ട് വരെ നീളുന്നത് സാധാരണക്കാരുടെ അദ്ധ്വാനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു.നിർമ്മാണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, ഓൺലൈൻ ഡെലിവറി ജീവനക്കാർ, കർഷകർ, ഉന്തുവണ്ടിയിൽ സാധനം വിൽക്കുന്നവർ തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വിഭാഗങ്ങളാണ് വലിയ വെല്ലുവിളി നേരിടുന്നത്. അന്തരീക്ഷം കൂടുതൽ തെളിഞ്ഞ് സുഖകരമായ കാലാവസ്ഥ അനുഭവപ്പെടേണ്ട സെപ്തംബറിലാണ് ഇവർ ചൂടിൽ വലയുന്നത്.മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം അനുഭവപ്പെടുന്ന അപ്രതീക്ഷിത വെയിലായതിനാൽ സാധാരണ വേനൽക്കാലത്തോ കനത്ത മഴക്കാലത്തോ ലഭിക്കാറുള്ള അധിക വേതനം ഫുഡ് ഡെലിവറി ജീവനക്കാർക്കിപ്പോൾ ലഭിക്കുന്നില്ല.ചൂട് ഉയർന്നിട്ടും ട്രാഫിക് പൊലീസുകാർക്ക് ജോലി സമയത്തിലോ ക്രമീകരണങ്ങളിലോ പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. തൊഴിലിടങ്ങളിൽ ആവശ്യത്തിന് ശുദ്ധജലം ലഭ്യമല്ലാത്തത് നിർമ്മാണ തൊഴിലാളികളെ കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നുണ്ട്.

വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തില്‍ ഇന്നും പവര്‍കട്ട് തുടരും

0

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി.അതേസമയം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി പറഞ്ഞിരുന്നു. വില കൂടുതല്‍ നല്‍കിയാലും വൈദ്യുതി വാങ്ങുകയെന്നതാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാങ്ങുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സിഎംഡിയും നേരിട്ട് ഇടപെടുന്നുണ്ട്. കൈമാറ്റ കരാര്‍ അവസാനിച്ചതോടെ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതാണ് നിലവിലെ ആശ്വാസമെങ്കിലും അതുകൊണ്ട് മാത്രം നിയന്ത്രണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത പതിനഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. പ്രതിസന്ധി പരിഹരിക്കാന്‍ ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മുംബൈയിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ആഢംബര വീടുകളില്‍ സൗരോര്‍ജം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍; മിച്ച വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാനും നീക്കം

0

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാനാണ് ആലോചന. ആഢംബര വീടുകള്‍ വൈദ്യുതിയില്‍ സ്വയം പര്യാപ്തരാകണം എന്ന നിര്‍ദ്ദേശം നൽകാനാണ് നീക്കം. വാണിജ്യ കെട്ടിടങ്ങളിലും സൗരോര്‍ജം നിര്‍ബന്ധമാക്കും. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം കൂടിയ വിലയില്‍ വാങ്ങാനും ആലോചനയുണ്ട്.എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഏകദേശം 1,000 മെഗാ വാൾട്ടോളം വൈദ്യുതി ഉത്പാദനമാണ് ഉയര്‍ത്തിയത്. സര്‍ക്കാരുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. സൗരോര്‍ജ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു ആ നേട്ടത്തിനും കാരണം. ഇപ്പോള്‍ സംസ്ഥാനം ഏറ്റവും വലിയ വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് സമനമായ ബദല്‍ മാര്‍ഗത്തിലേക്ക് യുഡിഎഫ് സര്‍ക്കാരും കടക്കുന്നത്. ജല വൈദ്യുത പദ്ധതികള്‍ക്കും ഡീസല്‍ വൈദ്യുത പദ്ധതികള്‍ക്കും പരിമിതികള്‍ ഉണ്ടെന്നതും കൂടി സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാണ്. ഇനി മുതല്‍ ആഢംബര വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും നമ്പര്‍ ലഭിക്കണമെങ്കില്‍ അവിടെ സൗരോര്‍ജ പാനലിനൊപ്പം സ്റ്റോറേജും നിര്‍ബന്ധമാക്കുംസ്‌റ്റോറേജ് കൂടി ഉണ്ടെങ്കില്‍ രാത്രി സമയത്തുകൂടി സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കാനാകും. പദ്ധതി സംബന്ധിച്ച പരിശോധന കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു. പദ്ധതി നിര്‍ബന്ധമാക്കിക്കഴിഞ്ഞാല്‍ സംസ്ഥാനത്ത് എത്ര വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്നതില്‍ കെഎസ്ഇബി വിശദമായ പരിശോധന നടത്തി വരികയാണ്. കൂടാതെ വീടുകളിലും വാണിജ്യക്കെട്ടിടങ്ങളിലും സംഭരിക്കുന്ന വൈദ്യുതി രാത്രി കാലങ്ങളില്‍ കൂടിയ വിലയ്ക്ക് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ തുശ്ചമായ വിലയ്ക്കാണ് മിച്ചം വരുന്ന വൈദ്യുതി വീടുകളില്‍ നിന്ന് വാങ്ങുന്നത്.എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വീട്ടുടമകള്‍ക്ക് ഇത് ലാഭകരമാകും എന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പുമായി കൂടി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സോളാര്‍ സ്‌റ്റോറേജ് നിര്‍ബന്ധമാക്കുമ്പോള്‍ ഉണ്ടാകുന്ന നിയമ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. എത്ര സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളിലാണ് പദ്ധതി നിര്‍ബന്ധമാക്കേണ്ടത് എന്നതിലടക്കം തീരുമാനം ആകേണ്ടതുണ്ട്.

സമയക്രമത്തിലെ അപാകത: അപകട ഭീഷണിയായി സ്വകാര്യബസുകളുടെ പരക്കം പാച്ചിൽ, തമ്മിൽ തല്ലും പതിവ്

0

കോഴിക്കോട്: സ്വകാര്യ ബസ് സർവീസുകളുടെ സമയം കൃത്യമായി ക്രമീകരിക്കാത്തതിനാൽ മത്സരയോട്ടം പതിവായി. സമയത്തെ ചൊല്ലിയുള്ള ബസ് ജീവനക്കാരുടെ തർക്കങ്ങളും സംഘട്ടനങ്ങളും തുടരുകയാണ്. കാൽനടക്കാർക്ക് റോഡരികിലൂടെ സ്വസ്ഥമായി നടന്നുപോകാനാവാത്ത സ്ഥിതിയാണ്. സിഗ്നൽ ജംഗ്ഷനുകളിൽ പോലും ലക്കും ലഗാനുമില്ലാതെയാണ് ബസുകളുടെ മത്സരയോട്ടം. ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ഭീഷണി. സീബ്രാലെെനിലൂടെ കടന്നുപോകാൻ വരെ കാൽനടക്കാർക്ക് കാത്തു നിൽക്കണം. സ്വകാര്യ ബസുകളുടെ ട്രാഫിക് നിയമലംഘനങ്ങളും പതിവാണ്. ഇവ നിയന്ത്രിക്കാൻ അധികൃതരും ഒന്നും ചെയ്യുന്നില്ല.മിനിറ്റുകളുടെ ഇടവേളയിൽ സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതാണ് പ്രശ്നം. നിശ്ചിത സമയത്ത് ഓടിയെത്താനും കൂടുതൽ യാത്രക്കാരെ കിട്ടാനുമാണ് പരക്കംപാച്ചിൽ. ബേപ്പൂർ-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന സ്വകാര്യ ബസുകാർ കഴിഞ്ഞ ദിവസം തമ്മിലടിച്ചിരുന്നു. കോഴിക്കോട്ടെ മാത്രം പ്രശ്മല്ല ഇത്. സംസ്ഥാനത്തെ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച് പഠനം നടത്തി പുന:ക്രമീകരിക്കേണ്ട കാലം അതിക്രമിച്ചു.സമയക്രമം കാലാനുസൃതമായി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഗതാഗത വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഗതാഗതത്തിരക്ക്, റോഡുകളുടെ ശേഷി, യാത്രക്കാരുടെ ആവശ്യകത, നിലവിലുള്ള ബസ് സർവീസുകളുടെ എണ്ണം, റൂട്ടുകളുടെ ദൈർഘ്യം, വിവിധ സർവീസുകൾ തമ്മിലുള്ള ഇടവേള തുടങ്ങിയ ഘടകങ്ങൾ ശാസ്ത്രീയപഠനത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. തമ്മിലടിക്ക് ശേഷം ജീവനക്കാർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നതു കാരണം പൊലീസിന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാനാവുന്നില്ല. നിലവിലുള്ള അശാസ്ത്രീയമായ സമയക്രമമാണ് തമ്മിലടിക്ക് കാരണമാകുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ജീവനക്കരുടെ പേരിൽ നടപടി എടുത്തതുകൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല.സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽത്തല്ലിയതിൽ കണ്ടക്ടറുടെയും ഡ്രൈവർമാരുടെയും ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കാൻ കോഴിക്കോ‌ട് ആർ.ടി.ഒ. ജെബി ഐ. ചെറിയാൻ ശുപാർശ നൽകി. ‘സരോജിനി’ ബസിന്റെ ഡ്രൈവർ പ്രബിൻ, കണ്ടക്ടർ വൈശാഖ്, ‘സെവൻ ഡെയ്സ്’ ബസിന്റെ ഡ്രൈവർ ഷാക്കിർ എന്നിവരുടെ ലൈസൻസാണ് റദ്ദാക്കുക. എടപ്പാളിലെ ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ അഞ്ചുദിവസത്തെ നിർബന്ധിത ക്ലാസിനും ഹാജരാകണം. വ്യവസ്ഥകൾക്കെതിരായി സർവീസ് നടത്തിയതിന് ബസുടമകളുടെ പെർമിറ്റ് റദ്ദാക്കണമെന്നും ആർ.ടി.ഒ ശുപാർശ ചെയ്യും.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 4050 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ (18-09-2026) ഇടുക്കി ജില്ലയിലും ശനിയാഴ്ച (19-09-2026) മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച (20-09-2026) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്ശനിയാഴ്ച (19-09-2026) പടിഞ്ഞാറന്‍ രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദം തുടരുന്നുവെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ തായ്ലന്‍ഡിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് സെപ്റ്റംബര്‍ 18 വൈകുന്നേരത്തോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്താനും സെപ്റ്റംബര്‍ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും ന്യൂനമര്‍ദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 34 ദിവസങ്ങളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി തെക്കന്‍ ഒഡിഷവടക്കന്‍ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.തെക്കന്‍ തീരദേശ ആന്ധ്രപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കന്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കന്‍ കര്‍ണാടകയില്‍ നിന്നും മാന്നാര്‍ കടലിടുക്കിലേക്ക് തമിഴ്നാടിനും കര്‍ണാടകയ്ക്കും മുകളിലൂടെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ 2026 സെപ്റ്റംബര്‍ 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.