spot_img
Saturday, April 19, 2025

കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സ്പോര്‍ട്സ് അരീനയില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി



കോഴിക്കോട്: ജോലിയുടെ പിരിമുറുക്കം കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമായി കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ ആരംഭിച്ച സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികളുടെ നേതൃത്വത്തിലുള്ള സഹ്യ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച സഹ്യ ക്രിക്കറ്റ് ലീഗ് ആണ് ആദ്യ ടൂര്‍ണമെന്‍റ്. ആദ്യ ദിവസം 10 കമ്പനികളുടെ അഞ്ച് മത്സരങ്ങള്‍ നടന്നു. 28 കമ്പനികളെ പ്രതിനിധീകരിച്ച്‌ ആകെ 27 മത്സരങ്ങളാണുള്ളത്. മാര്‍ച്ച്‌ 8 നാണ് ഫൈനല്‍.

നേരത്തെ എല്ലാ ആഴ്ചയിലും സൈബര്‍പാര്‍ക്ക് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഇതിന് പുറത്തെ ഗ്രൗണ്ടുകളെയാണ് ആശ്രയിച്ചിരുന്നതെന്നും സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. പാര്‍ക്ക് ക്യാമ്പസില്‍ ഗ്രൗണ്ട് സാധ്യമായതോടെ ജീവനക്കാരുടെ കായിക, മാനസികോല്ലാസത്തിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ലീഗിലെ മത്സരങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് തുടങ്ങുന്നത്. 6 ഓവര്‍ വീതമാണ് മത്സരം. രാത്രി 10.30 ന് അവസാനിക്കും. രണ്ട് ഫുട്ബോള്‍ ടര്‍ഫുകള്‍ കൂട്ടിച്ചേര്‍ത്താണ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് ടര്‍ഫ് തയ്യാറാക്കിയത്.

കായിക മത്സരങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു. മാന്‍ ഓഫ് ദ മാച്ചിനുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.സൈബര്‍ സ്പോര്‍ട്സ് അരീന ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്.

1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ്ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍ ഒരുക്കിയിട്ടുള്ളത്.

വ്യായാമവും ഉല്ലാസവേളകളും ജോലിയുടെ പിരിമുറുക്കം കുറയ്ക്കുകയും ജോലിയിലൂടെയുള്ള ഉത്പാദനക്ഷമത കൂട്ടുമെന്നും ആധുനിക പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ ക്ഷേമപദ്ധതികളുടെ ഭാഗമായി ഇത്തരമൊരു ഉദ്യമം സൈബര്‍പാര്‍ക്ക് തുടങ്ങിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles