spot_img
Thursday, December 18, 2025

ട്രാഫിക് ഫൈൻ അടക്കേണ്ട പിഴ ‘0’ എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനര്‍ഥം



തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച്‌, നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെങ്കിലോ വാഹനമോടിക്കുമ്പോള്‍ മറ്റേതെങ്കിലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴ അടക്കേണ്ടി വരും.

ചില നിയമ ലംഘനങ്ങള്‍ക്ക് ഉടമയ്ക്ക് ലഭിക്കുന്ന ചലാനില്‍ പിഴത്തുക വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റുചില കേസുകളില്‍ അടക്കേണ്ട പിഴ ‘പൂജ്യം (0)’ എന്നുള്ള ചലാൻ ലഭിക്കാം. ഇതിനർഥം ഒരു തുകയും അടക്കേണ്ട എന്നല്ല എന്നറിയാമോ?

എന്താണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍?

പിഴയില്ലെന്ന് കരുതി പലരും ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ അവഗണിക്കുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം. അത്തരം ചലാനുകള്‍ ചെറിയ പിഴ അടച്ച്‌ തീർപ്പാക്കാൻ കഴിയുന്നവയല്ല.

കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി ഫേസ്ബുക് പേജിലൂടെ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച്‌ വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു. കോടതി നടപടികളെക്കുറിച്ച്‌ പരിചയമില്ലാത്തവർ അഭിഭാഷകരുടെ സഹായം തേടേണ്ടി വരും. ഇത് വ്യക്തി ചെലവഴിക്കേണ്ട തുക ഇനിയും വർധിപ്പിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രധാനമായും ട്രാഫിക് സിഗ്നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്നല്‍ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ് ലൈനും (സീബ്ര ക്രോസിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് കാല്‍നടയാത്രികർക്ക് റോഡ്‌ മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളില്‍ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ ലാഭിക്കാം. അത്തരം ഇ -ചലാൻ ലഭിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്കായി ആർടിഒ എൻഫോഴ്‌സ്‌മെന്റിനെ ബന്ധപെടുകയോ അല്ലെങ്കില്‍ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യുക.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ, ട്രാഫിക് ലൈൻ പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയില്‍ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്താലും ഇത്തരം ശിക്ഷാ വിധികള്‍ തന്നെയായിരിക്കും.

ഇ-ചലാനിൻ്റെ വിശദാംശങ്ങളും പിഴ തുകയും ഇ-കോടതിയുടെ https://vcourts.gov.in/virtualcourt എന്ന വെബ് സൈറ്റ് സന്ദർശിക്കുന്നതിലൂടെ അറിയാൻ കഴിയും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles